ഈ ലിസ്റ്റിൽ ഇനി ഇന്ത്യയും, സ്വന്തമായി ക്രാഷ് ടെസ്റ്റ് നടത്തുന്ന രാജ്യങ്ങൾ ഏതെല്ലാമെന്ന് കണ്ടോ?
പണ്ടൊക്കെ ഒരു കാർ വാങ്ങാൻ പോവുമ്പോൾ ആദ്യം ചിന്തിക്കുന്നതും പരിഗണിക്കുന്നതുമായ കാര്യം മൈലേജായിരുന്നു. എന്നാൽ അതിവേഗമാണ് ഇന്ത്യൻ വാഹന വിപണിയുടെ സ്വഭാവം തന്നെ മാറിയത്. ഇന്ന് പുത്തനൊരു വാഹനം വാങ്ങാൻ തീരുമാനിച്ചു കഴിഞ്ഞാൽ തന്നെ ആളുകളുടെ പ്രധാന പരിഗണനയായി സേഫ്റ്റി മാറി കഴിഞ്ഞിരിക്കുകയാണ്. ക്രാഷ് ടെസ്റ്റിലെ സ്കോർ നോക്കി ആളുകൾ കാർ വാങ്ങാൻ തുടങ്ങിയെന്ന് സാരം.
ഈ ട്രെൻഡിന് തുടക്കമിട്ട ക്രെഡിറ്റ് ടാറ്റ മോട്ടോർസിനുള്ളതാണ്. വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ നമ്മുടെ കേന്ദ്ര സർക്കാരും വാഹന നിർമാതാക്കളെ നിർബന്ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം (ഭാരത് NCAP) ഓഗസ്റ്റ് 22-ന് നിലവിൽ വരും. പൂർണമായും സമർപ്പിത കാർ ക്രാഷ് സുരക്ഷാ പദ്ധതി സ്വീകരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാവും നമ്മുടെ ഇന്ത്യ.

നിലവിൽ ASEAN NCAP, ലാറ്റിൻ NCAP, യൂറോ NCAP, ANCAP തുടങ്ങിയ ഭൂഖണ്ഡം അടിസ്ഥാനമാക്കിയുള്ള NCAP പ്രോഗ്രാമുകൾക്ക് പുറമെ യുഎസ്, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾക്ക് ആ രാജ്യങ്ങളിലെ കാർ സുരക്ഷ വിലയിരുത്തുന്നതിന് അവരുടേതായ സമർപ്പിത കാർ ക്രാഷ് സുരക്ഷാ പ്രോഗ്രാമുകളും നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) കീഴിൽ വരുന്ന പുതിയ ക്രാഷ് ടെസ്റ്റ് സംവിധാനത്തെ ഏറെ പ്രതീക്ഷയോടെയാണ് വിപണിയും ഉപഭോക്താക്കളും കാത്തിരിക്കുന്നത്.
മോട്ടോർ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ 3.5 ടൺ വരെ ഉയർത്തി രാജ്യത്തെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാവും ഭാരത് NCAP. ഇത് നാളെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാവും ഉദ്ഘാടനം ചെയ്യുക. റോഡപകടങ്ങൾ മൂലം ഓരോ വർഷവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തുന്ന ഇന്ത്യയിൽ ഈ നിരക്ക് ഗണ്യമായ കുറക്കാൻ പുതിയ ക്രാഷ് ടെസ്റ്റ് പദ്ധതി സഹായകരമാവും.

ഇന്ത്യയിൽ നിർമിക്കുന്ന കാറുകൾക്കും ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ക്രാഷ് ടെസ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ റേറ്റിംഗ് നൽകാനാണ് തീരുമാനം. ഈ സമഗ്രമായ പരിശോധനകള്‍ക്ക് ശേഷം മുതിര്‍ന്നവര്‍ക്കുള്ള സംരക്ഷണത്തിനും (AOP) കുട്ടികളുടെ (COP) സംരക്ഷണത്തിനും കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കും. ഭാരത് NCAP പോലെ മറ്റ് രാജ്യങ്ങളിൽ ലഭ്യമായ NCAP പ്രോഗ്രാമുകളെ കുറിച്ച് ഒന്നു പരിചയപ്പെട്ടാലോ?
ചൈന: ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ അപകട മരണനിരക്കുള്ള രാജ്യമായ ചൈന സ്വന്തമായി വിഭാവനം ചെയ്‌ത ക്രാഷ് ന്യൂകാർ അസസ്മെന്റ് പ്രോഗ്രാമാണ് C-NCAP. ഇത് പ്രാഥമികമായി യൂറോ NCAP സ്ഥാപിച്ച സുരക്ഷാ മാനദണ്ഡങ്ങളുടെ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. ചൈന ഓട്ടോമോട്ടീവ് ടെക്നോളജി ആൻഡ് റിസർച്ച് സെന്റർ (CATRC) ആണ് C-NCAP പ്രോഗ്രാം നടത്തുന്നത്. 2006-ലാണ് ഇത് രാജ്യത്ത് നടപ്പിലാക്കുന്നതും.

ജപ്പാൻ: രാജ്യത്തെ കാർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 1995-ലാണ് ജപ്പാൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (JNCAP) ആരംഭിച്ചത്. ലോകത്തിലെ മുൻനിര കാർ നിർമാണ രാജ്യങ്ങളിലൊന്നായ ജപ്പാൻ എല്ലാ വർഷവും വ്യത്യസ്ത മോഡലുകൾക്ക് JNCAP ക്രാഷ് ടെസ്റ്റുകൾ നടത്തുകയും സ്റ്റാർ റേറ്റിംഗ് നൽകുകയും ചെയ്യുന്നു. സുരക്ഷാ ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ വ്യവസ്ഥകളുടെയും ബ്രേക്കിംഗ് പ്രകടനത്തിന്റെയും ഫുൾ-ഫ്രണ്ടൽ ക്രാഷ് ടെസ്റ്റുകളുടെയും ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രോഗ്രാം പരീക്ഷിക്കാൻ തുടങ്ങിയത്.
യുഎസ്: യുണൈറ്റഡ് സ്റ്റേറ്റ്സിൽ അവിടെ വിൽക്കുന്ന വാഹനങ്ങളുടെ സേഫ്റ്റി വിലയിരുത്തുന്നതിനായി NHTSA, IIHS എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഏജൻസികളാണുള്ളത്. വാഹനങ്ങൾക്ക് സ്റ്റാർ റേറ്റിംഗ് വിലയിരുത്തി നൽകുന്ന ഒരു സർക്കാർ ഏജൻസിയാണ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA). ഇതിലൂടെ 1978 മുതൽ കാറുകൾ പരീക്ഷിക്കുകയും പ്രതിവർഷം 125 കാറുകൾ ക്രാഷ് ടെസ്റ്റുകൾ നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.

മറുവശത്ത്, ഒരു സ്വതന്ത്ര ഇൻഷുറൻസ്-വ്യവസായ-പിന്തുണയുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റി (IIHS). അത് വാഹനങ്ങൾക്ക് പ്രത്യേകമായി സ്റ്റാർ റേറ്റിംഗുകൾ വിലയിരുത്തുകയും നൽകുകയും ചെയ്യുന്നു. ഓരോ വർഷവും 100-ലധികം പുതിയ വാഹനങ്ങളിൽ IIHS സ്വന്തമായി ആറ് ക്രാഷ് ടെസ്റ്റുകൾ നടത്തുന്നു. ഈ രണ്ട് സംഘടനകളും യുഎസിൽ വിൽക്കുന്ന കാറുകളെ അവയുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും റേറ്റുചെയ്യുകയും ചെയ്യുന്നു.
ന്യൂ കാർ സേഫ്റ്റി അസസ്മെന്റ് റേറ്റിംഗ് പ്രോഗ്രാമാണ് കൊറിയൻ NCAP അഥവാ KNCAP. ഈ പ്രോഗ്രാമിന് കീഴിൽ പുതിയ കാർ മോഡലുകൾ പരീക്ഷിക്കുകയും ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ റേറ്റിംഗ് നൽകുകയും ചെയ്യുന്നു. ഈ നാല് രാജ്യങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഇന്ത്യ അഞ്ചാമനായി ക്രാഷ് ടെസ്റ്റ് പ്രോഗ്രാം സ്വന്തമായി അവതരിപ്പിക്കാൻ പോവുന്നത്.


Click it and Unblock the Notifications








