ഒന്നല്ല, ഒറ്റ ദിവസം വീട്ടിലേക്ക് വാങ്ങിയത് രണ്ട് അത്യാഡംബര കാറുകൾ; കോലി പൊടിച്ചത് 2 കോടി രൂപയ്ക്ക് മുകളിൽ
ഇന്ത്യയിലെ സെലിബ്രിറ്റികളെല്ലാം വലിയ ആഡംബര കാറുകളിൽ (Luxury cars) സഞ്ചരിക്കാൻ മത്സരിക്കുന്നവരാണ്. സിനിമാതാരങ്ങളെല്ലാം കാരവാനിലെ സൌകര്യങ്ങൾ ലഭിക്കുന്ന കാറുകൾ ലഭിക്കുമോയെന്ന് നോക്കിനടക്കുന്നവരാണ്. അത്തരക്കാർക്ക് മുന്നിലേക്ക് ടൊയോട്ട വെൽഫയറും കിയ കാർണിവലും എത്തിയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. എല്ലാവരും ഈ രണ്ട് മോഡലുകളിൽ ഏതെങ്കിലും ഒന്ന് വാങ്ങാനായി നേരെ ഷോറൂമിലേക്ക് വിട്ടവരാണ്. എന്നാൽ ഇന്ത്യയിൽ ഈ രണ്ട് കാറുകളും ഒന്നിച്ച് സ്വന്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം വാർത്തകളിൽ താരം നിറഞ്ഞുനിൽക്കുകയാണ്.
ക്രിക്കറ്റ് കഴിഞ്ഞാൽ വാഹനങ്ങളോടും ഏറെ താത്പര്യമുള്ള കക്ഷിയാണ് നമ്മുടെ കോലി. വിലയേറിയ നിരവധി പെർഫോമൻസ് കാറുകളും വിദേശ കാറുകളും പോർച്ചിലുള്ള താരം ഇപ്പോൾ കിയ കാർണിവലും ടൊയോട്ട വെൽഫയറും ഒന്നിച്ച് വാങ്ങിയതിന്റെ രഹസ്യം പുറത്തുവന്നിട്ടില്ല. മിക്കവാറും ഇതിൽ ഒന്ന് സിനിമ നടിയും ഭാര്യയുമായ അനുഷ്‌ക ശർമക്കായും വാങ്ങി നൽകിയതാവും.

പവർകപ്പിൾസ് എന്നറിയപ്പെടുന്ന താരദമ്പതികൾക്ക് ആസ്‌തിയുടെ കാര്യത്തിലും കുറവൊന്നുമില്ലാത്തതിനാൽ രണ്ട് ആഡംബര കാറുകൾ ഒന്നിച്ച് വാങ്ങിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് ക്രിക്കറ്റ് താരത്തിന്റെ പുത്തൻ വാഹനങ്ങളെ കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ ആദ്യ മോഡലായ കിയ കാർണിവലിന്റെ വിശേഷങ്ങളിലേക്ക് ആദ്യം വരാം.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക വാഹനമായി കാർണിവൽ തെരഞ്ഞെടുത്തതോടെ മലയാളികൾക്കിടയിൽ സുപരിചിതമായ ഇ ആഡംബര എംപിവി ഇപ്പോൾ പൂർണമായും വിദേശത്ത് നിർമിച്ചാണ് ഇന്ത്യയിൽ വിപണനത്തിന് എത്തിക്കുന്നത്. പുതിയ തലമുറ ആവർത്തനം കൂടുതൽ സവിശേഷതകൾ കുത്തിനിറച്ചാണ് വിപണിയിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നത്.

പുതിയ കിയ കാർണിവലിന് 64 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതായത് മുൻമോഡലിനേക്കാൾ ഇരട്ടി വിലയിലാണ് എംപിവി ഇപ്പോൾ വാങ്ങാനാവുന്നതെന്ന് സാരം. 12.3 ഇഞ്ച് കർവ്‌ഡ് ഡിസ്‌പ്ലേകൾ, 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ സൺറൂഫുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 11 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ബോസിൽ നിന്നുള്ള പ്രീമിയം 12-സ്പീക്കർ സിസ്റ്റം തുടങ്ങിയ കിടിലൻ ഫീച്ചറുകളോടെയാണ് വാഹനം എത്തുന്നത്.
ഇതുകൂടാതെ 12-വേ പവർഡ് ഡ്രൈവർ സീറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന പിൻ സീറ്റുകൾ, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് സീറ്റുകൾ, ADAS സേഫ്റ്റി സ്യൂട്ട്, തുടങ്ങിയ സംവിധാനങ്ങളും ഈ മൾട്ടി പർപ്പ്സ് വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. 8 എയർബാഗുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, ഫ്രണ്ട്, റിയർ, സൈഡ് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സുരക്ഷാ സവിശേഷതകളും കിയ കാർണിവലിൽ ഉണ്ട്.

വിദേശത്ത് നിർമിച്ച കംപ്ലീറ്റ്ലി ബിൽറ്റപ്പ് യൂണിറ്റായാണ് പുറത്തിറക്കുന്നതെങ്കിലും മുൻഗാമിയിലുണ്ടായിരുന്ന അതേ എഞ്ചിൻ ഓപ്ഷൻ തന്നെയാണ് പുതിയ കിയ കാർണിവലിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന അതേ 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് 193 bhp കരുത്തിൽ 441 Nm ടോർക്ക് വരെ നിർമിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.
ഇനി വിരാടിന്റെ രണ്ടാമത്തെ മോഡലിന്റെ കാര്യത്തിലേക്ക് വന്നാൽ നിലവിൽ സിനിമാതാരങ്ങൾക്കിടയിൽ ഹിറ്റായി നിൽക്കുന്ന വാഹനമാണ് ടൊയോട്ട വെൽഫയർ. വലിയ ഗ്രില്ലും സ്ലീക്ക് ഹെഡ്‌ലാമ്പുകളുമെല്ലാമായി അഡാറ് ലുക്കാണ് വാഹനത്തിനുള്ളത്. 19 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളുമായാണ് വരുന്ന എംപിവിയുടെ പിന്നിൽ കണക്റ്റിംഗ് എൽഇഡി ബാറുള്ള എൽഇഡി ടെയിൽ ലാമ്പുകളാണ് കാണാനാവുക.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ADAS, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ്, ഹീറ്റഡ് സീറ്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, രണ്ടാമത്തെയും മൂന്നാമത്തെയും നിര യാത്രക്കാർക്ക് ഇലക്ട്രിക് വിൻഡോ കർട്ടനുകൾ, റൂഫ് ഫിറ്റഡ് എൻടെയ്ൻമെന്റ് സ്ക്രീനുകൾ, വെന്റിലേറ്റഡ് ഫങ്ഷനുള്ള റിക്ലൈനബിൾ സീറ്റുകൾ, സ്പ്ലിറ്റ് ഗ്ലാസ് റൂഫ് പോലുള്ള ആഡംബര ഫീച്ചറുകളെല്ലാം കാറിലുണ്ട്. ടൊയോട്ട വെൽഫയറിന് കരുത്ത് പകരുന്നത് 2.5 ലിറ്റർ, 4 സിലിണ്ടർ ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ്.


Click it and Unblock the Notifications








