നമ്മൾ ഇതറിയാതെ പോയല്ലോ, എയർബാഗുകളും SRS എയർബാഗുകളും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നല്ലേ
ഒരു കാർ പുറത്തിറക്കണമെങ്കിൽ ജീവന്റെ വിലയുള്ള ഈയൊരു ഫീച്ചറില്ലാതെ നടക്കില്ലെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മറ്റൊന്നുമല്ല എയർബാഗ് ആണ് ആ സംഗതി. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ കാറുകളിലും അടിസ്ഥാനപരമായി ഫ്രണ്ട് ഡ്യുവൽ എയർബാഗുകൾ എങ്കിലും ഉണ്ടാവണമെന്നാണ് നിയമം. ഇത് 6 വരെയാക്കി അടുത്തിടെ പുതുക്കുകയും ചെയ്‌തിരുന്നു.വാഹനങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള സുപ്രധാന ഫീച്ചറാണ് എയര്‍ബാഗ് എന്ന് ഏവർക്കും അറിയാമെന്നതിനാൽ ഇപ്പോൾ ഇവയുടെ എണ്ണം നോക്കി കാറുകൾ വാങ്ങുന്നവരാണ് അധികവും. കാറുകൾ അപകടത്തിൽ പെടുമ്പോൾ എയർബാഗുകളാണ് പ്രധാനമായും വ്യത്യാസം വരുത്തുന്നതെന്ന ആളുകൾ മനസിലാക്കി തുടങ്ങിയതിന്റെ ഫലമാണിത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പല വാഹന നിർമ്മാതാക്കളും തങ്ങളുടെ കാറുകളിലെ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളുടെ എണ്ണവും വർധിപ്പിക്കാൻ നിർബന്ധിതരായിട്ടുണ്ട്. ഇന്ന് വിപണിയിലെത്തുന്ന എല്ലാ ചെറുകാറുകളിൽ പോലും ഡ്യുവൽ എയർബാഗുകൾ സ്റ്റാൻഡേർഡായി വേണമെന്ന് സർക്കാർ വാശിപിടിച്ചത് എന്തുകൊണ്ടും നന്നായി. ഇപ്പോൾ 10 ലക്ഷത്തിൽ താഴെ വരുന്ന മിക്ക കാറുകളിൽ പോലും 6 എയർബാഗുകൾ സ്റ്റാൻഡേർഡാണ്.

എയർബാഗുകളുമായി ബന്ധപ്പെട്ട് പറയുമ്പോൾ പലരും കേട്ടിട്ടുള്ള സംഗതിയാണ് SRS എയർബാഗ് എന്ന പേര്. എയർബാഗുകളും SRS എയർബാഗുകളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പലർക്കും സംശയവും ആശയക്കുഴപ്പവും ഉണ്ടാവും. അതൊന്ന് നമുക്ക് ഇന്നിവിടെ പരിഹരിച്ചാലോ? "SRS" എന്ന പേര് സപ്ലിമെൻ്റൽ നിയന്ത്രണ സംവിധാനത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് സപ്ലിമെന്റ് റെസ്ട്രൈന്റ് സിസ്റ്റം എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.
SRS ലോഗോ മിക്ക ആധുനിക മോട്ടോർ കാറുകളിലെയും എയർബാഗ് ലൊക്കേഷൻ പോയിൻ്റുകളിലാണ് പ്രധാനമായും കാണുന്നത്. മിക്കപ്പോഴും സ്റ്റിയറിംഗ് വീലിൻ്റെ മധ്യഭാഗത്തും ഡാഷ്‌ബോർഡിൻ്റെ പാസഞ്ചർ വശത്തും ഈ എഴുത്ത് പൊതുവേ ദൃശ്യമാവാറുണ്ട്. ചില എയർബാഗുകൾക്ക് SRS ലോഗോ ഉണ്ടാവണമെന്നുമില്ല കേട്ടോ. പ്രത്യേകിച്ച് മുൻവശത്തെ സീറ്റ് ബാക്ക്‌റെസ്റ്റുകളിൽ കാണപ്പെടുന്നവയ്ക്ക്.

എന്നാൽ ഈ എയർബാഗുകൾ മറ്റെല്ലാ ആധുനിക എയർബാഗുകളുടെയും അതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. SRS എയർബാഗുകളെക്കുറിച്ചും സാധാരണ എയർബാഗുകളെക്കുറിച്ചും പറയേണ്ട ആദ്യത്തെ കാര്യം ഇവ രണ്ടും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമില്ല എന്നതാണ്. ഇനി ചരിത്രം നോക്കിയാൽ SRS എയർബാഗ് ലോഗോയുടെ ഉത്ഭവം യുഎസിലെ കാറുകളിൽ എയർബാഗ് ഇൻസ്റ്റാളേഷൻ്റെ ആദ്യ നാളുകളിൽ നിന്നാണ്.
എയർബാഗുകൾ സ്റ്റാൻഡേർഡ് ഉപകരണങ്ങളായി ഘടിപ്പിക്കുന്ന ആദ്യത്തെ രാജ്യമാണ് അമേരിക്ക. 1970-കളുടെ മധ്യത്തിൽ തന്നെ ഓൾഡ്‌സ്‌മൊബൈൽസ്, കാഡിലാക്സ് തുടങ്ങിയ ചില മുൻനിര മോഡലുകളിൽ എയർബാഗ് ഘടിപ്പിച്ചു തുടങ്ങിയിരുന്നു. 1981-ലാണ് മെർസിഡീസ് ബെൻസ് പോലും അവരുടെ ടോപ്പ്-എൻഡ് എസ്-ക്ലാസ് മോഡലിൽ ഒരു എയർബാഗ് വാഗ്ദാനം ചെയ്തത്. അതും ഓപ്‌ഷണലായിട്ടായിരുന്നു ജർമൻ ബ്രാൻഡ് എയർബാഗ് സുരക്ഷ കൊടുത്തിരുന്നത്.

എയർബാഗ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ യൂറോപ്യൻ വാഹന നിർമാതാക്കളായിരുന്നു ബെൻസ്. എയർബാഗുകൾ സീറ്റ് ബെൽറ്റിന് പകരമല്ലെന്നും എന്നാൽ സീറ്റ് ബെൽറ്റുമായി സംയോജിച്ച് (ഒരു അനുബന്ധ ഉപകരണമായി) പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും അമേരിക്കൻ ഉപഭോക്താക്കളെ ചൂണ്ടിക്കാണിക്കുന്നതിനാണ് സപ്ലിമെന്റ് റെസ്ട്രൈന്റ് സിസ്റ്റം എന്നതിന്റെ SRS ലോഗോ വികസിപ്പിച്ചെടുത്തത്.
ചില പ്രത്യേക കാരണങ്ങൾ ചൂണ്ടിക്കാണിച്ച് സീറ്റ് ബെൽറ്റ് ധരിക്കുന്നതിനെതിരെ അമേരിക്കക്കാർ വർഷങ്ങളായി വലിയ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും സീറ്റ് ബെൽറ്റ് നിയമം നിർബന്ധമാക്കിയിട്ട് 40 വർഷങ്ങൾക്ക് ശേഷവും ന്യൂ ഹാംഷെയർ സ്റ്റേറ്റിൽ മുതിർന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിയമം നിലവിലില്ല. അതൊരു അത്ഭുതമായ തീരുമാനങ്ങളിൽ ഒന്നായി പലർക്കും തോന്നിയേക്കാം.
അമേരിക്കയിലെ കാറുകളിൽ എയർബാഗ് സ്ഥാപിച്ചതിന്റെ ആദ്യകാലങ്ങളിൽ എയർബാഗ് സീറ്റ് ബെൽറ്റുകൾക്ക് പകരം കണ്ടുപിടിച്ച സംവിധാനമാണെന്നും ബക്കിൾ അപ്പ് ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു വാഹനമോടിക്കുന്നവരെല്ലാം കരുതിയിരുന്നത്. ഇക്കാരണം കൊണ്ടാണ് കാറിൽ സീറ്റ് ബെൽറ്റുകൾ പ്രാഥമിക സുരക്ഷാ നിയന്ത്രണ സംവിധാനമായി (Supplemental Restraint System) തുടരുന്നുവെന്നും എയർബാഗുകൾ അനുബന്ധ സുരക്ഷാ സംവിധാനമാണെന്നും വാഹനമോടിക്കുന്നവരെ അറിയിക്കുന്നതിനാണ് SRS ലോഗോ രൂപകൽപ്പന ചെയ്തത്.


Click it and Unblock the Notifications








