ഷെവർലെ മുതൽ ഫെറാറി വരെ, ജോണി ഡെപ്പിന്റെ ആഡംബര ജീവിതത്തിന്റെ ഭാഗമായ കാർ ശേഖരം
പൈറേറ്റ്സ് ഓഫ് ദ് കരീബിയനിൽ ക്യാപ്റ്റൻ ജാക്ക് സ്പാരോയെ അവതരിപ്പിച്ച് നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഉയർന്ന ഹോളിവുഡ് താരമാണ് ജോണി ഡെപ്പ്. എന്നാൽ അടുത്തിടെയായി താരം അറിയപ്പെട്ടത് മുൻഭാര്യയും നടിയുമായ ആംബർ ഹേർഡുമായുള്ള നിയമപോരാട്ടത്തിന്റെ പേരിലാണെന്നു മാത്രം.

എന്നും വിവാദങ്ങൾക്ക് ഒരു കുറവുമില്ലാതിരുന്ന താരമാണ് ക്യാപ്റ്റൻ ജാക്ക് സ്പാരോയിലൂടെ ലോകം കീഴടക്കിയ ഡെപ്പ്. ജോണി ഡെപ്പിന്റെ ആഡംബര ജീവിതം എപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുമുണ്ട്. താരത്തിന്റെ ആവശ്യങ്ങൾക്ക് ഒരു മാസം 20 ലക്ഷം ഡോളര്‍ അതായത് ഏകദേശം 150 കോടി രൂപ വേണമെന്നാണ് കണക്കുകളും.

അതുപോലെ തന്നെയാണ് ഡെപ്പിന്റെ കാർ ശേഖരവും. പൈറേറ്റ്‌സ് ഓഫ് കരീബിയൻ താരത്തിന് പുതിയ തലമുറയിൽപ്പെട്ട സ്‌പോർട്‌സ് കാറുകളും എസ്‌യുവികളും കുറച്ച് വിന്റേജ് മോഡലുകളും ഉൾപ്പെടുന്ന വമ്പൻ കാർ ശേഖരം തന്നെയാണുള്ളതും. ജോണി ഡെപ്പിന് കുറഞ്ഞത് 45 ആഡംബര കാറുകളെങ്കിലും ഉണ്ടെന്നാണ് റിപ്പോർട്ട്.

വിലകൂടിയ വസ്തുക്കളിൽ ഒരു ആഡംബര നൗകയും ഡെപ്പിന് സ്വന്തമായുണ്ടെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. ജോണി ഡെപ്പിന്റെ എക്സോട്ടിക് കാർ ശേഖരത്തിലെ ചില പ്രധാന അതിഥികളെ നമുക്കൊന്നു പരിചയപ്പെട്ടാലോ?

ഷെവർലെ കോർവെറ്റ്
1959 ഷെവർലെ കോർവെറ്റ് മോഡലാണ് പൈറേറ്റ്സ് ഓഫ് ദ് കരീബിയനിൽ ക്യാപ്റ്റൻ ജാക്ക് സ്പാരോയെ അവതരിപ്പിച്ച ജോണി ഡെപ്പിന്റെ പ്രധാന വാഹനങ്ങളിൽ ഒന്ന്.

ദി റം ഡയറിയിലെ അഭിനയത്തിന് ഡെപ്പിന് ചലച്ചിത്ര നിർമാതാവ് ഗ്രഹാം കിംഗ് നൽകിയ സമ്മാനമാണ് ഇതെന്ന റിപ്പോർട്ടുകളുണ്ട്. സാധാരണ സ്റ്റീൽ ബോഡിക്ക് പകരം ഫൈബർഗ്ലാസ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് വിന്റേജ് കാർ നിർമിച്ചിരിക്കുന്നത്.

പോർഷ 911 കരേര S
രണ്ട് വർഷത്തെ കാലയളവിൽ പോർഷ 911 കരേര S മോഡലിന്റെ വെറും 3687 യൂണിറ്റുകൾ മാത്രമാണ് നിർമിച്ചത്. ഈ കാർ സ്വന്തമായുള്ള ഒരാളാണ് ജോണി ഡെപ്പ്.

1980-ൽ പുറത്തിറങ്ങിയപ്പോൾ 40,000 ഡോളർ വിലയുള്ള ഈ കാർ 3.0 ലിറ്റർ എഞ്ചിൻ ഉപയോഗിച്ച് മൊത്തം 200 bhp പവർ വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. കരേര S പൂർണമായും ലെതർ-പ്രചോദിതവും ഹെറ്റ്‌സ് ഷേഡുള്ളതുമായ ഡാഷ്‌ബോർഡ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.

റോൾസ് റോയ്‌സ് വ്രൈത്ത്
330,000 ഡോളർ മുടക്കി റോൾസ് റോയ്‌സ് വ്രൈത്ത് സ്വന്തമാക്കിയ താരങ്ങളിൽ ഒരാളാണ് ഡെപ്പ്. ഏറ്റവും ശക്തമായ റോൾസ് റോയ്‌സുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ കാർ 591 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 6.6 ലിറ്റർ V12 എഞ്ചിനിലാണ് വരുന്നത്.

വെറും 4.4 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കി.മീ/മണിക്കൂർ വേഗത കൈവരിക്കാൻ റോൾസ് റോയ്‌സ് വ്രൈത്തിന് കഴിയും. കൂടാതെ യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഫീച്ചറുകളാൽ സമ്പന്നവുമാണ് ഈ അത്യാഡംബര വാഹനം.

ഫെറാറി 488 സ്പൈഡർ
വിന്റേജ് മാത്രമല്ല സ്പോർട്സ് കാറുകൾ വരെ ജോണി ഡെപ്പിന്റെ ഗരേജിലുണ്ടെന്നതാണ് കൗതുകകരം. 3,00,000 ഡോളറിന് മുകളിൽ മുതൽ മുടക്കി താരം സ്വന്തമാക്കിയ മോഡലാണ് ഫെറാറി 488 സ്പൈഡർ. 3.9 ലിറ്റർ ടർബോചാർജ്‌ഡ് V8 എഞ്ചിനാണ് കാറിന്റെ ഹൃദയം.

ഇത് പരമാവധി 661 bhp പവർ വരെ വികസിപ്പിക്കാൻ പ്രാപ്‌തമായ സ്പോർട്‌സ് കാറാണ്. 3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ/മണിക്കൂർ വേഗത കൈവരിക്കുമ്പോൾ വെറും 5.7 സെക്കൻഡിനുള്ളിൽ 200 കിലോമീറ്റർ വേഗത കൈയെത്തി പിടിക്കാനും ഫെറാറി 488 സ്പൈഡറിന് സാധിക്കും.

ലിങ്കൺ നാവിഗേറ്റർ
യുഎസ് വിപണിയിലെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നാണ് ലിങ്കൺ നാവിഗേറ്റർ. 450 bhp കരുത്ത് വരെ ഉത്പാദിപ്പിക്കുന്നതിനായി ട്യൂൺ ചെയ്ത 3.5 ലിറ്റർ V6 എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് ഓൾ-വീൽ ഡ്രൈവിനൊപ്പം വരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

നാവിഗേറ്ററിന്റെ ഗിയർബോക്‌സ് ചുമതലകൾകൈകാര്യം ചെയ്യുന്നത് 10 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ്. എസ്‌യുവിക്ക് 8 യാത്രക്കാരെ വരെ ഉൾക്കൊള്ളാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഏകദേശം 88,600 യുഎസ് ഡോളറാണ് ലിങ്കൺ നാവിഗേറ്ററിന്റെ വില വരുന്നത്.

മെർസിഡീസ് മെയ്ബാക്ക് S650 കാബ്രിയോലെറ്റ്
ഡെപ്പിന്റെ ഉടമസ്ഥതയിലുള്ള മെർസിഡീസ് മെയ്ബാക്ക് S650 കാബ്രിയോലെറ്റിന്റെ വില 200,000 ഡോളർ ആണ്. 2016-ൽ പുറത്തിറക്കിയ കാർ ആഡംബര വാഹനങ്ങളുടെ നിർവചനമായാണ് വിലയിരുത്തപ്പെടുന്നതു തന്നെ.

630 bhp വരെ കരുത്തും 863 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന 6.0 ലിറ്റർ V12 എഞ്ചിനാണ് മെർസിഡീസ് മെയ്ബാക്ക് S650 കാബ്രിയോലെറ്റിന് തുടിപ്പേകുന്നത്. ഇതിലൊതുങ്ങാത്ത വലിയ വില കൂടിയ കാറുകൾ താരത്തിനുണ്ടെങ്കിലും പ്രധാനമായി എടുത്തു പറയേണ്ട മോഡലുകളാണ് ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നതെന്നു മാത്രം.


Click it and Unblock the Notifications








