താൻ സ്റ്റൈലാക്കിയ എസ്‌യുവി അമ്മയ്ക്ക് സമ്മാനിച്ച് കാർ ഡിസൈനർമാരിലെ 'ബോസ്'; കക്ഷിയെ പിടികിട്ടിയോ?
ഇന്ന് ഏവരുടേയും പ്രിയപ്പെട്ട രണ്ടാം തലമുറ ഥാർ പുറത്തിറക്കിയതു മുതൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഇമേജ് വേറെ ലെവലായെന്ന് വേണം പറയാൻ. XUV700, സ്കോർപിയോ N, ബൊലേറോ നിയോ, XUV 3XO എന്നിവയെല്ലാം ഇന്നു കാണുന്ന ഉയർച്ചയിലേക്ക് എത്തിയതിന് കാരണം ഡിസൈനുകളിലെ മാറ്റവും വമ്പൻ ഫീച്ചറുകളും ഒടുക്കത്തെ ഗ്ലാമറുമാണ്. ഇതിനെല്ലാം കാരണക്കാരനായ വ്യക്തി ആരെന്ന് ചോദിച്ചാൽ ഒരൊറ്റ പേരെ പറയാനുള്ളൂ. അത് പ്രതാപ് ബോസ് (Pratap Bose) എന്ന ഡിസൈനറുടേതാണ്. ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് ഏറ്റവും സുപരിചിതമായ പേരുകളിലൊന്നാണിത്.
ടാറ്റയുടെ സുപ്പര്‍ ഹിറ്റ് മോഡലുകളായ ഹാരിയര്‍, നെക്‌സോണ്‍, അല്‍ട്രോസ് തുടങ്ങിയ സ്റ്റൈലന്‍ വാഹനങ്ങള്‍ക്ക് രൂപം കൊടുത്തതും ടാറ്റയ്ക്ക് ഇന്ത്യയില്‍ വന്‍ തിരിച്ചുവരവ് നല്‍കുകയും ചെയ്തതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇങ്ങേര്. ടാറ്റയില്‍ നിന്ന് പടിയിറങ്ങിയ പ്രതാപ് ബോസ് നേരെ എത്തിയത് മഹീന്ദ്രയിലേക്കായിരുന്നു. 2021-ലാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. എന്തായാലും മഹീന്ദ്രയുടെ തലവര മാറ്റിയെടുക്കാനും ഇദ്ദേഹത്തിനായി എന്നതാണ് വലിയ കാര്യം.

നിലവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ ചീഫ് ഡിസൈൻ ആൻഡ് ക്രിയേറ്റീവ് ഓഫീസറായി പ്രവർത്തിക്കുന്ന ഇദ്ദേഹം ഏറ്റവും പുതുതായി ഡിസൈൻ ചെയ്‌ത മോഡലാണ് XUV 3XO. മുമ്പുണ്ടായിരുന്ന XUV300 കോംപാക്‌ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണെങ്കിലും വിപണിയിൽ വമ്പൻമാറ്റമാണ് ഇത് തീർത്തിരിക്കുന്നത്. അതുവരെ അങ്ങനെയാരും തിരിഞ്ഞുനോക്കാതിരുന്ന മോഡലിന് ഇപ്പോൾ വമ്പൻ ഡിമാന്റാണുള്ളത്. മുഖംമിനുക്കി പുറത്തിറക്കിയ ആദ്യ മണിക്കൂറിൽ തന്നെ 50,000 പേരാണ് വണ്ടി ബുക്ക് ചെയ്‌തത്.
ഇപ്പോഴിതാ പ്രശസ്ത ഇന്ത്യൻ ഓട്ടോമൊബൈൽ ഡിസൈനറായ പ്രതാപ് ബോസ് തൻ്റെ അമ്മയ്ക്ക് ഒരു പുതിയ മഹീന്ദ്ര XUV 3XO സമ്മാനിച്ചിരിക്കുകയാണ്. ഏറ്റവും പുതുതായി താൻ മെനഞ്ഞെടുത്ത വാഹനം അമ്മയ്ക്ക് കൈമാറുന്നതിൽ ഏറെ സന്തോഷവാനാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ അസുലഭ നിമിഷത്തിന്റെ വീഡിയോ മഹീന്ദ്രയുടെ യുട്യൂബ് ചാനലിലൂടെ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നതും. പ്രതാപ് ബോസ് തൻ്റെ അമ്മയെ മഹീന്ദ്ര ഷോറൂമിലേക്ക് കൊണ്ടുവരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

അമ്മയ്ക്ക് വാഹനം കൈമാറുന്ന സന്തോഷകരമായ നിമിഷത്തിന് സാക്ഷ്യംവഹിക്കാൻ കുടുംബാംഗങ്ങളും അദ്ദേഹത്തിനൊപ്പം ഡീലർഷിപ്പിൽ എത്തിയിട്ടുണ്ട്. ജനിച്ചപ്പോൾ പ്രതാപിന് നീണ്ട വിരലുകളും വലിയ കൈപ്പത്തികളും ഉണ്ടായിരുന്നതിനെക്കുറിച്ചും അമ്മ വീഡിയോയിൽ പറയുന്നുണ്ട്. അതിനാൽ മകൻ ഒരു ഡിസൈനർ ആകുമെന്ന് അന്നേ അച്ഛൻ പ്രവചിച്ചിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച ഓട്ടോമൊബൈൽ ഡിസൈനർമാരിൽ ഒരാളായി അദ്ദേഹം മാറിയതിൽ അതിശയിക്കാനില്ലെന്നും അമ്മ കൂട്ടിച്ചേർത്തു.
ഏറ്റവും മത്സരാധിഷ്ഠിതമായ കോംപാക്‌ട് എസ്‍യുവി സെഗ്മെന്റിലെ പുലിയായിരുന്നുവെങ്കിലും എന്തുകൊണ്ടോ ആളുകൾ XUV300 മോഡലിനോട് അകലം പാലിക്കുകയായിരുന്നു. ഇപ്പോൾ മിനി XUV700 ടച്ചുമായി എത്തിയതോടെ ആളുകൾക്കെല്ലാം വാഹനത്തെ ഇഷ്‌ടമായിട്ടുണ്ട്. പുത്തന്‍ ഡിസൈന്‍, സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ എന്നിവയുമായി അരങ്ങേറിയ മഹീന്ദ്ര XUV 3X0 വളരെ പെട്ടെന്നാണ് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ചത്.

M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ ഒമ്പത് വേരിയന്റുകളിലായി എത്തുന്ന മഹീന്ദ്ര XUV 3XO പതിപ്പിന് 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. XUV 3XO എസ്‌യുവിയുടെ ബുക്കിംഗുകളിൽ ഏകദേശം 70 ശതമാനവും പെട്രോൾ വേരിയന്റുകൾക്ക് വേണ്ടിയാണ്. മുൻ മോഡലായ XUV300-യുടെ വിൽപ്പനയിൽ ഡീസലുകൾക്കായിരുന്നു ഡിമാന്റ് കൂടുതൽ.
പ്രതാപ് ബോസ് തന്റെ അമ്മയ്ക്ക് കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റാണ് സമ്മാനിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാൽ പെട്രോളാണോ ഡീസലാണോയെന്ന് വ്യക്തമല്ല. മുൻഗായിയെ പോലെ തന്നെ മഹീന്ദ്ര XUV 3XO മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വരവറിയിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ്. ഇത് 109 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
മറുവശത്ത് കോംപാക്‌ട് എസ്‌യുവിലെ രണ്ടാമത്തെ 1.2 ലിറ്റർ ഡയറക്‌ട് ഇഞ്ചക്ഷൻ പെട്രോൾ 130 bhp കരുത്തിൽ 250 Nm torque വരെയാണ് നിർമിക്കുന്നത്. മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 bhp കരുത്തിൽ 300 Nm torque വരെ നൽകാനും പ്രാപ്‌തമാണ്. ഗിയർബോക്‌സ് ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ എന്നിവയാണ് മോഡലിനൊപ്പം തെരഞ്ഞെടുക്കാനാവുന്നത്.
ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് പാനലിനുമായി ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 7-സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, കണക്ടഡ് കാര്‍ ടെക്‌നോളജി, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 360-ഡിഗ്രി സറൗണ്ട് ക്യാമറ, റിയർ എസി വെൻ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, പനോരമിക് സൺറൂഫ് പോലുള്ള ഗംഭീര സവിശേഷതകളും മഹീന്ദ്ര XUV 3XO എസ്‌യുവിക്കൊപ്പം ലഭിക്കും.


Click it and Unblock the Notifications








