രാജാവിന് എന്ത് ക്യൂ..? റോൾസ് റോയ്സ് കാറുകൾ ക്രാഷ് ടെസ്റ്റ് ചെയ്യാത്തതിന്റെ കാരണം അറിയുമോ
ലോകമെമ്പാടുമായി റോഡ് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിതമായ കാറുകൾ വാങ്ങാനാണ് ആളുകൾ ഇപ്പോൾ താത്പര്യപ്പെടുന്നത്. സേഫ്റ്റ് മുഖ്യം ബിഗിലേ എന്ന ഡയലോഗ് കാർ വാങ്ങുമ്പോൾ മനസിൽ ഓർത്തുവെച്ചേക്കണം. ഇക്കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലെങ്കിലും യുവതലമുറ സേഫ്റ്റിക്ക് മുൻഗണന കൊടുക്കുന്നുണ്ടെന്ന് വേണം പറയാൻ.

ഇപ്പോൾ ആളുകൾ ഒരു പുതിയ കാർ വാങ്ങുമ്പോൾ സുരക്ഷാ റേറ്റിംഗിനും മുൻഗണന നൽകുന്നുണ്ടെന്ന് പഠനങ്ങൾ വരെ തെളിയിച്ചിട്ടുണ്ട്. ഇത്തരം ക്രാഷ് ടെസ്റ്റുകൾ നടത്താൻ ഇന്ന് ലോകമെമ്പാടുമായി നിരവധി ഓർഗനൈസേഷനുകളും പ്രവർത്തിക്കുന്നുണ്ട്. നമുക്ക് ഏറെ പരിചിതമായ ഗ്ലോബൽ NCAP ഒക്കെ ഇത്തരം സംഘടനകളിൽ ഒന്നാണ്. പ്രധാനമായും 1 മുതൽ 5 വരെയാണ് സേഫ്റ്റി സ്റ്റാർ റേറ്റിംഗുകളായി നൽകാറുള്ളത്. അഞ്ചിൽ അഞ്ചും നേടിയാൽ വാഹനം ഏറ്റവും സുരക്ഷിതമാണെന്ന് അർഥം.

ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗ് ലോകമെമ്പാടുമായി വാഹന നിർമാതാക്കളും ഉപഭോക്താക്കളും അംഗീകരിച്ചിരിക്കുന്ന കാര്യമാണിപ്പോൾ. ഈ സംഘടന നിരവധി വാഹന കമ്പനികളുടെ ക്രാഷ് ടെസ്റ്റിംഗ് നടത്തുന്നുമുണ്ട്. ടാറ്റ മോട്ടോർസ് പോലുള്ള ബ്രാൻഡുകൾ സ്വയമേ കമോഡലുകൾ പരിശോധനയ്ക്ക് അയക്കുമ്പോൾ ചില കാറുകൾ സംഘടന സ്വയമേ പരീക്ഷണത്തിന് വിധേയമാക്കാറുമുണ്ട്.

എന്നാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് കാറുകൾ ഒരിക്കൽ പോലും ക്രാഷ് ടെസ്റ്റിംഗിന് വിധേയമായിട്ടില്ല. ഇതിനുള്ള കാരണം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

റോൾസ് റോയ്‌സ് കാറുകൾക്ക് എന്തായാലും നിർമാണ നിലവാരം ഇല്ലെന്ന് ആരും പറയില്ലല്ലോ. പിന്നെന്തുകൊണ്ടാണ് ബ്രിട്ടീഷ് ലക്ഷ്വറി കാറുകൾ ക്രാഷ് ടെസ്റ്റിന് വിധേയമാക്കാത്തത്. ക്രാഷ് ടെസ്റ്റിംഗ് ചെയ്യാത്തതിന് പിന്നിലെ കാരണം വളരെ രസകരമായ ഒന്നാണ്. അതെന്താണെന്ന് വഴിയെ പറഞ്ഞു തരാം. അതിനു മുമ്പ് എന്താണ് ക്രാഷ് ടെസ്റ്റ് എന്നും അവയുടെ വിശ്വസനീയതയും നമുക്ക് ഒന്ന് ചർച്ച ചെയ്യാം.

ലോകമെമ്പാടുമുള്ള ഏതൊരു നിർമാതാവും തങ്ങളുടെ കാറിൽ എത്രത്തോളം സേഫ്റ്റി ഫീച്ചേഴ്‌സ് ഉണ്ടെന്നതിനെ അടിസ്ഥാനമാക്കി മാത്രമേ സ്വയമേ ക്രാഷ് ടെസ്റ്റിന് വിധേയമാക്കാറുള്ളൂ. ഗ്ലോബൽ NCAP പോലെയുള്ള ലാഭേച്ഛയില്ലാത്ത ഓർഗനൈസേഷനുകൾ ചിലപ്പോൾ വ്യക്തിഗതമായും കാറുകൾ പരിശോധിക്കാറുണ്ട്. ഉദാഹരണമായി പറഞ്ഞാൽ മാരുതി സുസുക്കി തങ്ങളുടെ കാറുകൾ സ്വയമേ ഇത്തരം പരിശോധനകൾക്ക് വിധേയമാക്കാറില്ല.

ഈ സാഹചര്യത്തിൽ സംഘടന സ്വയമേ ഒരു കാർ വാങ്ങി ടെസ്റ്റിംഗിന് വിധേയമാക്കുകയാണ് ചെയ്യുന്നത്. സാധ്യമായ എല്ലാ വഴികളിലും ഈ മോഡൽ ക്രാഷ് ടെസ്റ്റിന് വിധേയമാക്കും. ഇതിന് ശേഷമാണ് ഈ കാറുകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നത്.

റോൾസ് റോയ്‌സ് കാറുകളുടെ ക്രാഷ് ടെസ്റ്റിംഗ് നിങ്ങൾ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. ഇനിയിപ്പോൾ ഇതിന്റെ ചില വീഡിയോകൾ കണ്ടിട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ പോലും അവയൊന്നും വിശ്വാസത്തിനെടുക്കേണ്ട. അവ ആനിമേഷനോ അല്ലെങ്കിൽ വ്യാജമോ ആയിരിക്കും.ഇനി എന്തുകൊണ്ട് ആഡംബരം തുളുമ്പുന്ന റോള്‍സ് റോയ്‌സ് കാറുകൾ ഇത്തരം ക്രാഷ് ടെസ്റ്റുകൾക്ക് വിധേയമാക്കുന്നില്ല എന്നതിന് ഉത്തരം നൽകാം.

ബ്രിട്ടീഷ് മാർക്വീ തങ്ങളുടെ കാർ കസ്റ്റമൈസ് ചെയ്ത രീതിയിലാണ് നിർമിക്കുന്നത്. ഇതിനുശേഷം വാങ്ങുന്നയാളുടെ മുഴുവൻ ഡാറ്റയും കമ്പനി കൈവശം വെക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഏതൊരു ടെസ്റ്റിംഗ് ഏജൻസിക്കും ക്രാഷ് ടെസ്റ്റിന് ഒരു കാറിന്റെ 4 മുതൽ 5 വരെ യൂണിറ്റുകൾ ആവശ്യമായി വരും. ബ്രിട്ടീഷ് കമ്പനി സ്വന്തമായി കാറുകൾ ക്രാഷ് ടെസ്റ്റിന് കൊടുക്കാറില്ല.

ആയതിനാൽ ഇടിപരീക്ഷണത്തിനായി GNCAP പോലുള്ള സംഘടനകൾ കാറുൾ സ്വയമേ മേടിക്കേണ്ടി വരും.റോൾസ് റോയ്‌സിന്റെ ഒരു കാറിന് ഏകദേശം 5 കോടി രൂപയോളമാണ് വില വരുന്നത്. അങ്ങനെ നോക്കുമ്പോൾ 20 മുതൽ 25 കോടി രൂപ വരെ ക്രാഷ് ടെസ്റ്റിനായി സംഘടനകൾ മുടക്കേണ്ടി വരും. ഇത്തരമൊരു സാഹചര്യത്തിൽ റോൾസ് റോയ്‌സ് കാറുകളുടെ ചെലവ് താങ്ങാനാവാത്തതിനാൽ GNCAP പോലുള്ളവർ ഈ സാഹസത്തിന് മുതിർന്നിട്ടില്ലെന്നു പറയാം.

കാരണം ക്രാഷ് ടെസ്റ്റിന് ശേഷം ഈ കാറുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നതും ഉയർന്ന തുക മുടക്കുന്നതിൽ നിന്നും ഓർഗനൈസേഷനുകളെ പിന്നോട്ടു വലിക്കുന്നുണ്ട്. ഇതാണ് റോൾസ് റോയ്സ് കാറുകൾ ക്രാഷ് ടെസ്റ്റിംഗിന് വിധേയമാകാത്തതിന് കാരണം.

ഇനി കാർ വാങ്ങുമ്പോൾ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് പരിഗണിക്കേണ്ടതുണ്ടോ എന്ന സംശയിക്കുന്നവർക്കും ഉത്തരം നൽകാം. ഒരു പുതിയ കാർ വാങ്ങുമ്പോൾ ഏറ്റവും ഉയർന്ന മുൻഗണന നൽകേണ്ട കാര്യങ്ങളിൽ ഒന്നായി തന്നെ സ്റ്റാർ റേറ്റിംഗുകളെ എടുക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മോഡൽ എങ്കിലും വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കാം.


Click it and Unblock the Notifications








