ഫോർമുല 4 സ്ട്രീറ്റ് കാറോട്ട മത്സരത്തിന് ഓഗസ്റ്റ് 31-ന് ചെന്നൈയിൽ കൊടിയേറും; ടിക്കറ്റ് ഇങ്ങനെ ബുക്ക് ചെയ്യാം
രാജ്യത്തെ ആദ്യ രാത്രികാല ഫോർമുല 4 സ്ട്രീറ്റ് കാറോട്ട മത്സരത്തിന് (Formula 4 Night Street Car Race) ഓഗസ്റ്റ് 31-ന് ചെന്നൈയിൽ കൊടിയേറുന്നു. കഴിഞ്ഞ ഡിസംബറിൽ നടക്കേണ്ടിയിരുന്ന മത്സരം നേരത്തെ തന്നെ മാറ്റിവെച്ചിരുന്നുവെങ്കിലും ഇപ്പോൾ മത്സരം നടത്താൻ തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റി തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 1 വരെ, 3 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ കൊച്ചിയടക്കം രാജ്യത്തെ 8 നഗരങ്ങൾ കേന്ദ്രമാക്കിയ ടീമുകളാണ് മത്സരിക്കാൻ ഇറങ്ങുന്നത്. മറീനയ്ക്ക് സമീപം 3.5 കിലോമീറ്റർ നീളമുള്ള ദ്വീപ് ഗ്രൗണ്ടിന് ചുറ്റുമുള്ള നഗരത്തിൻ്റെ ഹൃദയഭാഗത്താണ് റേസിംഗ് സംഘടിപ്പിക്കുന്നത്.
ഐപിഎൽ പോലെ വിവിധ നഗരങ്ങളിൽ നിന്നുള്ള ഫ്രാഞ്ചൈസി ടീമുകൾ തമ്മിലുള്ള ഇന്ത്യൻ റേസിംഗ് ലീഗ് മത്സരവും ജൂനിയർ ഡ്രൈവർമാർക്ക് വേണ്ടിയുള്ള ഫോർമുല 4 റേസിംഗ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾക്ക് കീഴിലാണ് കാറോട്ട മത്സരം നടക്കുന്നത്. ടീം ഉടമകളിൽ സൗരവ് ഗാംഗുലിയും ബോളിവുഡ് താരം അർജുൻ കപൂറും ഉൾപ്പെടുന്നുവെന്നത് മത്സരങ്ങൾക്ക് പൊലിമയേകുന്ന കാര്യമാണ്.

വൈകിട്ട് 4.30-ന് ആരംഭിക്കുന്ന റേസിംഗ് ഏകദേശം അഞ്ച് മണിക്കൂർ നീണ്ടുനിൽക്കും. ഫോർമുല 4 റേസിംഗ് കാണാൻ എത്തുന്നവർക്ക് 299 രൂപ മുതലായിരിക്കും ടിക്കറ്റുകൾ ഉണ്ടാവുക. പേയ്ടിഎം ഇൻസൈഡർ ആപ്പ് വഴി ടിക്കറ്റുകളെടുക്കാം. മറീന ബീച്ചിനെ അഭിമുഖീകരിക്കുന്ന ട്രാക്കിൽ 19 ടേണുകളും ഒന്നിലധികം ചിക്കൈനുകളും (chicane) "ഡ്രൈവർമാരെയും ആരാധകരെയും മുൾമുനയിൽ നിർത്തുന്ന" ട്രിക്കി എലവേഷനുകളും ഉണ്ടായിരിക്കും.
റേസിംഗ് പ്രൊമോഷൻ പ്രൈവറ്റ് ലിമിറ്റഡ് (RPPL) സംഘടിപ്പിച്ച തമിഴ്‌നാട് സർക്കാർ റേസിംഗ് മാനദണ്ഡങ്ങൾക്കനുസൃതമായി എക്‌സ്‌ക്ലൂസീവ് റോഡുകൾ വികസിപ്പിക്കുന്നതിനായി കോടികളാണ് ചെലവഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ അനുവദിച്ച 41 കോടി രൂപ ഉപയോഗിച്ച് ട്രാക്കുകളുടെ നിർമാണം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിലെ അതേ രീതിയിലാണ് ഇത്തവണയും ടൂർണമെൻ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇന്ത്യൻ റേസിംഗ് ലീഗുമായി സഹകരിച്ചാണ് തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഈ മത്സരം സംഘടിപ്പിക്കുന്നത്. രാജ്യാന്തര തലത്തിൽ നിന്നുള്ള വിവിധ താരങ്ങൾ ഈ ടൂർണമെൻ്റിൽ പങ്കെടുക്കുന്നുണ്ട്. ചെന്നൈ ഐലൻഡിൽ നിന്ന് ആരംഭിച്ച് അണ്ണാ റോഡ്, ശിവാനന്ദ റോഡ്, നേപ്പിയർ പാലം വഴി ഐലൻഡിലെത്തി തിരികെ ദ്വീപിലേക്ക് മടങ്ങുന്ന വിധമാണ് കാറോട്ടം നടക്കുക. ഈ മത്സരം മറ്റ് കാർ റേസ് മത്സരങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ്.
ഇന്ത്യയിൽ മാത്രമല്ല ദക്ഷിണേഷ്യയിലെ തന്നെ ആദ്യ രാത്രി കാർ റേസ് ആയതിനാൽ മത്സരത്തെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നിരവധി വിദേശ താരങ്ങൾ ഈ ടൂർണമെൻ്റിൽ പങ്കെടുക്കുന്നതിനാൽ ടിക്കറ്റ് വിൽപ്പനയും തകൃതിയായി നടക്കുന്നുണ്ട്. പതിറ്റാണ്ടുകളായി മോട്ടോർ സ്‌പോർട്‌സിൻ്റെ കേന്ദ്രമായ തമിഴ്‌നാടിന് പുതിയ ആവേശമായിരിക്കും ഫോർമുല 4 റേസിംഗ് സമ്മാനിക്കുക.
ഇന്ത്യയിലെ ആദ്യത്തെ ഫോർമുല റേസിംഗ് ഡ്രൈവർ നരേൻ കാർത്തികേയനും കരുണ് ചന്ദോക്കും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. എന്തിനേറെപ്പറയുന്നു തമിഴ് സിനിമ ലോകത്തെ തലയെന്നറിയപ്പെടുന്ന അജിത് കുമാർ പോലും വലിയ റേസിംഗ് പ്രേമിയാണ്. ഡിസംബർ 9, 10 തീയതികളിൽ ചെന്നൈയിൽ ഫോർമുല 4 കാർ റേസ് നടത്താൻ നിശ്ചയിച്ചിരുന്നുവെങ്കിലും മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായതോടെയാണ് മത്സരം മാറ്റിവെക്കാൻ സംഘാടകർ നിർബന്ധിതരായത്. ഈ സാഹചര്യത്തിൽ വീണ്ടും ഈ മത്സരം നടത്താൻ തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റി അനുമതി നൽകി. എന്നാൽ കഴിഞ്ഞ ഡിസംബറിൽ ചെന്നൈയിൽ ഈ മത്സരങ്ങൾ നടത്താൻ പദ്ധതിയിട്ടപ്പോൾ ഇതിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങളും ഉയർന്നിരുന്നു. പൊതുനിരത്തുകളിൽ കാർ റേസിങ്ങിൻ്റെ ആവശ്യകതയെക്കുറിച്ച് പലരും ചോദ്യങ്ങൾ ഉന്നയിച്ച് മുമ്പോട്ടു വന്നിരുന്നു.
എന്നാൽ വിവിധ വ്യവസ്ഥകളോടെ ഫോർമുല 4 മത്സരം നടത്താൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നു. പൊതു സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുക, അസൗകര്യങ്ങൾ ഒഴിവാക്കുക തുടങ്ങിയ ചില നിബന്ധനകളാണ് കോടതി മുമ്പോട്ടുവെച്ചിരിക്കുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ട്രാക്കുകളും മറ്റ് സംവിധാനങ്ങളും തയാറാക്കിയതെന്ന് സംഘാടകരായ ആർപിപിഎൽ മാനേജിങ് ഡയറക്ടർ അഖിലേഷ് റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








