വില ഒരു കോടി രൂപയോ? ദലൈലാമയുടെ ഫോർച്യൂണറിന് എന്താ ഇത്ര പ്രത്യേകത
ടിബറ്റൻ ബുദ്ധവംശജരുടെ ആത്മീയനേതാവായ ദലൈലാമയെ കുറിച്ച് നമ്മളിൽ പലരും ഇതിനോടകം തന്നെ കേട്ടിട്ടുണ്ടാവും. ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റൻ ബുദ്ധവംശജർക്ക് ആത്മീയമായും, ചിലപ്പോൾ ലൗകികമായും നേതൃത്വം നൽകുന്ന വ്യക്തിയെയാണ് ദലൈലാമ എന്നു വിളിക്കുന്നത്. നിലവിലെ പതിനാലാമത് ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ. ഇദ്ദേഹം വലിയൊരു വാഹന പ്രേമികൂടിയാണെന്നതാണ് രസകരമായ കാര്യം.
അദ്ദേഹത്തിന്റെ ലാൻഡ് റോവർ കുറച്ചുനാളുകൾക്ക് മുമ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു. ദേ ഇപ്പോൾ ടെൻസിൻ ഗ്യാറ്റ്സോയുടെ ഫോർച്യൂണറിനെ കുറിച്ചുള്ള വാർത്തകളാണ് വാഹന ലോകത്തെ ചൂടുള്ള വാർത്ത. ദലൈലാമ ഉപയോഗിക്കുന്ന ഫോർച്യൂണറിന് ഒരു കോടിയിലധികം വില വരുമെന്ന കാര്യമാണ് ഇതിലെ പ്രധാന സംഭവം. അല്ലെങ്കിൽ തന്നെ സാധാരണ ഫോർച്യൂണറിന്റെ ഓൺറോഡ് വില കേട്ട് നമ്മൾ നേരത്തെ അമ്പരന്നിരുന്നു. ദലൈലാമ ഇപ്പോൾ ബിഹാറിലെ ബോധഗയയിലേക്കാണ് യാത്ര ചെയ്യുന്നത്. കാറുകളിൽ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ടൊയോട്ട ഫോർച്യൂണറിലാണ് ഇദ്ദേഹത്തിന്റെ യാത്ര.

ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത ടൊയോട്ട ഫോർച്യൂണറിലെ അദ്ദേഹത്തിന്റെ യാത്രകളുടെ വീഡിയോ ഇന്റർനെറ്റിലൂടെ പ്രചരിക്കുകയും ചെയ്‌തിരുന്നു. ദലൈലാമയുടെ ഫോർച്യൂണർ ഒരു സാധാരണ എസ്‌യുവി പോലെയാണെങ്കിലും ഈ വാഹനത്തിന് കൂടുതൽ വിശേഷങ്ങളുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ചൈനയിൽ നിന്നുമുള്ള ഭീഷണിയെ തുടർന്ന് കേന്ദ്ര സർക്കാർ ദലൈലാമയ്ക്ക് ഒരു ബുള്ളറ്റ് പ്രൂഫ് ഫോർച്യൂണർ എസ്‌യുവിയാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടാണ് ഇതിന് ഒരു കോടി രൂപയോളം ചെലവ് വരുന്നത്.
ടൊയോട്ട സ്വന്തമായി കവചിത ഫോർച്യൂണർ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ഒരാൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന നിരവധി ആഫ്റ്റർ മാർക്കറ്റ് ഓപ്ഷനുകൾ കമ്പനി അണിനിരത്തുന്നുണ്ട്. സാധാരണ ഫോർച്യൂണറിനെ ബുള്ളറ്റ് പ്രൂഫാക്കി മാറ്റുന്ന അത്തരത്തിലുള്ള ഒരു കമ്പനിയാണ് മിനർവ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ് (MSPV). ഫോർച്യൂണറിൽ ആർമഡ് വാഹനമാക്കുന്നതോടെ സ്റ്റോക്ക് അവസ്ഥയിലുള്ള ഭാരം 1.8 ടണ്ണിൽ നിന്ന് ഏകദേശം 3.7 ടണ്ണായി വർധിക്കുന്നു. MSPV യുടെ ഈ കസ്റ്റമൈസ്‌ഡ് ആർമഡ് ടൊയോട്ട ഫോർച്യൂണറിന് B4+ ലെവൽ ആക്രമണത്തെ വരെ നേരിടാൻ കഴിയും എന്നതാണ് പ്രത്യേകത.

അതിൽ കലാഷ്‌നിക്കോവ് AK47, B6 ലെവൽ അസാൾട്ട് എന്നിവ വരെ ഉൾപ്പെടുന്നുണ്ട്. ഇതിൽ പ്രത്യേക ആവശ്യത്തിനുള്ള M80 യന്ത്രത്തോക്കുകളും SS109 ഗ്രീൻ-ടിപ്പഡ് വെടിയുണ്ടകളും വരെ ഉൾപ്പെടുന്നു. ഫോർച്യൂണറിന്റെ ഫ്ലോറിന് ബോംബ് സ്‌ഫോടനങ്ങളിൽ നിന്നും സ്‌ഫോടക വസ്തുക്കളിൽ നിന്നും സംരക്ഷണം ലഭിക്കുന്നുമുണ്ട്. DM51 ഹാൻഡ് ഗ്രനേഡുകളിൽ നിന്നോ HG85 ഫ്രാഗ്മെന്റേഷൻ ഗ്രനേഡുകളിൽ നിന്നോ യാത്രക്കാരെ സുരക്ഷിതമാക്കാൻ ഇതിന് കഴിയും. DM311 പോലുള്ള ലാൻഡ് മൈനുകൾക്കെതിരെ വരെ പ്രൊട്ടക്ഷൻ നൽകുന്നതിനുള്ള ഒരു ഓപ്ഷനും ഹൈലൈറ്റാണ്.
അതേമയം ദലൈലാമയുടെ ഫോർച്യൂണറിന് മെക്കാനിക്കലായി പരിഷ്ക്കാരങ്ങളൊന്നും നൽകിയിട്ടില്ല. സ്റ്റോക്ക് പതിപ്പിന് സമാനമായതിനാൽ തന്നെ ആർമഡ് കസ്റ്റമൈസേഷനിൽ ഭാരം കൂടിയതിനാൽ പെർഫോമൻസിൽ കാര്യമായ കുറവ് വന്നിരിക്കും. എന്നിരുന്നാലും ഈ അധിക ഭാരം കൈകാര്യം ചെയ്യുന്നതിനായി സസ്പെൻഷനും സ്റ്റിയറിങ്ങും പോലുള്ള മറ്റ് പ്രധാന ഭാഗങ്ങൾ നവീകരിച്ചിട്ടുണ്ട്. പതിനാലാമത് ദലൈലാമ ഉപയോഗിക്കുന്ന ഈ ഫോർച്യൂണറിൽ സ്റ്റീൽ റിമുകളും വിൻഡോകളുടെ കട്ടിയുള്ള അതിരുകളും മാത്രമാണ് ഇത് ഒരു കവചിത കാറാണെന്ന സൂചന നൽകുന്നത്.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസിന് സാധാരണ ഗ്ലാസിനേക്കാൾ കനം കൂടുതലായതിനാൽ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ വിൻഡോകൾ പൂർണമായും അടച്ചിരിക്കും. കൂടാതെ ഇതിന് അധിക മെയിന്റനെൻസും ആവശ്യമാണ്. ചൈന ടിബറ്റിനെ ആക്രമിച്ചപ്പോൾ ഇന്ത്യയിൽ അഭയം പ്രാപിച്ച ശേഷം ദലൈലാമ 1966 മുതൽ 1976 വരെ ഇന്ത്യയിലെ ധർമ്മശാലയിൽ തന്റെ സ്വകാര്യ വാഹനമായി ലാൻഡ് റോവർ സീരീസ് IIA ഉപയോഗിച്ചു. ലൈലാമ ഒരിക്കലും വാഹനം ഓടിച്ചിട്ടില്ലെങ്കിലും യാത്ര ചെയ്യാൻ ഒരുപാട് ഇഷ്‌ടപ്പെടുന്നവരാണ് ലാമമാർ.
ഹിമാലയൻ നിരകളിലുടനീളം സഞ്ചരിക്കുന്നതിനാൽ ലാൻഡ് റോവർ സീരീസ് IIA യുടെ ലോ-റേഷ്യോ 4X4 കഴിവുകൾ ഉപയോഗപ്രദമായി. വളരെക്കാലമായി ഹിമാലയൻ റോഡുകൾ കല്ലിടാതെ കിടന്നതിനാലും എളുപ്പവഴി അല്ലാത്തതിനാലും 4X4 വാഹനങ്ങൾ മാത്രമേ ഇവിടങ്ങളിലേക്ക് കയറാൻ ഉപയോഗിക്കാറുള്ളൂ. ചൈനീസ് അധിനിവേശത്തിനും അടിച്ചമർത്തലിനുമെതിരെ ടിബറ്റൻ പോരാളികൾ നടത്തിയ സായുധ കലാപത്തിനു പിന്നാലെ 1959-ലാണ് ടിബറ്റൻ ആത്മീയാചാര്യനായ പതിനാലാം ദലൈലാമ അനുയായികൾക്കൊപ്പം ഇന്ത്യയിലേക്കു പലായനം ചെയ്യുന്നത്.


Click it and Unblock the Notifications








