Traffic Sign ഇടിവെട്ടിയാലും വണ്ടി നിർത്തരുത്, റോഡിലെ ഈ ബോർഡ് എന്തിനെന്ന് അറിയാമോ?
റോഡിൽ വാഹനമോടിക്കുന്നവർ റോഡ് നിയമങ്ങൾ പാലിക്കണമെന്നുള്ളത് അടിസ്ഥാനപരമായ കാര്യമാണ്. സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവത്തിനായി ട്രാഫിക് നിയമങ്ങൾ അറിയുകയും പാലിക്കുകയും ചെയ്യേണ്ടതും ആവശ്യമാണ്. റോഡിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനും അറിയിക്കാനും സർക്കാർ വിവിധ സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഓരോ റോഡിലും വളവിലും തിരിവിലും അതത് സ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ചാണ് ഓരോ ചിഹ്നങ്ങളും സൈനുകളും സ്ഥാപിക്കുന്നതും. നോ പാർക്കിംഗ് ബോർഡുകൾ, സ്പീഡ് ലിമിറ്റ്, റോഡ് ഇടുങ്ങിയതാക്കുന്ന മുന്നറിയിപ്പ് ബോർഡ് തുടങ്ങി വിവിധ ബോർഡുകൾ റോഡിലുണ്ടാകും. പക്ഷേ ഇതൊന്നും നോക്കിയാവില്ല നമ്മളിൽ ഭൂരിഭാഗം പേരും വണ്ടിയോടിക്കുക എന്നതാണ് കൗതുകകരമായ കാര്യം. അത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് വണ്ടിയോടിക്കുന്നവരുണ്ടോ എന്നുവരെ സംശയിച്ചാലും തെറ്റുണ്ടാവില്ല.

അതുമല്ല സൈൻ ബോർഡുകൾ നോക്കി അതിനനുസരിച്ച് വണ്ടിയോടിക്കാൻ അറിയാവുന്നവരും ചുരുക്കമാണ്. അതിനുള്ള പ്രധാനകാരണം അവയെ തിരിച്ചറിയാൻ നമ്മളിൽ പലർക്കും അറിയില്ല എന്നതു തന്നെയാണ്. ഡ്രൈവിങ് ടെസ്റ്റ് നടത്തുമ്പോൾ മാത്രം പഠിക്കുകയും പിന്നീട് വാഹനവുമായി റോഡിൽ ഇറങ്ങുമ്പോൾ ഈ ചിഹ്നങ്ങളെ മറന്നുകളയുകയും ചെയ്യുന്നവരാണ് നാം. എന്നാൽ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുന്നതും മനസിലാക്കുന്നതും ഡ്രൈവിംഗ് സംസ്ക്കാരത്തെ മികച്ചതാക്കുന്ന കാര്യമാണ്.
അടുത്തിടെ ദേശീയ പാത അതോറിറ്റി ട്വിറ്ററിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അധികമാർക്കും അറിയാത്തൊരു റോഡ് ചിഹ്നത്തെ കുറിച്ച് ആളുകളെ ബോധവാൻമാരാക്കാൻ ഉദ്ദേശിച്ചുള്ള പോസ്റ്റായിരുന്നു ഇത്. നീല ബോർഡിൽ നേരെ പോവാൻ സൂചിപ്പിക്കുന്നൊരു ആരോ അടയാളമാണിത്. ബോർഡിന് താഴെ "കംപൽസറി എഹെഡ്" എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുമുണ്ട്. പക്ഷേ ഇത് എന്തിനെ സൂചിപ്പിക്കുന്നുവെന്ന് മനസിലാക്കാൻ സാധിക്കാത്ത പലരുമുണ്ട് എന്നതിനാൽ ട്വിറ്റർ പോസ്റ്റിനൊപ്പം വിശദീകരണവും NHAI നൽകിയിട്ടുണ്ട്.

ഇതിൽ നിങ്ങൾ നേരെ പോകണം എന്നുതന്നെയാണ് ഉദ്ദേശിക്കുന്നത്. ഏതെങ്കിലും വശത്തേക്ക് തിരിഞ്ഞാൽ നടപടിയുണ്ടാകുമെന്നും സുരക്ഷ നഷ്ടപ്പെടുമെന്നുമാണ് ദേശീയ പാത അതോറിറ്റി പറയുന്നത്. ആയതിനാൽ ഇനി റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഈ സൈൻ ബോർഡ് കണ്ടാൽ വാഹനം ഇടത്തേക്കോ വലത്തേക്കോ തിരിക്കാതെ നേരെ പോവുകയാണ് വേണ്ടത്. പലർക്കും ഈ സിഗ്നലിനെ കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതിനാലാണ് ദേശീയ പാത അതോറിറ്റി ബോധവൽക്കരണത്തിനായി മുന്നോട്ടുവന്നിരിക്കുന്നത്.
ദേശീയ പാതകളിലാണ് ഈ സിഗ്നലുകൾ കൂടുതലായി കാണപ്പെടുന്നത്. അതിവേഗതയിൽ വാഹനങ്ങൾ കടന്നു പോകുന്ന ഇത്തരം സ്ഥലങ്ങളിൽ ഇടത്തേക്കോ വലത്തേക്കോ തിരിഞ്ഞാൽ ഉണ്ടാവാൻ സാധ്യതയുള്ള വലിയ അപകടങ്ങളോ തടസങ്ങളോ ഒഴിവാക്കുക എന്നതാണ് ഈ റോഡ് സൈൻ കൊണ്ട് അർഥമാക്കുന്നത്. അതിനാൽ ഈ സിഗ്നൽ ഉള്ള ഭാഗത്ത് വാഹനങ്ങൾ മുന്നോട്ട് മാത്രമേ പോകാവൂ. വാഹനം നിർത്തുകയോ തിരിക്കുകയോ ചെയ്യരുത്. ഇത് ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും പിഴകൾ ചുമത്തുകയും ചെയ്യാൻ സാധിക്കും.

നമ്മളിൽ പലരും റോഡിലൂടെ വാഹനമോടിക്കുമ്പോൾ ഈ സിഗ്നൽ കണ്ടിട്ടുണ്ടാകുമെങ്കിലും പലർക്കും ഇതിന്റെ അർഥം കൃത്യമായി അറിയില്ല. ഈ വിവരങ്ങൾ നിങ്ങൾക്ക് പുതിയതും ഉപയോഗപ്രദവുമാണെന്ന് തോന്നുന്നുവെങ്കിൽ നിങ്ങൾ ഇത് മറ്റുള്ളവരിലേക്കും എത്തിക്കണം. നിർദേശങ്ങൾ പാലിക്കുക എന്നതാണ് വാഹനമോടിക്കുന്നതിന്റെ ഏറ്റവും പ്രധാന വശം. കൃത്യമായുള്ള ട്രാഫിക് നിയമങ്ങൾ പാലിച്ച് വണ്ടിയോടിച്ചാൽ നിങ്ങൾക്കും അതോടൊപ്പം മറ്റ് വാഹനത്തിലുള്ളവർക്കും സുരക്ഷടോയു കൂടി യാത്ര ചെയ്യാനാവും.
നമ്മുടെ നിരത്തുകളിൽ പ്രധാനമായും മൂന്നുതരത്തിലുള്ള റോഡ് സൈനുകളാണ് പ്രധാനമായുള്ളത്. അതിൽ ആദ്യത്തേത് ചുവന്ന വൃത്തത്തിനുള്ളിൽ അടയാളപ്പെടുത്തുന്നവയാണ്. ഇതിൽ വാഹനം ഓടിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ ആണ് സൂചിപ്പിക്കുന്നത്. വൺവേ, നോ എൻട്രി എന്നീ ചിഹ്നങ്ങളാണ് പ്രധാനമായും ഇതിലുണ്ടാവുക. രണ്ടാമത്തേത് ചുവന്ന ത്രികോണത്തിൽ പ്രദർശിപ്പിക്കുന്നവയാണ്. ഇത് ഡ്രൈവർക്ക് മുന്നറിയിപ്പുകൾ നൽകാനാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് വലത്തേക്കു തിരിവ്, റോഡ് ചെറുതാകുന്നു എന്നിങ്ങനയുള്ള സൂചകങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്.

മൂന്നാമത്തേത് നീലചതുരത്തിലോ, വൃത്തത്തിലോ സ്ഥാപിക്കുന്നവയാണ്. ആശുപത്രി, പെട്രോൾ പമ്പ് എന്നിവ അടുത്തുണ്ട് തുടങ്ങിയ വിവരങ്ങൾ നൽകാനാണ് നീലചതുരത്തിലുള്ള ചിഹ്നങ്ങളെങ്കിൽ വൃത്താകൃതിയിലുള്ളവ മുകളിൽ പറഞ്ഞ കർശനമായ സിഗ്നലുകളെയും സൂചിപ്പിക്കുന്നു. നിങ്ങളുടെയും മറ്റൊരാളുടെയും ജീവൻ ഇത്തരം സിഗ്‍നലുകൾക്കുള്ളിലാണ്. ആയതിനാൽ കർശനമായും റോഡ് നിയമങ്ങൾ മാത്രം പാലിച്ച് വാഹനങ്ങളോടിക്കാൻ തയാറാവേണം.


Click it and Unblock the Notifications








