മൂന്നാം നമ്പരിൽ കോലിയുടെ പകരക്കാരൻ, അച്ഛന് മഹീന്ദ്രയുടെ സൂപ്പർഹിറ്റ് ഇലക്‌ട്രിക് എസ്‌യുവി സമ്മാനിച്ച് തിലക്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളാണ് തിലക് വര്‍മ. 2023-ൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം ഇതിനകം തന്നെ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാവാൻ സാധിച്ചിട്ടുണ്ട്. ബാറ്റിഗും ബോളിംഗിലും ഒരുപോലെ തിളങ്ങാനാവുന്ന ഇന്ത്യയുടെ മിടുക്കൻ ഓള്‍റൗണ്ടര്‍ കൂടിയാണ് ഈ ഹൈദരാബാദുകാരൻ. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ബൗളർമാരെ നേരിടാനുള്ള കഴിവും തിലകിനെ വ്യത്യസ്‌നാക്കുന്നുണ്ട്. അടുത്ത ലോകകപ്പ് ലക്ഷ്യമിട്ട് വിരാട് കോലിയുടെ പകരക്കാരനായി മൂന്നാം നമ്പറില്‍ ഇന്ത്യ ഇറക്കാൻ ഉദ്ദേശിച്ചിരിക്കുന്നതും ഈ ഇടംകൈ ബാറ്ററെയാണ്. നിലവിൽ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും ഏകദിനത്തിലും തിലകിനെ പരീക്ഷിക്കാനാണ് പരിശീലകൻ ഗംഭീറിന് താത്പര്യം.
22-കാരൻ വരുമാനത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണിപ്പോൾ. വിവിധ റിപ്പോർട്ടുകൾ പ്രകാരം തിലക് വർമയ്ക്ക് ഏകദേശം 5 കോടി രൂപയുടെ ആസ്തിയുണ്ട്. മുംബൈ ഇന്ത്യൻസുമായുള്ള അദ്ദേഹത്തിന്റെ ഐപിഎൽ ശമ്പളം, ബിസിസിഐ സെൻട്രൽ കരാർ, മറ്റ് വ്യക്തിഗത നിക്ഷേപങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇപ്പോഴിതാ അച്ഛന് പുതിയൊരു സ്നേഹ സമ്മാനം നൽകിയിരിക്കുകയാണ് ഇന്ത്യയുടെ യുവക്രിക്കറ്റർ.

മഹീന്ദ്രയുടെ XEV 9e ഇലക്ട്രിക് എസ്‌യുവിയാണ് അച്ഛനായി തിലക് വാങ്ങി നൽകിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇവിയുടെ സ്പോർട്ടി ലുക്ക് ഉയർത്തുന്ന ബ്ലാക്ക് കളർ ഓപ്ഷനാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വരുന്ന എക്സ്ഷോറൂം വില.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുത്തൻ ഇലക്ട്രിക് INGLO പ്ലാറ്റ്‌ഫോമിലാണ് XEV 9e പണികഴിപ്പിച്ചിരിക്കുന്നത്. നല്ല ഇന്റീരിയർ സ്‌പെയ്‌സ്, സ്റ്റെബിലിറ്റി, മികച്ച ഹാൻഡ്‌ലിംഗ് ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് ഈ പ്ലാറ്റ്‌ഫോം. ഒപ്പം അൾട്രാ-ഹൈ-സ്ട്രെങ്ത് ബോറോൺ സ്റ്റീൽ ഫ്രെയിലാണ് വാഹനത്തിന്റെ പണിപൂർത്തിയാക്കിയിരിക്കുന്നത്.

59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തിയിരിക്കുന്നത്. മെച്ചപ്പെട്ട തെർമൽ സംരക്ഷണത്തിനും ഈടുതലിനും പേരുകേട്ട ലിഥിയം ഇരുമ്പ് ഫോസ്ഫേറ്റ് (LFP) ബാറ്ററി പായ്ക്കുകളാണ് ഇവ. 175 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 20 മിനിറ്റിനുള്ളിൽ 20-80 ശതമാനം ചാർജ് കൈവരിക്കാനും ഇലക്ട്രിക് എസ്‌യുവിക്കാവും.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മഹീന്ദ്ര XEV 9e ഇവിയുടെ 59 kWh മോഡലുകൾ 228 bhp കരുത്തിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. ഇത് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത് വലിയ 79 kWh വേരിയന്റ് 282 bhp പവറിൽ 380 Nm torque വരെയുമാണ് നൽകുന്നത്. ഈ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന വേരിയന്റുകൾക്ക് ഫുൾ ചാർജിൽ 656 കിലോമീറ്റർ റേഞ്ചാണ് കമ്പനി പറയുന്നത്.

റേഞ്ച്, എവരിഡേ, റേസ് എന്നീ ഒന്നിലധികം ഡ്രൈവ് മോഡുകളും സിറ്റി ഡ്രൈവിംഗിനായി വൺ-പെഡൽ ഡ്രൈവും വരെ മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയിലുണ്ട്. ഡാഷ്‌ബോർഡിൽ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകളാണ് മഹീന്ദ്ര XEV 9e ഇവിയിൽ ഒരുക്കിയിരിക്കുന്നത്. സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിശേഷിപ്പിക്കുന്ന ഈ സംവിധാനത്തിന് പുറമെ റിയർസീറ്റ് യാത്രക്കാർക്കായി രണ്ട് അധിക സ്‌ക്രീനുകളും കൊടുത്തിട്ടുണ്ട്.
വിഷൻഎക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രോസസർ, 24 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ട്. 7 എയർബാഗുകൾ, ലെവൽ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഡൈനാമിക് ലൈറ്റുകളുള്ള ഇൻഫിനിറ്റി ഗ്ലാസ് റൂഫ് എന്നിവയും അകത്തളത്തെ സൂപ്പറാക്കുന്നുണ്ട്.

ഇതുകൂടാതെ മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, 16-സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് പാർക്കിംഗ് തുടങ്ങിയ സംഗതികളും മഹീന്ദ്ര XEV 9E ഇലക്ട്രിക് എസ്‌യുവിയുടെ മറ്റ് ഫീച്ചറുകൾ. വാങ്ങാനെത്തുന്ന ഭൂരിഭാഗം ആളുകളും ഇവിയുടെ പായ്ക്ക് ത്രീ എന്ന ടോപ്പ് വേരിയന്റാണ് തെരഞ്ഞെടുക്കുന്നതും. ആയതിനാൽ തിലക് വർമയും അച്ഛന് ഈയൊരു മോഡലാവും വാങ്ങി നൽകിയിരിക്കുക.


Click it and Unblock the Notifications








