യാത്ര പോവാൻ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്‌യുവി വാങ്ങി പൃഥ്വിരാജിന്റെ നായിക
ബോളിവുഡിലെ താര സുന്ദരിയായ യാമി ഗൗതമിനെ അറിയാത്തവരായി അധികം ആളുകൾ ഉണ്ടാവില്ല അല്ലേ. ഹിന്ദി സിനിമകൾക്ക് പുറമെ മലയാളത്തിൽ നമ്മുടെ സ്വന്തം പൃഥ്വിരാജിന്റെ ഹീറോയിൽ വരെ നായികയായി പ്രത്യക്ഷപ്പെട്ടയാളാണ് യാമി. പടം ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും സനം രേ, വിക്കി ഡോണർ, ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം അറിയപ്പെടുന്ന നായികയായത്.
ഇപ്പോഴിതാ ഇനിയുള്ള യാത്രകളിൽ കൂട്ടിന് പുത്തനൊരു ലക്ഷ്വറി എസ്‌യുവിയെ കൂടെക്കൂട്ടിയിരിക്കുകയാണ് യാമി ഗൗതം. ബിഎംഡബ്ല്യു X7 ലക്ഷ്വറി എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വാഹനത്തിന്റെ ഡെലിവറി ഏറ്റെടുക്കുന്ന യാമിയുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ ഡീലർഷിപ്പാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. 1.22 കോടി രൂപ മുതൽ 1.24 കോടി രൂപ വരെയാണ് ഈ പുത്തൻ ആഡംബര എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.

ജർമൻ വാഹന ഭീമനായ ബിഎംഡബ്ല്യു പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടു കൂടിയാണ് പുതിയ X7 എസ്‌യുവി ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ബോളിവുഡ് താരം സ്വന്തമാക്കിയിരിക്കുന്നത് ഇതിൽ ഏത് വേരിയന്റാണെന്ന് വ്യക്തമല്ല. യാമി ഗൗതമിന്റെ ഗാരാജിലെ മൂന്നാമത്തെ ആഡംബര കാറാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിനു മുമ്പ് ഔഡി A4 സെഡാനും ഔഡി Q7 എസ്‌യുവിയുമാണ് ഇതിനു മുമ്പ് നടി സ്വന്തമാക്കിയിട്ടുള്ള വാഹനങ്ങൾ.
പക്ഷേ ഗരാജിലെ ഏറ്റവും പുതിയ അതിഥിയാണ് യാമിയുടെ ഏറ്റവും വിലയേറിയ കാർ. ഈ വർഷം ജനുവരിയിലാണ് ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗ്, കൂടുതൽ കരുത്തുറ്റ എഞ്ചിനുകൾ, നവീകരിച്ച ക്യാബിൻ എന്നിവയാണ് മുഖംമിനുക്കി വരുന്ന വാഹനത്തിലേക്ക് കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്.

രണ്ട് വേരിയന്റുകളിൽ എത്തുന്ന X7 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ മെർസിഡീസ് ബെൻസ് GLS പതിപ്പിനോടാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ബിഎംഡബ്ല്യുവിന്റെ എല്ലാ മനോഹാരിതയും കോർത്തിണക്കിയാണ് എസ്‌യുവിയെ പണികഴിപ്പിച്ചിരിക്കുന്നത്. കറുപ്പ് നിറത്തിൽ ഒരുങ്ങിയിരിക്കുന്ന സിഗ്നേച്ചർ കിഡ്‌നി ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രോം അലങ്കരിച്ച എയർ വെന്റുകൾ, പുതിയ ഇൻ്റേണൽ ഗ്രാഫിക്സുള്ള 3D ടെയിൽലൈറ്റുകളുമാണ് ഡിസൈനിലെ പുതുമകൾ.
മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ, കാർബൺ ബ്ലാക്ക് എന്നിങ്ങനെ മൊത്തം അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി സ്വന്തമാക്കാം. ഇതുകൂടാതെ, ദ്രാവിറ്റ് ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് എക്സ്ക്ലൂസീവ് ബിഎംഡബ്ല്യു വ്യക്തിഗത പെയിന്റ് വർക്കുകളിലും എസ്‌യുവി ലഭ്യമാണ്. അങ്ങനെ മൊത്തത്തിൽ ഒരു ആഡംബര പാക്കേജാണ് വാഹനത്തിൽ കമ്പനി ഒരുക്കുന്നത്.
ഇന്റീരിയറിലേക്ക് കയറിയാൽ ക്യാബിൻ അപ്ഹോൾസ്റ്ററി ടാർട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരം ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു ഒരുക്കിയിട്ടുണ്ട്. ബ്രാൻഡിന്റെ കർവ്ഡ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റ് ബാർ, സ്കൈ ലോഞ്ച് പനോരമിക് ഗ്ലാസ് സൺറൂഫ്, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ, വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.
3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് പുതിയ ബിഎംഡബ്ല്യു X7 എസ്‌യുവിക്ക് തുടിപ്പേകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്ന ഡീസൽ എഞ്ചിന് 335 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതേസമയം പെട്രോൾ എഞ്ചിൻ അൽപ്പം കൂടുതൽ പവർഫുള്ളാണ്.
375 bhp പവറിൽ 520 Nm torque വരെ നൽകാനാണ് ബിഎംഡബ്ല്യു 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനെ ട്യൂൺ ചെയ്‌തിരിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തന്നെയാണ് ഗിയർബോക്‌സ് ചുമതലകൾ നിർവഹിക്കുന്നത്. ഓൾ-വീൽ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന ബിഎംഡബ്ല്യുവിന്റെ xDrive സാങ്കേതികവിദ്യയും എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൈൽഡ് ഹൈബ്രിഡ് ടെക്കും എഞ്ചിനിൽ കമ്പനി ജോടിയാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








