അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
ക്രിക്കറ്റിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തൻ ആരെന്ന് ചോദിച്ചാൽ മറിച്ചൊരു സംശയവുമില്ലാതെ പറയാനാവുന്ന പേരാണ് മഹേന്ദ്ര സിംഗ് ധോണിയുടേത്. മോട്ടോര്‍സൈക്കിളുകളുടെയും അത്യപൂര്‍വമായ കാറുകളുടെയും കമനീയ ശേഖരമാണ് ധോണിയുടെ റാഞ്ചിയിലെ വലിയ വീട്ടിലുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൽ നിറഞ്ഞാടുന്ന താരം മൈതാനത്ത് ഇന്നും വിസ്‌മയങ്ങൾ തീർക്കുകയാണ്.
ഈ സീസണോടെ ധോണി ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുമെന്നാണ് സൂചന. ക്രിക്കറ്റ് കഴിഞ്ഞാൽ താരത്തിന്റെ ഏറ്റവും വലിയ വിനോദം വണ്ടികളാണെന്ന് എല്ലാവർക്കും അറിയാം. അതിനാൽ തന്നെ ക്രിക്കറ്റ് ജീവിതത്തിന് ശേഷം ബിസിനസിലേക്ക് പൂർണമായും കടക്കാനുള്ള തയാറെടുപ്പിലാണ് എംഎസ് ധോണി. താഗ്ഡ രഹോ, കാര്‍സ്24, ഗരുഡ എയറോസ്‌പേസ്, കഥാ ബുക്ക് എന്നിവയില്‍ മുൻ ഇന്ത്യൻ നായകൻ ഇതികം നിക്ഷേപം കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്.

ദേ ഇതിനെല്ലാം പിന്നാലെ ഇപ്പോഴിതാ വാഹന നിർമാണ രംഗത്തേക്കും പയറ്റാൻ ഇറങ്ങുകയാണ് നമ്മുടെ സ്വന്തം ധോണി. ഇവി സ്റ്റാർട്ടപ്പായ ഇമോട്ടോറാഡിൽ നിക്ഷേപം നടത്തിയാണ് പുതിയ ഇന്നിംഗ്‌സിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻനായകൻ തന്റെ അടുത്ത ലക്ഷ്യത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. കാറുകളോടും ബൈക്കുകളോടും അപാരമായ പ്രണയമുള്ള മഹേന്ദ്ര സിംഗ് ധോണി ഇനി ഇലക്ട്രിക് സൈക്കിൾ നിർമാതാക്കളായ ഇമോട്ടോറാഡിന്റെ മുതലാളി കൂടിയാണ്.
പൂനെ ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ഇമോട്ടോറാഡിൽ ധോണി നിക്ഷേപം നടത്തിയ വിവരം നിരവധി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എന്നാൽ കമ്പനിയിൽ എത്ര കോടി രൂപയുടെ നിക്ഷേപമാണ് താരം നടത്തിയിരിക്കുന്നത് എന്നകാര്യം ഇപ്പോൾ വ്യക്തമല്ല. നേരത്തെ സിനിമ നടനായ മലയാളികളുടെ സ്വന്തം കുഞ്ഞിക്ക എന്നറിയപ്പെടുന്ന ദുൽഖർ സൽമാൻ ഇവി സ്റ്റാർട്ടപ്പായ അൾട്രാവയലറ്റിലും നിക്ഷേപം നടത്തിയിരുന്നു.

വാഹന വ്യവസാത്തിന്റെ ഭാവിയായി അറിയപ്പെടുന്ന ഇലക്ട്രിക് വാഹന കമ്പനികളിൽ സെലിബ്രിറ്റികൾ നിക്ഷേപം കണ്ടെത്തുന്നത് വലിയ നേട്ടങ്ങളിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. അടുത്തിടെ ചെന്നൈ വീഥികളിൽ ധോണി ഇമോട്ടോറാഡിന്റെ ഇലക്‌ട്രിക് സൈക്കിളിൽ കറങ്ങാനിറങ്ങിയ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഡിസയർ റേഞ്ച്, എക്‌സ്-ഫാക്ടർ റേഞ്ച് എന്നീ രണ്ട് പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്ന വിപുലമായ ഉൽപ്പന്ന നിരയാണ് ഇമോട്ടോറാഡിന് ഉള്ളത്.
ഇലക്ട്രിക് സൈക്കിളുകളുടെ ഡിസയർ ശ്രേണിയിൽ 36V 13AH റിമൂവബിൾ ബാറ്ററി, ലോക്കിൻ ലോക്കൗട്ടിനൊപ്പം ഡ്യുവൽ സസ്‌പെൻഷൻ, പെഡൽ അസിസ്റ്റിനൊപ്പം 80 കിലോമീറ്റർ വരെ റേഞ്ച് എന്നിവയെല്ലാമാണ് ലഭിക്കുക. ഇമോട്ടോറാഡ് ഡിസയർ റേഞ്ചിൽ T-റെക്‌സ് എയർ, ഡൂഡിൾ V3, EMX+, ഡൂഡിൾ V2, EMX എന്നിങ്ങനെ അഞ്ച് മോഡലുകളാണുള്ളത്. ഇവയ്ക്ക് യഥാക്രമം 34,999 രൂപ, 52,999 രൂപ, 64,999 രൂപ, 49,999 രൂപ, 58,999 രൂപ എന്നിങ്ങനെയാണ് വിലവരുന്നത്.

ഇമോട്ടോറാഡിന്റെ എക്‌സ്-ഫാക്ടർ ശ്രേണിയിലുള്ള ഇ-സൈക്കിളുകൾക്ക് 36V 7.65AH റിമൂവബിൾ ബാറ്ററി, 100mm ഫ്രണ്ട് ഫോർക്ക് സസ്‌പെൻഷൻ, ബാറ്ററി ലെവൽ-ഇൻഡിക്കേറ്റർ, പെഡൽ അസിസ്റ്റിനൊപ്പം 40 കിലോമീറ്റർ റേഞ്ച് പോലുള്ള സവിശേഷതകളാണ് കിട്ടുക. ലെജൻഡ് 07, X2, X3, X1 ലിമിറ്റഡ് എഡിഷൻ, X1 എന്നിങ്ങനെ 5 മോഡലുകൾ ഇതിലും ലഭിക്കും. വിലയിലേക്ക് വന്നാൽ യഥാക്രമം 29,999 രൂപ, 27,999 രൂപ, 32,999 രൂപ, 27,999 രൂപ, 24,999 രൂപ എന്നിങ്ങനെയാണ് വിലവരുന്നത്.
ഇമോട്ടോറാഡ് ഡൂഡിൽ V3 എന്ന ഇലക്‌ട്രിക് സൈക്കിളിലാണ് ധോണി കറങ്ങാനിറങ്ങിയത്. ഇലക്ട്രിക് സ്‌കൂട്ടർ പോലെ അല്ലെങ്കിൽ സൈക്കിളായി ഉപയോഗിക്കാനാവുന്ന ഇമോട്ടോറാഡ് ഡൂഡിൽ V3 ഫോൾഡബിൾ ഇ-സൈക്കിളിന് ഇന്ത്യയിൽ 52,999 രൂപയാണ് വില വരുന്നത്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവുന്ന വാഹനത്തിന് പെഡൽ സംവിധാനത്തിന് ഒപ്പം ഇലക്ട്രിക് കരുത്തിലും ഓടിക്കാം എന്നതാണ് പ്രത്യേകത.

ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപയോഗിച്ച് ഒറ്റ ചാർജിൽ 60 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 12.75 Ah ബാറ്ററി പായ്ക്കാണ് ഇതിന്റെ ഹൃദയം. തിരക്കേറിയ നഗരങ്ങളിലും മറ്റുമെല്ലാമായി ഉപയോഗിക്കാനാവുന്ന ഈ ഇലക്ട്രിക് സൈക്കിൾ എളുപ്പത്തിൽ മടക്കിയെടുത്ത് വെച്ച് കാറിൽ കയറ്റികൊണ്ടുപോവാനും സാധിക്കും. 20 ഇഞ്ച് സ്‌പോക്ക് വീലുകളും ഫാറ്റ് ടയറുകളും ഉള്ള 16 ഇഞ്ച് അലുമിനിയം അലോയ് ഫ്രെയിം എന്നിവയാണ് ഇമോട്ടോറാഡ് ഡൂഡിൽ V3 ഇലക്ട്രിക് സൈക്കിളിന്റെ മറ്റ് സവിശേഷതകൾ.
ഷിമാനോ ടൂർണി 7-സ്പീഡ് ഗിയർബോക്‌സ് ഉപയോഗിച്ച് റിയർ വീലിലേക്കാണ് പവർ അയയ്‌ക്കുന്നത്. ഓട്ടോ കട്ട് ഓഫ് ആയി പവർ നിർത്തുന്ന സംവിധാനവും ഇതിലുണ്ട്. ഡൂഡിൽ V3 മോഡലിന് ഡിസ്‌ക് ബ്രേക്കുകളുമുണ്ട്. അതേസമയം ഫ്രണ്ട് സസ്പെൻഷനായി ഉപയോഗിച്ചിരിക്കുന്ന മുൻവശത്തെ ഫോർക്കുകൾ ലോക്കൗട്ടിനൊപ്പം 60 മില്ലീമീറ്റർ ട്രാവലും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ യൂത്തിനെ കൈയിലെടുക്കാൻ ഇമോട്ടോറാഡ് ഇലക്ട്രിക് സൈക്കിളുകൾക്ക് സാധിക്കും.


Click it and Unblock the Notifications








