സ്വന്തമായുള്ളത് 28 ആഡംബര കാറുകൾ; പോർച്ചിലേക്ക് 4.45 കോടിയുടെ പോർഷയും വാങ്ങിയ കക്ഷിയെ അറിയുമോ
ഇന്ത്യയിലെ ഏറ്റവും ആഡംബരപൂര്‍ണമായ വാഹന ശേഖരമുള്ളത് ആർക്കെന്ന് ചോദിച്ചാൽ പലരും മുകേഷ് അംബാനിയുടെ പേരാവും പറയുക. മലയാളികളാണെങ്കിൽ ചിലപ്പോൾ മമ്മൂട്ടിയെന്നോ ദുൽഖർ സൽമാൻ എന്നോ ആവും ഉത്തരം. എന്നാൽ ഇവരാരുമല്ല, രാജ്യത്തെ ഏറ്റവും വലിയ വണ്ടിഭ്രാന്തൻ ആരെന്ന് ചോദിച്ചാൽ ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒരാളായ ബ്രെന്‍ കോര്‍പ്പറേഷന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഭൂപേഷ് റെഡ്ഡിയാണെന്നതാണ് ശരിയായ ഉത്തരം. ആർക്കും സ്വപ്‌നംപോലും കാണാനാവാത്തത്ര ആഡംബര കാറുകളും സ്പോർട്‌സ് കാറുകളും കൊണ്ട് സമ്പന്നമാണ് ഇങ്ങേരുടെ വീട്.
ഇക്കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ വീട്ടില്‍ തന്റെ സൂപ്പര്‍കാറുകളില്‍ ആയുധപൂജ നടത്തുന്ന വീഡിയോ വരെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. കക്ഷി ഇപ്പോഴിതാ കോടികൾ മുടക്കി മറ്റൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. 992 പോർഷ 911 GT3 RS എന്ന സൂപ്പർ കാറാണ് ഭൂപേഷ് റെഡ്ഡി ഇപ്പോൾ മുറ്റത്തെത്തിച്ചിരിക്കുന്നത്. 3.50 കോടിയുടെ ഈ സൂപ്പർകാർ ഡെലിവറി ചെയ്യുന്നതിൻ്റെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.

3.50 കോടി എക്സ്ഷോറൂം വിലയാണ് കേട്ടോ. ഇൻഷുറൻസും ടാക്‌സും മറ്റ് ചെലവുകളുമെല്ലാമായി ഈ മോഡൽ നിരത്തിലിറക്കണമെങ്കിൽ 4.45 കോടി രൂപയോളം ഓൺ-റോഡ് വിലയായി മുടക്കേണ്ടി വരും. മഞ്ഞയിൽ ആറാടി നിൽക്കുന്ന സൂപ്പർകാറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് പിന്നിൽ ഉയർന്നു നിൽക്കുന്ന കൂറ്റൻ സ്വാൻ-നെക്ക് റിയർ വിംഗാണ്. ചിത്രത്തിൽ ബ്രെൻ ഗരാജിൻ്റെ ഉടമ ഭൂപേഷ് റെഡ്ഡി ഈ സൂപ്പർകാറിന് മുന്നിൽ നിന്ന് പ്രാർത്ഥിഥിക്കുന്നത് കാണാം.
അരികിൽ അദ്ദേഹത്തിന്റെ ഭംഗിയുള്ള ചെറിയ നായയും ഒപ്പമുണ്ട്. ഭൂപേഷ് സ്വന്തമാക്കുന്ന പോർഷയിൽ നിന്നുള്ള ഏഴാമത്തെ സൂപ്പർകാറാണ് എന്നതു കേട്ടാൽ പലർക്കും ബോധക്കേടുമുണ്ടായേക്കാം. 992 911 GT3 RS മോഡലിന്റെ യെല്ലോ കളർ ഓപ്ഷനൊപ്പം മഗ്നീഷ്യത്തിൽ പണിത വീലുകൾക്ക് തനതായ ചുവപ്പ് നിറമാണ് അദ്ദേഹം തെരഞ്ഞെടുത്തിട്ടുണ്ട്. മൊത്തത്തിൽ ഒരു റാലി കാറിന്റെ ഫീൽ കിട്ടാൻ വേണ്ടിയായിരിക്കും ഈ കോമ്പിനേഷൻ മുതലാളി തെരഞ്ഞെടുത്തിരിക്കുന്നത്.

മഗ്നീഷ്യം അലോയ് വീലുകൾക്ക് പുറമെ കാർബൺ ഫൈബർ റൂഫ്, ആൻ്റി-റോൾ ബാറുകൾ, കപ്ലിംഗ് റോഡുകൾ, കൂടാതെ ഒരു ടൺ പെർഫോമൻസ് നവീകരണങ്ങൾ എന്നിവയും ഭൂപേഷ് തന്റെ സൂപ്പർകാറിൽ വരുത്തിയിട്ടുണ്ട്. 518 bhp കരുത്തിൽ 468 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന 4 ലിറ്റർ സിക്‌സ് സിലിണ്ടർ എഞ്ചിനാണ് 992 GT3 RS മോഡലിന്റെ ഹൃദയം. വെറും 3.2 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. മണിക്കൂറിൽ 296 കിലോമീറ്ററാണ് പോർഷയുടെ ഉയർന്ന വേഗത.
992 911 GT3 RS നിലവിൽ ജർമനിയിലെ 20.8 കിലോമീറ്റർ നീളമുള്ള നൂർബർഗിംഗ് റേസ്‌ട്രാക്ക് ലാപ് ചെയ്യുന്ന ഏറ്റവും വേഗതയേറിയ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുള്ള കാറുകളിലൊന്നാണ്. ഐതിഹാസിക ട്രാക്ക് വെറും 6:49.328 മിനിറ്റ് സമയം കൊണ്ടാണ് പോർഷ 992 GT3 RS മറികടന്നത്. നിലവിൽ ബാംഗ്ലൂരിൻ്റെ പ്രാന്തപ്രദേശത്ത് റേസ്‌ട്രാക്ക് നിർമിക്കുന്ന തിരക്കിലാണ് ബ്രെന്‍ കോര്‍പ്പറേഷന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഭൂപേഷ് റെഡ്ഡി.

ഇനി പുള്ളിക്കാരന്റെ ആഡംബര കാർ കളക്ഷൻ ഏതൊക്കെയെന്ന് നോക്കിയാലോ? ഫെറാറി 458 സ്‌പെച്ചാലേ, ഫെറാറി SF90 സ്ട്രാഡേല്‍, ഫെറാറി 488 പിസ്ത, ഫെറാറി 296 GTB, ഫെറാറി 812 സൂപ്പര്‍ ഫാസ്റ്റ്, ഫെറാറി പുരോസാങ്‌ഗ്വേ, ലംബോര്‍ഗിനി ഹുറാക്കന്‍ STO, ലംബോര്‍ഗിനി ഉറൂസ്, ലംബോര്‍ഗിനി അവന്റഡോര്‍ SVJ, ലംബോര്‍ഗിനി മുര്‍സിലാഗോ, പോര്‍ഷ 911 R, പോര്‍ഷ 911 GT2 RS, പോര്‍ഷ കേമാന്‍ GT4, പോര്‍ഷ 911 കരേര S, പോര്‍ഷ 911 GT3 RS, പോര്‍ഷ 911 ടര്‍ബോ S എന്നിവയാൽ സമ്പന്നമാണ് ഭൂപേഷിന്റെ ഗരാജ്.
തീർന്നില്ല മക്കളേ പടം തുടങ്ങിയതേയുള്ളു... മെര്‍സിഡീസ് AMG G63, മെര്‍സിഡീസ് ബെന്‍സ് SLS AMG, മെര്‍സിഡീസ് AMG GT ബ്ലാക്ക് സീരീസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBS കാര്‍ബണ്‍ ബ്ലാക്ക്, ബെന്റ്ലി ബെന്റെയ്ഗ, ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമന്റെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX, മസെരാട്ടി ലെവന്റെ ട്രോഫിയോ അങ്ങനെ നീളും ഈ ബിസിനസ് മാന്റെ കാർ ശേഖരം. മുൻ തലമുറയിൽ നിന്നുള്ള മെയ്ബാക്ക് ഉൾപ്പെടെ പഴയതും പുതിയതുമായ കുറച്ച് എസ്-ക്ലാസ് സെഡാനുകളും ഇദ്ദേഹത്തിന്റെ ഗരാജിലുണ്ട്.
കഴിഞ്ഞില്ല, ആഡംബര കാറുകളിൽ നിന്നും താഴേക്കിറങ്ങിയാൽ ടൊയോട്ട ഹൈലക്‌സ്, പഴയ തലമുറ മിനി കൂപ്പർ, കൂടാതെ കുറച്ച് സൂപ്പർബൈക്കുകളും അദ്ദേഹത്തിന് സ്വന്തമാണ്. ഇതുവരെ ഭൂപേഷ് റെഡിയുടെ വാഹന ശേഖരത്തിന്റെ ആസ്‌തി ആർക്കും വിലമതിക്കാനായിട്ടുമില്ല. മൊത്തത്തിൽ 750 ഡോളറിന്റെ ആസ്‌തിയാണ് ഈ വ്യവസായിക്കുള്ളതെന്നാണ് ഏറ്റവും പുതിയ കണക്കുകൾ.


Click it and Unblock the Notifications








