DRL പൊളിയല്ലേ... അപകട സാധ്യത 9 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനം
ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL) ഇപ്പോൾ എല്ലാ വാഹനങ്ങളിലും സ്റ്റാൻഡേർഡായി കാണുള്ള ഒരു സവിശേഷതയാണ്. ആധുനിക കാറുകളിലെല്ലാം പ്രത്യേകിച്ച് ഒഴിച്ചുകൂടാനാവാത്തൊരു സംഗതിയാണ് ഡിആർഎല്ലുകൾ. പണ്ടൊക്കെ ഇത്തരം ലൈറ്റുകൾ എക്‌സ്ട്രാ ഫിറ്റിംഗായി നാം വാങ്ങിവെക്കാറുണ്ടായിരുന്നെങ്കിലും അത് നിയമപരമല്ലായിരുന്നുവെന്നതാണ് പലരേയും ഇതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നത്.
എന്നാൽ കുറേക്കാലും മുമ്പാണ് ഡേടൈം റണ്ണിംഗ് ലൈറ്റുകൾ നമ്മുടെ വാഹനങ്ങളുടെ ഭാഗമായി മാറുന്നത്. ഇത് സ്റ്റൈലിനായാണ് കാറുകളിലെല്ലാം ഘടിപ്പിച്ചിരിക്കുന്നത് എന്നു വിചാരിക്കുന്നരുണ്ട് നമുക്കിടയിൽ. ശരിക്കും ഇതൊരു സേഫ്റ്റി ഫീച്ചറാണെന്ന് പറഞ്ഞാൽ പലരുടേയും നെറ്റിചുളുങ്ങിയേക്കാം. വാഹനത്തിന്റെ സ്റ്റൈലും കാഴ്ചയും വർധിപ്പിക്കുക മാത്രമല്ല, ഡിആർഎല്ലുകൾ അപകടസാധ്യത 8.8 ശതമാനം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് തെളിയിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള മോനാഷ് സർവകലാശാലയുടെ (Monash University) ഒരു പഠനം.

ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL) ഘടിപ്പിച്ച വാഹനങ്ങൾക്ക് ദൃശ്യപരത അടിസ്ഥാനമാക്കിയുള്ള ക്രാഷ് ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള മോനാഷ് യൂണിവേഴ്‌സിറ്റി ആക്‌സിഡന്റ് റിസർച്ച് സെന്റർ അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്. ജേണൽ ഓഫ് സേഫ്റ്റി റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനം ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ക്വീൻസ്‌ലാൻഡ്, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് ഡാറ്റ ഉപയോഗിച്ചാണ് പഠനം പൂർത്തിയാക്കിയിരിക്കുന്നത്.
പകൽ സമയങ്ങളിൽ വാഹനങ്ങൾ കൂട്ടിയിടിക്കാനുള്ള സാധ്യത ഡിആർഎല്ലുകൾ 8.8 ശതമാനം കുറയ്ക്കുമെന്ന് പഠനം കണ്ടെത്തി. ഉയർന്ന വേഗതയിലും പ്രഭാതത്തിലും സന്ധ്യാസമയത്തുമാണ് ഡിആർഎല്ലുകളുടെ ഗുണം പ്രകടമാവുന്നത്. 2010-2017 കാലയളവിൽ നടന്ന സംഭവങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ഏഴുവർഷക്കാലയളവിൽ അപകടം സംഭച്ച ഏതൊക്കെ കാറുകളിൽ ഡേടൈം റണ്ണിംഗ് ലൈറ്റുകളുണ്ടെന്നും അല്ലാത്ത കാറുകളെന്നും പഠനം പരിശോധിച്ചു. ഇനി പകൽ സമയത്തെ കണക്കുകളിലേക്ക് നോക്കിയാൽ ഡിആർഎൽ ഫിറ്റ്‌മെന്റുമായി ബന്ധപ്പെട്ട 7.6 ശതമാനം അപകടസാധ്യത കുറയ്ക്കുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പ്രഭാത സമയത്തും സന്ധ്യാ സമയത്തും അപകടസാധ്യത 20.3 ശതമാനമായി വർധിക്കുന്നുമുണ്ട്. എല്ലാ പുതിയ വാഹനങ്ങളിലും ഡിആർഎൽ നിർബന്ധമായും പരിഗണിക്കണമെന്നതിന് വ്യക്തമായ തെളിവാണ് ഫലം നൽകുന്നത്. റോഡിൽ മറ്റ് വാഹനങ്ങൾ കാണാൻ പ്രയാസമുള്ള രാത്രിയിലാണ് സാധാരണയായി റോഡപകടങ്ങൾ ഉണ്ടാകുന്നതെന്ന ധാരണയും ഇതോടെ പൊളിച്ചെഴുതാം. ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ശരിക്കും സഹായകരമായ ഒന്നാണ്. കാർ ഓണാക്കുമ്പോൾ തന്നെ അത് പ്രകാശിക്കുകയും എതിരെ വരുന്നവർക്ക് വാഹനത്തെ കുറിച്ചുള്ള സൂചന നൽകാനും ഇവ സാഹായിക്കും.
ഹെഡ്‌ലൈറ്റുകൾക്കോ ഫോഗ് ലൈറ്റുകൾക്കോ പകരമല്ലെങ്കിലും 1990-കൾ മുതൽ വാഹനങ്ങളിൽ ഡിആർഎല്ലുകൾ ഉപയോഗിച്ചുവരുന്നുണ്ട്. ഡേടൈം റണ്ണിംഗ് ലൈറ്റുകൾ പകൽ അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു സുരക്ഷാ ഫീച്ചറാണെന്ന് വളരെ ചുരുക്കി പറയാം. വാഹനമോടിക്കുന്നവർക്ക് മറ്റ് വാഹനങ്ങളുടെ മികച്ച ദൃശ്യപരത ലഭിക്കാനാണ് ഇവ കണ്ടുപിടിച്ചതു തന്നെ. ഈ ലൈറ്റുകൾ വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന് താഴെയാണ് പൊതുവേ കാണാറുള്ളത്. എന്നാൽ പുതിയ ഹ്യുണ്ടായി വെർണ പോലുള്ള മോഡലുകളിൽ ബോണറ്റിലാണ് ഇവ നൽകിയിരിക്കുന്നത്.

കൃത്യമായി സ്ഥാനം നിർണയിച്ചിട്ടില്ലെങ്കിലും ഇരുണ്ട കാലാവസ്ഥയിലെല്ലാം ഏറെ ഗുണകരമാണ് ഡിആർഎല്ലുകൾ. കനത്ത മഴയിലോ മൂടൽമഞ്ഞിലോ മഞ്ഞുവീഴ്ച്ചയിലോ വാഹനങ്ങളുടെ ലോ-ബീമുകൾ ഉപയോഗിക്കുന്നതിന് പുറമേ ഈ ലൈറ്റുകൾ പകലോ വൈകുന്നേരമോ ഉപയോഗിക്കാവുന്നതാണ്. ഇതുവഴി എതിർദിശയിൽ നിന്നും വരുന്ന മറ്റ് വാഹനങ്ങൾക്ക് നിങ്ങളുടെ വാഹനം കാണാൻ കഴിയും. സ്കാൻഡിനേവിയൻ രാജ്യങ്ങളിലും കാനഡയിലും ഡേടൈം റണ്ണിംഗ് ലൈറ്റുകൾ നിർബന്ധമാണ്. ഇവിടെ വെളിച്ചം കുറവായ സാഹചര്യങ്ങൾ ഡ്രൈവിംഗിന് തടസമാകും.
അങ്ങനെ അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതൊഴിവാക്കാനായാണ് ഇത്തരം രാജ്യങ്ങൾ ഡിആർഎല്ലുകൾ നിർബന്ധമാക്കിയിരിക്കുന്നത്. പുതിയ കാർ മോഡലുകൾക്ക് ഡിസൈനിൽ അന്തർനിർമിതമായി ഈ ഫീച്ചറുകൾ കാണാറുണ്ട്. എന്നാൽ നിങ്ങൾ ഒരു പഴയ മോഡലാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു പ്രൊഫഷണലിന്റെ സഹായത്തോടെ പഴയ വാഹനങ്ങളിൽ ഡിആർഎൽ സ്ഥാപിക്കാവുന്നതാണ്. എംവിഡി കണ്ടാൽ പിടിവീഴുമെന്ന പേടിയും വേണ്ട. ഡിആർഎല്ലുകൾ നിയമപരമായതിനാൽ പിഴയോ മറ്റ് ശിക്ഷകളോ ഒന്നും ഉടമയ്ക്ക് കിട്ടില്ല.


Click it and Unblock the Notifications








