ടീം ഇന്ത്യയുടെ നായകസ്ഥാനം പോയി, സ്പെഷ്യൽ നമ്പരിൽ ടെസ്‌ലയുടെ പുത്തൻ ഇലക്‌ട്രിക് കാർ വാങ്ങി രോഹിത്
വരുന്ന ഓസ്ട്രേലിയൻ പര്യടനത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ് രോഹിത് ശർമ. ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിത്തിനെ മാറ്റിയെന്ന് പറയുന്നതാവും ശരി. അപ്രതീക്ഷിതമായ നീക്കം ബിസിസിഐയിൽ നിന്നുമുണ്ടായതിൽ ക്രിക്കറ്റ് പ്രേമികൾ ഒന്നാകെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ എത്രത്തോളം വിശ്വസിക്കാനാവുമെന്നത് ആരാധർക്ക് സംശയമുണ്ട്. നിലവിൽ ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗിൽ ടി20യിൽ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്നു. എങ്കിലും തലമുറ മാറ്റം ആവശ്യമാണെന്ന വാദവും മറുവശത്തുണ്ട്. വരുന്ന എകദിന ലോകകപ്പ് ലക്ഷ്യമാക്കിയുള്ള മാറ്റമാണെന്നാണ് ബിസിസിഐ അവകാശപ്പെടുന്നതും.
എന്തായാലും ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത്തിനെ ഉൾപ്പെടുത്തി പ്രഖ്യാപിച്ചത് എല്ലാവരേയും ഒരുപോലെ സന്തോഷിപ്പിച്ചിട്ടുണ്ട്. നായക സ്ഥാനം തെറിച്ചുവെങ്കിലും മൈതാനത്തിന് പുറത്ത് ഇപ്പോഴും ബോസ് രോഹിത്ത് തന്നെയാണ്. ഇപ്പോഴിതാ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ കാർ സ്വന്തമാക്കിയിരിക്കുകയാണ് മുൻനായകൻ.

രോഹിത് ശർമയുടെ പുതിയ ടെസ്‌ല മോഡൽ Y കാർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. "3015" എന്ന പ്രത്യേക നമ്പർ പ്ലേറ്റ് തന്നെയാണ് ഇവി ഇത്രയധികം ശ്രദ്ധിക്കാൻ കാരണമായിരിക്കുന്നത്. ഈ നമ്പരിന് എന്താണ് ഇത്ര പ്രത്യേകതയെന്ന് ചോദിച്ചാൽ അതിന് പിന്നിൽ ഒരു രഹസ്യമുണ്ട്. ക്രിക്കറ്റ് പ്രേമികൾക്ക് സംഭവം മനസിലായിട്ടുണ്ടാവുമെങ്കിലും അല്ലാത്തവർക്കായി പറഞ്ഞുതരാം.
താരത്തിന്റെ കുട്ടികളുടെ ജനനത്തീയതിയാണ് ഈ നമ്പർ സൂചിപ്പിക്കുന്നത്. ആഡംബര കാറുകളോട് പ്രത്യേക താത്പര്യമുള്ള രോഹിത് ശർമയുടെ ഗരാജിലെ ആദ്യത്തെ ഇലക്ട്രിക് കാറാണ് ടെസ്‌ല മോഡൽ Y. ആഡംബരം, സാങ്കേതികവിദ്യ, പെർഫോമൻസ് എന്നിവയുടെ സമന്വയം വാഗ്ദാനം ചെയ്യുന്നതാണ് വാഹനമെന്നാണ് എലോൺ മസ്ക്കിന്റെ അമേരിക്കൻ വാഹന നിർമാണ കമ്പനി പറയുന്നത്.

15.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, റിയർ-വീൽ ഡ്രൈവ്, 9 സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB), ബ്ലൈൻഡ്-സ്പോട്ട് കൊളീഷൻ വാണിംഗ്, ടിന്റഡ് ഗ്ലാസ് റൂഫ് എന്നിവയാണ് ഇവിയിലെ പ്രധാന സവിശേഷതകൾ. 2025 ജൂലൈയിലാണ് ടെസ്‌ല മോഡൽ Y ഇന്ത്യയിൽ പുറത്തിറക്കിയത്. സ്റ്റാൻഡേർഡ് മോഡലിന് 59.89 ലക്ഷവും ലോംഗ് റേഞ്ച് വേരിയന്റിന് 67.89 ലക്ഷവുമാണ് എക്സ്ഷോറൂം വില വരുന്നത്.
6 ലക്ഷം അധികമായി മുടക്കിയാൽ സെൽഫ്-ഡ്രൈവിംഗ് (FSD) പാക്കേജും വാഹനത്തിൽ ലഭിക്കും. വാങ്ങുന്നവർക്ക് ഓൾ ബ്ലാക്ക് അല്ലെങ്കിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എന്നീ രണ്ട് ഇന്റീരിയർ തീമുകളിൽ മോഡൽ Y സ്വന്തമാക്കാനാവും. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എയറോഡൈനാമിക് ആകൃതി എന്നിവയാണ് ഇവിയുടെ പ്രധാന ആകർഷണങ്ങൾ.
19 ഇഞ്ച് ക്രോസ്‌ഫ്ലോ വീലുകൾ, ഫിക്സഡ് ഗ്ലാസ് റൂഫ്, അക്കൗസ്റ്റിക് ഗ്ലാസ്, പവർ റിയർ ലിഫ്റ്റ്ഗേറ്റ് എന്നീ ഫീച്ചറുകളും ടെസ്‌ല മോഡൽ Y ഇലക്ട്രിക് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്.
60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്. ടെസ്‌ലയുടെ ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ ഫുൾ ചാർജിൽ 622 കിലോമീറ്റർ വരെ ഓടിക്കാനാവുമെന്നും കമ്പനി പറയുന്നു. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് 5.9 സെക്കൻഡ് മതിയാവും. കൂടാതെ 15 മിനിറ്റ് സൂപ്പർചാർജ് ചെയ്‌താൽ ഉപയോക്താക്കൾക്ക് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ കാറിൽ സഞ്ചരിക്കാനും കഴിയും.


Click it and Unblock the Notifications








