കാറിലെ സ്പെയർ വീലുകൾ ചെറുതാകാനുള്ള കാരണം ഇതായിരുന്നോ? എന്നാലും നമ്മളറിയാതെ പോയല്ലോ
ഒരു കാറിന് എത്ര വീലുണ്ട് എന്ന് ചോദിച്ചാൽ നാല് എന്ന് പറയുന്നവരാവും നമ്മൾ. എന്നാൽ പുറമെ കാണുന്ന നാല് വീലുകൾക്ക് പുറമെ അത്യാവിശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ മറ്റൊരു വീൽ കൂടി കാറുകളിൽ കമ്പനികൾ ഒളിപ്പിച്ചുവെക്കാറുണ്ട്. നാം സ്റ്റെപ്പിനി എന്ന് വിളിക്കുന്ന സ്പെയർ വീലുകളുടെ കാര്യമാണീ പറഞ്ഞുവരുന്നത്. പണ്ടൊക്കെ എല്ലാ ഫോർവീലറുകളിലും സാധാരണയായി കണ്ടുവരാറുണ്ടായിരുന്നതിനാൽ ഇതൊരു സർവസാധാരണമായിരുന്നു. എന്നാൽ മോഡേൺ കാറുകളിൽ നിന്നും മിക്ക കമ്പനികളും സ്പെയർ വീലുകൾ ഒഴിവാക്കുന്നുണ്ട്. 2020-ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ നടപ്പാക്കിയ ഭേദഗതിയാണ് ഇതിനെല്ലാം കാരണം.
അതായത് ട്യൂബ്‌ലെസ് ടയര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ടയര്‍ പഞ്ചര്‍ കിറ്റ് എന്നിവ സജ്ജീകരിച്ച കാറുകളില്‍ സ്‌പെയര്‍ വീല്‍ നിര്‍ബന്ധമില്ലെന്ന മാറ്റമാണ് കൊണ്ടുവന്നത്. എന്തായാലും നമുക്ക് സ്പെയർ വീലുകളെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങൾ നോക്കിയാലോ? കാറിലെ സ്പെയർ ടയർ സാധാരണ വീലുകളേക്കാൾ അര ഇഞ്ച് മുതൽ ഒരു ഇഞ്ച് വരെ ചെറുതായിരിക്കുമെന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ അല്ലേ. എന്നാൽ ഇതിൻ്റെ കാരണം എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഡോനട്ട് ടയർ എന്നറിയപ്പെടുന്ന സ്പെയർ വീലുകൾ സാധാരണയായി സ്ഥലം ലാഭിക്കുന്നതിനും അല്ലെങ്കിൽ ഭാരം കുറയ്ക്കുന്നതിനുമായാണ് അര ഇഞ്ച് മുതൽ ഒരു ഇഞ്ച് വരെ വലിപ്പം കുറയ്ക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ താൽക്കാലിക പരിഹാരമായാണ് പൊതുവേ ഇവയെ കാണുന്നത്. അതായത് യാത്രയ്ക്കിടെ കാർ ഒന്ന് പഞ്ചറാവുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തകരാർ വരികയോ ചെയ്‌താൽ താത്ക്കാലിക പരിഹാരത്തിനായി മാത്രമേ ഇവ ഉപയോഗിക്കാവൂ. സ്പെയർ ടയറുകൾ മറ്റ് വീലുകളെ അപേക്ഷിച്ച് ചെറുതാകുന്നത് എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാം.
ഒന്നാമത്തേത് വാഹന നിർമ്മാതാക്കൾ പ്രധാനമായും വാഹനത്തിന്റെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാനായാണ് ചെറിയ സ്പെയർ വീലുകൾ ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞ കാർ കുറഞ്ഞ ഇന്ധനം ഉപയോഗിക്കുകയും മികച്ച മൈലേജ് നൽകുകയും ചെയ്യും. ഇത് കാര്യക്ഷമത ലക്ഷ്യങ്ങളും പരിസ്ഥിതി നിയന്ത്രണങ്ങളും കൈവരിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്. വാഹനങ്ങൾ പൂർണ വലിപ്പത്തിലുള്ള സ്പെയർ വീലുകൾ നൽകിയാൽ അധിക ഭാരം കാലക്രമേണ ഇന്ധന ഉപഭോഗം നേരിയ തോതിൽ വർധിപ്പിക്കാൻ ഇടയാക്കിയേക്കും.

സ്പെയർ വീലുകളുടെ സൈസ് കുറയ്ക്കാൻ വാഹന നിർമാതാക്കളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ് സ്പേസ് ലാഭിക്കാം എന്നുള്ളത്. ചെറിയ വീലുകൾ നൽകുകയാണെങ്കിൽ സ്ഥലം കുറച്ചേ വേണ്ടിവരികയുള്ളൂ. ഇത് നിർമാണ കമ്പനികൾക്ക് കൂടുതൽ പ്രായോഗികമായി ലഗേജ് ഏരിയ രൂപകൽപ്പന ചെയ്യാൻ സഹായിക്കും. പ്രത്യേകിച്ചും ചെറിയ ബജറ്റിലുള്ള വലിപ്പം കുറഞ്ഞ വാഹനങ്ങളിൽ ഇതൊരു വലിയ അനുഗ്രഹമായിരിക്കും.
സ്റ്റെപ്പിനി ടയറുകളുടെ വലിപ്പം കുറയ്ക്കുന്നതിനുള്ള മറ്റൊരു പ്രധാന ലക്ഷ്യം നിർമാണ ചെലവ് കുറയ്ക്കുക എന്നത് കൂടിയാണ്. ചെറിയ ടയറുകൾക്കും റിമ്മുകൾക്കും കുറഞ്ഞ മെറ്റീരിയൽ മാത്രമേ ആവശ്യമുള്ളൂ. അവ നിർമിക്കാൻ കുറഞ്ഞ ചെലവ് മാത്രമേ വരിയുള്ളൂ. സ്പെയർ ടയറുകൾ അടിയന്തര ഉപയോഗത്തിന് മാത്രമുള്ളത് ആയതിനാൽ ഇതൊരു പ്രശ്നമായി ആരും കാണുകയുമില്ല. മാത്രമല്ല, വാഹനങ്ങളുടെ മൊത്തത്തിലുള്ള വിലയും പിടിച്ചുനിർത്താൻ ഈ നീക്കം സഹായിക്കുന്നുമുണ്ട്.

ഇവ കൈകാര്യം ചെയ്യാൻ എളുപ്പമാക്കുക എന്നൊരു ലക്ഷ്യം കൂടി കണ്ടാണ് വലിപ്പം കുറയ്ക്കുന്നത്. ഈ ടയറുകളുടെ ഭാരം കുറഞ്ഞ നിർമാണം റോഡരികിലെ അടിയന്തര ഘട്ടങ്ങളിൽ കൈകാര്യം ചെയ്യാൻ എളുപ്പമാക്കുന്നു. അവയുടെ കുറഞ്ഞ ഭാരം വലിയ സ്പെയർ ടയറുമായി താരതമ്യപ്പെടുത്തുമ്പോൾ മാറ്റിയിടാൻ എല്ലാം എളുപ്പമാക്കും. സ്പെയർ വീലുകൾ പൊതുവേ അത്യാവിശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് പറഞ്ഞുവല്ലോ.
സ്റ്റെപ്പിനിയിട്ട് കാർ ഉപയോഗിക്കുകയാണെങ്കിൽ സാധാരണയായി മണിക്കൂറിൽ 70-80 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വാഹനമോടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചെറിയ ടയർ വാഹനത്തിൻ്റെ ഗ്രൗണ്ട് ക്ലിയറൻസിനെയും ഹാൻഡിലിംഗിനേയും ചെറുതായി ബാധിച്ചേക്കാനിടയുണ്ട് എന്നതിനാലാണ് ഡ്രൈവർമാർ കുറഞ്ഞ വേഗത നിലനിർത്താൻ പറയുന്നതിൻ്റെ പിന്നിലുള്ള കാരണം. ചില കാറുകളിൽ മാത്രമാണ് സൈസ് കുറഞ്ഞ വീലുകൾ ഉപയോഗിക്കുന്നത് എന്നതിനാൽ എല്ലാവർക്കും ഇത് ബാധകമല്ല കേട്ടോ.


Click it and Unblock the Notifications








