ക്ലച്ചില്ലാ, ഗിയർ മാറ്റേണ്ട! ഇന്ത്യയിലെ വ്യത്യസ്‌ത തരം ഓട്ടോമാറ്റിക് കാറുകൾ
നമ്മളിൽ ഭൂരിഭാഗം ആളുകളും മാനുവൽ ഗിയർബോക്‌സ് സംവിധാനമുള്ള കാറുകളിൽ ഡ്രൈവിംഗ് പഠിച്ചവരാണ്. എന്നാൽ അടുത്ത കാലത്തായി ഇന്ത്യയില്‍ ഓട്ടോമാറ്റിക് കാറുകളുടെ പ്രചാരം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഡ്രൈവിംഗ് കൂടുതൽ എളുപ്പമാക്കുന്നു എന്നതാണ് ഇവയിലേക്ക് ആളുകളെ ഇപ്പോൾ ആകർഷിക്കാൻ തന്നെ കാരണമാവുന്നത്.

ഇതോടെ കാർ നിർമാതാക്കൾ കൂടുതലായി ഓട്ടോമാറ്റിക് ഗിയർബോക്സുള്ള കാറുകൾ വാഗ്ദാനം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. മാനുവൽ ഗിയർബോക്‌സ് കൂട്ടാളികളുടേതിന് സമാനമായി അവയുടെ വിലകൾ വളരെ സാമ്യമുള്ളതും ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകമാണ്.

എന്നാൽ ഈ ഓട്ടോമാറ്റിക് കാറുകൾക്കെല്ലാം ഒരേ ട്രാൻസ്മിഷൻ സംവിധാനമില്ല. അഞ്ച് വ്യത്യസ്ത തരം ഓട്ടോമാറ്റിക് കാറുകളാണ് ഇപ്പോൾ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. നമുക്ക് അവരെ കുറിച്ച് ഒന്നു അറിഞ്ഞിരുന്നാലോ?

ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT)
ഏറ്റവും നൂതനമായ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിസ്റ്റങ്ങളിൽ ഒന്നാണ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ. അടുത്തിടെ ആൾട്രോസ് ഇറങ്ങിയതോടെയാണ് ഇതിനെ കുറിച്ച് ആളുകൾ കൂടുതൽ ചർച്ച ചെയ്യാൻ തുടങ്ങിയതും. ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഒരു ഇരട്ട-ക്ലച്ച് സിസ്റ്റമാണ് ഉപയോഗിക്കുന്നത്.

അത് സുഗമമായ ഗിയർ ഷിഫ്റ്റുകൾക്ക് പേരുകേട്ട ഒന്നാണെന്നതും ശ്രദ്ധേയമാണ്. ഡിസിടി കാറുകൾ വേഗമേറിയതും കൂടുതൽ കൃത്യവുമായ ഗിയർ ഷിഫ്റ്റുകൾ നൽകുന്നു. പക്ഷേ ഇന്ധനക്ഷമതയുടെ കാര്യത്തിൽ ഇവർ അൽപം പിന്നോട്ടാണെന്നു വേണം പറയാൻ. ഗിയറുകൾക്കിടയിലെ ലാഗ് തീരെയില്ല. മികച്ച പെർഫോമൻസാണ് ഡിസിടി ഗിയർബോക്സുള്ള വാഹനങ്ങൾ നൽകുന്നത് എന്നതാണ് പൊസിറ്റീവ് വശം.

ഇത്തരം ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുള്ള മോഡലുകളിൽ മിക്കതും സ്റ്റിയറിംഗ് വീലിന് പിന്നിൽ പാഡിൽ ഷിഫ്റ്ററുകളുമായാണ് വരുന്നത്. ഇത് ഒരു റേസ് കാർ ഓടിക്കുന്ന അനുഭവം നൽകുന്നു എന്നതാണ് മറ്റൊരു വശം. സ്‌കോഡ സൂപ്പർബ്, ജീപ്പ് കോമ്പസ്, കിയ സെൽറ്റോസ്, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ് എന്നിവയാണ് ഡിസിടി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ചില ജനപ്രിയ കാറുകൾ.

ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ (IMT)
ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ കാറുകൾ പൂർണമായും ഓട്ടോമാറ്റിക് അല്ല. അതിനാൽ സാധാരണ പാറ്റേണുകൾ ഉപയോഗിച്ച് നിങ്ങൾ സ്വയം ഗിയറുകൾ മാറ്റേണ്ടതുണ്ട്. എന്നാൽ ഗിയർമാറ്റുമ്പോൾ ക്ലച്ച് അമർത്തേണ്ടതില്ല എന്നതാണ് ഇവയെ ജനപ്രിയമാക്കുന്നത്.

സ്വമേധയാ ഗിയറുകൾ മാറ്റുമ്പോഴെല്ലാം ക്ലച്ച് സജീവമാക്കുന്നതിന് സോഫ്‌റ്റ്‌വെയറും ആക്യുവേറ്ററുകളും അവരുടെ കഴിവുകൾ സംയോജിപ്പിക്കുന്നു. ഇൻടെൻഷൻ സെൻസർ, ഹൈഡ്രോളിക് അക്ചുവേറ്റർ, ട്രാൻസ്മിഷൻ കണ്‍ട്രോൾ യൂണിറ്റ് എന്നിവ അടങ്ങിയ ട്രാൻസ്മിഷൻ ഗിയർ ഷിഫ്റ്റാണ് ഐഎംടി സാങ്കേതികതയിലുള്ളത്.

ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT)
എഎംടി ഗിയർബോക്സ് എന്ന ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ എന്ന എഎംടി സംവിധാനമാണ് ഇന്ത്യയിൽ ഓട്ടമാറ്റിക് കാറുകളുടെ ജനപ്രിയത വർധിപ്പിച്ചത് എന്ന കാര്യവും ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സിന്റെ മെക്കാനിസം തന്നെയാണ് എഎംടി സംവിധാനത്തിനുള്ളതും.

ഓട്ടോ ഗിയർ ഷിഫ്റ്റ് (AGS) തുടങ്ങി പല വ്യത്യസ്‌ത പേരുകളിലും എഎംടി അറിയപ്പെടുന്നുണ്ട്. ഇത് മാരുതി വിളിക്കുന്ന പേരാണെന്നു മാത്രം. ക്ലച്ചിൽ ഇടപഴകുന്നതിലൂടെ ഗിയറുകളെ സ്വയമേവ മാറ്റാൻ സെൻസറുകളും ആക്യുവേറ്ററുകളും ഉപയോഗിക്കുകയാണ് ഇവ ചെയ്യാറ്. ഇവരാകട്ടെ ഇന്ധനക്ഷമതയ്ക്ക് പേരുകേട്ടവരുമാണ്.

മാരുതി സെലേറിയോയുടെ എഎംടി മോഡലാണ് ഇന്ന് ഏറ്റവും കൂടുതൽ മൈലേജ് വാഗ്‌ദാനം ചെയ്യുന്ന പെട്രോൾ കാർ. എന്നാൽ ഗിയർ മാറുന്നതിലെ ലാഗ് വളരെയധികമുള്ള കക്ഷികളാണ് ഇവർ. എന്നിരുന്നാലും സാധാരണ ബജറ്റ് കാുകളിലാണ് ഈ സംവിധാനം ലഭ്യമാവുക. മറ്റ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനങ്ങളെ അപേക്ഷിച്ച് കൂടുതൽ താങ്ങാനാവുന്നതും മെയ്ന്റനെൻസ് ചെലവ് കുറവും എഎംടിയുടെ മേൻമയാണ്.

കണ്ടിന്യൂസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ (CVT)
വളരെ സുഗമമായ ഷിഫ്റ്റുകൾ വാഗ്ദാനം ചെയ്യുന്നതിലെ കേമനാണ് സിവിടി ഓട്ടോമാറ്റിക്കുകൾ. കണ്ടിന്യൂസ്‌ലി വേരിയിങ് ട്രാൻസ്മിഷൻ എന്നാതിന്റെ ചുരുക്ക രൂപമാണ് സിവിടി. എഎംടി കഴിഞ്ഞാൽ ഏറെ കുറെ ഉപഭോക്താക്കളും തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഓട്ടോമാറ്റിക്കും ഇതാണ്.

എന്നാൽ ഗിയർഷിഫ്റ്റിംഗ് എഎംടിയേക്കാൾ സുഗമമാണെങ്കിലും ഒരു ചെറിയ റബ്ബർ ബാൻഡ് ഇഫക്റ്റ് സിവിടി ഓട്ടോമാറ്റിക്കിനുമുണ്ടെന്ന് ഡ്രൈവ് ചെയ്യുമ്പോൾ മനസിലാകും. മാരുതി സുസുക്കി ബലേനോ, ടൊയോട്ട യാരിസ്, നിസാൻ മാഗ്നൈറ്റ് എന്നിവ ഇന്ത്യയിൽ സിവിടി ഗിയർബോക്സുള്ള ജനപ്രിയ കാറുകളായിരുന്നു. ഈ അടുത്ത കാലത്ത് സിവിടി ഉപേക്ഷിച്ച് ബലേനോ എഎംടിയിലേക്ക് ചേക്കേറിയിരുന്നു.

ടോർഖ് കൺവെർട്ടറുകൾ
ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റെ ഏറ്റവും പഴയ രൂപമാണ് ടോർഖ് കൺവെർട്ടർ സാങ്കേതികവിദ്യ. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഓട്ടമാറ്റിക് ട്രാൻസ്മിഷനും ഇതുതന്നെ. ഒരു ഇംപെല്ലറും ടർബൈനും ഉപയോഗിക്കുമ്പോൾ ഇത് ഗിയറുകൾക്കായി ഒരു ഗ്രഹവ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സംവിധാനമാണിത്.

സുഗമമായ യാത്രയാണ് ഇവ വാഗ്‌ദാനം ചെയ്യുന്നതെങ്കിലും വലിയ പോരായ്മ ഇന്ധനക്ഷമതയില്ലായ്‌മ തന്നെയാണ്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വേർണ, കിയ സെൽറ്റോസ് തുടങ്ങിയ കാറുകൾ ടോർഖ് കൺവെർട്ടർ ട്രാൻസ്മിഷൻ സംവിധാനങ്ങൾ വാഗ്ദാനം ചെയ്‌ത് ഹിറ്റായ മോഡലുകളാണ്.


Click it and Unblock the Notifications








