മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരിക, ഡിഡിയുടെ യാത്രകൾ ഇനി ഇന്നോവ ഹൈക്രോസിൽ
തമിഴകത്തെ ജനപ്രിയ അവതാരകയും അഭിനേത്രിയുമാണ് ഡിഡി എന്ന ദിവ്യദർശിനി നീലകണ്ഠൻ (Dhivyadharshini). മലയാളികൾക്ക് രഞ്ജി ഹരിദാസ് എങ്ങനെയാണോ അങ്ങനെയാണ് ഡിഡി തമിഴർക്ക്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വേതനം വാങ്ങുന്ന അവതാരികമാരിൽ ഒരാൾ കൂടിയാണ് കക്ഷി. ടൊവിനോ തോമസിന്റെ ഒരു ആൽബം സോംഗിലും ദിവ്യദർശിനി പ്രത്യക്ഷപ്പെട്ടിട്ടുള്ളതിനാൽ മലയാളികൾക്കും പുള്ളിക്കാരിയെ സുപരിചിതമാണ്. നടി, അവതാരക തുടങ്ങിയ നിലകളിൽ ശ്രദ്ധേയയായ ഡിഡി ഇപ്പോഴിതാ തന്റെ യാത്രകൾക്ക് കൂട്ടായി പുതിയൊരു അതിഥിയെ കൂടെക്കൂട്ടിയിരിക്കുകയാണ്. മലയാളത്തിൽ വേരുകളുള്ള ദിവ്യദർശിനി പുതിയൊരു വാഹനം സ്വന്തമാക്കിയതാണ് സംഭവം.
ഏതാണെന്നല്ലേ, സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട കാറായ ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലായ ഹൈക്രോസാണ് ദിവ്യദർശിനി നീലകണ്ഠൻ വാങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് കാറുകളിൽ ഒന്ന് ഡിഡിയുടെ ഗരാജിലേക്ക് എത്തിയ വിവരം ലാൻസൺ ടൊയോട്ട ഡീലർഷിപ്പാണ് അവരുടെ ഇൻസ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ടിരിക്കുന്നത്. ഹൈക്രോസിന്റെ വൈറ്റ് കളർ ഓപ്ഷനാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.

എന്നാൽ ഹൈബ്രിഡ് മോഡലാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. 2.0 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇന്നോവ ഹൈക്രോസ് ഇന്ത്യയിൽ വിപണനത്തിന് എത്തുന്നത്. ഇതിൽ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 173 bhp കരുത്തിൽ പരമാവധി 209 Nm ടോർക്ക് നൽകാൻ വിധമാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ടൊയോട്ട ഇന്നോവ ഹൈക്രോസിലെ ഹൈബ്രിഡ് എഞ്ചിൻ 184 bhp പവറിൽ 188 Nm ടോർക്ക് വരെ വികസിപ്പിക്കാൻ യോഗ്യമാണ്. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഹൈബ്രിഡ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ജാപ്പനീസ് വാഹന നിർമാതാക്കൾ പറയുന്ന മൈലേജ്. വിശാലമായ 7-സീറ്റർ, 8- സീറ്റർ കോൺഫിഗറേഷനുകൾ, പ്രീമിയം ഫീച്ചറുകൾ എന്നിവയാണ് ഇതിലെ മെയിൻ ഹൈലൈറ്റ്.

പരമ്പരാഗത ലാഡർ-ഓൺ-ഫ്രെയിം നിർമാണത്തിന് പകരം എംപിവിയിലേക്ക് മോണോകോക്ക് ബോഡി കൊണ്ടുവരുന്ന ഏറ്റവും പുതിയ TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയൻ്റുകളിലാണ് ലഭ്യമാവുക. ബ്ലാക്ക്ലിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവൻ്റ് ഗാർഡ് ബ്രോൺസ് മെറ്റാലിക് എന്നിവയുൾപ്പെടെ നിരവധി കളർ ഓപ്ഷനുകളും ഇതിലുണ്ട്.
ഇനി ഫീച്ചറുകളുടെ കാര്യമെടുത്താൽ യാത്രകൾ മനോഹരമാക്കുവാനായി 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, ക്വിൽഡ് ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള പവർഡ് എന്നിവ പോലുള്ള അത്യാധുനിക സജ്ജീകരണങ്ങളെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇവയ്ക്ക് പുറമെ ഓട്ടോമൻ സപ്പോർട്ട്, 360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റെ ക്ലസ്റ്റർ എന്നിവയും ഇന്നോവ ഹൈക്രോസിന്റെ ഭാഗമായ ഫീച്ചറുകളാണ്. ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS ഫീച്ചറുകളും ഹൈക്രോസിന് ലഭിക്കുന്നുണ്ട്.
അടുത്തിടെ ഹൈക്രോസ് 2 ലക്ഷം യൂണിറ്റ് വിൽപ്പനയും ഇന്ത്യയിൽ പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ 19.15 ലക്ഷം മുതൽ 32.38 ലക്ഷം രൂപ വരെയാണ് ടൊയോട്ടയുടെ 8 സീറ്റർ എംപിവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടോപ്പ് എൻഡ് വേരിയന്റിന് 41 ലക്ഷത്തിന് മുകളിൽ ഓൺ-റോഡ് വിലയും വരും. ഡിഡി എന്ന ദിവ്യദർശിനി നീലകണ്ഠൻ തെരഞ്ഞെടുത്തിരിക്കുന്നത് ഏത് വേരിയന്റാണെന്ന് കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ലെങ്കിലും ടോപ്പ് എൻഡ് ആവുമെന്നാണ് അനുമാനം.


Click it and Unblock the Notifications