ഇനി വണ്ടി ഉപയോഗം കൂടുതൽ ഈസി, സഹായിക്കാൻ പുതിയ ക്രെഡ് ഗരാജ്, വർക്ഷോപ്പ് അല്ലെങ്കിലും സംഭവം കൊള്ളാം
ഇന്ന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ നമുക്കിടയിൽ വളരെ കുറവാണ്. മനുഷ്യന്റെ ആവശ്യങ്ങൾ ഒരിക്കലും അവസാനിക്കാത്തതാണ് എന്നതു പോലെയാണ് പണത്തിന്റെ കാര്യവും. കൈയിലെ പണം തികയാതെ വന്നാല്‍ കടം വാങ്ങുകയെന്നതാണല്ലോ നാട്ടുനടപ്പ്. ഇക്കാലത്ത് കടമെടുപ്പിന് സഹായിക്കുന്ന കാര്യമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. സ്വന്തമായി ഈയൊരു കാർഡുണ്ടെങ്കിൽ ആർക്കും ഒന്നു പിടിച്ചു നിൽക്കാനാവും.
ക്രെഡിറ്റ് കാർഡുകൾ നഷ്‌ടമാണെന്ന് പറയാറുണ്ടെങ്കിലും ആവശ്യ സമയത്ത് ഉപകരിക്കുന്നവയാണ് ഇവ. ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടക്കുന്നത് നമുക്ക് സന്തോഷവും ആശ്വാസവും തരുന്ന കാര്യമാണ്. ഇവിടെയാണ് ക്രെഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ വളർച്ചയും തുടങ്ങുന്നത്. 2018-ൽ ആരംഭിച്ച ഈ ഫിൻടെക് ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ പ്രിയപ്പെട്ട ആപ്പുകളിൽ ഒന്നാണ്. ഇപ്പോൾ തങ്ങളുടെ പ്രവർത്തനം വാഹന മേഖലയിലേക്കും കൂടി വിപുലീകരിക്കുകയാണ്.

ബെംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ട്-അപ്പ് ക്രെഡ്, വാഹന സംബന്ധിയായ സേവനങ്ങൾക്കായി മൊബൈൽ ആപ്പിനുള്ളിലെ പുതിയ വെർട്ടിക്കൽ ക്രെഡ് ഗരാജിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ധനച്ചെലവ്, ഡിജിറ്റൽ ഡോക്യുമെന്റേഷൻ, ഇൻഷുറൻസ് എന്നിവയും മറ്റും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ട്രാക്ക് ചെയ്യാൻ ആപ്പ് ഉപഭോക്താക്കളെ അനുവദിക്കുന്നു. CRED പോലെയുള്ള ആപ്പിലെ വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകൾക്കും ഉപയോക്താക്കൾക്ക് റിവാർഡുകൾ ലഭിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
പുതിയ വെഹിക്കിൾ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങും. ക്രെഡ് ഗരാജ് വാഹന ഉടമകൾക്ക് വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ആക്സസ് ചെയ്യാൻ ഒരൊറ്റ ഡാഷ്ബോർഡും നൽകും. മെയിന്റനൻസ്, സർവീസിംഗ്, ഇൻഷുറൻസ് ക്ലെയിമുകൾ എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന പ്രിയോരിറ്റി 24x7 കൺസേർജ് സേവനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പ്രവേശനം ലഭിക്കും.

ക്രെഡ് ഗരാജ് ആപ്പിന്റെ ഭാഗമായിരിക്കും. അതിനായി മറ്റൊരു ആപ്പ് ആവശ്യമില്ലെന്നതും ഉപയോഗം എളുപ്പമാക്കുന്ന നടപടിയാണ്. ഇത് ആദ്യ ഘട്ടമാണെന്നും പിന്നീടുള്ള ഘട്ടത്തിൽ കൂടുതൽ സവിശേഷതകൾ ഇതിലേക്ക് ചേർക്കുമെന്നും സ്ഥാപകൻ കുനാൽ ഷാ പറഞ്ഞു. നിങ്ങളുടെ നഗരത്തിലെ ഇന്ധനവില പോലുള്ള വിശദാംശങ്ങളും ആപ്പിലൂടെ അറിയാനുമെന്നും അദ്ദേഹം വെളിപ്പെടുത്തി. വാഹന ഉടമകൾക്ക് ഒരു-സ്റ്റോപ്പ് വെഹിക്കിൾ മാനേജ്മെന്റ് സൊല്യൂഷൻ നൽകാനാണ് ആപ്പ് ലക്ഷ്യമിടുന്നത്.
വിശാലമായ രീതിയിൽ ആളുകൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് ക്രെഡിന്റെ പുതിയ സവിശേഷതകൾ വളരെ കുറച്ച് ഉപഭോക്താക്കൾക്ക് മാത്രമാവും ആദ്യം ലഭ്യമാക്കുകയെന്നും കുനാൽ ഷാ സ്ഥിരീകരിച്ചു. ഒരു ഇന്റഗ്രേറ്റഡ് ഡിജിലോക്കർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പേപ്പറുകൾ എന്നിവയും അതിലേറെയും പോലുള്ള അവശ്യ ഡോക്യുമെന്റുകൾ സ്റ്റോർ ചെയ്യാനും ക്രെഡ് ഗരാജ് വഴി കഴിയും.
വാഹനം തകരാറിലായാൽ ഉപയോക്താക്കൾക്ക് റോഡ് സൈഡ് അസിസ്റ്റൻസ് ലഭിക്കാനും കൺസേർജ് സേവനം സഹായിക്കും. ക്രെഡ് ഗരാജിൽ ആപ്പ് വഴി നേരിട്ട് ചെയ്യാവുന്ന ഫാസ്ടാഗ് റീചാർജും ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. പൊല്യൂഷൻ പരിശോധന, എമിഷൻ ടെസ്റ്റുകൾ, ഇൻഷുറൻസ് പുതുക്കലുകൾ എന്നിവയ്ക്കായി ക്രെഡ് ഗരാജ് ഉപയോക്താക്കൾക്ക് റിമൈൻഡറുകളും അയയ്‌ക്കും. ഇത് ഇടപാടുകളിലുടനീളം റിവാർഡുകളും ഓഫറുകളും ഡീലുകളും വാഗ്ദാനം ചെയ്യും.
കൂടാതെ മോട്ടോർ ഇൻഷുറൻസ് പുതുക്കലിൽ അംഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാമെന്നും കമ്പനി പറയുന്നു. ഇതോടൊപ്പം, മെയിന്റനൻസ് റെക്കോർഡുകൾ, പെർഫോമൻസ് സ്ഥിതിവിവരക്കണക്കുകൾ, ഇന്ധനച്ചെലവ് എന്നിവ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ട്രാക്ക് ചെയ്യുന്നത് ആപ്പ് എളുപ്പമാക്കുന്നു. റീഡിംഗ് എളുപ്പമാക്കുന്നതിന് ഡാറ്റ അളക്കുകയും ചെയ്യും. ഈ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ അംഗങ്ങൾക്ക് അവരുടെ വാഹന ഉപയോഗം ക്രമീകരിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു.
അങ്ങനെ മൊത്തത്തിൽ ആളുകൾക്ക് അവരുടെ വാഹനത്തിന്റെ ഉപയോഗവും കണക്കുകളും സൂക്ഷിക്കാനും ഉടമസ്ഥാവകാശം കൂടുതൽ എളുപ്പമാക്കാനും ക്രെഡ് ഗരാജ് സഹായിക്കും. ഇപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബില്ലുകൾ തടസമില്ലാതെ കൈകാര്യം ചെയ്യുന്നതിനും, നിശ്ചിത തീയതികളും പുതിയ ബിൽ ജനറേഷനും ഓർമിപ്പിക്കുകയും അവ ക്ലിയർ ചെയ്യുമ്പോൾ ആനുകൂല്യം ലഭിക്കുകയും ചെയ്യുന്ന അതേ സംവിധാനമാണ് ഈ പുതിയ പ്ലാറ്റ്ഫോമിലൂടെയും ക്രെഡ് മുന്നോട്ടുവെക്കുന്നത്.


Click it and Unblock the Notifications








