വണ്ടിക്ക് ടർബോ എഞ്ചിനാണോ? എന്നാൽ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചോ...
വാര്യര് പറയുമ്പോലെ ഇത് അയാളുടെ കാലമല്ലേ.... മോഹൻലാലിന്റെ രാവണപ്രഭുവിലെ ഈ ക്ലാസിക് ഡയലോഗ് വാഹന മേഖലയിലേക്ക് എത്തുകയാണെങ്കിൽ ടർബോചാർജ്‌ഡ് എഞ്ചിനുമായി ഈ രംഗം കൂട്ടിവായിക്കാനാവും. വിപണിയിലെത്തുന്ന കാറുകളിലെല്ലാം ടർബോചാർജ്‌ഡ് എഞ്ചിനുകൾ പ്രത്യക്ഷപ്പെടുന്ന കാലമാണിത്. ശരിക്കും പറഞ്ഞാൽ നാട്ടിൽ ടർബോ കാറുകൾ വാഴുന്ന സമയമാണിത്.
എഞ്ചിനുകൾ ചെറുതാകുംതോറും കരുത്തുകൂടി വരുന്ന കാഴ്ച്ച ശരിക്കും വാഹന ലോകത്തെ കൌതുകം നിറഞ്ഞ കാര്യങ്ങളിൽ ഒന്നാണ്. പുതുതായി നിർമിക്കുന്ന ലൈറ്റ് പാസഞ്ചർ വാഹനങ്ങളിൽ മൂന്നിലൊന്ന് ടർബോചാർജ്ഡ് എഞ്ചിനുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് കണക്കുകൾ. എന്നാൽ എന്താണ് ഈ സംഭവമെന്ന് അറിയാത്തവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. തങ്ങളുടെ വാഹനങ്ങളിൽ ടർബോചാർജറുകൾ ഉണ്ടോ ഇല്ലയോ എന്ന് പോലും പല വാഹന ഉടമകൾക്കും അറിയില്ല.

ടർബോചാർജറുകൾ വാഹന ലോകത്തെ കൊടുങ്കാറ്റായി കൊണ്ടിരിക്കുമ്പോൾ ഇതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതും മനസിലാക്കേണ്ടതും വളരെ അത്യന്താപേക്ഷിതമാണ്. ടർബോചാർജ്ഡ് കാറുകൾ ശരിക്കും പെർഫോമൻസ് അധിഷ്ഠിത വാഹനങ്ങളാണെന്ന് പലർക്കും അറിയാം. കാറുകളെ കൂടുതൽ ശക്തമാക്കുന്നുണ്ടെങ്കിലും ഈ അധിക ശക്തിക്കൊപ്പം അധിക ഉത്തരവാദിത്തവും ഇവയ്ക്കുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. നിങ്ങൾ ഉപയോഗിക്കുന്ന വാഹനം ടർബോചാർജ്ഡ് കാർ ആണെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
അതിനനുസരിച്ച് നിങ്ങളുടെ ഡ്രൈവിംഗ് ശൈലിയിലും മെയിന്റനൻസിലും കുറച്ച് മാറ്റങ്ങൾ വരുത്തേണ്ടതുമുണ്ട് കേട്ടോ. ടർബോചാർജറുകൾ, ടർബോസ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഒരു ടർബൈനാൽ നയിക്കപ്പെടുന്ന നിർബന്ധിത ഇൻഡക്ഷൻ ഉപകരണങ്ങളാണിവയെന്ന് ലളിതമായി പറയാം. ഇവ എഞ്ചിനിലേക്ക് അധിക വായു വലിച്ചെടുക്കുകയും കംപ്രസ് ചെയ്യുകയും തുടർന്ന് ആന്തരിക ജ്വലന പ്രക്രിയയിൽ ഉപയോഗിക്കുന്നതിന് കമ്പഷൻ ചേമ്പറിനെ നിർബന്ധിക്കുകയും ചെയ്യുന്നു.

കമ്പഷൻ ചേമ്പറിനുള്ളിലെ അധിക വായുവും ഇന്ധനവും ജ്വലനത്തെ കൂടുതൽ ശക്തമാക്കും. തുടർന്ന് വാഹനത്തെ കൂടുതൽ പവർ ഉത്പാദിപ്പിക്കാനും സഹായിക്കും. കൂടുതൽ ഊർജ്ജം നിർമിക്കാൻ എഞ്ചിനെ സഹായിക്കുന്നതിലൂടെ ടർബോചാർജറുകൾ വാഹനത്തിന്റെ ടോർക്ക്, ഇന്ധനക്ഷമത, ഡ്രൈവബിലിറ്റി എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ടേ. മൊത്തത്തിൽ, ടർബോചാർജറുകൾ അവയുടെ സാങ്കേതികവിദ്യ കാരണം അൽപ്പം സങ്കീർണമാണെന്ന് പറയാതെവയ്യ.
ടർബോചാർജ്ഡ് കാറുകൾ അവ നൽകുന്ന പെർഫോമൻസിനാൽ ആകർഷകമാണെങ്കിലും അവ ചില അധിക പരിചരണവും ജാഗ്രതയും ആവശ്യപ്പെടുന്നുണ്ട്. അതായത് സാധാരണ കാറുകൾ ഉപയോഗിക്കുന്നതിനേക്കൾ അൽപം ശ്രദ്ധയോടെ വേണം ഇവ കൈകാര്യം ചെയ്യാനെന്ന് സാരം. നിങ്ങൾ ഉപയോഗിക്കുന്നത് ഒരു ടർബോചാർജ്ഡ് കാർ ആണിങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാനായി പാലിക്കേണ്ട ചില പ്രധാന ടിപ്പുകൾ പറഞ്ഞുതരാം.

സാധാരണ കാണാറുള്ള നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകളെ (NA) അപേക്ഷിച്ച് കൂടുതൽ സങ്കീർണമായ പവർട്രെയിൻ മെക്കാനിസം ആയതിനാൽ ടർബോചാർജറുകൾ കൂടുതൽ പതിവ് അറ്റകുറ്റപ്പണികൾ ആവശ്യപ്പെടുന്നുണ്ട്. അതിനാൽ വാഹനത്തിന്റെ ബേസിക്കായുള്ള മെയിന്റനെൻസ് ഒരിക്കലും ഒഴിവാക്കരുത്. സാധാരണഗതിയിൽ ടർബോ വാഹനങ്ങൾ NA എഞ്ചിനുകളുടെ അതേ തരത്തിലുള്ള മെയിന്റനെൻസുകൾ തന്നെയാണ് ആവശ്യപ്പെടുന്നത്.
എന്നാൽ ഇതിനുള്ള ആവൃത്തി അതായത് ഫ്രീക്വൻസി കൂടുതലാണെന്നതാണ് യാഥാർഥ്യം. ടർബോചാർജ്ഡ് കാറുകളിൽ ഓയിലും സ്പാർക്ക് പ്ലഗും മാറ്റിസ്ഥാപിക്കുന്നത് നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളേക്കാൾ കൂടുതലായി നടക്കുന്നുണ്ട്. ആയതിനാൽ വാഹനത്തിന്റെ ബേസിക്കായുള്ള മെയിന്റനെൻസ് ഒരിക്കലും ഒഴിവാക്കരുതെന്നതാണ് ടർബോ എഞ്ചിനുള്ള കാറുകൾ ഉപയോഗിക്കുമ്പോൾ ഉടമകൾ ശ്രദ്ധിക്കേണ്ടതും മനസിലാക്കേണ്ടതുമായ പ്രധാന കാര്യം.

ടർബോചാർജ് എഞ്ചിനുള്ള കാർ ഓടിക്കാൻ കൂടുതൽ രസകരമായതിനാൽ വളവുകളിലും കോർണറുകളിലുമെല്ലാം വീശിയെടുക്കാനോ വേഗത കൂട്ടാനോയുള്ള ത്വര എപ്പോഴുമുണ്ടാവും. എന്നാൽ ഇതത്ര നല്ലൊരു കാര്യമല്ലെന്ന് മനസിൽ കുറിച്ചിട്ടോളൂ. കാരണമെന്തെന്ന് ചോദിച്ചാൽ മിക്ക കേസുകളിലും ഇത്തരം മോഡലുകളിൽ അനുഭവപ്പെടുന്ന ഒരു ടർബോ ലാഗുണ്ടല്ലോ അതുതന്നെയാണ്.
ആക്‌സിലറേറ്റർ അമർത്തിയാൽ ടർബോചാർജറിന് കിക്ക് ഇൻ ചെയ്യാൻ കുറച്ച് സെക്കന്റുകൾ വേണ്ടിവരും. ഒരു കോർണറിൽ നിന്നും ഇറങ്ങിയ ശേഷം വാഹനം പെട്ടെന്ന് വേഗത്തിലാവുകയാണെങ്കിൽ, ദ്രുതഗതിയിൽ വേഗത വർധിക്കുകയും അത് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുന്നതിനും ഇടയാക്കിയേക്കും. ഇത് ഓവർസ്റ്റീറോ അണ്ടർസ്റ്റീറോ അപകടത്തിന് കാരണമായേക്കാം. അതിനാൽ ഈ പരിപാടി പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
എഞ്ചിൻ ഇടിപ്പിച്ച് ഓടിക്കുന്നതും ടർബോചാർജ് കാറുകളിൽ പാടില്ലാത്തതും ചെയ്യരുതാത്തതുമായ കാര്യമാണ്. കൃത്യമായ ഗിയറിൽ അല്ലാതെ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഈ പ്രക്രിയ സംഭവിക്കാറുള്ളത്. ഇത് എഞ്ചിൻ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്നതിന് കാരണമാകുന്നുവെന്നതിനു പുറമെ ചില നെഗറ്റീവ് പ്രത്യാഘാതങ്ങൾക്കും ഇടയാക്കിയേക്കാം. ഇത് മൈലേജില്ലാതാവാനും കാരണമാവും.
കൂടാതെ ടർബോയിലെ കാർബൺ നിക്ഷേപങ്ങളുടെ രൂപീകരണത്തിനും ഇക്കാര്യം ഇടയാക്കിയേക്കാം. മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ ടർബോചാർജ്‌ഡ് കാറുകൾ മികച്ച ഡ്രൈവിംഗ് അനുഭവം തന്നെയായിരിക്കും നൽകുക. ഒപ്പം പോക്കറ്റ് കാലിയാക്കാതെ കൊണ്ടുനടക്കാനും സാധിക്കും. ഒരു മനുഷ്യന് ഹൃദയം എങ്ങനെയാണോ അതേ പ്രവർത്തനമാണ് കാറുകളിൽ എഞ്ചിൻ നിർവഹിക്കുന്നതും. ആയതിനാൽ ഇവയുടെ പ്രവർത്തനത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനും ശ്രമിക്കേണം.


Click it and Unblock the Notifications








