ഭർത്താവിന്റെ പ്രതിഫലം 50 കോടി, ഭാര്യ വാങ്ങുന്നത് 12 കോടി, ഏറ്റവും വില കൂടിയ ആഡംബര കാർ വാങ്ങി താരദമ്പതികൾ
ഭാഷകൾക്ക് അതീതമായി സിനിമകൾ കാണുന്ന മലയാളികൾക്ക് ഹോളിവുഡിലേയും കോളിവുഡിലേയും ടോളിവുഡിലേയും ബോളിവുഡിലേയുമെല്ലാം താരങ്ങളുടെ പേരും മുഖവും എല്ലാം സുപരിചിതമാണ്. ഒരുകാലത്ത് ഹിന്ദി സിനിമകൾ കേരളക്കരയിൽ വലിയ തരംഗമാണ് സൃഷ്‌ടിച്ചിരുന്നത്. പണ്ടത്തെ പ്രതാപം ഇപ്പോൾ പറയാനാവില്ലെങ്കിലും താരങ്ങളുടെ വാർത്തകളും വിശേഷങ്ങളുമെല്ലാം അറിയാൻ ആളുകൾക്ക് എപ്പോഴും വലിയ താത്പര്യമാണുള്ളത്. ബോളിവുഡിലെ (Bollywood) ഏറ്റവും വില പിടിപ്പുള്ള സെലിബ്രിറ്റി ദമ്പതികളാണ് രൺബിർ കപൂറും ആലിയ ഭട്ടും (Ranbir Kapoor And Alia Bhatt). ഇവരുടെ പ്രണയ കാലവും കല്യാണവും കുട്ടിയുടെ ജനനവുമെല്ലാം ഫാൻസ് വലിയ ആഘോഷമാക്കിയിരുന്നു.
ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയും നായകനും അത്യാഡംബര ജീവിതമാണ് നയിക്കുന്നത്. ആലിയ 10 മുതൽ 12 കോടി രൂപ വരെയാണ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെങ്കിൽ ഭർത്താവ് രൺബിർ 30 കോടി മുതൽ 50 കോടി രൂപ പ്രതിഫലം കൈപ്പറ്റുന്നുണ്ടെന്നാണ് കണക്കുകൾ. അഭിനയ ജീവിതത്തിന് ശേഷം ഇരുവർക്കും ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് കാറുകൾ വാങ്ങിക്കൂട്ടുന്നതിനാണ്.

ഈയടുത്ത കാലത്ത് തന്നെ കോടികൾ മുടക്കി മൂന്നോളം പുത്തൻ വാഹനങ്ങളാണ് ആലിയ ഭട്ടും രൺബിർ കപൂറും ഗരാജിലെത്തിച്ചിട്ടുള്ളത്. ഇതിനെല്ലാം പുറമെ ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് പുതിയൊരു ആഡംബര കാർ കൂടി വാങ്ങിയിരിക്കുകയാണ്. 2.50 കോടി രൂപ വിലമതിക്കുന്ന പുതിയ ലെക്‌സസ് LM ലക്ഷ്വറി എംപിവിയാണ് ഇരുവരുടേയും ഇനിയുള്ള യാത്രകൾക്ക് കൂട്ടായെത്തുന്നത്. ശരിക്കും പറഞ്ഞാൽ സഞ്ചരിക്കുന്ന കൊട്ടാരമെന്ന് വേണം ഇതിനെ വിശേഷിപ്പിക്കാൻ.
രൺബിറും ആലിയയും പുത്തൻ കാർ സ്വന്തമാക്കിയ വിവരം വിവിധ ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ കാണുന്ന ലെക്‌സസ് LM 350h ശരിക്കും ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ടൊയോട്ട വെൽഫയറിൻ്റെ ലക്ഷ്വറി പതിപ്പാണ്. സിൽവർ കളർ ഓപ്ഷനാണ് തങ്ങളുടെ പുതിയ കാറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വെൽഫയറിൻ്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഈ അൾട്രാ ആഡംബര വാഹനവും പണിതിറക്കിയിരിക്കുന്നത്.

ഡിസൈനിന്റെ കാര്യത്തിൽ വെൽഫയറിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് ലെക്‌സസ് തങ്ങളുടെ ലക്ഷ്വറി എംപിവിയെ ഒരുക്കിയിരിക്കുന്നത്. ഷഡ്ഭുജാകൃതിയിലുള്ള പാറ്റേണുകളോട് കൂടിയ വലിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം ഫ്യൂച്ചറിസ്റ്റിക് രൂപകൽപനയാണ് LM മോഡലിന് ലഭിക്കുന്നത്. മിനുസമാർന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, ബമ്പറിൽ ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ തുടങ്ങിയവ വണ്ടിയുടെ ആഡംബരത്തം വിളിച്ചോതുന്നുമുണ്ട്.
വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ വലിയ ഗ്ലാസ് ഏരിയ തന്നെയാണ് ലെക്‌സസ് LM 350h എംപിവിയുടെ പ്രത്യേകത. ഒപ്പം ഇലക്ട്രിക്കലായി തുറക്കാനും അടയ്ക്കാനുമാവുന്ന സ്ലൈഡിംഗ് ഡോറുകളും കൂടി ചേരുന്നതോടെ സംഗതി കളറാവുന്നുണ്ട്. വെൽഫയർ പോലെ തോന്നിപ്പിക്കുമെങ്കിലും പുതുമക്കായി ചില മാറ്റങ്ങൾ കൊണ്ടുവരാനും കമ്പനി തയാറായിട്ടുണ്ട്. പിൻഭാഗത്തെ കാഴ്ച്ച മനോഹരമാക്കുന്നത് കാറിൻ്റെ വീതിയിൽ പ്രവർത്തിക്കുന്ന ഓൾ-എൽഇഡി ടെയിൽ ലാമ്പാണ്.

ടെയിൽഗേറ്റിൻ്റെ താഴത്തെ ഭാഗത്ത് ലെക്‌സസ് ബ്രാൻഡിംഗും LM 350h ബാഡ്ജും കാണാം. ഒരു ആഡംബര എംപിവിയായതിനാൽ തന്നെ ഇന്റീരിയറും അത്തരത്തിൽ തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. 4, 7 സീറ്റർ കോൺഫിഗറേഷനുകളിൽ ലെക്‌സസിന്റെ പിപ്പീൾ മൂവർ വാങ്ങാനാവും. ഇതിൽ സെലിബ്രിറ്റി ദമ്പതികൾ ഏത് പതിപ്പാണ് വാങ്ങിയിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. മോഡലിന്റെ 4-സീറ്റർ വേരിയന്റിന് മുന്നിലും പിന്നിലും സീറ്റുകൾക്കിടയിൽ ഒരു പാർട്ടീഷൻ ലഭിക്കുന്നുള്ളതിനാൽ പ്രൈവസി പ്രശ്‌നവും വരില്ല.
ഉപഭോക്താവിൻ്റെ ആവശ്യാനുസരണം താഴ്ത്താനോ ഉയർത്താനോ കഴിയുന്ന ഗ്ലാസ് പാനൽ ഇതിന് ഉണ്ട്. 48 ഇഞ്ച് ടിവി, എയർലൈൻ-സ്റ്റൈൽ റിക്‌ലൈനർ സീറ്റുകൾ, പ്രീമിയം സൌണ്ട് അനുഭവത്തിനായി 23-സ്പീക്കർ സിസ്റ്റം, ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകളും ഓട്ടോമൻസും, വയർലെസ് ഫോൺ ചാർജർ, ഫ്രിഡ്ജ്, റിയർ ഗ്ലൗസ് ബോക്‌സുകൾ, ഡിജിറ്റൽ റിയർവ്യൂ മിറർ, അംബർല ഹോൾഡർ എന്നിവയാണ് ആഡംബര വാഹനത്തിൽ വാഗ്ദാനം ചെയ്യുന്ന മറ്റ് സവിശേഷതകൾ.
സേഫ്റ്റിയിലും ആള് മിടുക്കനാണ്. വെഹിക്കിൾ ഡിറ്റക്ഷൻ, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് അസിസ്റ്റ് ഉള്ള ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ഓട്ടോമാറ്റിക് ഹൈ ബീം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ അസിസ്റ്റ്, സേഫ് എക്സിറ്റ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന ADAS ടെക്കിൻ്റെ സുരക്ഷാ ഫീച്ചറുകളും ലെക്‌സസിന്റെ വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 2.5 ലിറ്റർ, 4 സിലിണ്ടർ, ശക്തമായ ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് LM 350h മോഡലിന്റെ ഹൃദയം.
സാധാരണ പെട്രോൾ എഞ്ചിനേക്കാൾ വളരെ കാര്യക്ഷമമാണെങ്കിലും പെർഫോമൻസിൽ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഈ 2500 സിസി എഞ്ചിന് 250 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഹൈബ്രിഡ് മോഡലായതിനാൽ തന്നെ ഇ-സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ലെക്‌സസിൻ്റെ ഇ-ഫോർ വീൽ ഡ്രൈവ് സിസ്റ്റത്തിന്റെ കരുത്തും വാഹനത്തിനുണ്ട്.


Click it and Unblock the Notifications








