1.60 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങി വീട്ടിലേക്ക്, ബി-ടൗണിലെ മിനിസ്ക്രീൻ താരത്തെ മനസിലായവരുണ്ടോ
ഹിന്ദി സിനിമകളിലൂടെയും ടെലിവിഷനിലൂടെയും ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് സാറാ ഖാൻ (Zahrah Khan). പോരാത്തതിന് ബിഗ് ബോസിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള നടി അഭിനയത്തിലൂടെ മാത്രമല്ല കേട്ടോ പിന്നണി ഗായികയായും തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ യാത്രകൾക്കായി പുത്തനൊരു ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ ജിഎൽഎസ് എസ്‌യുവിയാണ് സാറാ ഖാൻ ഗരാജിലെത്തിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ മുംബൈയിലെ മുൻനിര വിതരണക്കാരായ ഓട്ടോഹാങറിൽ നിന്നുമാണ് ബോളിവുഡിലെ സുന്ദരി എസ്‌യുവി വാങ്ങിയിരിക്കുന്നത്. സാറാ ഖാൻ പുതിയ ബെൻസിന്റെ ഡെലിവറിയെടുക്കാൻ വന്ന ചിത്രങ്ങൾ ഡീലർഷിപ്പാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ജർമൻ ആഡംബര കാർ ബ്രാൻഡായ മെർസിഡീസ് ബെൻസ് നിരയിലെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് GLS. GLS 450, GLS 450d എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണനത്തിന് എത്തുന്ന ബെൻസിന്റെ പെട്രോൾ വകഭേദമാണ് നടി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം. നിരവധി പുതുതലമുറ സൗകര്യങ്ങളും ശക്തമായ എഞ്ചിനുമായി വരുന്ന ഈ സ്പോർട് യൂട്ടിലിറ്റി വാഹനം നിരവധി സെലിബ്രിറ്റികൾ സ്വന്തമാക്കിയിട്ടുണ്ട്.

ബെൻസിന്റെ മൂന്നുവരി വാഹനത്തിന് ഭീമൻ ലുക്കാണുള്ളത്. നിരവധി ആകർഷകമായ നിറങ്ങളിലാണ് വിപണിയിൽ എത്തുന്നതെങ്കിലും സാറാ ഖാൻ സ്വന്തമാക്കിയിരിക്കുന്നതിന്റെ സമാധാനത്തിന്റെ പര്യായമായ വൈറ്റ് കളർ ഓപ്ഷനാണ്. ഡിസൈനിലേക്ക് നോക്കിയാൽ പുതിയ 4-സ്ലാറ്റ് റേഡിയേറ്റർ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എയർ ഇൻലെറ്റ് ഗ്രില്ലുകൾ, ഹൈ-ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകൾ എന്നിവയെല്ലാമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.
വശക്കാഴ്ച്ചയിൽ കൂറ്റൻ അലോയ് വീലുകളിലാവും ആളുകളുടെ കണ്ണ് ആദ്യം ഉടക്കുക. എൽഇഡി ടെയിൽ ലൈറ്റുകളാണ് ലക്ഷ്വറി എസ്‌യുവിയുടെ പിൻവശത്തെ ഹൈലൈറ്റ്. വിപുലമായ ഇൻ-ക്യാബിൻ സവിശേഷതകളാൽ സമ്പന്നവുമാണ് വണ്ടി. മൂന്നാം നിര സീറ്റിംഗോടെ മെച്ചപ്പെടുത്തിയ പ്രായോഗികത, മികച്ച മെറ്റീരിയലുകളുടെ സമൃദ്ധമായ ഉപയോഗം, ഉയർന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റം, ഒന്നിലധികം ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകൾ, മെർസിഡീസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയെല്ലാം ജിഎൽഎസിന്റെ ഭാഗമാണ്.

കൃത്യമായി പറഞ്ഞാൽ വലിയ MBUX ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, 13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് സൗണ്ട് സിസ്റ്റം, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) പോലുള്ള ഫീച്ചറുകളെല്ലാം സാറാ ഖാൻ വാങ്ങിയിരിക്കുന്ന മെർസിഡീസ് ബെൻസ് ജിഎൽഎസ് 450 എസ്‌യുവിയിലുണ്ട്.
ഒന്നിലധികം എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഓഫ്-റോഡ് മോഡുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), എന്നിവയാണ് മെർസിഡീസ് ബെൻസ് GLS ആഡംബര എസ്‌യുവിയിലെ പ്രധാന സേഫ്റ്റി ഫീച്ചറുകൾ. അങ്ങനെ കൊടുക്കുന്ന കോടികൾക്ക് മൂല്യവത്തായ വണ്ടി തന്നെയാണ് ബോളിവുഡ് നടിയുടെ യാത്രകൾക്ക് ആഡംബരമേകാൻ എത്തിയിരിക്കുന്നതെന്ന് നിസംശയം പറയാം.

ഏകദേശം 1.60 കോടി രൂപയോളമാണ് ജിഎൽഎസ് എസ്‌യുവിക്ക് വരുന്ന വിലയെന്നാണ് റിപ്പോർട്ടുകൾ. ഈ ഗംഭീരമായ എസ്‌യുവിക്ക് 3.0 ലിറ്റർ 6-സിലിണ്ടർ M256M ടർബോ പെട്രോൾ, 3.0 ലിറ്റർ 6-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 375 bhp കരുത്തിൽ 500 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 362 bhp പവറിൽ 750 Nm torque വരെ നൽകും.
മെർസിഡീസിന്റെ 4MATIC ഓൾ-വീൽ-ഡ്രൈവ് സാങ്കേതികവിദ്യ വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുന്ന 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് എഞ്ചിനുകൾ ജോടിയാക്കുന്നത്. ഡീസൽ പതിപ്പിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ/മണിക്കൂർ വേഗത കൈവരിക്കാൻ വെറും 6.1 സെക്കൻഡുകൾ മതിയാകുമെന്നാണ് ബെൻസ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








