കമ്മ്യൂട്ടർ ബൈക്കുകളിലെ രാജാക്കൻമാർ; മാറ്റുരയ്ക്കാം ഹീറോ ഗ്ലാമറും ഹോണ്ട ഷൈനും തമ്മിൽ
നേരത്തെ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ സാധാരണയായി 100 സിസി സെഗ്‌മെന്റിലേക്ക് ചുരുങ്ങിയിരുന്ന ഒരു വിഭാഗമായിരുന്നു. എന്നാൽ പിന്നീട് ഉപഭോക്താക്കളുടെ കാഴ്ച്ചപ്പാടുകളും ആശയവും മാറിയതിനനുസരിച്ച് കൂടുതൽ ശേഷിയുള്ള കുഞ്ഞൻ ബൈക്കുകൾ പലതും നമ്മുടെ നിരത്തുകളിൽ നിറഞ്ഞു.
ഇടയ്ക്ക് 110 സിസി മോഡലുകൾ പയ്യെ തലപൊക്കൊൻ തുടങ്ങിയിരുന്നുവെങ്കിലും കാലക്രമേണ, ആളുകൾ 125 സിസി മോട്ടോർസൈക്കിളുകൾ പരിഗണിക്കാൻ തുടങ്ങി. കാരണം അവ ഇന്ധനക്ഷമതയിൽ കാര്യമായ നഷ്ടം വരുത്താതെ അൽപം കൂടുതൽ പവർ നൽകുന്നു എന്നതു തന്നെയായിരുന്നു.

അത്തരം മോട്ടോർസൈക്കിളുകൾക്ക് ഹൈവേകളിൽ മികച്ച ക്രൂയിസിംഗ് കഴിവുകളുണ്ട്. ഹീറോ ഗ്ലാമർ, ഹോണ്ട ഷൈൻ എന്നിവയാണ് ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ രണ്ട് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ. ടിവിഎസിന്റെയും മറ്റ് ബ്രാൻഡുകളുടെയും നിരവധി മോഡലുകൾ വിപണിയിലുണ്ടെങ്കിലും ഇവ സ്ഥിരമായി മികച്ച വിൽപ്പനയാണ് നേടിയെടുക്കുന്നത്. ആയതിനാൽ ഈ രണ്ട് 125 സിസി ബൈക്കുകളും തമ്മിൽ ഒന്ന് താരതമ്യം ചെയ്‌തു നോക്കിയാലോ?
ഹോണ്ട ഷൈൻ vs ഹീറോ ഗ്ലാമർ: ലുക്ക്
ഒരു വാഹനം വാങ്ങുമ്പോൾ നാം ആദ്യം പരിഗണിക്കുന്നത് അവയുടെ ലുക്ക് അടിസ്ഥാനമാക്കി തന്നെയാവുമല്ലോ. പെർഫോമൻസിൽ പുലിയാണെങ്കിലും കാഴ്ച്ചയിൽ ബോറനാണെങ്കിൽ വിപണിയിൽ പിടിച്ചുനിൽക്കാനാുവില്ലെന്ന് സാരം. ആദ്യം ലോഞ്ച് ചെയ്തതിന് ശേഷം ഹീറോ ഗ്ലാമർ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
അതിനാൽ, എൽഇഡി ഹെഡ്‌ലാമ്പ്, ഡ്യുവൽ-ടോൺ പെയിന്റ് സ്കീം, ആംഗുലാർ റിയർ-എൻഡ് എന്നിവ ഉപയോഗിച്ച് ഇത് ഇപ്പോഴും ആധുനികമായി കാണപ്പെടുന്നു. മറുവശത്ത് ഷൈൻ കാര്യമായി പരിഷ്ക്കാരങ്ങളൊന്നും കൊണ്ടുവരാൻ താത്പര്യം കാണിച്ചിട്ടില്ല. വളരെ ലളിതമായി തോന്നിയേക്കാവുന്ന അതേ ഡിസൈൻ തന്നെയാണ് ഷൈനിന് ഇപ്പോഴും ലഭിക്കുന്നത്. അതിനാൽ കാഴ്ച്ചയിൽ ഗ്ലാമർ അൽപം വേറിട്ടു നിൽക്കുന്നുവെന്നു വേണം പറയാൻ.
ഹോണ്ട ഷൈൻ vs ഹീറോ ഗ്ലാമർ: സവിശേഷതകൾ
രണ്ട് മോട്ടോർസൈക്കിളുകളും 124 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഗ്ലാമർ 10.87 bhp കരുത്തിൽ 10.6 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. താരതമ്യപ്പെടുത്തുമ്പോൾ ഹോണ്ട ഷൈൻ 10.70 bhp പവറിൽ 11 Nm Nm torque വികസിപ്പിക്കും. രണ്ട് മോട്ടോർസൈക്കിളുകളും 5 സ്പീഡ് ഗിയർബോക്‌സാണ് ഉപയോഗിക്കുന്നതെങ്കിലും ഷൈൻ സൈലന്റ് സ്റ്റാർട്ടർ സംവിധാനത്തോടെയാണ് വരുന്നത് എന്നതിൽ ഇക്കാര്യത്തിൽ അൽപം മേൽകൈ നേടുന്നുണ്ടെന്നു വേണം പറയാൻ.
ഹോണ്ട ഷൈൻ vs ഹീറോ ഗ്ലാമർ: സവിശേഷതകൾ
ഫീച്ചറുകളുടെ കാര്യത്തിൽ ഷൈനിന് എഞ്ചിൻ കിൽ സ്വിച്ച് മാത്രമേ ലഭിക്കൂ. അതേസമയം i3s സ്റ്റാർട്ട് സ്റ്റോപ്പ് ടെക്നോളജി, ഓട്ടോ സെയിൽ ടെക്നോളജി, ലൈവ് മൈലേജ് ഇൻഡിക്കേറ്റർ തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമായ 125 സിസി ബൈക്കാണ് ഹീറോ ഗ്ലാമർ. ഇതിലും കൂടുതൽ സവിശേഷതകൾ വേണമെന്ന് തോന്നിയാൽ എൽഇഡി ഹെഡ്‌ലാമ്പ്, യുഎസ്ബി പോർട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബാങ്ക് ആംഗിൾ സെൻസർ എന്നിവ ലഭിക്കുന്ന ഗ്ലാമർ Xtec വേരിയന്റും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.
ഹോണ്ട ഷൈൻ vs ഹീറോ ഗ്ലാമർ: വില
ഇനി ഏറ്റഴും പ്രധാന ഭാഗമായ വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഹോണ്ട ഷൈൻ 78,414 മുതൽ 83,914 വരെയുള്ള എക്സ്ഷോറൂം വിലയിലാണ് ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. അതേസമയം ഹീറോ ഗ്ലാമറിന് 78,018 രൂപ മുതൽ 84,138 രൂപ വരെയാണ് വില. രണ്ട് മോട്ടോർസൈക്കിളുകളുടെയും വില വളരെ അടുത്തായതിനാൽ ഇതിൽ വിജയിയെ തെരഞ്ഞെടുക്കുക പ്രയാസകരമാണെങ്കിലും കൂടുതൽ ഉപകരണങ്ങൾ ലഭിക്കുന്നതും കൂടുതൽ ആധുനിക രൂപത്തിലുള്ളതുമായ ഗ്ലാമർ അൽപം മുന്നിട്ടു നിൽക്കുന്നുവെന്നു വേണം പറയാൻ.


Click it and Unblock the Notifications








