സിനിമയിലെ ഫാഷൻ ഐക്കൺ, 2.13 കോടി രൂപയുടെ പുത്തൻ കാറിൽ 'സിമ്പിളായി' വന്നിറങ്ങിയ നടിയെ കണ്ടോ
ചലച്ചിത്രതാരങ്ങളായ അനില്‍ കപൂറിന്റെയും, സുനിത കപൂറിന്റെയും മകൾ എന്ന ലേബലിൽ ഹിന്ദി സിനിമ രംഗത്തേക്ക് കടന്നുവന്നയാളാണ് സോനം കപൂർ എങ്കിലും വളരെ പെട്ടന്നു തന്നെ ബി-ടൌണിലെ വിലപിടിപ്പുള്ള താരമായി മാറാൻ സോനത്തിന് കഴിഞ്ഞിരുന്നു. രൺബിർ കപൂറിന്റെ സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം. സിനിമ വിജയിച്ചില്ലെങ്കിലും നായകനൊപ്പം നായികയും വേഗം ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡിലെ ഫാഷൻ ഐക്കണായി അറിയപ്പെടുന്ന നടിക്ക് ഇന്നും ഫോളോവേഴ്‌സിൽ കുറവൊന്നുമില്ല. സോനത്തെ പോലെ ഫാഷൻ പരീക്ഷണങ്ങൾ നടത്തിയ മറ്റൊരു നടിയില്ലെന്നാണ് ആരാധകരുടെ പക്ഷം. 2018-ൽ ബിസിനസുകാരനായ ആനന്ദ് അഹുജയുമായുള്ള വിവാഹത്തിന് ശേഷവും ലൈംലൈറ്റിൽ സജീവമായുണ്ട് കക്ഷി.
വിവാഹ ശേഷം സോനം ഭർത്താവിനൊപ്പം ലണ്ടനിലേക്ക് താമസം മാറുകയും ചെയ്‌തിരുന്നു. 2022-ൽ മകൻ പിറന്നതിന് ശേഷം കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാനായിരുന്നു തീരുമാനം. ഇപ്പോൾ വീണ്ടും ബോളിവുഡിൽ സജീവമാകാനായുള്ള ശ്രമത്തിലാണ് താരം. ജന്മനാ കോടീശ്വരിയായതിനാൽ തന്നെ ആഡംബര പൂർവമായ ജീവിതമാണ് സോനം കപൂർ നയിക്കുന്നത്. യാത്രകൾക്കായി ഒപ്പമുള്ളത് വിലക്കൂടിയ ലക്ഷ്വറി കാറുകളുമാണ്. ഗരാജിലേക്ക് ഇപ്പോൾ പുതിയൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് നടി.

സെലിബ്രിറ്റികൾക്കിടയിൽ ഏറെ പ്രിയങ്കരമായ ബിഎംഡബ്ല്യു 7 സീരീസ് ആഡംബര സെഡാനാണ് സോനം കപൂർ വാങ്ങിയിരിക്കുന്നത്. കാറിന്റെ ടോപ്പ് വേരിയന്റായ 740i M സ്പോർട്ടാണ് താരം തെരഞ്ഞെടുത്തിരിക്കുന്നതും. അടുത്തിടെ തൻ്റെ പുതിയ ആഡംബര സെഡാനുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വണ്ടിവാങ്ങിയ വിവരം പുറംലോകമറിയുന്നത്. അടുത്തിടെ ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മെയ്ബാക്ക് S 580, പോർഷ ടെയ്‌കാൻ S എന്നിവയും നടി സ്വന്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ബിഎംഡബ്ല്യുവിന്റെ ആഡംബരവും സോനത്തിനൊപ്പം എത്തുന്നത്. പുതുതായി വാങ്ങിയ ബിഎംഡബ്ല്യു 7 സീരീസിൽ സോനം കപൂർ എത്തുന്ന വീഡിയോ കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് ഷെയർ ചെയ്തിരിക്കുന്നത്. കാറിന്റെ ബ്ലാക്ക് സഫയർ മെറ്റാലിക് കളർ ഓപ്ഷനാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ 2.13 കോടി രൂപയാണ് ആഡംബര സെഡാനായി മുടക്കിയിരിക്കുന്നതെന്നാണ് വിവരം.

പോയ വർഷം ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഒരുപാട് ആഡംബര ഫീച്ചറുകൾക്കൊപ്പം സേഫ്റ്റിയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധകൊടുത്താണ് ഈ കാറിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനും ചുറ്റും എൽഇഡി ലൈറ്റോടുകൂടിയ വലിയ കിഡ്‌നി ഗ്രില്ലുമാണ് സെഡാന്റെ ഭംഗി വർധിപ്പിക്കുന്നത്.
ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളും 19 ഇഞ്ച് എയ്‌റോ ബ്ലേഡ്-സ്റ്റൈൽ അലോയ് വീലുകളും ബിഎംഡബ്ല്യു 7 സീരീസിന് പുറത്തുനിന്നും ആഡംബരം നൽകുന്ന സവിശേഷതകളാണ്. ഡാർക്ക് ടാൻ നിറത്തിലുള്ള ഇൻ്റീരിയറാണ് നടിയുടെ 7 സീരീസിനുള്ളത്. ജർമൻ വാഹന നിർമാതാക്കളുടെ പുതിയ കർവ്‌ഡ് ഡിസ്പ്ലേയാണ് പ്രത്യേകത. 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായും ലഭിക്കും.

16:9 ഇഞ്ച് ആമസോൺ ഫയർടിവി വഴി വീഡിയോ സ്ട്രീമിംഗിനായി 31.3 ഇഞ്ച് 8K സിനിമാ സ്‌ക്രീൻ, റിയർ ഡോർ പാഡുകളിലെ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ, സോഫ്റ്റ് ക്ലോസിംഗ് ഡോറുകൾ, എൽഇഡി ലൈറ്റിംഗ് ഘടകങ്ങളുള്ള പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഗിയർ സെലക്ടർ, പരമ്പരാഗത റോട്ടറി ഐഡ്രൈവ് കൺട്രോളർ, ടച്ച് സെൻസിറ്റീവ് കൺട്രോൾ എന്നിവയുള്ള ഒരു കൺട്രോൾ പാനൽ എന്നിവയെല്ലാം സോനം കപൂറിന്റെ പുത്തൻ ലക്ഷ്വറി കാറിലെ ഫീച്ചറുകളാണ്.
ഇത്രയും വിലക്കൂടിയ കാറായതിനാൽ തന്നെ സുരക്ഷയുടെ കാര്യത്തിലും 7 സീരീസ് കിടുവാണ്. ബിഎംഡബ്ല്യുവിന്റെ CLAR പ്ലാറ്റ്‌ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പിലാണ് ഈ ആഡംബര സെഡാൻ പണികഴിപ്പിച്ചിരിക്കുന്നത്. 7 സീരീസിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളും സ്റ്റാൻഡേർഡായി തന്നെ ലഭിക്കുന്നുണ്ട്. ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന പ്രത്യേകതരം ടയറുകളാണ് ബിഎംഡബ്ല്യു 7 സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്.
3.0 ലിറ്റർ, ഇൻലൈൻ-ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു 7 സീരീസ് സെഡാന്റെ 740i M സ്‌പോർട്ട് വേരിയന്റിന് തുടിപ്പേകുന്നത്. കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഹൈബ്രിഡ് സംവിധാനവും കോർത്തിണക്കിയിരിക്കുന്ന എഞ്ചിന് 48V ഇലക്ട്രിക് മോട്ടറിന്റെ സഹായത്തോടെ 375.4 bhp പവറിൽ 520 Nm torque വരെ നിർമിക്കാനാവുമെന്നാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.
8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്ന 3.0 ലിറ്റർ എഞ്ചിന് 0-100 വേഗത വെറും 5.4 സെക്കൻഡിൽ എത്തിപ്പിടിക്കാനാവും. അതേസമയം ബിഎംഡബ്ല്യുവിന്റെ ഈ അൾട്രാ ലക്ഷ്വറി സെഡാന് മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനുമാവും. ഇതിനായി ബിഎംഡബ്ല്യുവിന്റെ xDrive AWD സിസ്റ്റവും കമ്പനി കാറിൽ ഉപയോഗിച്ചിട്ടുണ്ട്.


Click it and Unblock the Notifications








