വണ്ടിയോടിക്കുന്ന പലർക്കും ധാരണയില്ല, കാറിൽ ഈ ഓറഞ്ച് ലൈറ്റ് കത്തുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ?
കാർ ഓടിക്കാൻ അടിപൊളിയായിട്ട് അറിയാമെങ്കിലും വാഹനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അല്ലെങ്കിൽ തകരാറുകളും എന്താണെന്ന് മനസിലാക്കാൻ അറിവില്ലാത്തവരായിരിക്കും വാഹനമോടിക്കുന്നവരിൽ അധികവും. കാരണം വണ്ടിയോടിക്കാൻ അറിയമല്ലോ പിന്നെ ഞാൻ എന്തിനാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതെന്നതാവും മിക്കവരുടേയും മനസിൽ ഉദിക്കുന്ന കാര്യം. അല്ലെങ്കിൽ എന്തെങ്കിലും തകരാർ കണ്ടാൽ വർക്ക്ക്ഷോപ്പിൽ കാണിച്ച് പരിഹരിക്കാം എന്നും വിചാരിക്കുന്നവരാവും അധികവും. എന്തിന് ക്ലസ്റ്ററിൽ കാണിക്കുന്ന വാർണിംഗ് ലൈറ്റുകൾ (Warning Lights) പോലും എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് പലർക്കുമറിയില്ല. എന്തും ഗൂഗിളിനോട് ചോദിച്ചാൽ പറഞ്ഞുതരുമല്ലോയെന്നതാണ് ഇത്തരക്കാരുടെയെല്ലാം ആദ്യ മറുപടി.
ഒരു ഫോട്ടോയെടുത്ത് സേർച്ച് ചെയ്‌താൽ സംഗതി മനസിലാക്കാനാവുമെന്നത് സത്യമാണെങ്കിലും ചില കാര്യങ്ങളൊക്കെ അറിഞ്ഞുവെക്കുന്നത് നല്ലതാണല്ലോ. വാഹനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അറിഞ്ഞുവെച്ചാൽ ജീവിതത്തിൽ ഉപകാരപ്പെടുമെന്നതിൽ തർക്കമൊന്നുമില്ല. അതിനാൽ വാഹനവുമായി ബന്ധപ്പെട്ട പ്രധാനമായൊരു സംഗതി പറഞ്ഞുതരാം കേട്ടോ. ഡാഷ്ബോർഡിൽ ചെക്ക് എഞ്ചിൻ എന്നെഴുതിയ ഒരു മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് കളർ വാർണിംഗ് ലൈറ്റ് പലരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.

മാൾഫംഗ്ഷൻ ഇൻഡിക്കേറ്റർ ലൈറ്റ് (MIL) എന്നതാണ് ഇതിൻ്റെ സാങ്കേതിക നാമം. ഏത് ഡ്രൈവിംഗ് സാഹചര്യങ്ങളിലും എഞ്ചിൻ്റെ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കാൻ ഒരു കമ്പ്യൂട്ടർ നിയന്ത്രിത എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം ആധുനിക വാഹനങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് എന്താണെന്നറിയാമോ? ഇക്കാര്യം കേരള എംവിഡി അവരുടെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം വിവരിച്ചിട്ടുമുണ്ട്.
കാര്‍ വാങ്ങി കുറച്ചു കാലം കഴിഞ്ഞാല്‍ വാഹനവുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങളെല്ലാം നമ്മള്‍ മനസിലാക്കിയെടുക്കാറുണ്ട്. ചില വാണിംഗ് ലൈറ്റുകള്‍ നിരന്തരമായ ഉപയോഗത്തില്‍ വരുന്നവയല്ലാത്തതിനാൽ മിക്കവർക്കും ഇതിനെ കുറിച്ചൊരു ധാരണയുമുണ്ടാവില്ല. ആയതിനാൽ മാൾഫംഗ്ഷൻ ഇൻഡിക്കേറ്റർ ലൈറ്റ് എന്താണെന്ന് നിങ്ങൾക്കായി വിശദീകരിച്ച് തരാം. ഏതെങ്കിലും ഒരവസരത്തിൽ ഇക്കാര്യം നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം.

എഞ്ചിൻ്റെ വേഗത, ചൂട്, ലൂബ്രിക്കേഷൻ, പുറന്തള്ളുന്ന കാർബൺ, വാഹനത്തിൻ്റെ വേഗത, എയർ ഫ്യൂൽ മിക്സ്ചർ അളവ് തുടങ്ങി നിരവധി ഘടകങ്ങൾ അറിയുന്ന സെൻസറുകളും ഫ്യുവൽ ഇൻജക്ടറുകൾ വാൽവുകൾ തുടങ്ങിയ ആക്ച്യുവേറ്ററുകൾ എഞ്ചിനും മറ്റു നിയന്ത്രണങ്ങൾക്കും ഉള്ള ഇസിയുകൾ അടങ്ങിയതാണ് ഈ സംവിധാനം. ഇഗ്നീഷ്യൻ കീ ഓൺ ചെയ്യുമ്പോൾ തെളിയുകയും എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അണയുകയും ചെയ്താൽ എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാം.
ഈ ലൈറ്റ് എല്ലായ്പോഴും തെളിഞ്ഞിരിക്കുകയോ മിന്നിത്തെളിയുകയോ ചെയ്യുകയാണെങ്കിൽ എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം സംവിധാനത്തിൽ എവിടെയെങ്കിലും തകരാർ ഉണ്ടെന്ന് ഉറപ്പിക്കാം. പ്ലഗുകൾ, എഞ്ചിൻ പ്രശ്നങ്ങൾ അല്ലെങ്കിൽ തകരാറിലായ ഓയിൽ വാൽവ് എന്നിവ മൂലവും ക്ലസ്റ്ററിൽ ഈ ഇൻഡിക്കേറ്റർ ഓണായിക്കിടക്കാം. എഞ്ചിനും അനുബന്ധ സംവിധാനങ്ങൾക്കും ഗുരുതര കേടുപാടുകൾ വരാതിരിക്കാൻ ഉടൻ തന്നെ വാഹനം വർക്ക്ക്ഷോപ്പിൽ കാണിക്കുകയും ഒരു സാങ്കേതിക വിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിക്കുകയും വേണം.

ഈ സൂചന ലൈറ്റുകളെല്ലാം എപ്പോഴും ശ്രദ്ധിച്ചുവേണം വണ്ടിയോടിക്കാൻ. കാരണം അവ നിങ്ങളുടെ വാഹനത്തിന്റെ സുരക്ഷയും പ്രവർത്തനവും ഉറപ്പാക്കാൻ സഹായിക്കുന്നു. ചില സാഹചര്യങ്ങളിൽ മാൾഫംഗ്ഷൻ ഇൻഡിക്കേറ്റർ ലൈറ്റ് അല്ലെങ്കിൽ എഞ്ചിൻ ചെക്ക് ലൈറ്റ് അന്തരീക്ഷമർദ്ദത്തിലോ ഈർപ്പത്തിലോ ഉള്ള മാറ്റം പോലെ നിസാരമായ കാരണങ്ങളാലും പ്രകാശിച്ചേക്കാം. അത്തരം സന്ദർഭങ്ങളിൽ കുറച്ച് സമയത്തിന് ശേഷം ലൈറ്റ് ഓട്ടോമാറ്റിക്കായി ഓഫാവുകയും ചെയ്യും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








