ഉയർന്ന NCAP റേറ്റിംഗുള്ള കാർ അപകടങ്ങളിൽ ജീവൻ രക്ഷിക്കുമോ? ഉത്തരം കേട്ട് ഞെട്ടരുത്
ഇതിനെത്രയാ മൈലേജ് എന്നല്ല, ഇതിന്റെ സേഫ്റ്റി എങ്ങനെയാണെന്നാണ് ഇപ്പോൾ കാർ വാങ്ങുമ്പോഴുള്ള ഉപഭോക്താക്കളുടെ പ്രധാന ചോദ്യം. സുരക്ഷിതമായ യാത്രകൾക്കായി അങ്ങേയറ്റം സേഫ്റ്റി കിട്ടുന്ന വാഹനങ്ങൾ എത്ര പണം മുടക്കിയായാലും വാങ്ങാൻ ആളുകൾ റെഡിയാണ്. കാലം പോയൊരു പോക്കേ... എന്തായാലും ഇത് ഏറെ സ്വീകാര്യമായ മാറ്റമാണെന്നതിൽ സംശയമില്ല.
ഈ അഭിരുചിക്കനുസരിച്ച് കിടിലൻ ക്വാളിറ്റിയുള്ള വണ്ടികൾ നിർമിക്കാനും വാഹന നിർമാതാക്കളും നിർബന്ധിതരായിട്ടുണ്ട്. ഇതിനിടയിൽ സേഫ്റ്റി കൂടിയ വാഹനങ്ങളെ ഇന്ത്യ പ്രോത്സാഹിപ്പിക്കാനായി വിവിധ തീരുമാനങ്ങളും നിയമങ്ങളും അടുത്തകാലത്തായി നടപ്പിലാക്കി വരികയാണ്. വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുന്ന ഗ്ലോബല്‍ NCAP സേഫ്റ്റി റേറ്റിംഗ് പ്രോഗ്രാം നേരത്തേയുണ്ടെങ്കിലും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോടെയുള്ള തദ്ദേശീയ ക്രാഷ് ടെസ്റ്റായ ഭാരത് NCAP നടപ്പിലാക്കിയത് ഇതിനുള്ള പ്രധാന ഉദാഹരണമാണ്.

ഓരോ വർഷവും റോഡപകടങ്ങളിൽ പൊലിയുന്നവരുടെ എണ്ണവും ശാരീരികമായി അവശത അനുഭവിക്കുന്നവരുടെ എണ്ണവും ഇന്ത്യയിൽ വളരെ വലുതാണ്. ഏകദേശം 1.50 ലക്ഷം ആളുകൾ റോഡപകടങ്ങളിൽ മരിക്കുന്നതിനും ലക്ഷക്കണക്കിന് ആളുകൾക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുന്നതിനും നിരവധി വൈകല്യങ്ങൾ ജീവിതകാലം മുഴുവൻ ഉണ്ടാകുന്നതിനും ഇന്ത്യ സാക്ഷ്യം വഹിക്കുന്നുവെന്നാണ് കണക്കുകൾ.
ആഗോള വാഹന ശേഖരത്തിന്റെ ഒരു ശതമാനം മാത്രമാണ് രാജ്യത്തെങ്കിലും റോഡപകടങ്ങളിലെ ആഗോള മരണങ്ങളിൽ 11 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. ജീവഹാനിയും ഗുരുതരമായ പരിക്കുകളും ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും നികത്താനാവാത്ത നഷ്ടം ഉണ്ടാക്കുന്നുണ്ടെങ്കിലും അതിന്റെ സാമ്പത്തിക ആഘാതവും വളരെ പ്രധാനമാണ്. റോഡപകടങ്ങൾ മൂലം ഇന്ത്യയ്ക്ക് ഓരോ വർഷവും മൊത്തത്തിലുള്ള ജിഡിപിയുടെ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ നഷ്ടപ്പെടുന്നതായി ലോകബാങ്ക് റിപ്പോർട്ട് ചെയ്യുന്നു.

ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതുമാണ്. ആയതിനാൽ ഇന്ത്യയുടെ തദ്ദേശീയ കാർ ക്രാഷ് സേഫ്റ്റി ടെസ്റ്റിംഗ് ആൻഡ് ഇവാല്യൂവേഷൻ പ്രോഗ്രാമായ ഭാരത് NCAP സമാരംഭം വീണ്ടും കാർ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടി. പുതിയ നൂതന സാങ്കേതികവിദ്യകളുടെ വരവോടെ, ആധുനിക കാറുകൾ സുരക്ഷിതവും കൂടുതൽ വിശ്വസനീയവുമാണെന്നതിൽ തർക്കങ്ങളൊന്നുമില്ല. പക്ഷേ നിരത്തുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണത്തിൽ കുറവു വരുന്നില്ല.
ഇതിന്റെയെല്ലാം സാങ്കേതിക വശങ്ങളൊന്നും അറിയില്ലെങ്കിലും ഉയർന്ന NCAP റേറ്റിംഗ് ഉള്ള ഒരു കാർ അപകടങ്ങളിൽ നിന്നും നമ്മുടെ ജീവൻ രക്ഷിക്കുമോ എന്ന ചോദ്യമാണ് ആളുകൾക്ക് അറിയേണ്ടത്. ഇല്ല എന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. ഉയർന്ന NCAP റേറ്റിംഗുള്ള കാർ വാങ്ങുന്നത് അപകടങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുനൽകുന്നില്ല. കാരണം NCAP റേറ്റിങ്ങിനും പരിമിതികളുണ്ട്. ആയതിനാൽ NCAP-റേറ്റഡ് കാർ വാങ്ങുന്നത് എന്തിനാണെന്ന് ഒന്നു ചർച്ച ചെയ്‌താലോ?

ഒരു ക്രാഷ് ടെസ്റ്റുകളും റേറ്റിംഗുകളും ഒരു കാറിനും അതിലെ യാത്രക്കാർക്കും സുരക്ഷ വാഗ്ദാനം ചെയ്യുന്നില്ല. എന്തുകൊണ്ടാണ് NCAP ക്രാഷ് ടെസ്റ്റുകൾ ഇതിൽ ഉറപ്പു പറയാത്തത് എന്നു ചോദിച്ചാൽ ഈ ടെസ്റ്റ് പ്രോട്ടോക്കോളുകൾക്കും റേറ്റിംഗ് സിസ്റ്റങ്ങൾക്കും അതിന്റേതായ പരിമിതികളുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ മനസിലാക്കിയാൽ മതിയാവും. ഇത്തരം ക്രാഷ് ടെസ്റ്റുകളുടെ ഏറ്റവും വലിയ പരിമിതി, പരിശോധനകൾ യഥാർഥ സാഹചര്യങ്ങളിലല്ല നടക്കുന്നത് എന്നതു തന്നെയാണ്.
നിയന്ത്രിത ലാബ് പരിതസ്ഥിതിയിലാണ് നടത്തുന്നത് എന്നതിനാൽ യഥാർഥ സംഭവങ്ങളിൽ എന്തു സംഭവിക്കുമെന്ന് ആർക്കും ഉറപ്പു പറയാനാവില്ല. ഒരു വാഹനം അഭിമുഖീകരിച്ചേക്കാവുന്ന എല്ലാ സാഹചര്യങ്ങളും ഇവിടെ അനുകരിക്കാനുമാവില്ലല്ലോ. ചുരുക്കത്തിൽ, ഒന്നിലധികം വാഹനങ്ങളും മറ്റ് ഘടകങ്ങളും ഉൾപ്പെടാത്ത വളരെ ലളിതമായ രീതിയിലാണ് NCAP ടെസ്റ്റുകൾ ചെയ്യുന്നതെന്ന് പറയാം. ശരിക്കും റോഡുകളിൽ നടക്കുന്ന ഓരോ അപകടങ്ങളുടെയും സ്വഭാവം വളരെ വ്യത്യസ്തമാണ്.

വേഗത, സ്ഥലം, അപകടങ്ങളുണ്ടാവുന്ന വാഹനത്തിന്റെ വലിപ്പം എന്നിവയെല്ലാം അസാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. NCAP ക്രാഷ് ടെസ്റ്റിൽ മുൻകൂട്ടി നിശ്ചയിച്ച വേഗതയിലാണ് വാഹനങ്ങൾ പരിശോധിക്കപ്പെടുന്നത്. ഇത് സാധാരണയായി യഥാക്രമം 30 കിലോമീറ്ററിനും 64 കിലോമീറ്റർ സ്പീഡിനും ഇടയിൽ സൈഡ് ഇംപാക്ടും ഫ്രണ്ടൽ ഇംപാക്‌ടുമാണ് പൊതുവേ പരീക്ഷിക്കപ്പെടാറുള്ളത്. യഥാർഥ സാഹചര്യങ്ങളിലെ പല കേസുകളിലും, അപകടത്തിൽപ്പെടുന്ന വാഹനങ്ങൾമണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ വരെ സഞ്ചരിക്കാറുണ്ടെന്ന് നമുക്കറിയാം.
ഉയർന്ന വേഗത അർഥമാക്കുന്നത് കൂട്ടിയിടിയും അതിന്റെ ആഘാതവും കൂടുതൽ ഗുരുതരമാണെന്നാണ്. കൂടാതെ, പരിക്കിന്റെ വേഗതയും തീവ്രതയും തമ്മിലുള്ള ബന്ധം രേഖീയമല്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒരു ക്രാഷിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് കൂട്ടിയിടിക്കുന്ന വാഹനങ്ങൾക്കും അവയിൽ യാത്ര ചെയ്യുന്നവർക്കും ഉണ്ടാകുന്ന ആഘാതത്തിന്റെ പരിധി നിശ്ചയിക്കുന്ന ക്രാഷ് കോംപാറ്റിബിലിറ്റിയാണ്.

ഒരേ ഭാരവും ഉയരവുമുള്ള രണ്ട് കാറുകൾ തമ്മിലുള്ള കൂട്ടിയിടിയെ അനുകരിക്കുന്ന NCAP ക്രാഷ് ടെസ്റ്റ് യാഥാർഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാറില്ല. ഒരു കാർ ട്രക്കുമായി കൂട്ടിയിടിക്കുന്നത് പോലെയുള്ള പൊരുത്തമില്ലാത്ത ക്രാഷ് സാഹചര്യങ്ങൾക്ക് ഈ റേറ്റിംഗുകൾ ഒന്നും ബാധകവുമാവില്ല. ഇത് NCAP റേറ്റിംഗുകൾക്ക് വലിയ പരിമിതിയായി വരുന്നു. ഇത്തരം സന്ദർഭങ്ങളിൽ NCAP റേറ്റിംഗുകൾ അസാധുവായേ കണക്കാക്കാൻ കഴിയൂ.
അടുത്ത പോയിന്റായി പറയാനുള്ളത് ചൈൽഡ് സീറ്റിന്റെ കാര്യത്തിലാണ്. കാറിന്റെ പിൻഭാഗത്ത് ചൈൽഡ് സീറ്റിൽ ചൈൽഡ് ഡമ്മി വെച്ചാണ് NCAP ക്രാഷ് ടെസ്റ്റ് കുട്ടികളുടെ സേഫ്റ്റി കണ്ടെത്തുന്നത്. എന്നാ. യഥാർഥ സാഹചര്യങ്ങളിൽ നമ്മുടെ യാത്രക്കാരിൽ എത്ര പേർ കുട്ടികൾക്കായി ചൈൽഡ് സീറ്റ് ഉപയോഗിക്കാറുണ്ട്? മിക്കവാറും കേസുകളിൽ കുട്ടി ആരുടെയെങ്കിലും മടിയിൽ ഇരുന്നാവും യാത്ര ചെയ്യുക.

അതിനാൽ, ഏതെങ്കിലും NCAP ക്രാഷ്-ടെസ്‌റ്റ് ചെയ്‌തതും റേറ്റുചെയ്തതുമായ വാഹനത്തിന്റെ ചൈൽഡ് സേഫ്റ്റി റേറ്റിംഗ് ഒരു യഥാർത്ഥ കാർ അപകടത്തിന്റെ കാര്യത്തിൽ സാധുവായിരിക്കില്ല. ഒരു വാഹനത്തിന്റെയും അതിലെ യാത്രക്കാരുടെയും സുരക്ഷ നിർണയിക്കുന്നതിൽ ഡ്രൈവിംഗും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അശ്രദ്ധ, അമിതവേഗം അല്ലെങ്കിൽ അമിത ആത്മവിശ്വാസം എന്നിവ പലപ്പോഴും റോഡപകടങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നു.
ഫൈവ് സ്റ്റാർ NCAP റേറ്റഡ് കാർ അശ്രദ്ധമായി ഓടിക്കുന്നത് വാഹനത്തിനും അതിലെ യാത്രക്കാർക്കും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നില്ല. അശ്രദ്ധമായും ഉയർന്ന വേഗതയിലും വാഹനമോടിക്കുന്ന സാഹചര്യത്തിൽ ഒരു സുരക്ഷാ സാങ്കേതികവിദ്യയ്ക്കും ഉയർന്ന സുരക്ഷാ റേറ്റിംഗിനും പോലും ഡ്രൈവറെയും വാഹനത്തിലെ മറ്റ് യാത്രക്കാരെയും രക്ഷിക്കുമെന്ന് ഉറപ്പ് നൽകാൻ കഴിയില്ല. കൂടാതെ, സീറ്റ് ബെൽറ്റ് ധരിക്കാത്തതും ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിംഗും വാഹന യാത്രക്കാരുടെ സുരക്ഷ നിർണയിക്കുന്ന മറ്റ് ഘടകങ്ങളാണ്.


Click it and Unblock the Notifications








