കപ്പാസിറ്റി 45 ലിറ്റർ, ഫുൾടാങ്ക് അടിച്ചപ്പോൾ കയറിയത് 53 ലിറ്റർ പെട്രോൾ; കൊച്ചിയിൽ പിന്നെ നടന്നത് കൊടൂര സീൻ
വാഹനം ഓടിക്കാത്തവരോ ഒരുതവണയെങ്കിലും പെട്രോൾ പമ്പിൽ പോവാത്തവരോ ആയിട്ട് നമുക്കിടയിൽ അധികമാരും ഉണ്ടാവാൻ സാധ്യതയില്ല അല്ലേ. അതിനാൽ തന്നെ ഇന്ധനം നിറയ്ക്കുമ്പോൾ കൃത്യമായിട്ടാണോ വീഴുന്നതെന്ന് അറിയാൻ എല്ലാവർക്കും ഒരു ത്വരയുണ്ടാവും. പറഞ്ഞ പൈസയ്ക്ക് കറക്‌ടായി ഇന്ധനം നിറഞ്ഞോയെന്ന് സംശയം പ്രകടപ്പിക്കാത്ത മനുഷ്യൻമാരുണ്ടാവില്ല. പലയിടങ്ങളിലും ആളുകൾ പറ്റിക്കപ്പെടാറുള്ള വാർത്തകളും നാം പലതവണ വാർത്തകളിലൂടെയും മറ്റും വായിച്ചിട്ടുണ്ടാവാം. ഫുൾ ടാങ്ക് അടിക്കുമ്പോഴെല്ലാം കാറിന്റെ ഫ്യുവൽ കപ്പാസിറ്റിയേക്കാൾ (Fuel Capacity) കൂടുതൽ ഇന്ധനം നിറഞ്ഞ പ്രശ്നങ്ങളും പെട്രോൾ പമ്പുകളിലെ സ്ഥിരം ഉടായിപ്പുകളാണ്.
കൂടുതൽ തട്ടിപ്പുകൾ നടക്കൊന്നൊരു സ്ഥലമാണിതെന്ന് പലർക്കും അറിയാമെങ്കിലും ഇവയൊന്നും കണ്ടുപിടിക്കാനോ മനസിലാക്കാനോ ഒരു സാധാരണക്കാരന് കഴിഞ്ഞെന്ന് വരില്ല. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്. കാർ നിർമാതാവ് നൽകുന്ന ടാങ്ക് കപ്പാസിറ്റിയിലും കൂടുതൽ ഇന്ധനം നിറഞ്ഞെന്ന് മീറ്ററിൽ കണ്ടുപിടിച്ച പരാതികളും ഉയർന്നുകേൾക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

മറ്റെങ്ങുമല്ല, നമ്മുടെ കൊച്ചിയിൽ നടന്ന സംഭവമാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. കൊച്ചി നിവാസിയും 2018 ഫോക്‌സ്‌വാഗൺ പോളോയുടെ ഉടമയുമായ ദീപേഷ് ബാബു എന്ന വ്യക്തിയാണ് അസാധാരണമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോയത്. 45 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള പോളോയിൽ 53 ലിറ്റർ ഇന്ധനം നിറച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. മീറ്ററിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ ഞെട്ടിപ്പോയ ഇയാൾ താൻ തട്ടിപ്പിനിരയായെന്നാണ് ദീപേഷ് വിചാരിച്ചത്.
എന്നാൽ പിന്നീട് സംഭവിച്ചത് അങ്ങേയറ്റം ട്വിസ്റ്റ് നിറഞ്ഞ കഥയായിരുന്നു. ചെമ്പുമുക്കിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ (IOC) പെട്രോൾ പമ്പിലാണ് സംഭവം അരങ്ങേറുന്നത്. 2007 മുതൽ ഇവിടെ നിന്നും ഇന്ധനം നിറയ്ക്കുന്നയാളാണ് ദീപേഷ് ബാബു. എന്നാൽ 45 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള പോളോയിൽ 53 ലിറ്റർ ഇന്ധനം നിറഞ്ഞതോടെ പമ്പിലെ ഫ്യുവൽ ഡിസ്‌പെൻസറിൽ കൃത്രിമം ഉണ്ടെന്നാണ് ഇദ്ദേഹം വാദിച്ചത്.

ഏഴ് മുതൽ എട്ട് ലിറ്റർ പെട്രോൾ അമിതമായി ഈടാക്കുകയും ചെയ്തുവെന്ന് വിശ്വസിച്ച ദീപേഷ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ പരാതി നൽകി. എന്നാൽ കമ്പനിയുടെ പ്രശസ്തി നിലനിർത്താൻ ഐഒസിയും തങ്ങൾക്ക് നേരിട്ട ചീത്തപ്പേര് മാറ്റാൻ പമ്പ് ഉടമയും ഉൾപ്പെട്ട അസാധാരണമായ ഒരു പരീക്ഷണമാണ് പിന്നീടുണ്ടായത്. ഫോക്‌സ്‌വാഗൻ്റെ സ്പെസിഫിക്കേഷനുകളിൽ ടാങ്ക് കപ്പാസിറ്റി 45 ലിറ്റർ മാത്രമായിരുന്നു.
ഫ്യുവൽ ഡിസ്‌പെൻസറിൽ കൃത്രിമം ഇല്ലെങ്കിൽ പിന്നെയെന്താവും കാരണമെന്നറിഞ്ഞല്ലേ പറ്റൂ. സ്ഥിരമായി പെട്രോൾ അടിക്കുന്ന പമ്പാണെങ്കിലും ഫുൾ ടാങ്ക് പെട്രോൾ ആവശ്യപ്പെട്ടപ്പോൾ 53 ലിറ്ററിൽ വരെ എത്തിനിൽക്കുന്നത് കണ്ടാണ് സംശയം ഉയർന്നത്. അമിത ചാർജ് ഈടാക്കാനായി ഇവിടെ എന്തെങ്കിലും ഉടായിപ്പ് നടന്നതാകാമെന്ന് ആരായാലും സംശയിച്ച് പോവും. അതിനാൽ, പൊരുത്തക്കേട് ദീപേഷ് ഉടൻ തന്നെ കാർ ഷോറൂമിനെയും പമ്പ് ഉടമയെയും അറിയിച്ചു.

ഇതിന് തൊട്ടുപിന്നാലെ, വിശദീകരണവും പരിഹാരവും ആവശ്യപ്പെട്ട് അദ്ദേഹം ഐഒസിക്ക് പരാതി നൽകി. ഇതിനെ തുടർന്ന് പ്രശ്‌നം പരിഹരിക്കാനും ചീത്തപ്പേര് മാറ്റാനുമായി ദീപേഷും പമ്പുടമയും ഐഒസിയും ചേർന്നൊരു പരീക്ഷണം നടത്തി. ഇതിനായി അവർ ആദ്യം ദീപേഷിൻ്റെ ഫോക്‌സ്‌വാഗൺ പോളോയുടെ മുഴുവൻ പെട്രോൾ ടാങ്ക് പൂർണമായും വറ്റിച്ചു. ഇതിന് ശേഷം ലീഗൽ മെട്രോളജി വകുപ്പ് സാക്ഷ്യപ്പെടുത്തിയ അഞ്ച് ലിറ്റർ ക്യാൻ ഉപയോഗിച്ച് വീണ്ടും നിറച്ചു.
ദീപേഷും ഇന്ധന പമ്പ് ഉടമയും കൃത്യമായ റീഫില്ലിംഗ് പ്രക്രിയയ്ക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. ഐഒസി ഉദ്യോഗസ്ഥൻ ഡാൽബിൻ ക്രിസ്റ്റഫറും പമ്പ് മാനേജർ ഷാലുവും പെട്രോൾ അടിക്കുന്ന കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചു. അപ്പോഴാണ് വീണ്ടും 45 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള പോളോയിൽ 57.83 ലിറ്റർ ഇന്ധനം നിറയുന്നത് വീണ്ടും ശ്രദ്ധയിൽ പെട്ടത്. ഇത് ഫോക്‌സ്‌വാഗണിന്റെ പ്രഖ്യാപിത ശേഷിയേക്കാൾ വളരെ കൂടുതലാണ്.
പമ്പിലെ കൃത്രിമമല്ലെങ്കിൽ പിന്നെന്താവും സംഭവിച്ചതെന്നറിയാൻ അവർക്കെല്ലാം താത്പര്യമുണ്ടായിരുന്നു. ഡിസൈൻ അലവൻസുകൾ കാരണം കാർ ഫ്യുവൽ ടാങ്കുകൾക്ക് നിർദ്ദിഷ്ട കപ്പാസിറ്റിയേക്കാൾ കുറച്ച് ലിറ്റർ കൂടുതൽ വഹിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആയതിനാൽ ഫോക്‌സ്‌വാഗൺ പോളോയുടെ കാര്യത്തിൽ ടാങ്കിന് 12.83 ലിറ്റർ അധികമായി ഉൾക്കൊള്ളാൻ കഴിഞ്ഞതിൽ അതിശയിക്കാനില്ലെന്ന് സാരം.
നിർമാതാക്കൾ പറയുന്ന കപ്പാസിറ്റിക്ക് മുകളിൽ 6 മുതൽ 7 ലിറ്റർ വരെ അധിക ഇന്ധനം മിക്ക കാറുകളിലും നിറയ്ക്കാമെന്നാണ് വാഹനമേഖലയിലെ വിദഗ്ധർ പറയുന്നത്. ദീപേഷിൻ്റെ കാര്യത്തിൽ ഇത് 12.83 ലിറ്ററായിരുന്നുവെന്ന് മാത്രം. അധികമായി ഇന്ധനം ഉൾക്കൊള്ളാൻ സാധിക്കുമെങ്കിലും സുരക്ഷാ ആവശ്യങ്ങൾക്കായി കാർ നിർമാതാക്കൾ നിർദ്ദേശിക്കുന്ന കട്ട് ഓഫ് വരെ മാത്രമേ ഇന്ധനം നിറയ്ക്കാവൂവെന്നും പ്രത്യേകം ശ്രദ്ധിക്കണം.
സാധാരണയായി ഫുൾ ടാങ്ക് അടിക്കുമ്പോൾ കട്ട്-ഓഫിൽ എത്തുമ്പോൾ നോസിലിലെ സെൻസർ സജീവമാവുകയും ഫ്ലോ നിർത്തുകയും ചെയ്യുന്നു. നിർദ്ദിഷ്ട ടാങ്ക് കപ്പാസിറ്റിക്ക് മുകളിലുള്ള ഇന്ധനം അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഇക്കാര്യം വാഹനങ്ങൾ ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഈ കേസിൽ വഞ്ചനാപരമായ പ്രവർത്തനങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന് മനസിലാക്കിയതിനാൽ ഐഒസി പ്രതിനിധി ദീപേഷും പമ്പ് മാനേജരും പ്രശ്നം സൗഹാർദ്ദപരമായി പരിഹരിക്കുകയും കൈകൊടുത്ത് പിരിയുകയും ചെയ്‌തു.


Click it and Unblock the Notifications








