മമ്മൂട്ടിയെപ്പോലെ കാർ ഓടിക്കും, ഥാർ എസ്‌യുവിയിൽ കിടിലൻ ഓഫ്-റോഡ് അഭ്യാസവുമായി ബി-ടൗണിലെ സുന്ദരി
ഒരുകാലത്ത് ഇന്ത്യൻ സിനിമയുടെ മുഖമായിരുന്നു ബോളിവുഡ്. അതിനാൽ തന്നെ ഇങ്ങ് കേരളത്തിൽ പോലും താരങ്ങൾക്കും ചിത്രങ്ങളും ഇവിടുത്തെ ബോക്‌സ് ഓഫീസിൽ കൊടൂര കളക്ഷൻ നേടാനായിട്ടുണ്ട്. ബി-ടൗണിലെ ഒട്ടുമിക്ക സെലിബ്രിറ്റികളേയും നമുക്ക് സുപരിചിതമാണ്. പണ്ടത്തെ പ്രതാപം ഇല്ലെങ്കിലും ഇന്നും ഹിന്ദി സിനിമകൾക്ക് സാധ്യതകളുണ്ടെന്ന് പറയാതെ വയ്യ. പുതിയ പടങ്ങളിൽ വരുന്ന പാട്ടുകളും മറ്റും മലയാളികൾ ഏറ്റെടുക്കാറുണ്ട്. നടൻമാർക്ക് പുറമെ ബോളിവുഡിലെ സുന്ദരിമാരായ നായികമാർക്കും ഇവിടെ വലിയ ഫാൻബേസുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നുഷ്രത് ബറൂച്ച. പേര് പറഞ്ഞാൽ പെട്ടന്ന് മനസിലാവില്ലെങ്കിലും ആളിന്റെ മുഖം കണ്ടാൽ ആർക്കും തിരിച്ചറിയാൻ പറ്റും.
ബോളിവുഡിലെ തിരക്കുപിടിച്ച പുതുമുഖ താരങ്ങളിൽ ഒരാളാണ് നുഷ്രത് ബറൂച്ച. സിനിമ കഴിഞ്ഞാൽ വാഹനങ്ങളോട് ഏറെ കമ്പമുള്ള താരം ഡ്രൈവിംഗ് എല്ലാം സ്വയമാണ്. മറ്റുള്ള നായികമാരെ പോലെ ഡ്രൈവറുമില്ല, ആഡംബര കാറുമില്ല ഈ പുള്ളിക്കാരിക്ക്. പകരം മഹീന്ദ്രയുടെ ഓഫ്-റോഡർ എസ്‌യുവിയായ ഥാറാണ് നുഷ്രത്തിന്റെ യാത്രകൾക്ക് കൂട്ടായുള്ളത്. സ്വയം ഡ്രൈവ് ചെയ്‌ത് പോവാനാണ് ബി-ടൌണിലെ ഈ നായികയ്ക്ക് താത്പര്യവും.

ദേ ഇപ്പോൾ തന്റെ ഓഫ്-റോഡർ എസ്‌യുവിയിൽ അഭ്യാസ പ്രകടനം നടത്തുന്ന നുഷ്രത് ബറൂച്ചയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ താരം. ഥാറിൽ ഓഫ്-റോഡ് ചെയ്യുന്ന വീഡിയോ ഹിന്ദി സുന്ദരി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. "നൗ ദീസ് ഡോണറ്റ്‌സ് ഐ ലൈക്ക്" എന്ന ക്യാപ്ഷനോട് കൂടിയാണ് നുഷ്രത് വീഡിയോ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ബോളിവുഡിലെ നായകൻമാർ പോലും ചെയ്യാൻ തയാറാവാത്ത ഈ പ്രകടനത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നതും.
ഡോനട്ട് എങ്ങനെ ചെയ്യാമെന്ന് പരിചയസമ്പന്നനായ ഒരു ഡ്രൈവർ നൽകിയ നിർദ്ദേശങ്ങൾ നുഷ്രത്ത് പിന്തുടരുന്നത് ഈ വീഡിയോയിൽ കാണാം. നിർദ്ദേശങ്ങൾ താരം ശ്രദ്ധാപൂർവം കേൾക്കുകയും അവ പാലിക്കുകയും ചെയ്യുന്നുമുണ്ട് കേട്ടോ. യാതൊരു പ്രശ്‌നവുമില്ലാതെ അനായാസമായി ഡോനട്ട്‌സ് എന്നറിയപ്പെടുന്ന ഡ്രിഫ്റ്റിംഗാണ് നടി കാഴ്ച്ചവെക്കുന്നത്. അതിനു ശേഷം വലിയൊരു ഓഫ്-റോഡ് കടമ്പയും നുഷ്രത് ബറൂച്ച അനായാസം കടന്നുപോവുന്നത് വീഡിയോയിൽ കാണാം.

ഇത്രയും ആവേശകരവും സാഹസികവുമായ ഓഫ്-റോഡിംഗിൽ പോലും വളരെ ആത്മവിശ്വാസത്തോടെയാണ് നുഷ്രത്ത് വാഹനം ഓടിക്കുന്നത്. വീഡിയോയ്ക്കൊപ്പം പങ്കുവെച്ച അടിക്കുറിപ്പിൽ ഈ ഓഫ്-റോഡ് ട്രാക്കിനെ കുറിച്ചും നായിക വിശദീകരിക്കുന്നുണ്ട്. 65 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു സ്വകാര്യ ഓഫ്‌റോഡ് പരിശീലന കേന്ദ്രത്തിലാണ് ഈ അഭ്യാസം നടത്തിയതെന്നും പൊതുസ്ഥലത്ത് ഇത്തരം പ്രവർത്തികൾ ചെയ്യരുതെന്നും താരം നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
എന്നാൽ ഇതൊന്നും വായിക്കാതെ ഈ വീഡിയോയ്ക്ക് പ്രകൃതിയെ നശിപ്പിച്ചതിന് നടിയെ കുറ്റപ്പെടുത്തി നിരവധി നെഗറ്റീവ് കമൻ്റുകളും വരുന്നുണ്ട്. ഓഫ് റോഡിംഗിനായി നിർമിച്ച ട്രാക്ക് ആണെന്നുള്ള അടിക്കുറിപ്പൊന്നും വായിക്കാതെ വിമർശിക്കാനെത്തിയവരാണ് കൂടുതൽ ആളുകളും. മഴക്കാലം എന്നും ഓഫ്-റോഡ് പ്രേമികളെ സംബന്ധിച്ച് ചാകരയാണ്. സാഹസിക യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ സമയങ്ങളിൽ ഒന്നാണ് മൺസൂൺ.

ഓഫ്-റോഡ് പ്രേമികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ വാഹനമാണ് മഹീന്ദ്ര ഥാർ. മാരുതി ജിംനിയും ഫോഴ്‌സ് ഗൂർഖയും പോലുള്ള വമ്പൻമാർ സെഗ്മെന്റിലുണ്ടെങ്കിലും ഥാറിന് വെല്ലുവിളിയാവാൻ ഇതുവരെ ഈ മോഡലുകൾക്ക് സാധിച്ചിട്ടില്ല. ഒരുകാലത്ത് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന 4×4 എസ്‌യുവിയായിരുന്നു എസ്‌യുവി. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.
മഹീന്ദ്ര ഥാറിന്റെ പെട്രോൾ പതിപ്പിൽ 150 bhp പവറിൽ പരമാവധി 320 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. മറുവശത്ത് ഡീസൽ പതിപ്പ് 130 bhp കരുത്തിൽ 320 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള 2.2 ലിറ്റർ എംഹോക്ക് ടർബോചാർജ്ഡ് യൂണിറ്റാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.
ഥാറിൻ്റെ 2WD അല്ലെങ്കിൽ RWD പതിപ്പും വിൽപ്പനയ്ക്ക് ലഭ്യമാണ്. പെട്രോൾ എഞ്ചിൻ 4×4 പതിപ്പിന് സമാനമാണെങ്കിലും ഓട്ടോമാറ്റിക്കിൽ മാത്രമേ വാങ്ങാനാവൂ. എന്നാൽ റിയർ വീൽ ഡ്രൈവ് വേരിയൻ്റിലെ ഡീസൽ എഞ്ചിൻ ചെറിയ 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റാണ്. മഹീന്ദ്ര ഥാറിന് പുറമെ ബിഎംഡബ്ല്യു iX ആഡംബര ഇലക്ട്രിക് എസ്‌യുവിയും നുഷ്രത് ബറൂച്ചയുടെ ഗരാജിലുണ്ട്. ബോളിവുഡ് നടി കിയാര അദ്വാനിയും ഈ ഓഫ്-റോഡ് വാഹനം സ്വന്തമാക്കിയിട്ടുള്ള മുൻനിര ബോളിവുഡ് താരമാണ്.
മറ്റ് ബോളിവുഡ് അഭിനേതാക്കളായ പ്രകാശ് രാജ്, കുനാൽ ഖേമു എന്നിവർക്കും മഹീന്ദ്ര ഥാർ ഉണ്ട്. തെന്നിന്ത്യൻ സൂപ്പർ നായികയും മലയാളിയുമായ കീർത്തി സുരേഷും അടുത്തിടെ ഥാറിൽ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മഹീന്ദ്രയുടെ ഈ ലൈഫ്-സ്റ്റൈൽ വാഹനത്തിന് 11.35 ലക്ഷം രൂപ മുതൽ 17.60 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








