ബെർത്ത്ഡേയ്ക്ക് സ്വന്തമായി വാങ്ങിയത് 6 കോടിയുടെ മക്ലാരൻ സൂപ്പർകാർ, മനസിലായോ ഈ സംരംഭകനെ?
റീഇൻഷുറൻസ് ബ്രോക്കിംഗ് ബിസിനസിലെ പേരുകേട്ട കമ്പനിയാണ് ജെബി ബോഡ ഗ്രൂപ്പ്. ഈയൊരു പേര് അധികമാരും അങ്ങനെ കേട്ടിട്ടുണ്ടാവില്ലെങ്കിലും ഇതിന്റെ ഡയറക്‌ടറായ രോഹിത് ബോഡയെ പലർക്കും അറിയാമായിരിക്കും. സംരംഭകൻ എന്നതിലുപരി വലിയൊരു വണ്ടിഭ്രാന്തനായി അറിയപ്പെടുന്ന ഇദ്ദേഹം പലർക്കും വലിയൊരു പ്രചോദനം കൂടിയാണ്. കോടിക്കണക്കിന് രൂപയുടെ കാറുകൾ സ്വന്തമായി വാങ്ങിക്കൂട്ടിയാണ് ഇദ്ദേഹം പലതവണ വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്. ലംബോർഗിനി ഹുറാക്കൻ സ്പൈഡർ, ജീപ്പ് റാങ്‌ലർ റൂബിക്കോൺ, ബിഎംഡബ്ല്യു iX, മെർസിഡീസ് മെയ്ബാക്ക് എസ്-ക്ലാസ്, ഫെറാറി 296 ജിടിഎസ് എന്നിവ പോലുള്ള അത്യാഡംബര വാഹനങ്ങളാണ് രോഹിത്തിന്റെ ഗരാജിലുള്ളത്.
എന്നാൽ ഈ കാറുകളെല്ലാം സ്വന്തമാക്കുന്നതിന് മുമ്പ് രോഹിത് ബോഡ വാങ്ങുന്ന ആദ്യ കാർ ഒരു മാരുതി സുസുക്കി സ്വിഫ്റ്റ് ആയിരുന്നു. ഇപ്പോഴിതാ തന്റെ ജൻമദിനത്തോട് അനുബന്ധിച്ച് അത്യാഡംബര സൂപ്പർകാർ ഒന്ന് വാങ്ങിയിരിക്കുകയാണ് ജെബി ബോഡ ഗ്രൂപ്പ് ഡയറക്‌ടർ. ഇന്ത്യയിൽ അപൂർവമായി വാങ്ങാനാവുന്ന മക്ലാരൻ 750S സ്പൈഡർ എന്ന മോഡലാണ് കോടീശ്വരന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

6 കോടി രൂപയ്ക്ക് മുകളിൽ പൊടിച്ചാണ് പുത്തൻ സൂപ്പർകാറിനെ രോഹിത് ബോഡ തന്റെ പോർച്ചിലേക്ക് വരവേറ്റിരിക്കുന്നത്. അപൂർവമായ നിറമായ എലൈറ്റ് ഐസ് സിൽവർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ ഇന്ത്യയിലെ ആദ്യത്തെ മക്ലാരൻ 750S സ്പൈഡർ കൂടിയാണിത്. മുംബൈയിലെ മക്ലാരൻ ഷോറൂം ഡെലിവറി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് രോഹിത് പുത്തൻ കാർ വാങ്ങിയ വിവരം പുറംലോകം അറിയുന്നത്.
തന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പമെത്തിയാണ് രോഹിത് ബോഡ പുതിയ അതിഥിയെ വരവേറ്റിരിക്കുന്നത്. 750S സ്പൈഡറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 5.91 കോടി രൂപയാണ്. ടാക്സും ഇൻഷുറൻസുമെല്ലാമായി വില 6 കോടി രൂപയ്ക്ക് മുകളിൽ എത്തിയേക്കും. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു കൺവേർട്ടിബിൾ സൂപ്പർകാർ ആണ്. മക്ലാരൻ ലൈനപ്പിലെ ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ സീരീസ്-പ്രൊഡക്ഷൻ കാറാണിത്.

4.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 (M840T) എഞ്ചിനാണ് മക്ലാരൻ 750S സ്പൈഡറിന് കരുത്ത് പകരുന്നത്. 750 bhp കരുത്തിൽ പരമാവധി 800 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ള മിഡ്-എഞ്ചിൻ കാർ റിയർ-വീൽ ഡ്രൈവ് ലേഔട്ടും 7-സ്പീഡ് ട്രാൻസ്മിഷനുമായാണ് വിപണിയിൽ എത്തുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ വെറും 2.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും.
അതേസമയം 200 കിലോമീറ്റർ വേഗതയിലെത്താൻ വെറും 7.3 സെക്കൻഡ് മതിയാവുന്ന 750S സ്പൈഡറിന് മണിക്കൂറിൽ 332 കിലോമീറ്ററാണ് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. ഡിസൈനിൻ്റെ കാര്യത്തിൽ, സൂപ്പർകാറിന് വലിയ സ്‌പ്ലിറ്റർ ഫീച്ചർ ചെയ്യുന്ന കൂറ്റൻ ഫ്രണ്ട് ബമ്പർ, ഫെൻഡറുകളിലെ ലൂവർസ്, സ്‌പോയിലറുള്ള പുത്തൻ റിയർ ഡിസൈൻ, പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ ഉൾപ്പെടെ ഗാംഭീര്യമായാണ് എക്സ്റ്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്.

ഇന്റീരിയറിലേക്ക് നോക്കിയാൽ ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും വയർലെസ് കണക്റ്റിവിറ്റി പ്രാപ്തമാക്കുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് 750S അവതരിപ്പിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്പ്ലേ, വയർലെസ് ചാർജർ, 360 ഡിഗ്രി ക്യാമറ, ബോവേഴ്‌സ് ആൻഡ് വിൽകിൻസ് ഓഡിയോ സിസ്റ്റം, ഇലക്ട്രോ-ഹൈഡ്രോളിക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് മക്ലാരൻ സൂപ്പർകാറിലെ അധിക ഫീച്ചറുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








