കൈയിൽ 3.5 കോടിയുടെ വാച്ച്, കറക്കം 7.85 കോടിയുടെ കാറിൽ! റോൾസ് റോയ്‌സിൽ വന്നിറങ്ങുന്ന സംവിധായകനെ കണ്ടോ
പാൻഇന്ത്യൻ സംവിധായകരിൽ ഒരാളായി വളരെ വേഗം പ്രശസ്‌തിയാർജിച്ചയാളാണ് അറ്റ്ലി കുമാർ. വെറും 5 സിനിമ ചെയ്‌ത പരിചയത്തില്‍ ബോളിവുഡിലേക്ക് എത്തിയതോടെയാണ് പയ്യൻ്റെ തലവര മാറുന്നത്. ഷാരൂഖ് ഖാനെ നായകനായി സംവിധാനം ചെയ്‌ത ജവാന്‍ എന്ന സിനിമ 1000 കോടി ക്ലബ്ബിലേക്ക് കയറിയതോടെ തമിഴ് സംവിധായകന് പാൻഇന്ത്യൻ റീച്ചും ലഭിച്ചു. ഇതിഹാസ ഡയറക്‌ടർമാരായ മണിരത്‌നത്തിന്റെയും ശങ്കറിന്റെയും സഹായിയായി കരിയര്‍ ആരംഭിച്ച അറ്റ്‌ലി രാജാ റാണി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് തമിഴില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ശേഷമാണ് ബോളിവുഡില്‍ വെന്നിക്കെടി പാറിച്ചത്.
ബോളിവുഡ് വരെ കീഴടക്കി പ്രശസ്‌തിയാർജിച്ച യുവസംവിധായന് അംബാനി കല്യാണത്തിന് വരെ ക്ഷണം ലഭിച്ചിരുന്നു. ഇത്രയും ഉയരങ്ങൾ കീഴടക്കിയപ്പോൾ യാത്രകൾക്കായി പുത്തനൊരു റോൾസ് റോയ്‌സും സ്വന്തമാക്കാൻ അറ്റ്ലി തയാറായിരുന്നു. വരുമാനം വര്‍ധിച്ചതിന് പിന്നാലെ റോള്‍സ് റോയ്‌സ് സ്പെക്ടര്‍ ഇലക്ട്രിക് ആഡംബര കാറാണ് സംവിധായകൻ തൻ്റെ മുറ്റത്തെത്തിച്ചത്. രണ്ട് വേരിയൻ്റുകളില്‍ ലഭ്യമാണ്.

എങ്കിലും റോള്‍സ് റോയ്‌സ് സ്പെക്ടര്‍ ഇവിയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡലാണ് അറ്റ്‌ലി വാങ്ങിയത്. ഇന്ത്യയില്‍ ഇതിന് 7.50 കോടി രൂപ വിലയുണ്ട്. ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് ന്യൂഡല്‍ഹിയില്‍ ഈ കാറിൻ്റെ ഓണ്‍റോഡ് വില ഏകദേശം 7.85 കോടി രൂപയാണ്. ഏകദേശം 9.50 കോടി രൂപ എക്‌സ്‌ഷോറൂം വില വരുന്ന ബ്ലാക്ക് ബാഡ്ജ് വെര്‍ഷനാണ് രണ്ടാമത്തേത്. ഇതിന്റെ ഓണ്‍റോഡ് വില ഏകദേശം 9.96 കോടി രൂപയോളം വരും.
അറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് അല്ലു അർജുനാണ്. ഈ സിനിമക്കായി അറ്റ്ലി വാങ്ങുന്ന പ്രതിഫലം 100 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ തൻ്റെ കാറിൽ ആദ്യമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അറ്റ്ലി കുമാർ. 7.85 കോടി രൂപയുടെ കാറിൽ 3.50 കോടി രൂപയുടെ വാച്ചും ധരിച്ച് വന്നിറങ്ങുന്ന സംവിധായകൻ്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തും കഴിഞ്ഞു.

ഇൻസെൻലി ലക്ഷ്വറിയസ് ഇന്ത്യൻസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് അറ്റ്ലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ, മുംബൈ വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിന് പുറത്ത് നിർത്തിയിട്ടിരിക്കുന്ന കറുത്ത നിറത്തിലുള്ള റോൾസ് റോയ്‌സ് സ്‌പെക്ടർ കാണാം. ഡോർ തുറന്ന് കോ ഡ്രൈവർ സീറ്റിൽ നിന്ന് പുറത്തേക്ക് വരുന്ന അറ്റ്ലിയെ വീഡിയോയിൽ കാണാനും സാധിക്കും.
എന്തായാലും വണ്ടിഭ്രാന്തൻമാരുടെ കണ്ണുകളെല്ലാം കാറിലേക്കായിരിക്കും എത്തിയിട്ടുണ്ടാവുക. ഡയമണ്ട് ബ്ലാക്ക് നിറത്തിലുള്ള സ്പെക്ടര്‍ ഇവിയാണ് സംവിധായകൻ്റേത്. ഇവിയുടെ ഇൻ്റീരയര്‍ കസ്റ്റമൈസ് ചെയ്തിട്ടുണ്ടെന്നതും വീഡിയോയിൽ നിന്നും വ്യക്തമാവുന്നുണ്ട്. ബോള്‍ഡ് ടാന്‍ജെറിന്‍ ലെതറും കറുപ്പ് ഫിനിഷുകളുമുള്ള അകത്തളം അന്യായ ലക്ഷ്വറി ഫീലാണ് നൽകുന്നത്. റോൾസ് റോയ്‌സിൻ്റെ ഇലക്ട്രിക് കാറിന് 102 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്.

ഇത് സംഗിൾ ചാർജിൽ 530 കിലോമീറ്റർ റേഞ്ച് വരെ നൽകാനും ശേഷിയുള്ളതാണ്. മുന്നിലും പിന്നിലുമുള്ള ആക്സിലുകളിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകളുമായാണ് സ്‌പെക്ടർ വരുന്നത്. ഇവ 575 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കാറിന് ആക്ടീവ് സസ്‌പെൻഷനും ഫോർ വീൽ സ്റ്റിയറിങ്ങും ലഭിക്കുന്നുണ്ട്.
ഇലക്ട്രിക് മോട്ടോറുകൾ, ബാറ്ററികൾ, പ്രീമിയം മെറ്റീരിയലുകൾ എന്നിവയിൽ നിന്ന് അധിക ഭാരം ഉണ്ടായിരുന്നിട്ടും വെറും 4.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്‌പെക്ടർ ഇവിക്ക് കഴിയുമെന്നാണ് റോൾസ് റോയ്‌സ് പറയുന്നത്. 95 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 34 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും.
വെറും 9 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നുണ്ട്. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ഇലുമിനേഷൻ ഫീച്ചറുകളോട് കൂടി വരുന്ന ഫ്രണ്ട് ഗ്രില്ലാണ് പ്രധാന ആകർഷണം. എയറോഡൈനാമിക്കായുള്ള സ്പിരിറ്റ് ഓഫ് എക്സ്റ്റസിയുടെ ഏറ്റവും പുതിയ ലോഗോയും ഇതിന് ലഭിക്കുന്നുണ്ട്. 23 ഇഞ്ച് അലോയ് വീലുകളോടെയാണ് ഇവി കൂപ്പെ വരുന്നത്. ഇത്രയും വലിയ സൈസുള്ള വീലുകൾ അവതരിപ്പിക്കുന്ന ആദ്യ റോൾസ് റോയ്‌സാണ് കാറാണിത്.
പിന്നിലേക്ക് ചെരിഞ്ഞിറങ്ങുന്ന റൂഫ് സ്റ്റൈലും എൽഇഡി ടെയിൽലൈറ്റുകളുമാണ് ആഡംബര കാറിനെ പിൻവശത്തുനിന്നും സ്റ്റൈലിഷാക്കുന്നത്. മറ്റേതൊരു റോൾസ് റോയ്‌സ് കാറിനെയും പോലെ തന്നെ മനോഹരവും അത്യാഡംബരവുമായ ഇന്റീരിയറാണ് സ്പെക്‌ടർ ഇവിയിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂറ്റൻ ടച്ച്‌സ്‌ക്രീനും മെറ്റൽ ആക്‌സസറികളുള്ള ഉയർന്ന നിലവാരമുള്ള ലെതർ, വുഡ് ഇൻലേകൾ എന്നിവയെല്ലാം കാറിനെ കിടിലമാക്കുന്നുണ്ട്.


Click it and Unblock the Notifications








