2000 കോടി വാരിയ സിനിമയിലെ നായിക, വാടക വീട്ടിൽ താമസിച്ച് വാങ്ങിയത് 1.17 കോടിയുടെ ആഡംബര കാർ
ബോളിവുഡിലെ (Bollywood) എക്കാലത്തേയും മികച്ച സിനിമകളുടെ പട്ടികയിലേക്ക് നോക്കിയാൽ അക്കൂട്ടത്തിലെ മുൻനിരയിൽ തന്നെ കാണാനാവുന്ന പേരാണ് ദംഗൽ (Dangal). ആമിർ ഖാൻ (Aamir Khan) നായകനായി തകർത്തഭിനയിച്ച പടം ആഗോളതലത്തിൽ നേടിയത് 2000 കോടി രൂപയോളമാണെന്നാണ് കണക്കുകൾ. 2016 ഡിസംബറിൽ റിലീസായ ചിത്രം ഇന്ത്യയില്‍ നിന്ന് 511.58 കോടി രൂപ നേടിയപ്പോള്‍ വിദേശത്ത് നിന്ന് 205 കോടിയോളമാണ് വാരിയത്. പിന്നീട് 2017-ല്‍ ചൈനയിലുമെത്തിയതോടെയാണ് ദംഗല്‍ വിസ്‍മയിപ്പിക്കുന്ന കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കുന്നത്. ചൈനയില്‍ നിന്ന് നേടിയത് 1231 കോടി രൂപയുമാണ്.
ഗുസ്‌തി പരിശീലകൻ മഹാവീർ സിംഗ് ഫോഗട്ടായി ആമീർ ഖാൻ തകർത്താടിയപ്പോൾ ദംഗലിലൂടെ ഭാഗ്യം വന്നുകേറിയ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും ഗീതാ ഫോഗട്ടായി ചിത്രത്തിൽ അഭിനയിച്ച ഫാത്തിമ സന ഷെയ്ഖിന്റെ മുഖം പലർക്കും ഓർമവരിക ഈയൊരു കഥാപാത്രത്തിലൂടെയായിരിക്കും. എന്തായാലും താരത്തിന്റെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം വന്നെത്തിയിരിക്കുകയാണ്.

മറ്റൊന്നുമല്ല, തന്റെ ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര കാർ വാങ്ങിയതാണ് സംഭവം. 1.17 കോടി രൂപ വിലമതിക്കുന്ന പുതിയ മെർസിഡീസ് ബെൻസ് GLE ലക്ഷ്വറി എസ്‌യുവിയാണ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ജർമൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ 300d എന്ന വേരിയന്റാണ് ഫാത്തിമ സന ഷെയ്ഖ് തെരഞ്ഞെടുത്തിരിക്കുന്നത്. കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ വണ്ടിയുടെ വിശേഷങ്ങൾ പുറംലോകം അറിയുന്നത്.
ഫാത്തിമ സന തന്റെ പുത്തൻ ലക്ഷ്വറി എസ്‌യുവിയിൽ മുംബൈയിലെ ഒരു റെസ്റ്റോറൻ്റിൽ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയിട്ടുണ്ട്. മോഡലിന്റെ ഒബ്സിഡിയൻ ബ്ലാക്ക് മെറ്റാലിക് കളർ ഓപ്ഷനിൽ ഒരുങ്ങിയിരിക്കുന്ന മോഡലാണ് നടി സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിലെ സെലിബ്രിറ്റികൾ അവരുടെ കാറുകൾക്കായി തെരഞ്ഞെടുക്കുന്ന വളരെ ജനപ്രിയമായ നിറങ്ങളിൽ ഒന്നുകൂടിയാണിത്.

GLE 300d വേരിയന്റിന് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്‌ഡ് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 269 bhp പവറിൽ പരമാവധി 550 Nm torque ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. കൂടാതെ 6.9 സെക്കൻഡിനുള്ളിൽ ഈ എസ്‌യുവിക്ക് 100 കിലോമീറ്റർ വേഗത മറികടക്കാനും സാധിക്കും. എന്നാൽ പരമാവധി വേഗത മണിക്കൂറിൽ 225 കിലോമീറ്ററായി മെർസിഡീസ് ബെൻസ് നിജപ്പെടുത്തിയിട്ടുമുണ്ട്.
ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സമാനമായ വലിപ്പത്തിലുള്ള ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് ബട്ടണുകളുള്ള മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, എന്നിവയുൾപ്പെടെ നിരവധി ആഡംബര സവിശേഷതകളോടെയാണ് മെർസിഡീസ് ബെൻസ് GLE ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

ഇതുകൂടാതെ 13-സ്പീക്കർ ബർമെസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ, 360-ഡിഗ്രി ക്യാമറ, മെർസിഡീസിന്റെ 'ട്രാൻസ്‌പാരന്റ് ബോണറ്റ്' ഫംഗ്‌ഷൻ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ്, പവർഡ് ടെയിൽഗേറ്റ്, ലെതർ സീറ്റുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയാണ് ലക്ഷ്വറി എസ്‌യുവിക്ക് ആഡംബരത്തം നൽകുന്ന മറ്റ് സവിശേഷതകൾ.
ഫാത്തിമ സന ഷെയ്ഖ് സ്വന്തമാക്കിയ മോഡൽ കൂടാതെ മറ്റ് വേരിയന്റുകളിലും വാഹനം വാങ്ങാനാവും. മെർസിഡീസ് ബെൻസ് GLE എസ്‌യുവിയുടെ 300d വേരിയന്റിലെ എഞ്ചിന് ഓപ്ഷന് പുറമെ 3.0 ലിറ്റർ V6 പെട്രോൾ എഞ്ചിൻ ഓപ്ഷനിലും ആഡംബര കാർ സ്വന്തമാക്കാനാവും. ഇതിന് 365 bhp പവറിൽ പരമാവധി 500 Nm torque വരെയാണ് നൽകാനാവുക. വിലകൂടിയ GLE 450 വേരിയന്റിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
ഇനി പെർഫോമൻസ് പ്രേമികൾക്കായി ജർമൻ ആഡംബര വാഹന നിർമാതാക്കൾ 435 bhp കരുത്തിൽ 520 Nm torque സൃഷ്ടിക്കുന്ന 3.0 ലിറ്റർ, സിക്‌സ് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് GLE എസ്‌യുവിയുടെ AMG വേരിയന്റാണ്. ഇതിൻ്റെ എക്‌സ്‌ഷോറൂം വില 1.64 കോടി രൂപയാണ് വരുന്നത്. ബ്രാൻഡിന്റെ 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുന്ന വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
GLE എസ്‌യുവിയുടെ മൂന്ന് എഞ്ചിനുകൾക്കും കാര്യക്ഷമത വർധിപ്പിക്കാനായി മൈൽഡ്-ഹൈബ്രിഡ് 48V ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ-ജനറേറ്റർ (ISG) സംവിധാനവും നൽകിയിട്ടുണ്ട്. അവയുടെ പീക്ക് ഔട്ട്‌പുട്ടുകളിൽ 20 bhp, 200 Nm torque എന്നിവ അധികമായി നൽകാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ട്. ഫാത്തിമ സന ഷെയ്ഖിനെ കൂടാതെ ബോളിവുഡിലെ മറ്റ് നിരവധി സെലിബ്രിറ്റികളും മെർസിഡീസ് ബെൻസ് GLE സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








