92.98 ലക്ഷത്തിന്റെ ആഡംബര കാറുമായി കോഴിക്കോടിന്റെ സ്വന്തം വസ്‌ത്രവ്യാപാരികൾ; ആളെ പിടികിട്ടിയോ
കേരളത്തിലെ വസ്‌ത്രവ്യാപര രംഗത്ത് പല പ്രമുഖ പേരുകളുണ്ടെങ്കിലും ഇന്ന് കൂടുതൽ ആളുകളും ഓൺലൈൻ ഷോപ്പിംഗിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും അല്ലേ. ബിഗ് ബില്യൺ ഡേ ഓഫറുകളെല്ലാം വരുമ്പോൾ തുണികളും മറ്റ് ഇലക്ട്രോണിക്‌സ് സാധനങ്ങളുമെല്ലാം ഓൺലൈനായി വാങ്ങാനാണ് പലർക്കും താത്പര്യം. ഫ്ലിപ്പ്കാർട്ട്, ആമസോൺ, മിന്ത്ര, അജിയോ, മീശോ അങ്ങനെ ഒന്നിലധികം മൊബൈൽ ആപ്ലിക്കേഷനുകളിലാണ് യൂത്തിന് കൂടുതൽ താത്പര്യം. പക്ഷേ ഏതെങ്കിലും കടയിൽ പോയി നേരിട്ട് കണ്ട് ഒന്ന് പോയി ഫിറ്റാണോയെന്ന് ഇട്ടുനോക്കി വാങ്ങുന്നതിന്റെ സുഖമൊന്നും ഓൺലൈൻ വഴി വാങ്ങിയാൽ കിട്ടില്ലെന്നതാണ് സത്യം.
അത് കോഴിക്കോട്ടുകരോട് ചോദിച്ചാൽ അറിയാം. ഭക്ഷണത്തിന് മാത്രമല്ല, നല്ല വസ്‌ത്രങ്ങൾ വാങ്ങാനും ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ് കോഴിക്കോട്. ഇവിടുത്തെ കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് പലർക്കും ഏറെ പരിചിതവുമാണ്. ഇപ്പോഴിതാ സ്ഥാപനത്തിന്റെ ഉടമകൾ പുത്തനൊരു ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 5-സീരീസ് സെഡാനാണ് കാലിക്കറ്റ് ടെക്‌സ്റ്റൈൽസിന്റെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത്.

പുത്തൻ വാഹനത്തിന്റെ ഡെലിവറിയെടുക്കാൻ സ്ഥാപനത്തിന്റെ ഉടമകൾ ഷോറൂമിലെത്തുന്ന വീഡിയോ ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ പ്രമുഖ വിതരണക്കാരായ ബിഎംഡബ്ല്യു ഓട്ടോക്രാഫ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. 5 സീരീസിന്റെ 530 Li M സ്പോർട്ട് എന്ന വേരിയന്റാണ് ഇവർ തെരഞ്ഞെടുത്തിരിക്കുന്നത്. 72.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മോഡൽ നിരത്തിലിറങ്ങുമ്പോൾ ഏകദേശം 92.98 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ.
2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് ആഡംബര സെഡാൻ ഇന്ത്യൻ വിപണിയിലെത്തുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ബിഎംഡബ്ല്യു 530 Li M സ്പോർട്ടിന് 256 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇതൊരു റിയർവീൽ ഡ്രൈവ് മോഡലായാണ് ബിഎംഡബ്ല്യു പണികഴിപ്പിച്ചിരിക്കുന്നത്.

മൈലേജും പെർഫോമൻസും തുല്യമായി വിതരണം ചെയ്യാനായി 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും കാറിൽ ചേർത്തിട്ടുണ്ട്. വെറും 6.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും 5 സീരീസ് സെഡാനാവും. വാഹനത്തിന്റെ വൈറ്റ് കളർ ഓപ്ഷനാണ് കാലിക്കറ്റ് ടെക്‌സ്റ്റൈൽസിന്റെ ഉടമകൾ തെരഞ്ഞെടുത്തിരിക്കുന്നത്. സ്ലീക്ക് ഫുൾ എൽഇഡി ഹെഡ്‌ലാമ്പ്, ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രിൽ എന്നിവയാണ് കാറിന്റെ മുൻവശത്തെ അഴകാക്കുന്നത്.
വശക്കാഴ്ച്ചയിൽ വലിയ 19 ഇഞ്ച് അലോയ് വീലുകളും പിൻവശത്ത് കട്ടിയുള്ള ബമ്പറും സിഗ്നേച്ചർ റാപ്പ്-എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളും ഉപയോഗിച്ച് 5 സീരീസിനെ ആഡംബരമാക്കാനും ജർമൻ ബ്രാൻഡിനായിട്ടുണ്ട്. എക്സ്റ്റീരിയറിനേക്കാൾ കിടലമായ ഇന്റീരിയറാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത് കേട്ടോ. പുതിയ കാലത്തെ ബിഎംഡബ്ല്യു കാറുകളെ അനുസ്മരിപ്പിക്കുന്ന അകത്തളം എന്തായാലും ആളുകളെ മോഹിപ്പിക്കുന്നതാണ്.

വൺ-പീസ് സ്‌ക്രീനിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾക്കൊള്ളിച്ചത് മനോഹരമാണ്. വലിയ സെന്റർ കൺസോളിൽ സ്ക്രോൾ വീൽ, ഗിയർ സെലക്ടർ മെക്കാനിസം പോലുള്ള നിരവധി സംവിധാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് സൗണ്ട് സിസ്റ്റം, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും 5 സീരീസിനെ മിടുക്കനാക്കും.
ഇതോടൊപ്പം ഇന്റീരിയർ ക്യാമറ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വയർലെസ് ചാർജർ, ഫോൺ മിററിംഗ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് പാർക്കിംഗ് പോലുള്ള സവിശേഷതകളും ആഡംബര സെഡാനിൽ കമ്പനി കൊടുത്തിട്ടുണ്ട്. ഇന്ത്യയിൽ മെർസിഡീസ് ബെൻസ് ഇ-ക്ലാസ്, ഔഡി A6 തുടങ്ങിയ വമ്പൻ കാറുകളോടാണ് ബിഎംഡബ്ല്യു 5 സീരീസ് മത്സരിക്കുന്നത്.


Click it and Unblock the Notifications








