ഇത്തരം സാഹചര്യങ്ങളിൽ റേഞ്ച് കുത്തനെ കുറയും, ഇവി ഉടമകളെ ആശങ്കയിലാക്കി പുതിയ പഠനം
ലോകംമുഴുവൻ ഇലക്‌ട്രിക് വാഹനങ്ങൾ കീഴടക്കുമ്പോൾ പതിയെ ഇന്ത്യൻ നിരത്തുകളും ഇവികളാൽ നിറയുകയാണ്. ടെസ്‌ല പോലുള്ള ലക്ഷ്വറി ബ്രാൻഡുകളാണ് വിദേശ വിപണിയിലെ താരമെങ്കിൽ ഇന്ത്യയിൽ ടാറ്റയും എംജിയുമെല്ലാമാണ് വൈദ്യുത വാഹന വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്നത്. സാധാരണക്കാരെല്ലാം ഇരുചക്ര വാഹന രംഗത്തെങ്കിലും ഇലക്ട്രിക്കിലേക്ക് പരിവർത്തനം ചെയ്യാൻ തയാറാവുന്നുമുണ്ട്.
ഇലക്ട്രിക് ടൂവീലറുകൾ ചൂടപ്പം പോലെ വിറ്റഴിക്കുന്നുണ്ടെങ്കിലും പാസഞ്ചർ കാർ വിഭാഗത്തിൽ വിൽപ്പനയ്ക്ക് അത്രയ്ക്ക് സ്പീഡ് പോര. താങ്ങാനാവുന്ന വിലയിൽ ടാറ്റ ടിയാഗോ ഇവി, എംജി കോമെറ്റ്, സിട്രൺ eC3 എന്നീ മോഡലുകൾ മാത്രമാണ് ലഭ്യമാവുന്നത്. പതിയെ വിപണിയിലേക്ക് കൂടുതൽ മോഡലുകൾ എത്തുന്നുണ്ടെങ്കിലും റേഞ്ച് കണക്കുകൾ പലർക്കും ഇന്നൊരു വലിയ ആശങ്ക തന്നെയാണ്. ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവും റേഞ്ചിന്റെ കാര്യത്തിലുള്ള പ്രശ്‌നങ്ങളും വേറെയുമുണ്ട്.

ഇതിനു പുറമെ ഇലക്ട്രിക് വാഹന ഉടമകൾക്കും വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവരെയും ആശങ്കപ്പെടുത്തുന്ന മറ്റൊരു പഠന റിപ്പോർട്ടും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വളരെ ചൂടുള്ള സാഹചര്യങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ചിനെ ബാധിക്കുമെന്നതാണീ പഠനം. പൂർണമായി ചാർജി ചെയ്‌ത ഇലക്ട്രിക് മോഡലുകളുടെ (ഇവി) ഡ്രൈവിംഗ് റേഞ്ച് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്.
ഡ്രൈവിംഗ് പാറ്റേൺ മുതൽ എയർ കണ്ടീഷനിംഗ് മുതൽ വാഹനത്തിലുണ്ടാവുന്ന ഭാരം വരെ ഒരു ഇവി ബാറ്ററിയെ നേരിട്ട് ബാധിക്കും. ബാഹ്യമായതോ അല്ലെങ്കിൽ ആംബിയന്റ് ടെംപ്രേച്ചറുമെല്ലാം റേഞ്ചിന്റെ കാര്യത്തിൽ ഒരു പങ്കുവഹിക്കുന്നുവെന്ന് കുറച്ച് കാലമായി അറിയാമെങ്കിലും വളരെ ചൂടുള്ള താപനില കണക്കുകൾ വാഹനത്തിന്റെ റേഞ്ച് ഗണ്യമായി കുറയ്ക്കുമെന്നാണ് പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

അതിശൈത്യവും ചുട്ടുപൊള്ളുന്ന ചൂടും ഒരു ഇവിയുടെ റേഞ്ചിനെ ദോഷകരമായി ബാധിക്കും. 38 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനില ചില ഇവികളുടെ റേഞ്ച് 31 ശതമാനം വരെ കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് സിയാറ്റിൽ ആസ്ഥാനമായുള്ള റിക്കറന്റ് നടത്തിയ ഒരു പുതിയ പഠനം എടുത്തുകാണിക്കുന്നത്. പഠനത്തിന് വിധേയമാക്കിയ ഇലക്ട്രിക് വാഹനങ്ങൾ ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉയർന്ന താപനില മുമ്പ് കരുതിയിരുന്നതിനേക്കാൾ വളരെ അധികം ഡ്രൈവിംഗ് റേഞ്ച് കുറയ്ക്കുമെന്ന് വ്യക്തമാക്കുന്നു.
ഇവികൾക്കായുള്ള ഓൺലൈൻ റീട്ടെയിൽ ചാനലായ റിക്കറണ്ട് (Recurrent) നടത്തിയ പഠനം പരിമിതമായ ഡാറ്റകളെ അടിസ്ഥാനമാക്കി ളള്ളതാണെങ്കിലും ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൊബിലിറ്റി ഓപ്ഷനുകളുടെ ഉടമകൾക്ക് സുപ്രധാന ഉൾക്കാഴ്ച്ചകൾ നൽകാൻ ഈ കണ്ടെത്തലുകൾക്ക് കഴിഞ്ഞേക്കാമെന്നതാണ് ശ്രദ്ധേയം. ഉയർന്ന താപനില കാരണം ഇവി ബാറ്ററികളിലും റേഞ്ചിലും ഉണ്ടാവുന്ന ഇത്തരം പ്രത്യാഘാതങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉപഭോക്താക്കളെ ആശങ്കയിലേക്ക് തള്ളിവിടാറുണ്ട്.

പ്രത്യേകിച്ചും ഇപ്പോൾ യൂറോപ്പിലെ നിരവധി രാജ്യങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സിലെ പല പ്രദേശങ്ങളും താപ തരംഗത്തിന് സമാനമായ അവസ്ഥകൾ അനുഭവിക്കുന്നുള്ളതിനാൽ. ഇന്ത്യയിലും വേനൽക്കാലത്തുണ്ടാവുന്ന വലിയ ചൂട് ഇലക്ട്രിക് വാഹനങ്ങൾക്ക് പണിയാവാറുണ്ട്. ഇതുകൂടാതെ ഗൾഫ് രാജ്യങ്ങളിലുള്ള ചൂടും കണക്കാക്കുമ്പോൾ വൈദ്യുത വാഹനങ്ങളുടെ റേഞ്ചിലുണ്ടാവുന്ന ഈ വലിയ കുറവ് ഉടകൾക്ക് വലിയ തലവേദന സൃഷ്‌ടിച്ചേക്കും.
വൈദ്യുത വാഹനങ്ങൾക്കുള്ള ബാറ്ററി സാങ്കേതികവിദ്യ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള സംവിധാനങ്ങളും വാഹന നിർമാതാക്കൾ ഉടൻ കണ്ടുപിടിക്കുമെന്നും നടപ്പിലാക്കുമെന്നുമാണ് വിശ്വാസം. വരും കാലങ്ങളിൽ ഉയർന്ന താപനില വരാൻ സാധ്യതയുള്ളതിനാൽ നിലവിൽ ഇവികൾ ഉപയോഗിക്കുന്നവർ അവരുടെ വാഹനങ്ങൾ തണലിൽ പാർക്ക് ചെയ്യുക പോലുള്ള മുൻകരുതലുകൾ കൈക്കൊള്ളണം.

കഠിനമായ സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ മാർഗങ്ങളും പലരും നിർദ്ദേശിക്കുന്നുണ്ട്. ഉയർന്ന ഡ്രൈവിംഗ് റേഞ്ച് കൈവരിക്കുന്നതിന് ഇക്കോ, നോർമൽ മോഡുകളിൽ മാത്രം ഡ്രൈവ് ചെയ്യുന്നതിനൊപ്പം മണിക്കൂറിൽ 80 കിലോമീറ്റർ വരെ പരമാവധി വേഗത നിലനിർത്താനും ശ്രമിക്കാം. വളരെ ചൂടിലോ തണുപ്പിലോ അല്ലാതെ വാഹനത്തിന്റെ എയർകണ്ടീഷണർ ഒപ്റ്റിമൽ അവസ്ഥയിൽ സജ്ജീകരിക്കുന്നതും മികച്ച തീരുമാനമായിരിക്കും.
ഇതുപോലെ റേഞ്ച് വർധിപ്പിക്കാനുള്ള പല ടിപ്‌സുകളും ഇന്റർനെറ്റിൽ ഇന്ന് സുലഭമായി ലഭിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ആവശ്യകതയും മനസിലാക്കി തുടങ്ങിയ ആളുകൾ ഇനി ഇവ എങ്ങനെ പരിപാലിക്കാമെന്ന കാര്യത്തിലും അൽപം ശ്രദ്ധകൊടുത്താൽ ഇവികളുമായി സംബന്ധിച്ച പല ആശങ്കകളും ഒഴിവാക്കാനാവും.


Click it and Unblock the Notifications








