അത് വല്ലാത്തൊരു ഫീലാണ്! പുത്തൻ കാർ വാങ്ങിയ സന്തോഷത്തിൽ കണ്ണീരണിഞ്ഞ് ദമ്പതിമാർ; ഷോയാണെന്ന് സോഷ്യൽ മീഡിയ
ഒരു കാർ ( New Car) വാങ്ങി അതിൽ നെഞ്ചുവിരിച്ചിരുന്ന യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ലല്ലോ. അതിനായി അഹോരാത്രം പ്രയത്നിക്കുന്നവരുമുണ്ടാവും. യാത്രകളുടെ എണ്ണം കൂടിയത് ആവശ്യങ്ങൾ മാറിയതുമെല്ലാം വാഹന വിപണിക്കും ഊർജമായിട്ടുണ്ട്. പണ്ടൊക്കെ കാർ ആഡംബര വസ്‌തുവായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ ഇന്ന് അതെല്ലാം മാറി. മനുഷ്യന്റെ നിത്യജീവിതത്തിൽ വാഹനങ്ങൾക്ക് അത്രമേൽ പ്രാധാന്യമായി കഴിഞ്ഞു. ആലായാൽ തറ വേണം എന്നുപറയുന്നത് പോലെ വീടായാൽ കാർ വേണമെന്ന അവസ്ഥയായിട്ടുണ്ട്. വീട് കഴിഞ്ഞാൽ മനുഷ്യർ ഏറ്റവും കൂടുതൽ സ്വപ്നം കാണുന്നതും കാർ വാങ്ങുന്നതിനെ കുറിച്ചായിരിക്കും.
ആയതിനാൽ പുതിയൊരു കാർ വാങ്ങുന്ന നിമിഷം പകരംവെക്കാനില്ലാത്ത അനുഭവങ്ങളിൽ ഒന്നുകൂടിയാണ്. ആദ്യത്തെ കാർ ഡെലിവറി ചെയ്യുന്ന നിമിഷം വളരെ സവിശേഷമാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പുതുതായി കാർ വാങ്ങുന്ന ദമ്പദികളുടേതാണ് വീഡിയോ. പുതിയ അതിഥിയെ സ്വീകരിക്കുന്ന വേളയിൽ ഇരുവരും സന്തോഷം കൊണ്ട് കരഞ്ഞുപോയതാണ് സംഭവം.

വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ പോയ ഇരുവരും കരഞ്ഞുപോയെങ്കിലും സോഷ്യൽ മീഡിയ ഇരുവരേയും നെഞ്ചോട് ചേർത്തുകഴിഞ്ഞു. ഒപ്പം നെഗറ്റീവ് അടിക്കാനും ചിലർ മറന്നില്ല. വീഡിയോയ്ക്ക് വേണ്ടിയുള്ള അഭിനയം മാത്രമാണിതെന്നാണ് അവരുടെ വാദം. മാരുതി സുസുക്കി ഫ്രോങ്ക്‌സ് വാങ്ങിയ ദമ്പദികൾ ഈ അഭിമാനകരമായ നിമിഷം ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമെത്തി പുതിയ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന വേളയിലാണ് വികാരനിർഭരമായ നിമിഷങ്ങൾ കടന്നുവന്നത്. മാരുതി സുസുക്കി ഫ്രോങ്ക്‌സ് എസ്‌യുവിയാണ് ഈ ദമ്പതികൾ തെരഞ്ഞെടുത്തിരിക്കുന്നത്. വില, മോഡൽ, ബ്രാൻഡ് എന്നതൊന്നും പ്രശ്നമല്ല, ആദ്യത്തെ കാർ എപ്പോഴും സ്പെഷ്യലാണെന്നാണ് ഒരാൾ കമന്റിലൂടെ പറയുന്നത്. അതെന്തായാലും സത്യമായിട്ടുള്ള കാര്യമാണെന്ന് വേണം പറയാൻ.

7.54 ലക്ഷം മുതൽ 13.06 ലക്ഷം രൂപ വരെയാണ് നിലവിൽ ഈ സബ്-4 മീറ്റർ ക്രോസ്ഓവർ സ്റ്റൈൽ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് ഫ്രോങ്ക്‌സിലുള്ളത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി വരുന്ന NA പെട്രോൾ എഞ്ചിന് 88 bhp കരുത്തിൽ പരമാവധി 113 Nm torque നൽകാനാവും.
1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ മോഡലുകൾക്ക് 99 bhp പവറിൽ 147.6 Nm ടോർക്ക് വരെയാണ് ഉത്പാദിപ്പിക്കാനാവുക. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ മൈലേജ് പ്രേമികളെ സന്തോഷിപ്പിക്കാനായി സിഎൻജി വേരിയന്റും ഫ്രോങ്ക്‌സിലുണ്ട്. സാധാരണ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തുന്ന കാറുകളെ പോലെ ഇതിൽ പെർഫോമൻസ് കണക്കുകൾ കുറവായിരിക്കുമെന്ന് മാത്രം.

ഫ്രോങ്ക്‌സിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് 28.51 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ മാരുതി സുസുക്കിയുടെ ഏറ്റവും ആധുനികമായ കാറുകളിൽ ഒന്നാണിത്. 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, തുടങ്ങിയ സവിശേഷതകളെല്ലാം ഫ്രോങ്ക്‌സിൽ ലഭിക്കും.
ലുക്കിന്റെ കാര്യത്തിൽ ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന രൂപമാണ് മാരുതി ഫ്രോങ്ക്‌സിന്റെ മുൻവശത്തുള്ളത്. വിറ്റാരയ്ക്ക് സമാനമായ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് എസ്‌യുവിക്ക് അഴകേകുന്നത്.


Click it and Unblock the Notifications