തകരാർ പരിഹരിച്ചില്ല, ആപ്പിലായി ഹ്യുണ്ടായി; ഉടമയ്ക്ക് 2.25 ലക്ഷം നഷ്‌ടപരിഹാരം നൽകാൻ കോടതി വിധി
ഒരു കാർ വാങ്ങുക എന്നത് ഏതൊരാളുടേയും ചിരകാല സ്വപ്‌നമായിരിക്കുമല്ലോ. പലരും സെക്കൻഡ് ഹാൻഡ് വാങ്ങുന്നുണ്ടെങ്കിലും അപ്പോഴും പുതിയൊരു കാർ എന്നെങ്കിലും സ്വന്തമാക്കണമെന്ന ആഗ്രഹം മനസിന്റെ കോണിൽ കിടക്കാറുണ്ട്. പക്ഷേ ഇത്തരത്തിൽ വണ്ടി വാങ്ങി പണികിട്ടിയവരും നമുക്കിടയിലുണ്ടാവും. നിർമാണ തകരാറുകളുള്ള കാറുകൾ അതിന്റെ കുറ്റങ്ങളെല്ലാം മറച്ചുവെച്ച് ചിലപ്പോൾ ആളുകളുടെ തലയിൽ ഡീലർഷിപ്പുകൾ കെട്ടിവെച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
തകരാർ അറിഞ്ഞ് വണ്ടി വാങ്ങിയ ആളുകൾ ഡീലരെ സമീപിച്ചാൽ പലപ്പോഴും ഡീലർഷിപ്പുകൾ ഉപഭോക്താക്കളെ കുറ്റപ്പെടുത്തുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്‌തേക്കാം. പക്ഷേ ഉപഭോക്തൃ കോടതികൾ ഉള്ളതിനാൽ ആളുകൾക്ക് അതൊരു ബലമായി മാറിയിട്ടുണ്ട്. ഇത്തരം കേസുകളിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ നൽകുന്നതിന് പേരുകേട്ട ഈ രീതി വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. തകരാറുള്ള കാർ വിറ്റ് ഉടമയുമായി തർക്കിച്ച് പണിവാങ്ങിയ ഡീലർഷിപ്പിന്റെ വാർത്തയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ശ്രദ്ധനേടുന്നത്.

ഹ്യുണ്ടായി ഡീലർഷിപ്പിനും ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിനുമാണ് പണികിട്ടിയിരിക്കുന്നത്. തകരാറുള്ള വാഹനം കൊടുത്ത് ഉടമയെ കബളിപ്പിച്ചതിന് 2.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് നിർദേശം. ആപ്പിൾ കാർപ്ലേ സംവിധാനം തകരാറിലായ i20 ഹാച്ച്ബാക്ക് വാങ്ങിയ ഉപഭോക്താവിനാണ് 2.25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക.
കർണാടകയിലെ ബെംഗളൂരുവിലുള്ള ഹ്യുണ്ടായി ഡീലർഷിപ്പായ ബ്ലൂ ഹ്യൂണ്ടായിക്കാണ് ഉപഭോക്താവിന് കനത്ത തുക നഷ്‌ടപരിഹാരമായി നൽകാൻ വിധി വന്നിരിക്കുന്നത്. സ്വാതി അഗർവാൾ എന്നയാൾക്ക് നൽകിയ വാഹനത്തിൽ തകരാറുണ്ടെന്ന് കണ്ടിട്ടും പരിഹരിച്ച് നൽകാത്തതിനും മറ്റുമായാണ് നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും വ്യവഹാര ചാർജായി 25,000 രൂപയും നൽകണമെന്ന് കോടതി ആവശ്യപ്പെട്ടത്.

റിപ്പോർട്ട് അനുസരിച്ച്, 2021 മാർച്ചിൽ ഡെലിവറിയെടുത്ത ഹ്യുണ്ടായി i20 കാർ ഉപയോഗിച്ച് ഒരു മാസത്തിനുള്ളിൽ വയർലെസ് ആപ്പിൾ കാർപ്ലേ സിസ്റ്റത്തിലെ തകരാറുകൾ ഉടമ ശ്രദ്ധിച്ചു. സിസ്റ്റം കൃത്യമായി പ്രവർത്തിക്കാത്തതും ഡിസ്കണക്റ്റാവുകയും ചെയ്യുന്നത് പതിവായിരുന്നു. മാത്രമല്ല ആപ്പിൾ കാർപ്ലേ ഉപയോഗിക്കുമ്പോൾ നാവിഗേഷൻ, ഫോൺ കോളുകൾ എന്നിവയിലും തടസങ്ങളുണ്ടാവുന്നത് ഉടമയുടെ ശ്രദ്ധയിൽ പെടുകയുണ്ടായി.
തുടർന്ന് ഡീലർഷിപ്പിനെ ഒന്നിലധികം തവണ സന്ദർശിച്ചിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്ന് ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന്റെ ഉടമയായ സ്വാതി പരാതിയിൽ ചൂണ്ടിക്കാട്ടി. പരാതിപ്പെട്ടതിനെ തുടർന്ന് ഡീലർഷിപ്പിൽ നിന്ന് നിരവധി വ്യാജ വാഗ്ദാനങ്ങൾ നൽകുകയും തകരാർ പരിഹരിക്കുന്നതിൽ വിമുഖത കാണിക്കുകയും ചെയ്‌തു. തുടർന്നാണ് ഹ്യുണ്ടായി ഡീലർഷിപ്പിനും കമ്പനിക്കുമെതിരെ കേസ് കൊടുക്കാൻ അവർ തീരുമാനിച്ചത്.

അങ്ങനെയാണ് ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉടമയ്ക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് വിധി പുറപ്പെടുവിക്കാൻ കാരണമായത്. കമ്പനിയും ഡീലർഷിപ്പും ഉടമയ്ക്ക് പണം നൽകുന്നതിന് പുറമെ വാഹനം തിരികെയെടുത്ത് തകരാർ പരിഹരിച്ച് നൽകാനും വിധിയിൽ പറയുന്നുണ്ട്. ബ്ലൂ ഹ്യുണ്ടായി, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികൾ തകരാറുള്ള ആപ്പിൾ കാർപ്ലേ സംവിധാനം മാറ്റി നവീകരിച്ച പതിപ്പ് നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു.
അപ്‌ഗ്രേഡുചെയ്‌ത സിസ്റ്റം iOS-അധിഷ്‌ഠിത ഫോണുകളുമായി പൊരുത്തപ്പെടണമെന്നും വിധി വന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ തകരാർ പരിഹരിച്ച് ഉടമയ്ക്ക് വാഹനം തിരികെ നൽകണമെന്നും ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിയിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ തീയതിക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ഉടമയ്ക്ക് പുതിയ കാർ നൽകേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേർത്തു.

ഡ്രൈവിംഗ് അനുഭവത്തിന്റെ സൗകര്യവും മൊത്തത്തിലുള്ള ഗുണനിലവാരവും ഉറപ്പാക്കുന്നതിൽ ആപ്പിൾ കാർപ്ലേ സിസ്റ്റം പോലുള്ള അധിക സവിശേഷതകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രവർത്തനരഹിതമായ കാർപ്ലേ സംവിധാനം വാഹനത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ ഡീലർമാർക്കും സവീസ് സെന്ററുകൾക്കും കാർ പൂർണമായ അവസ്ഥയിലാണെന്ന് അവകാശപ്പെടാനാകില്ലെന്നും കോടതി എടുത്തുപറഞ്ഞു.


Click it and Unblock the Notifications








