എങ്കപ്പാ റിച്ച്ഡാ... മകന്റെ 18-ാം പിറന്നാളിന് 5 കോടിയുടെ സൂപ്പർകാർ സമ്മാനിച്ച് അച്ഛൻ; വൈറൽ വീഡിയോ
പതിനെട്ടു വയസായാൽ നമ്മുടെ നാട്ടിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പിള്ളേരുടെ കൂട്ടയോട്ടമായിരിക്കും. 17 കഴിയുമ്പോൾ തന്നെ എങ്ങനെയെങ്കിലും ബൈക്ക് അല്ലെങ്കിൽ കാർ ഓടിക്കാനുള്ള ലൈസൻസ് കൈയിൽ കിട്ടാനുള്ള തിടുക്കം കൂട്ടലായിരിക്കും പലർക്കും. കോളേജിൽ പോവുമ്പോൾ സ്വന്തമായൊരു വണ്ടി വേണമെന്ന ആഗ്രഹം എല്ലാ കുട്ടികൾക്കുമുണ്ടാവും. പ്രത്യേകിച്ച് ആൺപിള്ളേർക്ക്.
പ്ലസ് ടു മികച്ച മാർക്കോടെ ജയിച്ചാൽ പല മാതാപിതാക്കളും കുട്ടികൾക്ക് സമ്മാനമായി ബൈക്ക് വാങ്ങിക്കൊടുക്കാറുണ്ട്. അത്തരത്തിലൊരു ബെർത്ത് ഡേ ഗിഫ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയൽ വൈറലായിരിക്കുന്നത്. കോടികൾ വിലമതിക്കുന്ന ആ സമ്മാനം ഒരു സൂപ്പർകാർ ആണെന്നത് കൂടി അറിയുമ്പോൾ പലരും അന്തംവിട്ടേക്കാം. ഇനി കാര്യത്തിലേക്ക് വരാം. തൻ്റെ 18-ാം ജന്മദിനത്തിലാണ് മകന് അച്ഛൻ പുതിയ ലംബോർഗിനി ഹുറാക്കൻ STO സമ്മാനിച്ചിരിക്കുന്നത്.

തരുഷ് രുംഗ്ത തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ലംബോർഗിനി സമ്മാനം കിട്ടിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലംബോർഗിനികളുടെ വലിയ ആരാധകനായ മകന് അടുത്തിടെ 18 വയസ് തികഞ്ഞ വേളയിലാണ് പുതിയൊരു സമ്മാനം കൊടുക്കാൻ ബിസിനസുകാരനായ അച്ഛൻ തീരുമാനിക്കുന്നത്. ഇവർ ഇന്ത്യക്കാരാണെങ്കിലും യുഎഇയിലാണ് സ്ഥിരതാമസം. തരുഷും അച്ഛൻ വിവേക രുംഗ്തയും യുഎഇയിലെ ലംബോർഗിനി ഡീലർഷിപ്പിൽ എത്തി സൂപ്പർകാറിന്റെ ഡെലിവറി എടുക്കുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്.
"എൻ്റെ ഡ്രീം കാർ കൊണ്ട് പതിനെട്ടാം ജന്മദിനം മാന്ത്രികമാക്കിയതിന് ഡാഡിയോട് കവിഞ്ഞൊഴുകുന്ന സ്നേഹവും നന്ദിയും" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് എല്ലാം അർഥമാക്കുന്നു. നിരവധി ഫോളോവേഴ്‌സും സോഷ്യൽ മീഡിയ ഉപയോക്താക്കളും പുതിയ സമ്മാനത്തിന് അഭിനന്ദനങ്ങൾ കമന്റ് ബോക്‌സിലൂടെ അറിയിക്കുകയും ചെയ്‌തു.

സൂപ്പർ ട്രോഫിയോ ഇവോ റേസ് കാറിനെ അടിസ്ഥാനമാക്കിയാണ് ലംബോർഗിനി ഹുറാക്കൻ STO പണികഴിപ്പിച്ചിരിക്കുന്നത്. നിരത്തിലിറക്കാൻ നിയമവിധേയമാക്കുന്നതിന് ചില പരിഷ്‌ക്കാരങ്ങളോടെയാണ് സൂപ്പർകാർ വിപണിയിൽ എത്തുന്നത്. ഇത് ലംബോർഗിനി ഹുറാക്കൻ്റെ ഏറ്റവും വേഗതയേറിയ പതിപ്പായി മാറ്റാനും ഇറ്റാലിയൻ ബ്രാൻഡിനായിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം 4.99 കോടി രൂപയാണ് ഹുറാക്കൻ STO മോഡലിന് വരുന്ന എക്‌സ്ഷോറൂം വില.
5.2 ലിറ്റർ V10 എഞ്ചിനാണ് ഈ സൂപ്പർകാറിന്റെ ഹൃദയം. എഞ്ചിൻ പെർഫോമൻസിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ലംബോർഗിനി പെർഫോമാൻ്റെ വാഗ്ദാനം ചെയ്യുന്ന 600 Nm ടോർക്കിനെ അപേക്ഷിച്ച് ഹുറാക്കനിലെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 640 bhp കരുത്തിൽ പരമാവധി 565 Nm torque വരെ ഉത്പാദിപ്പിക്കാനാവും. എന്നിരുന്നാലും AWD വാഹനമായ പെർഫോർമാൻ്റെയിൽ നിന്ന് വ്യത്യസ്തമായി STO ഒരു റിയർ-വീൽ ഡ്രൈവ് കാറായാണ് രൂപമെടുത്തിരിക്കുന്നത്.

പെർഫോമൻസ് കണക്കിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത വെറും 3.0 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ പ്രാപ്‌തമായ ഹുറാക്കൻ STO സൂപ്പർകാർ 0 മുതൽ 200 കിലോമീറ്റർ വരെ വേഗത 9 സെക്കൻഡിനുള്ളിലും കൈപ്പിടിലാക്കും. അതേസമയം പരമാവധി വേഗം 310 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. STO (റോഡ്), ട്രോഫിയോ (ട്രാക്ക്), പിയോജിയ (റെയ്ൻ) എന്നീ മൂന്ന് ഡ്രൈവ് മോഡുകളും ഹുറാക്കനിലുണ്ട്.
ഇന്റീരിയറിലേക്ക് കയറിയാൽ 2-സീറ്റർ സൂപ്പർകാറാണ് ലംബോർഗിനി ഹുറാക്കൻ STO. അൽകന്റാരയിലാണ് പൂർത്തിയാക്കിയിരിക്കുന്ന അകത്തളത്തിൽ ഡ്രൈവർക്കും കോ ഡ്രൈവർക്കുമായി സ്പോർട്ടി ബക്കറ്റ് സീറ്റുകളാണ് ഇറ്റാലിയൻ വാഹന നിർമാതാക്കൾ സമ്മാനിച്ചിരിക്കുന്നത്. ക്ലൈമറ്റ് കൺട്രോൾ, വലിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് മൗണ്ട് കൺട്രോളുകൾ, പാഡിൽ ഷിഫ്റ്ററുകൾ, അലുമിനിയം സ്വിച്ചുകൾ പോലുള്ള സവിശേഷതകളാണ് ഹുറാക്കനിൽ ഉപയോഗിച്ചിരിക്കുന്നത്.
20 ഇഞ്ച് കാർബൺ ഫൈബർ വീലുകളുള്ള ലംബോർഗിനി ഹുറാക്കൻ STO പതിപ്പിന് മുന്നിലും പിന്നിലും യഥാക്രമം CCM-R 390 mm, 360 mm കാർബൺ-സെറാമിക് ഡിസ്ക്ക് ബ്രേക്കുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. അതേസമയം സസ്പെൻഷൻ സജ്ജീകരണത്തിൽ എല്ലാ അറ്റത്തും മാഗ്നെറ്റോ-റിയോളജിക്കൽ യൂണിറ്റുകളാണ് ലംബോർഗിനി ഒരുക്കിയിരിക്കുന്നത്. കാറിന് മൊത്തത്തിൽ 1339 കിലോഗ്രാം ഭാരമാണുള്ളത്.


Click it and Unblock the Notifications








