വാഹനങ്ങളിൽ CD നമ്പർ പ്ലേറ്റുകൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അതിനർഥം ഇതാണ്....
ഇന്ത്യയിൽ വൈവിധ്യമാർന്ന വാഹനങ്ങൾ ഉള്ളതുപോലെ തന്നെയാണ് നമ്പർ പ്ലേറ്റുകളുടെ കാര്യവും. പല വിധത്തിൽ പല തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ കാറുകളിലും ബൈക്കുകളിലുമെല്ലാം നാം കണ്ടിട്ടുണ്ടാവും. ഇതിൽ പലതിന്റെയും അർഥമോ ഇവയെ മനസിലാക്കാനോ നമുക്കായെന്ന് വരില്ല. വൈറ്റ് പ്ലേറ്റിൽ ബ്ലാക്ക് അക്ഷരങ്ങളാണല്ലോ നമുക്ക് കൂടുതലും പരിചിതമായ കാര്യം.
പോട്ടെ, ടാക്‌സി വാഹനങ്ങളുടെ നമ്പർ പ്ലേറ്റും നമുക്ക് അറിയാവുന്ന കാര്യമാണ്. ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലാണ് ഇന്ത്യയൽ നമ്പർ പ്ലേറ്റുകളുള്ളത്. ഓരോ നമ്പർ പ്ലേറ്റും വ്യത്യസ്ത ഉപയോഗത്തിനാണെന്നതാണ് വസ്‌തുത. ഇതിൽ ഏറ്റവും കുറവ് പരിചിതമോ അധികം കണ്ടിട്ടില്ലാത്തതോ ആയ ഒന്നാവാം CD നമ്പർ പ്ലേറ്റുകൾ. നീല നിറത്തിലുള്ള പ്ലേറ്റിലാവും ഇവ കാണാനാവുക. ഈ പ്ലേറ്റ് നയതന്ത്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ളതാണ്.

ഇന്ത്യയിലെ നയതന്ത്ര വാഹനങ്ങൾക്ക് വെള്ള അക്ഷരങ്ങളുള്ള നീല നമ്പർ പ്ലേറ്റാണ് ലഭിക്കുന്നത്. ഈ നമ്പർ പ്ലേറ്റുകളിൽ രണ്ട് അക്ക കോഡും രജിസ്ട്രേഷൻ നമ്പറും സഹിതം "CD" എന്ന അക്ഷരങ്ങളും ഫീച്ചർ ചെയ്യുന്നു. CD എന്നതുകൊണ്ട് അർഥമാക്കുന്നത് "കോർപ്സ് ഡിപ്ലോമാറ്റിക്" എന്നാണ്. വിദേശകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച് നയതന്ത്ര വാഹനങ്ങളെ ഇന്ത്യയിലെ മിക്ക ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇതിനർഥം CD നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾക്ക് വേഗപരിധി മറികടക്കാനോ നോ പാർക്കിംഗ് സോണുകളിൽ പാർക്ക് ചെയ്യാനോ ട്രാഫിക് സിഗ്നലുകൾ അവഗണിക്കാനോ ആവുമെന്നല്ല. ഉദ്യോഗസ്ഥർക്ക് നയതന്ത്ര വാഹനം തിരിച്ചറിയാനുള്ള എളുപ്പവഴിയാണ് സിഡി നമ്പർ പ്ലേറ്റ്. സിഡി നമ്പർ പ്ലേറ്റും ഡിപ്ലോമാറ്റിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമവും എങ്ങനെയെന്ന് നോക്കിയാലോ?

Image Courtesy: Team BHP
രാജ്യത്തെ നയതന്ത്ര സേനയുടെ വാഹനങ്ങൾക്ക് കേന്ദ്ര സർക്കാരാണ് CD നമ്പർ പ്ലേറ്റുകൾ നൽകുന്നത്. ഇതിനർഥം വിദേശ നയതന്ത്ര ദൗത്യങ്ങൾക്കും ഓർഗനൈസേഷനുകൾക്കും (എംബസികൾ, കോൺസുലേറ്റുകൾ മുതലായവ) മാത്രമേ CD നമ്പർ പ്ലേറ്റുള്ള കാറുകൾ ഉണ്ടാകൂ. ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിൽ ഇത്തരം നമ്പർ പ്ലേറ്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഇപ്പോൾ മനസിലായില്ലേ. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇത്തരം വാഹനങ്ങൾ കർശനമായി ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.
എന്നാൽ ഇതേ വാഹനം ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് മാത്രം. ഡിപ്ലോമാറ്റിക് ഓഫീസർമാരുടെയോ കോൺസുലർ ഓഫീസർമാരുടെയോ വാഹന രജിസ്ട്രേഷന് കേന്ദ്ര സർക്കാരിന് പ്രത്യേക വ്യവസ്ഥകളുണ്ട്. അത്തരം വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ മാർക്ക് നൽകിയിട്ടുണ്ട്. ഇത് രജിസ്ട്രേഷൻ അതോറിറ്റി വഴി പ്രദർശിപ്പിക്കേണ്ടതുണ്ട്.
കൂടാതെ, വാഹനത്തിന്റെ പ്രത്യേക രജിസ്ട്രേഷൻ സ്ഥിരീകരിക്കുന്നതിന് ഉടമയ്ക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. ഒരു നയതന്ത്ര കാർ ഉടമസ്ഥതയിൽ മാറ്റം വരുത്തിയാൽ ഈ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അസാധുവാകും എന്നതും ശ്രദ്ധിക്കേണ്ടതാണ്. നയതന്ത്ര വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള മാർഗനിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് ഇനി നോക്കിയാലോ? ഇന്ത്യയിൽ ഒരു ഡിപ്ലോമാറ്റിക് ഓഫീസർമാരുടെയോ കോൺസുലാർ ഓഫീസറുടെയോ വാഹനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെയാണ്;
ഒന്നാമതായി, അപേക്ഷാ ഫോമിന്റെ 3 പകർപ്പുകൾ (ഫോം 42) മിഷൻ മേധാവിയോ കോൺസുലാർ ഓഫീസറോ പൂരിപ്പിക്കണം. തുടർന്ന്, മുകളിലുള്ള അപേക്ഷ യോഗ്യതയുള്ള അധികാരി മുഖേന രജിസ്‌ട്രേഷൻ അതോറിറ്റിയെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. അടുത്തതായി, സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ്, 1989 ലെ 81-ാം ചട്ടം അനുസരിച്ച്, ഉചിതമായ ഫീസും നികുതിയും അടക്കുകയാണ് വേണ്ടത്.
CD നമ്പർ പ്ലേറ്റുകൾ നയതന്ത്ര വാഹനങ്ങൾക്ക് ചില പ്രത്യേകാവകാശങ്ങളും പരിരക്ഷകളും നാം നൽകാറുണ്ട്. നയതന്ത്ര വാഹനങ്ങളെ ടോൾ ഫീ, പാർക്കിംഗ് ഫീസ് എന്നിവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. നിയമപാലകർക്ക് ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാനോ പരിശോധിക്കാനോ കഴിയില്ലെന്നതും ഹൈലൈറ്റാണ്. നയതന്ത്ര കാറുകളെ ട്രാഫിക് നിയമങ്ങളിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ, അവർക്ക് വേഗത പരിധി മറികടക്കാനും ട്രാഫിക് സിഗ്നലുകൾ അവഗണിക്കാനും കഴിയും.


Click it and Unblock the Notifications








