പഞ്ചാബി സുന്ദരി കെട്ടിയത് മലയാളിയെ, ഇനിയുള്ള യാത്രകൾക്ക് 1.15 കോടിയുടെ പുത്തൻ ബെൻസ് കാറും
ഏറ്റവും ഗ്ലാമറസായ സിനിമാ ലോകമാണ് ബോളിവുഡിന്റേത്. നിലവിൽ അത്ര നല്ലകാലമല്ല ഹിന്ദി സിനിമയ്ക്കുള്ളതെങ്കിലും ഇവിടുത്തെ വാർത്തകളും വിശേഷങ്ങളും അറിയാൻ ആളുകൾക്ക് എപ്പോഴും വലിയ താത്പര്യമാണുള്ളത്. ഖാനും സൽമാൻ ഖാനും ആമീറിനും ലഭിക്കുന്ന സ്വീകാര്യത മറ്റ് താരങ്ങൾക്കും ഇന്നുണ്ട്. അതുപോലെ തന്നെ മലയാളികൾക്കിടയിൽ ഹിന്ദി സീരിയലുകൾക്കുള്ള ജനപ്രീതിയും ഒന്ന് വേറെ തന്നെയാണ്.
അതിനാൽ ബോളിവുഡ് സെലിബ്രിറ്റികളെ കണ്ടാൽ തിരിച്ചറിയാൻ മലയാളികൾക്ക് വേഗം സാധിക്കും. ജസി ജെയ്‌സി കോയി നഹിൻ, ലാൽ സിംഗ് ഛദ്ദ, 3 ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ജനപ്രിയയായ നടിയാണ് മോന സിംഗ്. പേര് കേട്ടാൽ പെട്ടന്ന് മനസിലായില്ലെങ്കിലും ആളെ കണ്ടാൽ ചിലർക്കെങ്കിലും പിടികിട്ടുമെന്ന് ഉറപ്പാണ്. കക്ഷിയുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കടന്നുവന്നിരിക്കുകയാണിപ്പോൾ.

മറ്റൊന്നുമല്ല തന്റെ ഇനിയുള്ള യാത്രകൾക്ക് കൂട്ടായി മോന സിംഗ് പുത്തനൊരു ലക്ഷ്വറി കാർ വാങ്ങിയിരിക്കുകയാണ്. അതും മെർസിഡീസ് ബെൻസ് GLE എസ്‌യുവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സെലിബ്രിറ്റികൾക്കിടയിലെ സ്റ്റാറായ മോഡലിന് 97 ലക്ഷം രൂപ മുതൽ 1.15 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മുംബൈയിലെ മെർസിഡീസിന്റെ മുൻനിര വിതരണക്കാരായ ഓട്ടോഹാങറിൽ നിന്നുമാണ് മോന കാർ എടുത്തിരിക്കുന്നത്.
താരം വാഹനത്തിന്റെ ഡെലിവറി ഏറ്റെടുക്കുന്നതിന്റെ ചിത്രം ഡീലർഷിപ്പ് തന്നെയാണ് ഫെയ്‌സ്‌ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും ഭർത്താവ് ശ്യാം രാജഗോപാലനും ഒപ്പമെത്തിയാണ് മോന സിംഗ് പുതിയ കാറിനെ സ്വീകരിച്ചിരിക്കുന്നത്. പേര് കേട്ടപ്പോൾ തോന്നിയതു പോലെ തന്നെ നടിയുടെ പങ്കാളി മലയാളിയാണ്. 2019-ലാണ് ഇരുവരും വിവാഹിതരാവുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ വിപണിയിൽ അവതരിപ്പിച്ച GLE ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് നടി സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ സായ് തമൻകറും ഇതേ വാഹനം തന്റെ ഗരാജിൽ എത്തിച്ചിരുന്നു. രണ്ട് വേരിയന്റുകളിൽ എത്തുന്ന ഈ ലക്ഷ്വറി എസ്‌യുവിയുടെ ഏത് മോഡലാവാം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.എങ്കിലും ടോപ്പ് എൻഡ് മോഡലാവാനാണ് സാധ്യത. മെർസിഡീസ് GLE എസ്‌യുവിയുടെ സോഡലൈറ്റ് ബ്ലൂ മെറ്റാലിക് കളർ ഓപ്ഷനാണ് മോന സിംഗ് തെരഞ്ഞെടുത്തിരിക്കുന്നത്.
ബെൻസിൻ്റെ ഏറ്റവും പുതിയ മോഡലായ GLE പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കിടയിൽ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നുമുണ്ട്. GLE 450 പെട്രോൾ വേരിയന്റിന് 375 bhp പവറിൽ 500 Nm torque നൽകുന്ന 3.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. മറുവശത്ത് കൂടുതൽ ജനപ്രിയമായ GLE 300d പതിപ്പ് 265 bhp കരുത്തിൽ 550 Nm torqu ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുമായാണ് വരുന്നത്.

കൂടുതൽ പവർ തേടുന്നവർക്ക് 362 bhp, 750 Nm torque എന്നിങ്ങനെ നൽകുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിൻ ഫീച്ചർ ചെയ്യുന്ന ടോപ്പ്-സ്പെക്ക് GLE 450d മോഡലും GLE എസ്‌യുവിക്കുണ്ട്. 48-വോൾട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തിയതാണ് മൂന്ന് എഞ്ചിനുകളേയും വ്യത്യസ്തമാക്കുന്നത്. ഇത് ലോ എൻഡ് ആക്സിലറേഷൻ വർധിപ്പിക്കുന്നതിനോടൊപ്പം ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എസ്‌യുവിയുടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ജോടിയാക്കിയിരിക്കുന്നത്. ബെൻസിന്റെ 4മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഈ ലക്ഷ്വറി എസ്‌യുവിയുടെ പ്രത്യേകതയാണ്. ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര കാറിന്റെ എല്ലാ ഭംഗിയും ഉൾക്കൊള്ളിച്ചാണ് ജർമൻ വാഹന നിർമാതാക്കൾ പുതിയ GLE എസ്‌യുവിയും പണിതിറക്കിയിരിക്കുന്നത്.

മുൻവശത്ത് പുതുക്കിയ സിംഗിൾ-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ബമ്പർ, പുതുക്കിയ ടെയിൽ ലൈറ്റ്, അലോയ് വീലുകൾ എന്നിവയാണ് മെർസിഡീസ് ബെൻസ് GLE എസ്‌യുവിക്ക് അഴകേകുന്നത്. ഇന്റീരിയറും കിടലമാക്കിയാണ് പണിതെടുത്തിരിക്കുന്നത്. മെയ്ബാക്ക് GLS എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന അകത്തളം ലക്ഷ്വറി ഫീലിന് യാതൊരു കുറവും വരുത്തിയിട്ടില്ല.
കപ്പാസിറ്റീവ് ടച്ച് കൺട്രോൾ പാനലുകൾ, ഏറ്റവും പുതിയ MBUX സിസ്റ്റം ഫീച്ചർ ചെയ്യുന്ന ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, പനോരമിക് സൺറൂഫ്, ഹീറ്റഡ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 13 സ്പീക്കറുകളുള്ള 590W ബർമെസ്റ്റർ സൗണ്ട് സിസ്റ്റം സ്ലൈഡിംഗ് ഫംഗ്‌ഷനോടുകൂടിയ റിക്ലൈയിനിംഗ് സീറ്റുകൾ, ഒരു പുതിയ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നീ ഫീച്ചറുകളാൽ വാഹനം സമ്പന്നമാണ്. കൂടാതെ, GLE ഇപ്പോൾ ഇലക്ട്രിക്കലി പ്രവർത്തിപ്പിക്കാവുന്ന സൺ ബ്ലൈൻ്റുകൾ പോലുള്ള കാര്യങ്ങളും വണ്ടിയിലുണ്ട്.

ഫാസ്റ്റ് ചാർജിംഗ് USB-C പോർട്ടുകൾ, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, സുരക്ഷയ്ക്കായി ഒമ്പത് എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പാർക്ക് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവ ഉൾക്കൊള്ളുന്ന ADAS സ്യൂട്ട് എന്നിവയും മോന സിംഗ് വാങ്ങിയ GLE എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








