കസ്റ്റമൈസേഷനും തുടങ്ങി, നാർഡോ ഗ്രേ നിറത്തിൽ ഒരുങ്ങി Mahindra XUV700
ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചപ്പോൾ തന്നെ കൊടുങ്കാറ്റായിമാറിയ മോഡലാണ് ഏറ്റവും പുതിയ മഹീന്ദ്ര XUV700.ഏവരുടേയും മനം കവർന്ന് ഇന്ത്യൻ കാർ ഓഫ് ദി ഇയർ 2022 അവാർഡ് മഹീന്ദ്ര XUV700 സ്വന്തമാക്കിയിരുന്നു.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ തംരഗമായി മാറിയ വാഹനത്തെ കസ്റ്റമൈസ് ചെയ്യാനും ആളുകൾ പയ്യെ തയാറാവുന്നുണ്ട്. നിരവധി കസ്റ്റമൈസ്‌ഡ് മഹീന്ദ്ര XUV700 ഇതുവരെ കണ്ടിട്ടില്ലെങ്കിലും നാർഡോ ഗ്രേ നിറത്തിൽ ഒരുക്കിയിരിക്കുന്ന എസ്‌യുവി അടുത്തിടെ ഇന്റർനെറ്റിൽ ശ്രദ്ധനേടുകയുണ്ടായി. ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡിയുടെ കാറുകളിലൂടെ ജനപ്രിയമായ കളർ ഓപ്ഷനാണ് നാർഡോ ഗ്രേ.

പെർഫോമൻസ് വാഹനങ്ങൾയി പരിചയപ്പെടുത്തിയ നാർഡോ ഗ്രേ പെയിന്റ് ആദ്യമായി ഉപയോഗിച്ചത് ഔഡിയാണ്. എന്നിരുന്നാലും ഇപ്പോൾ പല കസ്റ്റമൈസേഷൻ ഷോപ്പുകളും നാർഡോ ഗ്രേ റാപ്പുകളും പെയിന്റുകളും വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ കൂടുതൽ സ്പോർട്ടി ലുക്കിനായി നിരവധി ആളുകൾ ഇത് ഉപയോഗിക്കുന്നുമുണ്ട്.

ഇതിനുള്ള ഉദാഹരണമാണ് നാർഡോ ഗ്രേ നിറത്തിൽ ഒരുക്കിയിരിക്കുന്ന മഹീന്ദ്ര XUV700. എന്നാൽ എസ്‌യുവിയുടെ ക്യാരക്ടർ ലൈനുകളോട് റാപ് നീതി പുലർത്തുന്നില്ലെന്നു വേണം പറയാൻ. അകത്തളത്തിലെ ചിത്രങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇന്റീരിയറിൽ പരിഷ്ക്കാരങ്ങളൊന്നും വരുത്തിയിട്ടുണ്ടോയെന്ന് പറയാനാവില്ല.

അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ഗ്രിൽ, പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവ ഇപ്പോഴും യഥാർഥ നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. മൊത്തത്തിൽ എസ്‌യുവി അതിന്റെ തനതായ രൂപത്തിൽ തന്നെയാണ് മികച്ചതെന്നു പറയാം. എവറസ്റ്റ് വൈറ്റ്, മിന്നുന്ന സിൽവർ, ഇലക്ട്രിക് ബ്ലൂ, റെഡ് റേജ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവയാണ് XUV700 -യിൽ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

12.95 ലക്ഷം രൂപ മുതൽ 23.79 ലക്ഷം രൂപ വരെയാണ് മോഡലിന്റെ എക്‌സ്‌ഷോറൂം വില. MX, AX എന്നിങ്ങനെ രണ്ട് വേരിയന്റ് ശ്രേണിയിലായാണ് XUV700 വിപണിയിൽ എത്തുന്നത്. MX പതിപ്പ് 5 സീറ്ററായി മാത്രമാണ് സ്വന്തമാക്കാനാവുക. അതേസമയം AX വകഭേദത്തെ AX3, AX5, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ വേരിയന്റുകളായി മഹീന്ദ്ര തിരിച്ചിട്ടുണ്ട്. ഇവ 5,7 സീറ്റർ പതിപ്പുകളിൽ സ്വന്തമാക്കാം.

പുതിയ മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് മഹീന്ദ്ര ഒരു 6 സീറ്റർ പതിപ്പും XUV700 എസ്‌യുവിലേക്ക് അവതരിപ്പിക്കും, അത് ഒരു ബെഞ്ച് സീറ്റിന് പകരം രണ്ടാം നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളുമായാണ് അവതരിപ്പിക്കുക. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് XUV700 മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.

എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ പരമാവധി 200 bhp കരുത്തിൽ 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കാണ് ഗ്യാസോലിൻ യൂണിറ്റിൽ ലഭ്യമാവുന്നത്. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ രണ്ട് ട്യൂണിംഗിലാണ് വിപണിയിൽ എത്തുന്നത്.

എസ്‌യുവിയുടെ MX വേരിയന്റിൽ ഡീസൽ എഞ്ചിൻ പരമാവധി 155 bhp പവറിൽ 360 Nm torque ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. AX പതിപ്പിൽ എഞ്ചിൻ പരമാവധി 185 bhp കരുത്തിൽ ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ 420 Nm torque ലഭിക്കുമ്പോൾ ഓട്ടോമാറ്റിൽ ഇത് 450 Nm ആയി വർധിക്കും.

ഓപ്‌ഷണൽ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഏക എസ്‌യുവി കൂടിയാണ് XUV700. ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഡീസൽ എഞ്ചിനിൽ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഥാറിൽ കാണുന്നതു പോലെ ശരിയായ 4×4 സംവിധാനമല്ല ഇത്. എന്നാൽ തന്ത്രപരമായ വഴുവഴുപ്പുള്ള സാഹചര്യങ്ങളിൽ AWD സഹായകമാകും.


Click it and Unblock the Notifications








