ഏറ്റവും സുരക്ഷിതം ഇവ, ഹെൽമെറ്റ് സർട്ടിഫിക്കേഷനുകൾ ഏതെല്ലാം
ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. എല്ലാ രൂപത്തിലും വലിപ്പത്തിലുമുള്ള ടൂവീലർ മോഡലുകളും ഇന്ന് നമ്മുടെ വിപണിയിൽ ലഭ്യമാണ്. മുൻകാലങ്ങളിലെ അപേക്ഷിച്ച് സൂപ്പർ ബൈക്കുകളുടെ വിൽപ്പന വരെ ഇന്ത്യയിൽ കുതിച്ചുയരുകയാണ്. പക്ഷേ സുരക്ഷയുടെ കാര്യത്തിൽ മറ്റേതൊരു വാഹനത്തെക്കാളും അപകടകാരിയാണ് ഇരുചക്ര വാഹനങ്ങൾ.
രണ്ട് വീലിൽ മാത്രം ഓടുന്നതിനാൽ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച നിരവധി നിയമങ്ങളും നിലവിലുണ്ട്. കേരളത്തിലാണെങ്കിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന രണ്ട് യാത്രക്കാരും നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്നതാണ് അടിസ്ഥാനമായ കാര്യം. എന്നാൽ പലരും ഇക്കാര്യത്തിൽ മടികാണിക്കാറുണ്ട്. ലഭിക്കുന്ന പിഴയും ചലാനുമെല്ലാം പേടിച്ചാണ് മിക്കവരും ഇത് ധരിക്കുന്നത് തന്നെ. നിയമ പാലകര്‍ക്ക് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുണമേന്മ കുറഞ്ഞ ഹെല്‍മെറ്റുകളെ ആശ്രയിക്കുന്നവരും അനേകമാണ്.

പക്ഷേ ബൈക്കിലും സ്‌കൂട്ടറിലുമെല്ലാം യാത്ര ചെയ്യുമ്പോൾ ശരിയായ സേഫ്റ്റി ഗിയറുകൾ ധരിച്ചാൽ അപകടസാധ്യത ഗണ്യമായി കുറയ്ക്കാം. ഹൈ-എൻഡ് സ്‌പോർട്‌സ് ബൈക്ക് അല്ലെങ്കിൽ മിഡ് റേഞ്ച് മോട്ടോർസൈക്കിൾ ഓടിക്കുന്നവരെല്ലാം ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നത് വളരെ സ്വീകാര്യമായ കാര്യമാണ്. പക്ഷേ സാധാരണ ബൈക്കുകളും സ്കൂട്ടറുകളുമെല്ലാം ഉപയോഗിക്കുന്നവർ നിയമപാലകരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രം ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതാണ് പതിവ്.
1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ സെക്ഷൻ 129 അനുസരിച്ച് നാല് വയസിന് മുകളിലുള്ള എല്ലാ ഇരുചക്ര വാഹന യാത്രക്കാരും ഹെൽമെറ്റ് ധരിക്കേണ്ടതുണ്ട്. ഇതേ കാരണത്താൽ, എല്ലാ ഇരുചക്ര വാഹന നിർമാതാക്കളും ഒരു പുതിയ മോട്ടോർസൈക്കിൾ അല്ലെങ്കിൽ സ്കൂട്ടർ വിൽക്കുമ്പോൾ കോംപ്ലിമെന്ററിയായി ഹെൽമെറ്റ് ഉപഭോക്താവിന് നൽകേണ്ടതുണ്ട്. പക്ഷേ ഇവയുടെ ഗുണനിലവാരവും ചോദ്യംചെയ്യേണ്ടതുണ്ട്.

ഇപ്പോൾ പിൻസീറ്റിലിരിക്കുന്നവർക്കും കേരളത്തിലുൾപ്പടെ ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അപകട വേളയിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരിൽ തലയ്ക്കു പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണെന്നുള്ള പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പിന്നിലിരിക്കുന്നവർക്കും ഇത് നിർബന്ധമാക്കിയിരിക്കുന്നത്. എങ്ങനെയാണ് നല്ല ഹെല്‍മെറ്റുകള്‍ തെരഞ്ഞെടുക്കുക എന്നതിനെ പറ്റി പലർക്കും വലിയ പിടിയൊന്നുമില്ല.
പുതിയ ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിന്റെ സർട്ടിഫിക്കേഷനാണ്. ഇന്ത്യയിൽ നിർമിക്കുന്നവയ്ക്ക് പുറമെ ഇന്ന് വിപണിയിൽ ഇറക്കുമതി ചെയ്ത ഹെൽമെറ്റുകളും വ്യാപകമായുണ്ട്. യുവതലമുറയുടെ ഇടയിലാണ് ഇത്തരം മോഡലുകൾക്ക് പ്രചാരമുള്ളത്. എന്നാൽ ഇവയിൽ ഏത് തരം സർട്ടിഫിക്കേഷനാണ് ഉള്ളതെന്ന് ഒന്നു അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രാജ്യത്ത് വിൽക്കുന്ന ഹെൽമെറ്റുകളിലെ പ്രധാനവും സുരക്ഷിതവുമായ സർട്ടിഫിക്കേഷനുകളും അവ ഏതെല്ലാമാണെന്നും പറഞ്ഞുതരാം.

ISI: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകരിച്ചിട്ടുള്ള ഹെല്‍മെറ്റുകള്‍ക്ക് ISI മുദ്രണമുണ്ടാകും. ഇന്ത്യയിൽ നിർമിക്കുന്നഗുണനിലവാരമുള്ള ഏത് ഹെൽമെറ്റിന്റെയും പുറകിലോ വശങ്ങളിലോ ഈ അടയാളം രേഖപ്പെടുത്തണം. വ്യാജമായി ISI സ്റ്റിക്കറുകള്‍ പതിപ്പിച്ച ധാരാളം വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ വിപണിയിലുണ്ട്. അതിനാല്‍ ശരിയയായ ISI മാര്‍ക്ക് ആണോ ഹെല്‍മെറ്റിലുള്ളതെന്ന് വാങ്ങുന്നതിനു മുമ്പ് ഉറപ്പു വരുത്തുക.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) എല്ലാ ഹെൽമെറ്റുകളും ഒരു പരിധിവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തുടർന്ന് അത് ISI മാർക്ക് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നു. ഒരു ഹെൽമെറ്റിന് ISI സർട്ടിഫിക്കേഷൻ ഇല്ലെങ്കിൽ, അത് ബിഐഎസ് പരീക്ഷിച്ചിട്ടില്ലെന്നും അതിന്റെ സുരക്ഷാ വശം കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ലെന്നുമാണ്. അതിനാൽ, ഇത്തരമൊരു ഹെൽമെറ്റ് നിങ്ങളുടെ ജീവൻ അപകടത്തിലാക്കും. അതിനാൽ സർട്ടിഫിക്കേഷനില്ലാത്തവ ഒരു കാരണവശാലും വാങ്ങരുത്.

ഡോട്ട് (DOT): യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ വിൽക്കുന്ന ഹെൽമെറ്റുകൾക്ക് DOT സർട്ടിഫിക്കേഷൻ ബാധകമാണ്. അത് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) പരിഗണിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഇവ സ്വയം സർട്ടിഫിക്കേഷൻ തത്വത്തിൽ പ്രവർത്തിക്കുന്നുവെന്നതിനാൽ DOT സർട്ടിഫിക്കേഷൻ പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഹെൽമറ്റ് നിർമാതാക്കൾ അവരുടെ ഹെൽമെറ്റുകൾ സ്വയം പരീക്ഷിക്കുകയും സർക്കാർ ഏജൻസിയുടെ ഇടപെടലോ നിരീക്ഷണമോ കൂടാതെ തന്നെ DOT സർട്ടിഫൈഡ് എന്ന് ലേബൽ ചെയ്യുകയും ചെയ്യുന്നതാണ് പതിവ്.
ECE: ഐക്യരാഷ്ട്രസഭയുടെ 'ഇക്കണോമിക് കമ്മീഷൻ ഓഫ് യൂറോപ്പിൽ' നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞിരിക്കുന്നത്. 50-ലധികം രാജ്യങ്ങളിൽ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡം നിർബന്ധമാണ്. കൂടാതെ AMA, WERA, FIM, CCS, Formula USA, MotoGP തുടങ്ങിയ ബോഡികൾ പരിഗണിക്കുന്ന മിക്കവാറും എല്ലാ മത്സരാധിഷ്ഠിത മോട്ടോർസ്‌പോർട്ട് ഇവന്റുകൾക്കും ECE സർട്ടിഫിക്കേഷൻ അംഗീകരിച്ചിട്ടുണ്ട്. സർട്ടിഫിക്കേഷന്റെ ഏറ്റവും പുതിയ ആവർത്തനം ECE 22.06 ആണ്. വിലകൂടിയ ഹെൽമെറ്റുകളിലും ഇറക്കുമതി ചെയ്തവയിലും ഇത് കാണാവുന്നതാണ്.

സ്നെൽ (Snel): തലയ്ക്ക് പരിക്കേറ്റ് അപകടത്തിൽ മരിച്ച പ്രശസ്ത റേസ് കാർ ഡ്രൈവറായ വില്യം സ്നെലിന്റെ പേരിലാണ് സ്നെൽ സർട്ടിഫിക്കേഷൻ അറിയപ്പെടുന്നത്. ഹെൽമെറ്റ് സർട്ടിഫിക്കേഷനുള്ള സർക്കാർ സ്ഥാപനങ്ങളായ ECE, DOT എന്നിവയിൽ നിന്ന് വ്യത്യസ്തമായി, മികച്ചതും സുരക്ഷിതവുമായ ഹെൽമെറ്റുകൾ നിർമിക്കുന്നതിനും പരീക്ഷിക്കുന്നതുമായവയാണ് ഇത്തരം ഹെൽമെറ്റുകൾ.
റൈഡറുടെയോ പില്യണിന്റേയോ സുരക്ഷ വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ, ലാഭേച്ഛയില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് സ്നെൽ മെമ്മോറിയൽ ഫൗണ്ടേഷൻ. സ്നെൽ ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ DOT അല്ലെങ്കിൽ ECE എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഹെൽമറ്റ് നിർമാതാക്കൾക്ക് സർട്ടിഫിക്കേഷൻ സ്വമേധയാ ഉള്ളതാണെങ്കിലും ഇവ നിർബന്ധമാണ്.


Click it and Unblock the Notifications








