വണ്ടിഭ്രാന്തിൽ ഇവൻ ദുൽഖറിന് എതിരാളി, 6 കോടിയുടെ സൂപ്പർകാറിന് പിന്നാലെ 4 കോടിയുടെ എസ്‌യുവിയും വാങ്ങിയ ആളെ കണ്ടോ
ആഡംബര കാറുകൾക്ക് ഏറ്റവും ഡിമാന്റുള്ള വിപണികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യ. മെർസിഡീസ് ബെൻസ് മുതൽ ലോകത്തിലെ മറ്റ് പ്രശസ്‌ത ലക്ഷ്വറി ബ്രാൻഡുകൾ വരെ നമ്മുടെ രാജ്യത്ത് ഇതിനോടകം നിലയുറപ്പിച്ചിട്ടുണ്ട്. നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും വിലക്കൂടിയ കാറുകളിൽ പലരും സ്വപ്‌നം കാണാൻ മാത്രമാണ് വിധിയെങ്കിലും വലിയ സമ്പന്നരിൽ പലരും ദിവസങ്ങൾ ഇടവിട്ടാണ് ഒന്നിൽ കൂടുതൽ ലക്ഷ്വറി കാറുകൾ വാങ്ങുന്നത്. ഇത്തരം കാര്യങ്ങൾ അപൂർവമല്ലെങ്കിലും ദിവസങ്ങൾക്കിടവേളകളിൽ രണ്ട് ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയ യുവസംരംഭകനാണ് ഇപ്പോൾ ഇൻ്റർനെറ്റ് ലോകത്തെ ചർച്ചാ വിഷയം.
ഡീറ്റെയിലിംഗ് ഡെവിൾ എന്ന കാർ ഡീറ്റെയിലിംഗ് ബ്രാൻഡിന്റെ ഉടമയായ സൗരഭ് അഹൂജയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് ആഡംബര കാറുകൾ വാങ്ങിയിരിക്കുന്നത്. പോയമാസം 6 കോടിയുടെ മക്ലാരൻ അർതുറ സൂപ്പർകാർ സ്വന്തമാക്കിയ സൗരഭ് ഇപ്പോൾ മെർസിഡീസ് ബെൻസ് G63 എഎംജി എസ്‌യുവിയാണ് പോർച്ചിലെത്തിച്ചിരിക്കുന്നത്. ജീ-വാഗൺ എന്നറിയപ്പെടുന്ന ലോകപ്രശസ്‌ത സ്പോർട് യൂട്ടിലിറ്റി വാഹനമാണ് സംരംഭകന്റെ കൊട്ടാരത്തിലേക്ക് എത്തിയിരിക്കുന്നത്.

ലോകമെമ്പാടുമായി 100-ലധികം സ്റ്റോറുകളുള്ള ഒരു പ്രൊഫഷണൽ കാർ ഡീറ്റെയ്‌ലിംഗ് ഷോപ്പാണ് ഡീറ്റെയിലിംഗ് ഡെവിൾസിൻ്റെ സ്ഥാപകനും ഉടമയുമായ സൗരഭ് അഹൂജയ്ക്കുള്ളത്. പുത്തൻ ആഡംബര എസ്‌യുവി സ്വന്തമാക്കുന്ന വീഡിയോ ദി റെഗുലർ ഇന്ത്യൻ ഗയ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. ഈ വാഹനം വാങ്ങിയതിന്റെ പിന്നിലെ കഥ അഹൂജ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
തനിക്ക് ഇതിനകം തന്നെ ജി-വാഗണിന്റെ G350d വേരിയന്റ് ഉണ്ടായിരുന്നുവെങ്കിലും കൂടുതൽ ശക്തവും സവിശേഷവുമായ എഎംജി മോഡൽ വാങ്ങാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. രാജ്യത്ത് വിപണനത്തിന് എത്താത്തതിനാലാണ് സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ ഇത്രനാൾ കാത്തിരിക്കേണ്ടി വന്നതെന്നും സൗരഭ് പറയുന്നു. തന്റെ പിറന്നാൾ ദിവസമാണ് മെർസിഡീസ് ബെൻസിന്റെ പുത്തൻ ജി-വാഗണെ വീട്ടിലേക്ക് വരവേറ്റിരിക്കുന്നത് എന്നൊരു സന്തോഷം കൂടിയുണ്ട് സൗരഭിന്.

കറുപ്പിന് ഏഴഴക് എന്ന് പറയുന്നതു പോലെ G63 എഎംജി ലക്ഷ്വറി എസ്‌യുവിയുടെ ഒബ്‌സിഡിയൻ ബ്ലാക്ക് കളർ ഓപ്ഷനാണ് ഡീറ്റെയിലിംഗ് ഡെവിൾസിൻ്റെ ഉടമ തെരഞ്ഞെടുത്തിരിക്കുന്നതും. ജി-വാഗൺ സീരീസിലെ ഏറ്റവും ചെലവേറിയതും പവർഫുള്ളുമായ വേരിയന്റാണ് എഎംജി പതിപ്പ്. 4.60 കോടി രൂപയോളമാണ് ഈ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് മെർസിഡീസ് ബെൻസ് G63 എഎംജി എസ്‌യുവിയുടെ ഹൃദയം. ഇത് 577 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ വാഹനത്തിന് 4.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

അതേസമയം പരമാവധി വേഗം 240 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. G63 എഎംജിയിൽ ആദ്യമായി ലോഞ്ച് കൺട്രോൾ ഫീച്ചറും ബെൻസ് ചേർത്തിട്ടുണ്ട്. കൂടാതെ പുതിയ മോഡലിൽ എഎംജി ആക്റ്റീവ് റൈഡ് കൺട്രോൾ സസ്പെൻഷനും ബെൻസ് ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. ഓഫ്-റോഡിംഗ് സമയത്ത് സുഗമമായ പെർഫോമൻസ് ഉറപ്പാക്കാൻ ആക്റ്റീവ് ഹൈഡ്രോളിക് റോൾ സ്റ്റബിലൈസേഷനും അഡാപ്റ്റീവ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡാമ്പിങ്ങും ഈ സസ്പെൻഷൻ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസൈനിൻ്റെ കാര്യത്തിൽ ജി-വാഗണിന്റെ തനത് രൂപം നിലനിർത്തിയാണ് ബെൻസ് പുത്തൻ പതിപ്പിനേയും പണികഴിപ്പിച്ചിരിക്കുന്നത്. എന്നാൽ പുതിയ G63 മോഡലിന് എഎംജി നിർദ്ദിഷ്ട ടച്ചുകൾ സമ്മാനിച്ചിട്ടുണ്ട്. അതായത് ഫ്ലേർഡ് വീൽ ആർച്ചുകൾ, എഎംജി-നിർദ്ദിഷ്ട ബമ്പർ എന്നിവ ലഭിക്കുന്നുവെന്ന് സാരം. സ്റ്റാൻഡേർഡ് ജി-ക്ലാസുമായി താരതമ്യപ്പെടുത്തുമ്പോൾ മുൻവശം നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യാനും സാധിക്കും.
ഇനി ഇന്റീരിയറിലേക്ക് കയറിയാൽ നാപ്പ ലെതർ അപ്ഹോൾസ്റ്ററി, കസ്റ്റമൈസബിൾ ആംബിയൻ്റ് ലൈറ്റിംഗ്, MBUX NTG7 ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ വഴിയുള്ള സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഓഗ്‌മെൻ്റഡ് റിയാലിറ്റി നാവിഗേഷൻ, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിന് സമാന വലുപ്പത്തിലുള്ള ഡ്രൈവർ ഡിസ്‌പ്ലേ, കീലെസ് എൻട്രി പോലുള്ള അത്യാധുനുക ഫീച്ചറുകളാൽ സമ്പന്നമാണ് സൗരഭ് അഹൂജയുടെ ആഡംബര കാർ.


Click it and Unblock the Notifications








