ഇതൊരു ജിന്നാണ് ബഹൻ! ഇന്ത്യയുടെ അമേരിക്കൻ 'മസിൽകാർ' ഷെവർലെ ക്രൂസ്
പ്രത്യേകിച്ച് ഒരു ആമുഖവും വേണ്ടാത്തൊരു സെഡാൻ വാഹനമാണ് ഷെവർലെ ക്രൂസ്. ഇന്ത്യൻ നിരത്തുകളിൽ ഈ കാർ തീർത്ത പ്രകമ്പനം ഇതുവരെ കെട്ടടങ്ങിയിട്ടില്ലെന്നു വേണം പറയാൻ. ഒരുകാലത്ത് വാഹനപ്രേമികളുടെ സ്വപ്‌ന വാഹനങ്ങളിൽ ഒന്നായിരുന്നു ഈ അമേരിക്കൻ 'മസിൽകാർ'. ഇതൊരു ജിന്നാണ് ബഹൻ എന്നുതന്നെ വിശേഷിപ്പിക്കാം.
2009 മുതൽ 2017 വരെയായിരുന്നു ക്രൂസ് നിരത്തിലെത്തിയിരുന്നത്. ശരിക്കും ഒരു റോക്കറ്റ് പെർഫോമൻസാണ് കാറിൽ അമേരിക്കൻ വാഹന നിർമാതാക്കളായ ഷെവർലെ ഒരുക്കിയിരുന്നത്. ലോകമെമ്പാടുമുള്ള വിപണികളിൽ ഹിറ്റായതിനു ശേഷമാണ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവന്നത്. അൽപം റിസ്ക്കെടുത്ത് തന്നെയാണ് ബ്രാൻഡ് ഈ ഇതിഹാസത്തെ നമ്മുടെ രാജ്യത്ത് കൊണ്ടുവന്നതും. ഒരു പ്രീമിയം സി-സെഗ്മെന്റ് സെഡാനായാണ് ക്രൂസ് എത്തിയിരുന്നത് എന്നൊരു ധാരണയുണ്ടെങ്കിൽ അതൊന്ന് മാറ്റിവെക്കാം.

ഹ്യുണ്ടായി എലാൻട്ര, ടൊയോട്ട കൊറോള ആൾട്ടിസ്, ഫോക്‌സ്‌വാഗൺ ജെറ്റ, റെനോ ഫ്ലൂയൻസ്, സ്‌കോഡ ഒക്ടാവിയ എന്നീ മോഡലുകളോട് കിടപിടിക്കാനാണ് ഷെവർലെ ക്രൂസിനെ കൊണ്ടുവന്നത്. എന്നാൽ എക്‌സ്ക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ അണിനിരന്ന കാറിന്റെ വില വളരെ തന്ത്രപരമായാണ് കമ്പനി നിർണയിച്ചത്. 13.75 ലക്ഷം മുതൽ 16.15 ലക്ഷം വരെയായിരുന്നു മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. 10 ലക്ഷത്തിന് താഴെയോ വിലയേറിയ വിഭാഗത്തിൽ ഇരിക്കാനോ ക്രൂസ് ആഗ്രഹിക്കാത്തിന്റെ തെളിവായിരുന്നു ഇത്.
പെർഫോമൻസിനൊപ്പം ഈ വില കൂടി ചേർന്നാൽ പിന്നെങ്ങനെ വാഹനം ഹിറ്റാവാതെയിരിക്കും? മാത്രമല്ല ഡിസൈനിന്റെ കാര്യത്തിലായാലും കാറൊരു വിപ്ലവം തന്നെയാണ് ഉണ്ടാക്കിയെടുത്തത്. അമേരിക്കൻ മസിൽകാറുകളോട് സാമ്യമുള്ള ഡിസൈൻ ഭാഷ്യമായിരുന്നു ക്രൂസിനെ ആളുകളിലേക്ക് വേഗത്തിൽ അടുപ്പിച്ചത്. ആൾക്കൂട്ടത്തിൽ വേറിട്ടു നിൽക്കാനാണ് ക്രൂസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഷെവർലെ അവകാശപ്പെട്ടു. അതിൽ കമ്പനി വിജയം കാണുകയും ചെയ്‌തുവെന്ന് നിസംശയം പറയാം.

നിരത്തുകളിലൂടെ പാഞ്ഞോടിവരുന്ന ക്രൂസിന്റെ കാഴ്ച്ച കണ്ണുകൾക്ക് തന്നെയൊരു ഉത്സവ പ്രതീതിയാണ് സൃഷ്‌ടിച്ചിരുന്നത്. മുൻവശത്ത് ഷെവർലെ ലോഗോയുള്ള ഫ്രണ്ട് ഗ്രില്ലായിരുന്നു പ്രധാന ആകർഷണം. അതോടൊപ്പം ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും നന്നായി ഇഴുകിചേരുന്നുണ്ടായിരുന്നു. വശക്കാഴ്ച്ചയിലേക്ക് വരുമ്പോൾ കാർ പൂർണതയോടെ പിന്നിലേക്ക് ഒഴുകിയിറങ്ങുന്നത് കാണാമായിരുന്നു. എയറോഡൈനാമിക്സിനൊപ്പം സൗന്ദര്യാത്മകതയും കൂടിച്ചേർന്നതോടെ സംഭവം കളറായി. ഡോറുകളിലെ ഫെൻഡറുകളും ക്യാരക്ടർ ലൈനുകളും അതിന്റെ മസ്ക്കുലാർ ഭാവം ഉയർത്തുന്നുമുണ്ടായിരുന്നു.
പിന്നിലേക്ക് നോക്കിയാൽ ക്രൂസ് സൗന്ദര്യത്തിനൊപ്പം പ്രായോഗികതയും കോർത്തിണക്കിയാണ് പണികഴിപ്പിച്ചത്. കാറിന്റെ ടെയിൽ ലാമ്പുകൾ ബോൾഡായിരുന്നു. ബൂട്ടിൽ നന്നായി ഇണങ്ങുന്ന രീതിയിൽ കോർത്തിണക്കാനും ഷെവർലെക്ക് സാധിച്ചിരുന്നു. വലിപ്പത്തിന്റെ കാര്യത്തിലായാലും സമ്പന്നൻ തന്നെയായിരുന്നു ഈ അമേരിക്കക്കാരൻ. 4597 മില്ലീമീറ്റർ നീളവും 1788 മില്ലീമീറ്റർ വീതിയും 1477 മില്ലീമീറ്റർ ഉയരവും 2685 മില്ലീമീറ്റർ വീൽബേസും 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമായാണ് ഷെവർലെ ക്രൂസ് നിരത്തുകൾ വാണത്.

ആദ്യ കാലങ്ങളിൽ കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് ഇന്ത്യൻ റോഡുകളുടെ ആശങ്കയായിരുന്നു. എന്നിരുന്നാലും ക്രൂസിന്റെ താരതമ്യേനയുള്ള ചെറിയ വീൽബേസ് ഈ പരാതിയെ ഒരുപരിധിവരെ സഹായിക്കുകയുമുണ്ടായി. ഇനി എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ ഇവിടെയാണ് ഗതിമാറുന്നത്. ഒരു ഡ്രൈവിംഗ് പ്രേമിയേയും നിരാശപ്പെടുപ്പെടുത്താത്ത മികവായിരുന്നു കാറിനുണ്ടായിരുന്നത്. 1998 സിസി ഡീസൽ എഞ്ചിനാണ് ഷെർവലെ ക്രൂസിന് തുടിപ്പേകിയിരുന്നത്. ഇന്ത്യൻ നിരത്തുകളിൽ എത്തിച്ച ശുദ്ധ അമേരിക്കൻ മസിൽകാറിയാരുന്നു ഇതെന്ന് ഊട്ടിയുറപ്പിച്ചതും ഇവിടെ തന്നെ.
1998 സിസി ഡീസൽ എഞ്ചിന് പരമാവധി 163.7 bhp കരുത്തിൽ 360 Nm torque വരെ ഉത്പാദിപ്പിക്കാനാവുമായിരുന്നു. മുൻനിര വേരിയന്റുകൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയപ്പോൾ ബാക്കിയുള്ള മോഡലുകൾക്ക് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനാണ് കമ്പനി സമ്മാനിച്ചിരുന്നത്. വെറും 9.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 വരെ വേഗത കൈവരിക്കാനും ക്രൂസ് പ്രാപ്‌തമായിരുന്നു. അതേസമയം സെഡാന്റെ ഉയർന്ന വേഗത മണിക്കൂറിൽ 184 കിലോമീറ്ററായിരുന്നു.

ഇനി ഇന്റീരിയറിലേക്ക് കയറിയാലും പ്രീമിയം ഫീൽ തന്നെയാണ് ഷെവർലെ ഒരുക്കിയത്. മിനിമലിസ്റ്റിക് ഡിസൈനായിരുന്നുവെങ്കിലും മികച്ച ഫിറ്റും ഫിനിഷും നിലനിർത്താൻ കമ്പനിക്കായി. കാറിന്റെ സെൻട്രൽ കൺസോളിൽ ധാരാളം ഉപകരണങ്ങൾ ഉണ്ടായിരുന്നു. ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ക്രൂസിന്റെ ഡാഷ്ബോർഡ് പണികഴിപ്പിച്ചത്. കോൺട്രാസ്റ്റ് സ്റ്റിച്ചിംഗിനൊപ്പം കാറിന് ചുറ്റും ലെതർ അപ്ഹോൾസ്റ്ററി ഉപയോഗിച്ചു. ഷെവർലെയുടെ ലോഗോയുള്ള 3-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ മെറ്റാലിക് ആക്‌സന്റുകൾക്കൊപ്പം ഇടംപിടിക്കുകയും ചെയ്തിരുന്നു.
അക്കാലത്തെ കാറുകളുമായി തട്ടിനോക്കുമ്പോൾ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഒരു ആകർഷണീയത ഉണ്ടായിരുന്നു. ക്രൂസിൽ എല്ലാ സൗകര്യങ്ങളും ഷെവർലെ ഉറപ്പാക്കിയിട്ടുണ്ടായിരുന്നു. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ആറു തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 4 ചാനൽ റിയർ പാർക്കിംഗ് അസിസ്റ്റ്, ഹീറ്റഡ് റിയർ വ്യൂ മിററുകൾ, ഇന്റലിജന്റ് പ്രോഗ്രാമബിൾ പാസീവ് എൻട്രി, ഇഗ്നിഷൻ ഓൺ/ഓഫ്, ഉയരം ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ എന്നിങ്ങനെ മികച്ച ഫീച്ചറുകളാൽ സമ്പന്നമായിരുന്നു സെഡാൻ.
എബിഎസ്, ഡ്യുവൽ എയർബാഗുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ചൈൽഡ് സീറ്റ് മൗണ്ടിംഗ് പ്രൊവിഷനുകൾ, സൈഡ് എയർബാഗുകൾ, പ്രോഗ്രാം ചെയ്ത ഓട്ടോ ഡോർ ലോക്കിംഗ്, അപകടമുണ്ടായാൽ ഓട്ടോ ഡോർ അൺലോക്ക് തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകളോടെയാണ് ഷെവർലെ ക്രൂസിനെ മെനഞ്ഞെടുത്തതും. പക്ഷേ രാജ്യത്ത് കാർ അതിന്റെ മുദ്ര പതിപ്പിച്ചെങ്കിലും കാര്യമായ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടുവെന്നതാണ് യാഥാർഥ്യം. ഉയർന്ന മെയിന്റനൻസ് ചെലവുകളും ക്രൂസിന്റെ വലിയൊരു പോരായ്മയായിരുന്നു.

സെക്കൻഡ് ഹാൻഡ് വിപണിയിലും ഒരുകാലത്ത് ഷെവർലെ ക്രൂസ് വാങ്ങാൻ ആളുണ്ടായിരുന്നെങ്കിലും മെയിന്റനെൻസ് ചെലവുകൾ അതിരുകടന്നതോടെ പലരും കിട്ടുന്ന വിലയ്ക്ക് കാറിനെ വിറ്റ് ഒഴിവാക്കുകയായിരുന്നു. പ്രതാപം കണ്ട് പലരും വാഹനം കൊണ്ടുനടന്നെങ്കിലും ഒരു പരിധി കഴിഞ്ഞതോടെ ഷെവർലെയുടെ ഈ മസിൽകാർ പയ്യെ നിരത്തുകൾ ഒഴിയുകയായിരുന്നു. ഇന്ന് റോഡിൽ ഇറങ്ങിയാൽ ചീറിപ്പായുന്ന ക്രൂസ് ഒന്നും കാണാനേയില്ല. പൊടിപിടിച്ച് വഴിയരികിൽ ഏതെങ്കിലും കണ്ടാലായി എന്നുമാത്രം.!


Click it and Unblock the Notifications








