കാറിൽ ആന്റി റസ്റ്റ് കോട്ടിംഗ് ചെയ്യേണ്ടതുണ്ടോ? അതിനുള്ള ഉത്തരം ഇതാ...
കാറുകളുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ് തുരുമ്പ്. ഉടമയുടെ ശ്രദ്ധയിൽപ്പെടാതെ ഒളിഞ്ഞിരുന്ന് ആക്രമിച്ച് കാറിന്റെ സൗന്ദര്യവും ജീവനും കവരുന്ന തുരുമ്പിനെ നശിപ്പിക്കാനും തടയാനും കഴിയുന്ന നിരവധി ടിപ്പുകളും ട്രീറ്റ്മെന്റുകളും ഇന്ന് വിപണിയിൽ സുലഭമാണ്. പക്ഷേ ഇവയെല്ലാം സേഫാണോ അതോ പൈസ ചെലവഴിക്കുന്നത് വെറുതേയാവുമോ എന്ന ചിന്തയായിരിക്കും പലരിലും ഉണ്ടാവുക.
സാധാരണ പുതിയ കാറുകളെല്ലാം വാങ്ങിയിട്ട് കാർ പെയിന്റ് സംരക്ഷിക്കാനായി പലരും സെറാമിക് കോട്ടിംഗ് പോലുള്ളവയെ ആശ്രയിക്കാറുണ്ട്. ചിലരാവട്ടെ തുരുമ്പിനെ തടയാനായി അണ്ടർബോഡി കോട്ടിംഗും ചെയ്യാറുണ്ട്. കാറിന്റെ അടിവശം, വീൽ ഇരിക്കുന്ന ഇടം എന്നിവയാണ് തുരുമ്പ് പിടിക്കാൻ സാധ്യത കൂടുതൽ. ഇരുമ്പിന്റെ അംശങ്ങൾ തുരുമ്പെടുക്കാതെ സംരക്ഷിക്കാൻ കാറിന്റെ അടിഭാഗത്ത് ആന്റി റസ്റ്റ് കോട്ടിംഗ് ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടോ എന്നതാണ് മറ്റു ചിലരുടെ സംശയം. ഇതിനുള്ള ഉത്തരം ഇനി പറഞ്ഞുതരാം.

കാറിന്റെ സംരക്ഷണത്തിനായി പ്രത്യേകിച്ച് മഴക്കാലത്ത് ഇത് ചെയ്യണമെന്ന് സർവീസ് സെന്ററിലെ ആളുകൾ പലപ്പോഴും പറയുന്നത് കേട്ടിരിക്കാം. ഇത് ശരിക്കും നല്ലൊരു കാര്യമാണെങ്കിലും ഇങ്ങനെ ചെയ്യുമ്പോൾ പരിഗണിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. പക്ഷേ പുതിയ കാറുകളിലൊക്കെ ഇത്തരം കാര്യങ്ങൾ ചെയേണ്ടതുണ്ടോയെന്നതാണ് പ്രധാന ചോദ്യം. തുരുമ്പെടുക്കാതെ സൂക്ഷിക്കാൻ കാർ നിർമാതാക്കൾ ഇതിനകം തന്നെ വാഹനങ്ങളുടെ പാർട്‌സുകളിൽ ഈ കോട്ടിംഗ് ചെയ്യുന്നുണ്ടെന്നാണ് പലരും വാദിക്കാറ്.
അറിയാത്തവർക്കായി, ഇതിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന് പറഞ്ഞുതരാം. കാർ കമ്പനികൾ വാഹനങ്ങൾ നിർമിക്കുമ്പോൾ ഇതിനകം തന്നെ കാറിന്റെ ഘടകങ്ങൾ ഗാൽവനൈസ് ചെയ്യാറുണ്ട്. തുരുമ്പെടുക്കാൻ കൂടുതൽ സാധ്യതയുള്ള ഭാഗങ്ങളിൽ ഒരു സിങ്ക് കോട്ടിംഗ് ഉണ്ടെന്നാണ് ഇതിനർഥം. കാറിന്റെ ബോഡിയിലെ ഇരുമ്പ് പാർട്‌സുകളിൽ ഓക്സിജനും ഈർപ്പവും തങ്ങിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കാനായാണ് കമ്പനികൾ ഇങ്ങനെ ചെയ്യുന്നത്.

ആധുനിക കാറുകളിൽ 65 ശതമാനം ഘടകങ്ങളും കാസ്റ്റ് ഇരുമ്പ്, അഡ്വാൻസ്ഡ് ഹൈ സ്‌ട്രെംഗ്ത് സ്റ്റീൽ എന്നിവയിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്. മറ്റ് ലോഹങ്ങളിൽ അലൂമിനിയവും ചെമ്പും ഉൾപ്പെടുന്നു. മിക്ക കേസുകളിലും വർഷങ്ങളോളം തുരുമ്പെടുക്കുന്നതിൽ നിന്ന് കാറുകളെ സംരക്ഷിക്കാൻ ഫാക്ടറിയിൽ നിന്നും പൂർത്തിയാക്കുന്ന ഗാൽവാനൈസേഷൻ പ്രക്രിയ മതിയാകും. ആയതിനാൽ ഇത്തരം സന്ദർഭങ്ങളിൽ കാറിന്റെ അടിഭാഗത്ത് ആന്റി റസ്റ്റ് കോട്ടിംഗ് നിർബന്ധമല്ല. പക്ഷേ തീരപ്രദേശങ്ങളിൽ അല്ലെങ്കിൽ കനത്ത മഴയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അത് ചെയ്യുന്നതാവും നല്ലത്.
മിക്ക സാഹചര്യങ്ങളിലും പതിവ് ഗാൽവാനൈസേഷൻ പ്രക്രിയ പുതിയ കാറുകൾക്ക് മതിയാകുമ്പോൾ കനത്ത മഴ ലഭിക്കുന്ന അല്ലെങ്കിൽ തീരപ്രദേശങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളിൽ കാറിന്റെ അടിഭാഗത്ത് ആന്റി റസ്റ്റ് കോട്ടിംഗ് ചെയ്യുന്നതാവും ഉചിതം. കാരണം സമുദ്രങ്ങളിൽ നിന്നുള്ള ഉപ്പുവെള്ളം വാഹനങ്ങളുടെ അടിഭാഗത്തെ വേഗത്തിൽ നശിപ്പിക്കും. അതിനാൽ, ഈ പ്രദേശങ്ങളിലുള്ളവർ കാർ സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, കാറുകൾ പുറത്ത് പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിലും കനത്ത മഴയുള്ള സ്ഥലങ്ങളിലും ഈർപ്പത്തിന്റെ അളവ് വളരെ കൂടുതലാണ്.

മറ്റ് പ്രദേശങ്ങളിൽ ഒരു സാധാരണ കാറിനെ അപേക്ഷിച്ച് കാറുകൾ പെട്ടെന്ന് തുരുമ്പെടുക്കാൻ സാധ്യതയുണ്ട്. കടപ്പുറത്ത് കാറുമായി അധികനേരം ചെലവിടുകയോ, കടൽ വെള്ളത്തിലൂടെ കാർ ഓടിക്കുകയോ ചെയ്താൽ മടങ്ങിയെത്തിയ ശേഷം ഉറപ്പായും കാറിന്റെ അടിഭാഗം ഉൾപ്പെടെ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. കാറിന്റെ അടിവശം, വീൽ ഇരിക്കുന്ന ഇടം എന്നിവിടങ്ങളിലാണ് തുരുമ്പ് പിടിക്കാൻ സാധ്യത കൂടുതൽ.
തുരുമ്പ് ഒരു വാഹനത്തിന്റെ ഫ്രെയിമിൽ കയറിയാൽ, പതിവ് ഡ്രൈവിംഗിൽ പോലും പ്രശ്നങ്ങൾ ഉണ്ടായേക്കാം. കാലക്രമേണ വെള്ളത്തിലും വായുവിലുമായി രാസപ്രവർത്തനത്തിന്റെ ഫലമായിട്ടാണ് തുരുമ്പ് സാധാരണയായി ഉണ്ടാവുന്നത്. കാർ പതിവായി കഴുകി വാക്സ് ചെയ്താൽ തുരുമ്പെടുക്കൽ ഒരു പരിധി വരെ തടയാനാവും.കാർ കഴുകുമ്പോൾ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ സോപ്പുവെള്ളത്തിൽ ചേർത്താൽ തുരുമ്പിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന കാര്യമാണ്.


Click it and Unblock the Notifications








