അച്ഛനും അമ്മക്കും 20 ലക്ഷത്തിന്റെ സർപ്രൈസ് സമ്മാനവുമായി മകൾ, ഗൂഗിൾ എഞ്ചിനീയർക്ക് കൈയടി
ഒരു സമ്മാനം കിട്ടുകയെന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണല്ലോ. അതിപ്പോൾ ചെറുതാണെങ്കിലും വിലപിടിപ്പുള്ളതാണെങ്കിലും നിനച്ചിരിക്കാത്ത സമയത്ത് സർപ്രൈസ് ലഭിക്കുന്നത് ഏതൊരാൾക്കും ജീവിതത്തിലെ അസുലഭ നിമിഷമാണ്. അടുത്തിടെ കാറുകൾ സമ്മാനം നൽകുന്ന ട്രെൻഡാണ് കാണാനാവുന്നത്. സിനിമാ രംഗത്തും വ്യവസായ മേഖലയിലും അല്ലാതെയുമെല്ലാം നടക്കുന്ന ഇത്തരം സംഭവങ്ങളുടെ വാർത്തകൾ ഇന്റർനെറ്റിൽ അടുത്തിടെയായി സ്ഥിരം കാണാറുണ്ട്.
അച്ഛൻ മകൾക്കും മക്കൾ അച്ഛനും സർപ്രൈസായി വിലപിടിപ്പുള്ള വാഹനങ്ങൾ സമ്മാനിക്കുന്ന കാലമാണിത്. മകൾക്ക് 3 കോടിയുടെ ആഡംബര സ്പോർട്‌സ് കാർ സമ്മാനിച്ച മലയാളി വ്യവസായിയും അച്ഛനും അമ്മായിയച്ഛനും ലക്ഷങ്ങൾ വിലമതിക്കുന്ന കാറുകൾ സമ്മാനിച്ച മറ്റൊരു മകളുടെ വാർത്തയുമെല്ലാം നെറ്റിസൺസ് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇത്തരത്തിലൊരു സ്നേഹ സമ്മാനത്തിന്റെ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിലെ ഇപ്പോഴത്തെ താരം.

ഗൂഗിളിൽ ജോലി ചെയ്യുന്ന വനിതാ എഞ്ചിനീയർ അടുത്തിടെ തന്റെ മാതാപിതാക്കൾക്ക് ഒരു പുതിയ പ്രീമിയം എസ്‌യുവി സമ്മാനിക്കുകയുണ്ടായി. മകളിൽ നിന്ന് ഇത്തരത്തിലൊരു സമ്മാനം അച്ഛനും അമ്മയും പ്രതീക്ഷിച്ചതേയുണ്ടായിരുന്നില്ലെന്നത് വീഡിയോ കാണുമ്പോഴെ മനസിലാക്കാം. വാഹനം ഗിഫ്റ്റായി നൽകുന്ന വീഡിയോ സ്റ്റോറീസ് ബൈ ഷൈലി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജോലിക്കൊപ്പം കണ്ടന്റ് ക്രീയേറ്റിംഗും പാഷനായി കൊണ്ടുനടക്കുന്ന മകളുടെ സ്വന്തം പേജാണിത്.
കണ്ണ് മൂടിക്കെട്ടിയാണ് മകൾ തൻ്റെ മാതാപിതാക്കളെ കാർ ഡീലർഷിപ്പിലേക്ക് കൊണ്ടുവരുന്നത്. അതിലും രസകരമായ മറ്റൊരു കാര്യം താൻ ഉപയോഗിക്കുന്ന സ്വന്തം എംജി ഹെക്ടറിലാണ് അച്ഛനെയും അമ്മയേയും കൂട്ടി ഗൂഗിളിൽ ജോലി ചെയ്യുന്ന വനിതാ എഞ്ചിനീയർ വാഹനത്തിന്റെ ഡെലിവറിയെടുക്കാൻ എത്തുന്നത്. എന്തായാലും പുതിയ അതിഥിയെ കണ്ട് ഗൂഗിൾ എഞ്ചിനിയറുടെ മാതാപിതാക്കൾ സന്തോഷിക്കുന്നത് വീഡിയോയിൽ കാണാം.

പുതിയൊരു കാർ വാങ്ങുമ്പോൾ നടത്തുന്ന മതപരമായ ചടങ്ങുകൾക്ക് ശേഷമാണ് പുത്തൻ എംജി ഹെക്‌ടർ ഷോറൂമിൽ നിന്നും പുറത്തെടുക്കുന്നത്. ഡെലിവറി കിട്ടിയ എസ്‌യുവിയോടൊപ്പം മകളും ഭർത്താവും അച്ഛനും അമ്മയും ചിത്രങ്ങൾ പകർത്താനും മറന്നില്ല. മാതാപിതാക്കൾ എന്ന നിലയിൽ തനിക്ക് തന്ന അപാരമായ സമർപ്പണത്തിനും ത്യാഗത്തിനും അചഞ്ചലമായ പിന്തുണക്കും അൽപം വൈകിയാണെങ്കിലും പ്രതിഫലം നൽകാനായതിൽ താൻ സന്തുഷ്‌ടയാണെന്നും മകൾ വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തന്നെയും സഹോദരനെയും ആശ്വാസകരമായ ഒരു ജീവിതത്തിലും സാമ്പത്തിക ബാധ്യതയില്ലാതെ സ്വന്തം കാലിൽ നിൽക്കാനും ഞങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാനുമുള്ള പ്രാപ്‌തമാക്കിയ അച്ഛനും അമ്മക്കും നന്നിയർപ്പിക്കുന്നുവെന്നും കുറുപ്പിൽ കൂട്ടിച്ചേർക്കുകയുണ്ടായി. ക്ലാസി ഷേഡുള്ള എംജി ഹെക്ടറിന്റെ ബ്ലാക്ക് കളർ ഓപ്ഷനാണ് സമ്മാനമായി നൽകിയിരിക്കുന്നത്. നിലവിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനിലെത്തുന്ന എസ്‌യുവിയുടെ ഏത് വേരിയന്റാണ് മകൾ തന്റെ മാതാപിതാക്കൾക്ക് സമ്മാനം കൊടുത്തതെന്ന് വ്യക്തമല്ല.

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാര്‍ എന്ന ഖ്യാതിയുമായി എത്തിയ മോഡലാണ് എംജി ഹെക്ടര്‍. 2019-ല്‍ വിപണിയില്‍ എത്തിയ എസ്‌യുവി ബ്രാൻഡ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡലാണ്. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വാങ്ങാനാവുന്നത്. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ യൂണിറ്റുകൾ പെർഫോമൻസിന്റെ കാര്യത്തിലും മൈലേജിന്റെ കാര്യത്തിലും പുലിയാണെന്ന് വേണം പറയാൻ.
കൂടാതെ സെഗ്മെന്റിലെ ഏറ്റവും റീസെയിൽ വാല്യുവുള്ള മോഡൽ കൂടിയാണിത്. നിലവിൽ 13.99 ലക്ഷം മുതൽ 21.95 ലക്ഷം രൂപ വരെയാണ് എംജി ഹെക്‌ടറിന് വരുന്ന വില. മുടക്കുന്ന കാശിനുള്ള എല്ലാത്തരം സേഫ്റ്റി ഫീച്ചറുകളും കോർത്തിണക്കിയാണ് എംജി വാഹനത്തെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സ്റ്റീല്‍ ബോഡി, 360-ഡിഗ്രി ക്യാമറ, 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് ജാം അസിസ്റ്റ് തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലുണ്ട്.

ഇതുകൂടാതെ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഡിസ്‌ക് ബ്രേക്കുകൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ ഹോൾഡ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഫ്രണ്ട്, റിയർ ഡീഫോഗറുകൾ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്കുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ഹൈ-സ്പീഡ് വാർണിംഗ് അലേർട്ടുകൾ, എല്ലാ സീറ്റുകളും സീറ്റ് ബെൽറ്റ് റിമൈൻഡർ ഫംഗ്‌ഷൻ പോലുള്ള സുരക്ഷാ സന്നാഹങ്ങളും എംജി ഹെക്‌ടറിന്റെ പ്രത്യേകതയാണ്.


Click it and Unblock the Notifications








