എല്ലാം വിശ്വസിക്കരുതേ, മൈലേജിന്റെ കാര്യത്തിൽ നമുക്കുള്ള തെറ്റിധാരണകൾ
മൈലേജുള്ള വാഹനങ്ങൾ ഇഷ്‌ടമല്ലാത്ത ആരെങ്കിലുമുണ്ടാവുമോ അല്ലേ? പെർഫോമൻസിന്റെ കാര്യത്തിലും കംഫർട്ടിന്റെ കാര്യത്തിലുമെല്ലാം വിട്ടുവീഴ്ച്ച ചെയ്യാൻ പലരും തയാറായേക്കുമെങ്കിലും ഇന്ധനക്ഷമതയുടെ കാര്യം വരുമ്പോൾ എല്ലാവരും ഒരു സൈഡാണ്. ഓരോ വാഹന ഉടമയും തന്റെ വാഹനത്തിൽ നിന്ന് മികച്ച മൈലേജ് കിട്ടാൻ ആഗ്രഹിക്കുന്നവരാണ്. ഇന്ധന വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും മൈലേജ് കിട്ടുന്നവഴിയും അന്വേഷിക്കുന്നുണ്ട്.
എന്തിനും ഏതിനും ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ഇക്കാലത്ത് ഒരു കാറിൽ നിന്ന് മികച്ച ഇന്ധനക്ഷമത എങ്ങനെ നേടാം എന്നതിനെക്കുറിച്ച് ടൺ കണക്കിന് ട്രിക്കുകളും ടിപ്പുകളുമെല്ലാം ലഭ്യമാണ്. അവയിൽ പലതും വസ്തുതകളാണെങ്കിലും ചിലത് പഴയ എഞ്ചിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള വെറും മിഥ്യകളാണെന്നതാണ് വാസ്‌തവം. ആധുനിക കാലത്തെ കാറുകളുടെ എഞ്ചിൻ സാങ്കേതികവിദ്യ ഗണ്യമായി വികസിക്കുകയും നിരന്തരം മെച്ചപ്പെടുത്തുകയും ചെയ്‌തതിനാൽ ഈ ഇവയെല്ലാം പൊളിച്ചെഴുതാൻ സമയമായിട്ടുണ്ട്.

ആയതിനാൽ മൈലേജിനെ കുറിച്ച് നമുക്കിടയിൽ നിൽക്കുന്ന ചില തെറ്റിധാരണകൾ എന്തെല്ലാമെന്ന് നോക്കിയാലോ? എന്തുകൊണ്ട് അവ വെറും മിഥ്യകളാണെന്നും കാര്യമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും പറഞ്ഞുതരുകയും ചെയ്യാം. ഇനിയെങ്കിലും ഇന്ധനക്ഷമതയെ പറ്റിയുള്ള ഇത്തരം കാര്യങ്ങൾ നമുക്ക് മറന്നേക്കാം. ആരെങ്കിലും ഇനിയും ഇത്തരം ടിപ്പുകളുമായി നിങ്ങളുടെ അടുത്ത് വരികയാണെങ്കിൽ ഇക്കാര്യങ്ങൾ അവരിലേക്കും പങ്കുവെക്കാനും മറക്കേണ്ട.
മാനുവൽ കാറുകൾ ഓട്ടോമാറ്റിക് കാറുകളേക്കാൾ കൂടുതൽ മൈലേജ് നൽകുമെന്ന പഴഞ്ചൻ രീതികളെല്ലാം പൊളിച്ചെഴുതാൻ സമയമായിട്ടുണ്ട്. മുമ്പ് ഇതു ശരിയായിരുന്നെങ്കിലും ഇന്ന് മാവുവൽ ഗിയർബോക്‌സുള്ള വാഹനങ്ങളേക്കാൾ കൂടുതൽ ഇന്ധനക്ഷമത നൽകാൻ ഓട്ടോമാറ്റിക് കാറുകൾക്കാവുമെന്നതാണ് യാഥാർഥ്യം. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സാങ്കേതികവിദ്യ വളരെയധികം മെച്ചപ്പെട്ടതാണ് ഇതിനു പിന്നിലുള്ള കാരണം.

ഘർഷണം കുറഞ്ഞ മെറ്റീരിയലുകളുടെയും ലൂബ്രിക്കന്റുകളുടെയും ഉപയോഗം ആധുനിക ഓട്ടോമാറ്റിക് കാറുകളിൽ നിന്ന് മികച്ച ഇന്ധനക്ഷമത നേടുന്നതിന് സഹായകരമായി. ഇലക്ട്രോണിക് ഷിഫ്റ്റ് കൺട്രോൾ സിസ്റ്റവും ഇതിൽ ഒരു പ്രധാന സഹായിയാണ്. ശരിക്കും പറഞ്ഞാൽ മിക്ക കേസുകളിലും, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഇപ്പോൾ അവയുടെ മാനുവൽ എതിരാളികളേക്കാൾ മികച്ചതായി റേറ്റുചെയ്യപ്പെടുന്നുണ്ട്. ആയതിനാൽ മാനുവൽ കാറുകൾ ഓട്ടോമാറ്റിക് കാറുകളേക്കാൾ കൂടുതൽ മൈലേജ് നൽകുമെന്ന തെറ്റിധാരണ മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
ചെറിയ കാറുകൾ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്നതും ഒരു മിഥ്യയാണ്. ആധുനിക കാറുകളുടെ മൈലേജ് വാഹനത്തിന്റെ വലിപ്പത്തേക്കാൾ സാങ്കേതികവിദ്യയെ ആശ്രയിച്ചാണിരിക്കുന്നത്. ആയതിനാൽ ചെറുകാറുകൾ എപ്പോഴും മികച്ച ഇന്ധനക്ഷമത നൽകണമെന്നില്ല. ആധുനിക എഞ്ചിനുകളും ഡീപ് ട്രെഡ് ടയറുകളുമുള്ള വലിയ കാറുകൾക്ക് പോലും കിടിലൻ മൈലേജ് നൽകാനാവും. ഉദാഹരണത്തിന്, മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവി 27.89 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നതെടുക്കാം. അതേസമയം ചെറിയ സെലേറിയോ ഹാച്ച്ബാക്ക് 25.24 കിലോമീറ്റർ മൈലേജാണ് നൽകുന്നത്.

എഞ്ചിൻ ഓഫാക്കി ഓണാക്കുന്നതിനുപകരം ഐഡിൾ സ്റ്റേജിലേക്ക് വിടുക എന്നതാണ് കൃത്യമായ രീതി. നിരന്തരം എഞ്ചിൻ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുന്നില്ലെങ്കിൽ ഇഗ്നിഷൻ ഓഫ് ചെയ്യുന്നത് കൂടുതൽ കാര്യക്ഷമമായ നീക്കം തന്നെയാണ്. പക്ഷേ ഇത്തരമൊരു സാഹചര്യം സാധാരണയായി ബമ്പർ-ടു-ബമ്പർ ട്രാഫിക്കിലാണ് ഉണ്ടാകുന്നത്. അവിടെ നിങ്ങൾ നിരന്തരം എഞ്ചിൻ ഓണാക്കലും ഓഫാക്കലും ആവശ്യമായി വന്നേക്കാം.
ഇങ്ങനെ ചെയ്യുന്നത് എഞ്ചിൻ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്നതിന് കാരണമാകും. 20 സെക്കൻഡിൽ കൂടുതൽ നിർത്തേണ്ടിവരുന്ന സാഹചര്യങ്ങളിൽ എഞ്ചിൻ ഓഫാക്കുന്നത് മാത്രമാണ് കാര്യക്ഷമമാവുക. കാരണം എഞ്ചിൻ കുറച്ച് മിനിറ്റുകൾ പോലും പ്രവർത്തിക്കാതെ ഇരിക്കുന്നത് ഗണ്യമായ അളവിൽ ഇന്ധനം ലാഭിക്കുന്നതിലേക്ക് നയിക്കും. അതിനാൽ എഞ്ചിൻ ഓഫാക്കി ഓണാക്കുന്നതിനുപകരം ഐഡിൾ സ്റ്റേജിലേക്ക് വിടുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്.

ഡ്രൈവ് ചെയ്യുന്നതിനുമുമ്പ് എഞ്ചിൻ ചൂടാക്കേണ്ടതുണ്ട് എന്നതും പഴഞ്ചൻ കാറുകൾക്കുള്ള രീതിയാണ്. പഴയ കാറുകളിൽ ഈ സാങ്കേതികവിദ്യ ഉപയോഗപ്രദമായിരുന്നു. എന്നാൽ ആധുനിക കാറുകളിൽ സാങ്കേതികവിദ്യ വളരെയധികം മാറിയിരിക്കുന്നു. ആയതിനാൽ ഈ രീതിയും നാം ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞിട്ടുണ്ട്. എഞ്ചിൻ ശരിയായ ഊഷ്മാവിൽ എത്തിക്കാൻ ആധുനിക എഞ്ചിനുകൾ നിയന്ത്രിത ഫ്യൂവൽ ഇൻജക്ടറുമായാണ് വരുന്നത്. അതിനാൽ, വണ്ടി ഓൺ ആക്കിയതിന് ശേഷം ആക്സിലറേറ്റർ നൽകി എരപ്പിച്ച് എഞ്ചിൻ ചൂടാക്കേണ്ട ആവശ്യം പുതുതലമുറ വാഹനങ്ങൾക്ക് ആവശ്യമില്ല.
പ്രീമിയം ഇന്ധനം മികച്ചതാണെന്ന പൊതുവായ തെറ്റിധാരണ നമുക്കിടയിൽ പലർക്കുമുണ്ട്. ഒരു പെർഫോമൻസ് കാർ അല്ലെങ്കിൽ ടർബോചാർജ്ഡ്/സൂപ്പർചാർജ്ഡ് എഞ്ചിനുള്ള മോഡലുകൾക്കാണ് പൊതുവേ ഇത്തരം ഇന്ധനം ഉപയോഗിക്കേണ്ടി വരുന്നത്. ഉയർന്ന ഒക്ടെയ്ൻ പെട്രോൾ സാധാരണയായി പ്രീമിയം പെട്രോൾ എന്നറിയപ്പെടുന്നു. ഉയർന്ന കംപ്രഷൻ പെർഫോമൻസ് എഞ്ചിനുകൾക്കായി നിർമിച്ചതാണ് ഇവ. അതിനാൽ, പ്രീമിയം ഇന്ധനം ഒരു സാധാരണ എഞ്ചിനിൽ ഇട്ടാൽ ഒരു പ്രയോജനവുമില്ലെന്ന് ഇനിയെങ്കിലും ഓർമിക്കേണം.


Click it and Unblock the Notifications








