സിഎൻജിയോ ഹൈബ്രിഡോ? കീശ ചോരാതെ കൊണ്ടുനടക്കാൻ ഏതാവും ബെസ്റ്റ്
ലോകത്തെ നഗരങ്ങളിലുടനീളം മലിനീകരണ തോത് കുറയ്ക്കുന്നതിൽ അഭൂതപൂർവമായ പങ്കാണ് ഇന്ന് ഇലക്‌ട്രിക് വാഹനങ്ങൾ വഹിക്കുന്നത്. ഇക്കാരണം തന്നെയാണ് ബാറ്ററയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ഇത്രയും പ്രോത്സാഹനം വരെ സർക്കാരുകളിൽ നിന്നും ലഭിക്കാൻ തന്നെ കാരണം.

എന്നാൽ ഇവികളുടെ എല്ലാ പ്രഖ്യാപിത നേട്ടങ്ങൾക്ക് പിന്നിലും ചില ദൂഷ്യവശങ്ങളുണ്ട് താനും. സമ്പൂർണ ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാനുള്ള ഉയർന്ന ചെലവ് തന്നെയാണ് പലരേയും ഇന്നും പരമ്പരാഗത പെട്രോൾ, ഡീസൽ വാഹനങ്ങളിലേക്ക് ആകർഷിക്കുന്നത്.

ഈ ചെലവുകൾ കുറയുന്ന സമയം വരെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് കിറ്റുകളോ (CNG) ഹൈബ്രിഡ് എഞ്ചിനുകളോ ഘടിപ്പിച്ച വാഹനങ്ങളാണ് ഏറ്റവും പ്രായോഗികമായ ചവിട്ടുപടികളായി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യൻ കാർ വിപണിയിൽ സിഎൻജി സാങ്കേതികവിദ്യ വളരെക്കാലമായി ലഭ്യമാണെങ്കിലും ഹൈബ്രിഡുകൾ ഇപ്പോഴാണ് സജീവമായി തുടങ്ങുന്നത്.

ഈ രണ്ട് സാങ്കേതികവിദ്യകളും നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇവയ്ക്ക് നിരവധി പോരായ്മകളും ഉണ്ട്. അവ ഓരോന്നും നിങ്ങളുടെ ആവശ്യങ്ങൾക്ക് വ്യത്യസ്തമായേക്കാം. ഇങ്ങനെ കൺഫ്യൂഷൻ അടിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഇവയിൽ ഏതാണ് ഒരാൾക്ക് ഏറ്റവും അനുയോജ്യമാവുന്നതെന്ന് ഒന്നു പരിശോധിച്ചാലോ?

ഒരു സിഎൻജി കാർ വാങ്ങുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നത് ആദ്യം ചർച്ച ചെയ്യാം. സിഎൻജി വാഹനങ്ങൾ ഈ രീതിയിൽ ഔദ്യോഗികമായി പരാമർശിച്ചിട്ടില്ലെങ്കിലും ഒരു വിധത്തിൽ ഹൈബ്രിഡ് വാഹനങ്ങൾ കൂടിയാണിതെന്നു പറയാം.

ഒരു സിഎൻജി വാഹനം ഏതെങ്കിലും ഒരു ഘട്ടത്തിൽ പെട്രോളിലോ സിഎൻജിയിലോ പ്രവർത്തിക്കുന്നു. അതിനാൽ അത്തരം വാഹനത്തിന് സഞ്ചരിക്കാൻ കഴിയുന്ന ദൂരം ഒരു ഇന്ധനത്തിൽ മാത്രം പ്രവർത്തിക്കുന്ന കാറുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഉദാഹരണത്തിന്, 30 ലിറ്റർ ഫ്യുവൽ ടാങ്കും ശരാശരി 15 കിലോമീറ്റർ മൈലേജും ഉള്ള ഒരു കാറിന് 450 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്ന് വിചാരിക്കുക. എന്നാൽ ഏതാണ്ട് പെട്രോൾ തീർന്നാൽ പോലും ഒരു സിഎൻജി കിറ്റ് ഏകദേശം 200 കി.മീ. അതായത് ഏകദേശം 650 കിലോമീറ്റർ അധികം സഞ്ചരിക്കാൻ നിങ്ങളെ അനുവദിക്കും.

സിഎൻജി പെട്രോളിനേക്കാൾ വിലകുറഞ്ഞ ഇന്ധനമാണ്. അതിനാൽ പ്രവർത്തനച്ചെലവും കുറവാണ്. സമീപ മാസങ്ങളിൽ നിരക്ക് വർധന ഉണ്ടായിട്ടുണ്ടെങ്കിലും ദിവസേനയുള്ള യാത്രാദൂരം പ്രാധാന്യമുള്ളതാണെങ്കിൽ സിഎൻജിയിൽ പ്രവർത്തിക്കുന്ന ഒരു വാഹനം ഉണ്ടായിരിക്കുന്നത് തീർച്ചയായും പോക്കറ്റ് കാലിയാവാതെ നോക്കും.

കൂടാതെ സിഎൻജി ഒരു ഗ്രീനർ ഇന്ധനമാണ്. അതായത് വാഹനം പുറന്തള്ളുന്ന മലിനീകരണം ഇതിൽ കുറവാണെന്ന് സാരം. പെട്രോൾ മാത്രമുള്ള കാർ മോഡലും സിഎൻജി കിറ്റുള്ള അതേ മോഡലും തമ്മിലുള്ള വാങ്ങൽ വില വ്യത്യാസം ശ്രദ്ധേയമാണ്. എന്നാൽ ഹൈബ്രിഡ് എഞ്ചിൻ കാറുകൾ ഇപ്പോഴും വളരെ ചെലവേറിയതാണ്.

തീർച്ചയായും പെർഫോമൻസിന്റെ കാര്യത്തിൽ സിഎൻജി കാറുകൾ അൽപം പിന്നിലാണെന്നത് യാഥാർഥ്യം തന്നെയാണ്. കൂടാതെ ബൂട്ട് സ്‌പെയ്‌സിന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നേക്കും.

ഒരു ഹൈബ്രിഡ് കാർ വാങ്ങുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. നിലവിൽ ഇന്ത്യൻ വിപണിയിലുള്ള ഹൈബ്രിഡ് കാറുകൾ ശരിക്കും പറഞ്ഞാൽ ഒരു ഗെയിം ചേഞ്ചർ തന്നെയാണ്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട സിറ്റി ഹൈബ്രിഡ് എന്നിവക്കെല്ലാം മികച്ച മതിപ്പുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

വാഹനത്തിന്റെ മൈലേജ് വർധിപ്പിക്കുമ്പോൾ ഹൈബ്രിഡുകൾ മികച്ച ഡ്രൈവ് പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. ശേഷിയുള്ള 1.5 ലിറ്റർ മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു എസ്‌യുവിയിൽ നിന്ന് ലിറ്ററിന് 20 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുക.

ചില ഹൈബ്രിഡ് മോഡലുകൾക്ക് ബാറ്ററി പായ്ക്ക് ഉള്ളതിനാൽ ചെറിയ ബൂട്ട് സ്പേസ് തന്നെയാവും ഉണ്ടായിരിക്കുക. എന്നാൽ ഒരു സിഎൻജി കാറിനേക്കാൾ സ്പേസ് ഇത്തരം മോഡലുകൾ നൽകുമെന്നതിൽ സംശയമൊന്നും വേണ്ട. റീഫിൽ ചെയ്യാനുള്ള സമയമായാൽ, മിക്ക സിഎൻജി സ്റ്റേഷനുകളിലും ഉള്ളത് പോലെ ക്യൂവിലും നിൽക്കേണ്ടതില്ല.

സിഎൻജി സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി, പെട്രോൾ പമ്പുകൾ രാജ്യത്തുടനീളമുള്ളതിനാൽ ഇവിടുത്തെ രീതികളും നമുക്കറിയാം. എങ്കിലും ഇവിടെ ഇന്ധനച്ചെലവ് അധികം തന്നെയാണ്.

സിഎൻജി കാർ vs ഹൈബ്രിഡ് കാർ
ഇതെല്ലാം നിങ്ങളുടെ ബജറ്റ്, നിങ്ങൾ ഇഷ്ടപ്പെടുന്ന കാർ മോഡൽ, പ്രതിദിന അല്ലെങ്കിൽ പ്രതിമാസം സഞ്ചരിക്കുന്ന ദൂരം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരു സിഎൻജി വാഹനം വാങ്ങുകയാണെങ്കിൽ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ് തുടങ്ങിയ നിർമാതാക്കളിൽ നിന്ന് നിരവധി ഓപ്ഷനുകൾ ഉണ്ട്.

അതേസമയം ഹൈബ്രിഡ് കാർ മോഡലുകൾ ഇപ്പോഴും വിരലിലെണ്ണാവുന്നവ മാത്രമാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളൂ. എന്നാൽ പെർഫോമൻസാണ് നിങ്ങൾക്ക് ആവശ്യമുള്ളതെങ്കിൽ സിഎൻജി മോഡലുകൾക്ക് മാത്രമല്ല, പെട്രോൾ മാത്രമുള്ള കാറുകളേക്കാളും ഹൈബ്രിഡുകൾക്ക് ശക്തമായ കണക്കുകൾ നിരത്താനാവും.


Click it and Unblock the Notifications








