കോഴിവളം മുതൽ മനുഷ്യ വിസർജ്യം വരെ, കാറുകൾക്ക് ഇന്ധനമായ ഈ സംഗതികൾ ഇതിനുമുമ്പ് കേട്ടിട്ടുണ്ടോ
ലോകത്തിലുള്ള എല്ലാ വാഹന വിപണിയും ഇലക്‌ട്രിക് വാഹനങ്ങൾ (Electric Vehicles) കീഴക്കുകയാണിപ്പോൾ. പരിസ്ഥിതിയെ സംരക്ഷിക്കാനായി ഇവികൾക്ക് (EV) സർക്കാരുകൾ മുൻഗണ കൊടുക്കുന്നതിനാലും ഇന്ധന വിലയിലുണ്ടായ വർധനവും എല്ലാം കാരണം ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ മനുഷ്യർക്ക് സുപരിചിതമായി കഴിഞ്ഞു. ഫോസിൽ ഇന്ധനങ്ങൾക്ക് ബദലുകൾ കണ്ടെത്താനും ആഗോളതാപനത്തിൻ്റെ അനന്തരഫലങ്ങൾ തടയാനുമുള്ള മാനവികതയുടെ അന്വേഷണത്തിൽ നിന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ ആവിർഭാവം ഉണ്ടാവുന്നത്. എന്നാൽ ടൊയോട്ട (Toyota) പറഞ്ഞതുപോലെ, ബദൽ ഇന്ധനങ്ങൾക്കായുള്ള അന്വേഷണം ബാറ്ററി പവറിൽ (Battery Power) മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നതാണ് യാഥാർഥ്യം.
മിക്ക ആളുകൾക്കും പരമ്പരാഗത പെട്രോൾ, ഡീസൽ ഏറിയാൽ സിഎൻജി എന്നിവ പരിചിതമാണെങ്കിലും ഇന്ധന സാങ്കേതികവിദ്യ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ വൈവിധ്യമാർന്നതാണ്. കടലമാവ് മുതൽ കോഴിവളം വരെ വാഹനങ്ങളുടെ ഇന്ധന സ്രോതസിന് അടിസ്ഥാനമായിട്ടുണ്ട് എന്നുപറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? വാഹനങ്ങൾ ഉപയോഗിക്കുന്ന അത്തരം ചില വിചിത്രമായ ഇന്ധനങ്ങളെ കുറിച്ച് ഇനി പറഞ്ഞുതരാം.

ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അസാധാരണമായ ഇന്ധന സ്രോതസുകൾ ഏതെന്ന് പറയുന്നതിന് മുമ്പ് സാധാരണായി ഉപയോഗിക്കുന്നവയെ കുറിച്ച് മനസിലാക്കേണ്ടതുണ്ട്. ഗ്യാസോലിൻ, ഡീസൽ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങൾ ഒരു നൂറ്റാണ്ടിലേറെയായി വാഹന വ്യവസായത്തിൻ്റെ നട്ടെല്ലായി പ്രവർത്തിച്ചു വരുന്ന ഒന്നാണ്. പിന്നെ സസ്യ എണ്ണകളിൽ നിന്നോ മൃഗങ്ങളുടെ കൊഴുപ്പിൽ നിന്നോ ഉരുത്തിരിഞ്ഞ ബയോഡീസലും നമുക്ക് സുപരിചിതമായ ഡീസൽ വകഭേദങ്ങളാണ്.
ഇതുപോലെ തന്നെ ഹ്യുണ്ടായിയും ടൊയോട്ടയും യഥാക്രമം നെക്‌സോയിലും മിറായിയിലും ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളും ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. എന്തിന് ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറി പോലും അതിൻ്റെ സൂപ്പർകാറുകൾക്കായി ഈ സാങ്കേതികവിദ്യ പരീക്ഷിക്കുന്നുണ്ട്. പെട്രോളിനും ഡീസലിനും പകരമായി മിക്കവരും കണ്ണുവെച്ചിരിക്കുന്ന ഒരു എമിഷൻ-ഫ്രീ ബദലാണ് ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ.

അടുത്തത് പരമ്പരാഗ ഇലക്ട്രിക് വാഹനങ്ങളാണ്. കറണ്ട് ഉപയോഗിച്ച് ബാറ്ററി പായ്ക്ക് ചാർജ് ചെയ്‌ത് ഉപയോഗിക്കുന്നവയാണിവ. നിലവിൽ നമ്മുടെ സർക്കാർ ഏറ്റവും കൂടുതൽ ഊന്നൽ കൊടുക്കുന്നതും പെട്രോൾ, ഡീസൽ കാറുകൾക്ക് ബദലായി ഉയർത്തിപ്പിടിക്കുന്നതും ഇത്തരം വാഹനങ്ങളെയാണ്. അതോടൊപ്പം തന്നെ സോളാർ പോലുള്ള പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളും ചില വാഹനങ്ങൾ ഇന്ധനമാക്കാറുണ്ട്.
സ്റ്റീം കാറുകൾ: 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെയുള്ള ആദ്യകാല വാഹനങ്ങളിൽ സ്റ്റീം കാറുകളും ഉണ്ടായിരുന്നു. ഈ കാറുകൾ ഫോസിൽ ഇന്ധനം ഉപയോഗിക്കുന്ന ഇന്റേണൽ കമ്പഷൻ എഞ്ചിനുകൾക്ക് വിരുദ്ധമായി എക്സ്റ്റേണൽ കമ്പഷൻ എഞ്ചിനുകളാണ് ഉപയോഗിച്ചിരുന്നത്. ഇത് വെള്ളം ചൂടാക്കി നീരാവി സൃഷ്ടിക്കുകയും അത് എഞ്ചിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ്. ഇന്ന് ഒരു മുഖ്യധാരയിൽ ഇല്ലെങ്കിലും സ്റ്റീം സാങ്കേതികവിദ്യ ആധുനിക വാഹന എഞ്ചിനീയറിംഗിന് അടിത്തറയിട്ടവയാണ്.

ഓട്ടോഗ്യാസ്: ലിക്വിഡ് പെട്രോളിയം ഗ്യാസ് (LPG) അല്ലെങ്കിൽ ഓട്ടോഗ്യാസ് പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവയുടെ മിശ്രിതമാണ്. പ്രാഥമികമായി പാചകത്തിന് ഉപയോഗിക്കുന്നതുമായ ഒരു ജനപ്രിയ ബദൽ ഇന്ധനമാണിത്. ഇത് പ്രകൃതി വാതക സംസ്കരണത്തിൻ്റെയും പെട്രോളിയം ശുദ്ധീകരണത്തിൻ്റെയും ഒരു ഉപോൽപ്പന്നമാണെന്ന് വേണം പറയാൻ. പെട്രോളിനേക്കാൾ 15 ശതമാനം ശുദ്ധമായ ജ്വലന പ്രക്രിയയാണ് ഇവ വാഗ്ദാനം ചെയ്യുന്നത്.
യൂറോപ്പിലും മിക്ക ഏഷ്യൻ രാജ്യങ്ങളിലും എൽപിജി ഉപയോഗിച്ചുള്ള വാഹനങ്ങൾ വ്യാപകമായി ലഭ്യമാണ്. പണ്ട് മാരുതി ഒമ്നിയൊക്കെ കൺവേർട്ട് ചെയ്‌ത് ഇന്ത്യയിലും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ നിരവധി സുരക്ഷാ പ്രശ്നങ്ങൾ കാരണം ലിക്വിഡ് പെട്രോളിയം ഗ്യാസിന്റെ ജനപ്രീതി കുറഞ്ഞു. തെറ്റായ സംഭരണവും എഞ്ചിൻ ഘടകങ്ങളുടെ അകാല തേയ്മാനവും കാരണം ചോർച്ചയായിരുന്നു ഒരു പ്രധാന തലവേദന. ഇത് തീപിടുത്തത്തിലേക്ക് വരെ നയിച്ചിരുന്നു.
സോളാർ പവർ: സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാറുകൾ സൂര്യനിൽ നിന്ന് നേരിട്ട് ഊർജം വിനിയോഗിക്കുകയാണ് ചെയ്യുന്നത്. സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റാൻ ഫോട്ടോവോൾട്ടെയ്ക് സെല്ലുകൾ ഇത്തരം കാറുകളിൽ ഉപയോഗിക്കുന്നു. ഇത് ആത്യന്തികമായ സുസ്ഥിര ഊർജമാണ്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാറുകൾ മലിനീകരണം ഉണ്ടാക്കുന്നില്ലെന്നതും പ്രധാന കാര്യമാണ്. സോളാർ കാറുകൾ യാഥാർഥ്യമായിട്ടില്ലെങ്കിലും നടന്നുകൊണ്ടിരിക്കുന്ന ഗവേഷണവും വികസനവും പ്രതീക്ഷകൾ നൽകുന്നതാണ്.
കടൽപ്പായൽ: വർധിച്ചുവരുന്ന പാരിസ്ഥിതിക നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ജ്വലന എഞ്ചിൻ സജീവമായി നിലനിർത്തുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്ന വാഹന നിർമാതാക്കളാണ് മസ്‍ദ. കൃഷിയോഗ്യമായ ഭൂമിയോ ശുദ്ധജലമോ ആവശ്യമില്ലാതെ വിളവെടുക്കാൻ കഴിയുന്ന അതിവേഗം വളരുന്ന സുസ്ഥിരമായ ഒരു വിഭവമാണ് കടൽപ്പായൽ. ഹിരോഷിമ സർവകലാശാലയുമായി സഹകരിച്ച് കമ്പനി പെട്രോൾ-പവർ കാറുകൾക്ക് ഹരിത ബദൽ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ്.
ലിക്വിഡ് നൈട്രജൻ: വാഹന ഉപയോഗത്തിനായി പര്യവേക്ഷണം ചെയ്യപ്പെട്ട മറ്റൊരു പാരമ്പര്യേതര ഇന്ധന സ്രോതസായിരുന്നു ലിക്വിഡ് നൈട്രജൻ. ലിക്വിഡ് നൈട്രജൻ ചൂടാക്കുമ്പോൾ അതിവേഗം വികസിക്കുകയും ഒരു എഞ്ചിൻ പ്രവർത്തിക്കാൻ ആവശ്യമായ മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു. മലിനീകരണമില്ലാത്ത ഇന്ധനമെന്ന നിലയിൽ അതിൻ്റെ സാധ്യതകൾ പ്രകടമാക്കിക്കൊണ്ട് വിവിധ പരീക്ഷണ വാഹനങ്ങളിൽ ഈ ആശയം ഉപയോഗിച്ചിരുന്നു. പക്ഷേ ഉയർന്ന ചെലവ് കാരണം ഇത് വാണിജ്യ വിജയം നേടിയില്ല.
ഗ്യാസ് ബാഗ്: രണ്ടാം ലോകമഹായുദ്ധസമയത്ത് ഇന്ധനക്ഷാമം നേരിട്ടപ്പോൾ വാഹനങ്ങൾ ഓടിക്കാൻ ചില നൂതനമായ പരിഹാരങ്ങൾ ഉയർന്നുവന്നു. അത്തരത്തിൽ ഒന്നായിരുന്നു ഗ്യാസ് ബാഗ് വാഹനങ്ങൾ. എഞ്ചിൻ പവർ ചെയ്യാൻ ടൗൺ ഗ്യാസോ മീഥേനോ നിറച്ച വലിയ ഗ്യാസ് ബാഗുകൾ ഉപയോഗിക്കുന്ന സംവിധാനമായിരുന്നു ഇത്. അക്കാലത്ത് ഇന്ധനക്ഷാമത്തിന് ഒരു താൽക്കാലിക പരിഹാരം നൽകാനും ഇവയ്ക്കായിരുന്നു.
വുഡ് ഗ്യാസ്: രണ്ടാം ലോകമഹായുദ്ധ സമയത്ത് പെട്രോൾ കുറവായിരുന്നപ്പോൾ വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന മറ്റൊരു ഇന്ധനമായിരുന്നു വുഡ് ഗ്യാസ്. വിറകിനെ ഒരു ജ്വലന വാതകമാക്കി മാറ്റുന്ന ഒരു പ്രക്രിയയാണ് വുഡ് ഗ്യാസിഫിക്കേഷൻ. ഇത് മരവും കരിയും ഉൾപ്പെടെയുള്ള വിവിധ ബയോമാസ് വസ്തുക്കളിൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന സംഗതി കൂടിയായിരുന്നു.
കോഴിവളം: യുകെയിലെ കോഴി കർഷകനായിരുന്ന ഹരോൾഡ് ബേറ്റ് തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 1953 മോഡൽ ഹിൽമാൻ കാഫിനെ കോഴിവളം ഉത്പാദിപ്പിക്കുന്ന മീഥെയ്ൻ വാതകത്തിൽ പ്രവർത്തിപ്പിക്കാൻ സജ്ജമാക്കിയിരുന്നു. ജൈവമാലിന്യത്തിൻ്റെ വായുരഹിതമായ ദഹനം മീഥേൻ ഉത്പാദിപ്പിക്കുന്നു. അത് പിടിച്ചെടുക്കാനും ആന്തരിക ജ്വലന എഞ്ചിനുകൾക്ക് ഊർജം നൽകാൻ കഴിയുമെന്നും അദ്ദേഹം തെളിയിച്ചു.
മനുഷ്യ വിസർജ്യം: ബയോഗ്യാസ് എന്ന ആശയം ഒരു പടി കൂടി മുന്നോട്ട് എത്തുമ്പോഴാണ് മനുഷ്യ വിസർജ്യത്തിന്റെ കരുത്തിലോടുന്ന ഹ്യുണ്ടായി കോന ഇവി കണ്ടുപിടിക്കുന്നത്. മനുഷ്യ വിസർജ്യത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനം 2021-ലാണ് പുറത്തിറക്കുന്നത്. ഓസ്‌ട്രേലിയയിലെ മലിനജല സംസ്‌കരണ കമ്പനിയായ അർബൻ യൂട്ടിലിറ്റീസാണ് മാലിന്യങ്ങളെ ബയോഗ്യാസ് ആക്കി വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി വികസിപ്പിച്ചെടുത്തത്.
"നമ്പർ 2" എന്ന് പേരിട്ടിരിക്കുന്ന കോന ഇലക്ട്രിക് അതിൻ്റെ ബാറ്ററികൾ ചാർജ് ചെയ്യാൻ ഈ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ഒരു വ്യക്തിയുടെ ദൈനംദിന ശീലങ്ങൾ കാർ 0.3 മൈൽ ചുറ്റി സഞ്ചരിക്കാൻ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുമെന്നാണ് കമ്പനി പറഞ്ഞു. ഇത്തരത്തിൽ നാം പറഞ്ഞുകേട്ടിട്ടില്ലാത്ത എത്രയോ തരം ഇന്ധനങ്ങളാണ് ലോകത്തിൽ വാഹനങ്ങൾക്ക് കരുത്ത് നൽകുന്നത്.


Click it and Unblock the Notifications








