ഫോർമുല വൺ കാറുകൾക്ക് എയർബാഗില്ലെന്ന്! അതിനുള്ള കാരണം അറിയുമോ?
വാഹന യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനായി ഡ്യുവൽ എയർബാഗുകളെല്ലാം നടപ്പിലാക്കിയിട്ട് അധികമായില്ല. ഒരുകാലത്ത് കാറുകളിലെ ആഡംബര ഫീച്ചറായി കാണപ്പെട്ടിരുന്ന ഈ സംവിധാനം ഇന്ന് നിരത്തിലിറങ്ങുന്ന എല്ലാ കാറുകളിലും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. സുരക്ഷാ ഘടകങ്ങളുടെ കാര്യത്തിൽ വാഹനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് എയർബാഗുകൾ.
എന്നാൽ കാറപകടങ്ങളിലെ മരണനിരക്ക് പകുതിയോളം കുറയ്ക്കാൻ കഴിവുള്ള സുരക്ഷാ സംവിധാനമാണ് എയർബാഗുകളെന്ന് വളരെ ചുരുക്കി പറയാം. അപകടമുണ്ടാവുന്ന സമയത്ത് കാറിനകത്തെ യാത്രക്കാരെ സംരക്ഷിക്കാമായി സ്വയമേ വിരിഞ്ഞുവരുന്ന വായൂ നിറഞ്ഞ ബാഗാണിത്. പിന്നെ ഇന്ത്യയിലെ റോഡ് സുരക്ഷയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിരത്തുകളിലൂടെ ചീറിപാഞ്ഞുപോവുന്നവരാണ് നമ്മളിൽ പലരും. മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ ഓടിക്കാൻ കഴിയുന്ന നിരവധി ആഡംബര, സ്പോർട്സ് കാറുകൾ വരെ ഇന്ന് രാജ്യത്ത് ലഭ്യമാണ്.

കാറോട്ട മത്സരങ്ങൾ കണ്ടിട്ട് നിരത്തിലൂടെ കുതിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാൽ ഇത്തരം റേസ് കാറുകളെല്ലാം സുരക്ഷിതമായ ട്രാക്കുകളിലൂടെയാണ് പായുന്നത്. എന്നാൽ നമ്മുടെ കാറുകളിലുള്ള ഒരു പ്രധാന സുരക്ഷാ സവിശേഷതയായ എയർബാഗുകൾ F1 കാറുകൾക്കില്ല എന്ന കാര്യം നിങ്ങൾക്കറിയാമോ? 300 മുതൽ 400 കിലോമീറ്റർ വേഗതയിൽ വരെയാണ് ഫോർമുല വൺ കാറുകൾ സഞ്ചരിക്കാറുള്ളത്. അമിത വേഗത കാരണം അപകട സാധ്യത കൂടുതലാണെങ്കിലും ഇവയ്ക്ക് എയർബാഗുകൾ ഇല്ല എന്നത് രസകരമായ ഒരു സംഗതിയാണ്.
ഇതിന് പിന്നിലെ കാരണം എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? ഡ്രൈവിംഗ് സീറ്റ് മാത്രമുള്ള, തുറന്ന കോക്ക്പിറ്റുള്ള, ടയറുകൾക്കു കവചമില്ലാത്ത ഹൈ സ്പീഡ് കാറുകളാണു ഫോർമുല വൺ മത്സരങ്ങൾക്കായി എത്തുന്നത്. സ്റ്റിയറിംഗ് വീൽ എടുത്തു മാറ്റിയാലേ ഡ്രൈവർക്ക് ആ സീറ്റിൽ കയറി ഇരിക്കാനാവൂ. ഡ്രൈവർമാർ ഫോർമുല വൺ കാർ ഓടിക്കുമ്പോഴെല്ലാം അവർ സ്ലീപ്പിംഗ് പോസ്ച്ചറിലായിരിക്കും ഇരിക്കുക. ഇതുകൂടാതെ, സുരക്ഷയ്ക്കായി തലയിൽ ഹെൽമെറ്റ് വെക്കുന്നതിനൊപ്പം, തോളിൽ സുരക്ഷയ്ക്കായി ബെൽറ്റും ഉപയോഗിക്കുന്നുണ്ട്.

സാധാരണ കാറുകളിൽ 2 അല്ലെങ്കിൽ 3-പോയിന്റ് സീറ്റ് ബെൽറ്റുകളാണ് പൊതുവേ ഉപയോഗിക്കാറുള്ളത്. എന്നാൽ ഫോർമുല വൺ കാറുകളിൽ 5 മുതൽ 6 പോയിന്റ് സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കുന്നു. ഇക്കാരണത്താൽ കാർ ഓടിക്കുന്ന വ്യക്തി പൂർണമായും സീറ്റിൽ ഒട്ടിയായിരിക്കും ഇരിക്കുക. എന്തെങ്കിലും കാരണത്താൽ അപകടം സംഭവിച്ചാലും ഡ്രൈവർക്ക് മുൻവശത്തെ ബോണറ്റിലോ സ്റ്റിയറിംഗിലോ ഇടിക്കാൻ കഴിയില്ല. ഇതുകൊണ്ടാണ് F1 കാറുകൾക്ക് എയർബാഗ് നൽകാത്തത്.
കാർബൺ ഫൈബറിന്റെ ഉപയോഗം സംയോജിപ്പിച്ച് ഡ്രൈവർ സീറ്റുകൾ കൂടുതൽ ഷോക്ക് അബ്സോർബന്റ് ആയി പരിണമിച്ചു. ക്രാഷ് പരിരക്ഷയ്‌ക്കായി ഷോൾഡർ കവറേജിന് പുറമേ ഡ്രൈവറുടെ വാരിയെല്ലിന് ചുറ്റും പൊതിയുന്ന തരത്തിലാണ് സീറ്റുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അപകടത്തിൽപെട്ടാലും കാര്യമായി പരുക്കേൽക്കാതിരിക്കാൻ പ്രത്യേക സ്യൂട്ടും ഹെൽമറ്റും ഡ്രൈവർമാർ ധരിക്കുന്നുമുണ്ട്.

ആധുനിക റേസ് കാറുകൾ സുരക്ഷിതമാക്കാൻ കാലാകാലങ്ങളിൽ ഒന്നിലധികം പരിഷ്ക്കാരങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അത്തരത്തിലാണ് എയർബാഗുകൾക്ക് പകരം മറ്റ് ഫീച്ചറുകൾ നൽകിയിരിക്കുന്നത്. മിക്ക സ്റ്റാൻഡേർഡ് കാറുകളിലും എയർബാഗുകൾ സാധാരണയായി സ്റ്റിയറിംഗ് വീലിലാണ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്. ഫോർമുല വൺ കാറുകൾക്ക് അസാധാരണമായ സ്റ്റിയറിംഗ് വീലുള്ളതിനാൽ ഇത് പ്രാവർത്തികവുമല്ല. കാരണം അതിൽ നിരവധി നോബുകൾ, സ്വിച്ചുകൾ, ചെക്ക് ലൈറ്റുകൾ എന്നിവയെല്ലാം ഘടിപ്പിച്ചിട്ടുണ്ട് എന്നതു തന്നെ. അതിനാൽ എയർബാഗ് ഇൻസ്റ്റാൾ ചെയ്യാൻ ഇടമില്ല.
ഇനി എന്താണ് 6 പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നറിയേണ്ട... മുൻകാലങ്ങളിൽ കാറുകളിൽ 2-പോയിന്റ് സീറ്റ് ബെൽറ്റുകൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാൽ ഡ്രൈവറെ സീറ്റിൽ നിർത്താൻ ഇത് പര്യാപ്തമല്ല. അതേസമയം, ഇപ്പോൾ വരുന്ന എല്ലാ വാഹനങ്ങളിൽ 3 പോയിന്റ് സീറ്റ് ബെൽറ്റാണ് കമ്പനികൾ ഉപയോഗിക്കുന്നത്. കാറിൽ എവിടെ സീറ്റ് ബെൽറ്റ് കെട്ടിയാലും അതിനെ പോയിന്റ് എന്ന് വിളിക്കാം.

അതുപോലെ ഒരു കാറിന് 6 പോയിന്റ് സീറ്റ് ബെൽറ്റ് ഉണ്ടെങ്കിൽ അതിനർഥം ഈ ബെൽറ്റ് 6 സ്ഥലങ്ങളിൽ കാറുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ കാറുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതിനാൽ എല്ലാവർക്കും സുരക്ഷിതമായി യാത്ര ചെയ്യാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനും ഈ സേഫ്റ്റി ഫീച്ചർ ഉപയോഗിക്കാനും മടികാണിക്കരുത്.


Click it and Unblock the Notifications








