13 കോടിക്ക് KKR നിലനിർത്തി, ആഡംബര വീടും അച്ഛന് 6.65 ലക്ഷത്തിന്റെ സൂപ്പർബൈക്കും വാങ്ങിക്കൊടുത്ത് റിങ്കു
ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറും ജീവിതവും മാറ്റിമറിക്കുന്നതിൽ ഐപിഎൽ വഹിക്കുന്ന സ്ഥാനം ചെറുതൊന്നുമല്ലെന്ന് വേണം പറയാൻ. നമ്മുടെ സ്വന്തം സഞ്ജു സാംസൺ മുതൽ മറ്റ് പല യുവതാരങ്ങൾക്കും ദേശീയ ടീമിലേക്ക് ഇടംനേടിക്കൊടുക്കുന്നതിൽ ഇന്ത്യൻ പ്രീമിയർ ലീഗിന് വലിയ പങ്കുണ്ട്. അത്തരത്തിൽ ഐപിഎല്ലിലൂടെ വളർന്നുവന്ന താരമാണ് റിങ്കു സിംഗ്. ഐപിഎല്ലിന്റെ 2023 പതിപ്പിൽ ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന യാഷ് ദയാലിനെ ഒരോവറിൽ 5 സിക്സുകൾ പറത്തിയതോടെയാണ് റിങ്കു ഹിറ്റാവുന്നത്. വെടിക്കെട്ട് ബാറ്റിംഗും ഒറ്റയ്ക്ക് ടീമിനെ ജയിപ്പിക്കാനുള്ള കഴിമുള്ള റിങ്കു ബോളർമാരുടെ പേടി സ്വപ്‌നമാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഇന്ത്യക്കുമായ ഫിനിഷർ റോളിലാണ് ബാറ്റർ കൂടുതലായും കാണാറുള്ളത്. ഇക്കഴിഞ്ഞ ലേലത്തിൽ റിങ്കുവിനെ 13 കോടി രൂപയ്ക്ക് കെകെആർ നിലനിർത്തിയിരുന്നു. ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരെ പോലെ തന്നെ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട കുട്ടിക്കാലമാണ് താരത്തിനുമുണ്ടായിരുന്നത്. അച്ഛൻ ഖന്‍ചന്ദ് സിംഗ് ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്ന ജോലിയാണ് അന്നും ഇന്നും ചെയ്യുന്നത്.

ഉത്തർപ്രദേശിലെ അലിഗഡിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന റിങ്കു വർഷങ്ങളായുള്ള കഠിനാധ്വാനത്തിലൂടെയാണ് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ചത്. മകൻ വലിയ ക്രിക്കറ്റ് താരമായെങ്കിലും ഇന്നും ഗ്യാസ് സിലിണ്ടർ ചുമക്കാൻ പിതാവ് പോവാറുണ്ട്. എൽപിജി സിലിണ്ടർ ചുമന്ന് പോലുന്ന ഖന്‍ചന്ദിന്റെ വീഡിയോയെല്ലാം അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അച്ഛൻ സിലിണ്ടർ ചുമന്ന അതേ സ്ഥലത്ത് 3.50 കോടിയുടെ ആഡംബര വീട് സ്വന്തമാക്കി റിങ്കു വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഇപ്പോഴിതാ പിതാവിന് സൂപ്പര്‍ ബൈക്ക് സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ്. സമാജ് വാദി പാര്‍ട്ടി എംപിയായ പ്രിയ സരോജുമായി റിങ്കുവിന്റെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് അച്ഛന് കവസാക്കി നിഞ്ച 400 വാങ്ങിക്കൊടുത്തിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ നിരയിലെ ഏറ്റവും ജനപ്രിയമായ സ്പോർട്‌സ് ബൈക്കുകളിൽ ഒന്നാണ് നിഞ്ച 400.

2018-ലാണ് 4.69 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ 400 സിസി നിഞ്ച ഇന്ത്യയിൽ എത്തുന്നത്. വർഷങ്ങൾക്ക് മുമ്പേ അന്താരാഷ്‌ട്ര തലത്തിൽ നിർത്തലാക്കിയെങ്കിലും ഇവിടുത്തെ ഡിമാന്റ് കാരണം കമ്പനി ഇന്ത്യയിൽ വിപണനം തുടരുകയായിരുന്നു. ഇപ്പോൾ 5.24 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന സ്പോർട്‌സ് ബൈക്കിന് 6.65 ലക്ഷം രൂപയാണ് ഓൺ-റോഡ് വിലയായി മുടക്കേണ്ടി വരിക.
399 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കവസാക്കി നിഞ്ച 400 മോഡലിന്റെ ഹൃദയം. ഇത് 10,000 ആർപിഎമ്മിൽ 44 bhp പവറും 8,000 ആർപിഎമ്മിൽ 37 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്. സെമി-ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ പോലുള്ള ഫീച്ചറുകളും ബൈക്കിൽ ഒരുക്കിയിട്ടുണ്ട്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ട്രെല്ലിസ് ഫ്രെയിം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക് എന്നിവയെല്ലാമാണ് കവസാക്കി നിഞ്ച 400 ഫുള്ളി-ഫെയർഡ് മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്. സെഗ്‌മെന്റിൽ കെടിഎം RC 390, ടിവിഎസ് അപ്പാച്ചെ RR 310 എന്നിവയുമായിട്ടാണ് മാറ്റുരയ്ക്കുന്നത്. ട്വിൻ സിലിണ്ടർ എഞ്ചിൻ ഉണ്ടെങ്കിലും സെഗ്‌മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡൽ കൂടിയാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








