കൊച്ചിയിൽ കറങ്ങണം ഫുഡ് അടിക്കണം, കൂട്ടിന് കുഞ്ഞൻ ഇലക്‌ട്രിക് കാർ വാങ്ങി മലയാളികളുടെ പ്രിയ വ്ലോഗർ
കൊവിഡ് മഹാമാരി തരംഗത്തിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന പരിപാടിയാണ് വ്ലോഗിംഗ്. യൂട്യൂബിന്റെ സാധ്യതകൾ മനസിലാക്കി ആളുകളെല്ലാം ഇതിലും ഒരുകൈ ശ്രമിച്ച് നോക്കുന്നുണ്ടിപ്പോൾ. എന്നാൽ ക്ലച്ച് പിടിക്കുന്നവർ വളരെ കുറവായിരിക്കുമെന്നതാണ് യാഥാർഥ്യം. ഏറ്റവും കൂടുതൽ വീഡിയോ ഇറക്കാൻ മത്സരിക്കുന്നത് ഫുഡ് വ്ലോഗർമാരാണെന്ന് വേണം പറയാൻ.
ഭക്ഷണത്തിൻ്റെ രുചി ആസ്വദിക്കുക എന്നത് ഒരു കലയാണ് അതിനാൽ ഇവിടെയും മലയാളികൾക്ക് പ്രിയം ചുരുക്കം ചിലരോട് മാത്രമാണ്. അത്തരത്തിൽ ചിരിക്കുന്ന മുഖത്തോടെ മാത്രം വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന ആളാണ് ഫുഡ് വ്‌ലോഗർ എബിൻ ജോസ്. വ്ലോഗിങ്ങിൽ വേറിട്ട ശൈലി പരീക്ഷിച്ച് വിജയിച്ച ഇദ്ദേഹത്തിന്റെ സംസാരം തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വേറിട്ട രുചികൾ പരിചയപ്പെടുത്തുന്നതിനൊപ്പം യാത്രകളും എബിൻ ജോസിന്റെ ചാനലിന്റെ പ്രത്യേകതളാണ്.

ഇപ്പോഴിതാ പുത്തനൊരു കാർ സ്വന്തമാക്കി വിവരമാണ് എബിൻ തന്റെ ഫോളോവേഴ്‌സുമായി പങ്കുവെക്കുന്നത്. കൊച്ചിയിലെ തിരക്കേറിയ റോഡുകളിൽ എബിൻ ജോസ് ഇനി രുചികൾ ആസ്വദിക്കാൻ എത്തുന്നത് എംജിയുടെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറായ കോമെറ്റ് ഇവിയിൽ ആവും. "പുതിയ വണ്ടി എടുത്തു - കൊച്ചിയിലും അതിനടുത്തും ഒക്കെ ഓടിക്കാൻ" എന്ന ക്യാപ്ഷനോടെ ഇൻസ്റ്റാ റീലിലൂടെയാണ് പുതിയ കൂട്ടാളിയെ വ്ലോഗർ പരിചയപ്പെടുത്തുന്നത്.
കോട്ടയം ചങ്ങനാശേരി സ്വദേശിയാണെങ്കിലും ഇപ്പോൾ വ്ലോഗിംഗും മറ്റുമെല്ലാം കാരണം ഫുഡ് ആൻഡ് ട്രാവൽ യൂട്യൂബ് ചാനലിന്റെ ഉടമകൂടിയായ എബിൻ ജോസ് എറണാകുളത്താണ് താമസം. ഇതുകൂടാതെ മഹീന്ദ്രയുടെ XUV700 പ്രീമിയം എസ്‌യുവിയും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. കോമെറ്റിനെ ഇനി ചെറിയ യാത്രകൾക്കെല്ലാം കൂടെക്കൂട്ടാനാണ് എബിന്റെ പദ്ധതി. കൊച്ചിയിലെ തിരക്കേറിയ യാത്രകളിൽ പാർക്കിംഗിനായാലും വളച്ച് തിരിച്ച് കൊണ്ടുപോവാനായാലും കോമെറ്റ് ഏറെ സഹായിക്കും.

ഇന്ത്യക്കാരുടെ കാർ എന്ന സങ്കൽപം പൊളിച്ചെഴുതുന്ന സ്വീകാര്യതയാണ് എംജി കോമെറ്റ് ഇവി നേടിയെടുത്തിരിക്കുന്നത്. ഇതിനോടകം തന്നെ ധാരാളം പേർ ഈ കുഞ്ഞൻ മൈക്രോ ഇലക്ട്രിക് കാറിനെ സ്വന്തമാക്കി കഴിഞ്ഞു. ഒരുപാട് സെലിബ്രിറ്റികളും ഈ വാഹനം ഗരാജിലെത്തിച്ചിട്ടുണ്ട്. ഒരു ടോയ് കാർ ഫീലാണെങ്കിലും സിറ്റി ഡ്രൈവിംഗിലെല്ലാം ഇത്രയും പ്രായോഗികമായ വാഹനം വേറെയില്ലെന്നു വേണം പറയാൻ.
ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇവി കൂടിയാണ് കോമെറ്റ്. അടുത്തിയെ എംജി മോട്ടോർസ് മൈക്രോ ഇലക്ട്രിക് കാറിന്റെ വില വെട്ടിക്കുറക്കുകയും ചെയ്‌തിരുന്നു. മൂന്ന് വേരിയന്റ് ഓപ്ഷനുകളിൽ ലഭ്യമാവുന്ന മോഡലിന് ഇപ്പോൾ 6.99 ലക്ഷം മുതൽ 8.58 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വ്ലോഗർ എബിൻ ഇതിൽ ഏത് പതിപ്പാണ് സ്വന്തമാക്കിയിരിക്കുന്നത് ഇപ്പോൾ വ്യക്തമല്ല. എങ്കിലും ടോപ്പ് എൻഡ് ആവാനാണ് സാധ്യത കൂടുതൽ.
17.3 kWh ബാറ്ററി പായ്ക്കാണ് എംജി കോമെറ്റ് ഇവിയുടെ ഹൃദയം. ഇത് ചെറിയ ഇലക്ട്രിക് കാറിനെ ഒറ്റ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ പ്രാപ്തമാക്കുന്ന കാര്യമാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 41 bhp പവറിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയർ ആക്‌സിലിൽ ഘടിപ്പിച്ചിട്ടുള്ള ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്.
വാട്ടർ, ഡസ്റ്റ് എന്നിവയുട പ്രതിരോധത്തിനായി IP67 റേറ്റുംഗും എംജി കോമെറ്റ് ഇവിയുടെ ബാറ്ററി പായ്ക്കിനുണ്ട്. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 7 മണിക്കൂർ എടുക്കുന്ന സിറ്റി ഇവി ക്കായി 3.3kW ഓൺബോർഡ് ചാർജറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും പ്രായോഗികത കൂടുതലാണെന്ന് വേണം പറയാൻ.

എംജി കോമെറ്റ് ഇവി യുടെ വലിപ്പം നോക്കിയാല്‍ ഇതിന് 2,974 mm നീളവും 1,505 mm വീതിയും 1,613 mm ഉയരവും 2,010 mm വീല്‍ബേസും ഉണ്ട്. ഒട്ടും ബോറടിപ്പിക്കാത്ത അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഫീച്ചറുകളാൽ സമ്പന്നമാണ് മോഡൽ എന്നകാര്യവും പ്രത്യേകം പറയേണ്ടതില്ലല്ലോ. ടോപ്പ്-സ്പെക്ക് കോമെറ്റിന് ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകളാണ് ഇന്റീരിയറിൽ ലഭിക്കുന്നത്.
ഇതിൽ ഒന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായാണ് ഉപയോഗിക്കുന്നത്. സേഫ്റ്റിയിലും ആള് പുലിയാണ് കേട്ടോ. ഫ്രണ്ട് പാസഞ്ചർ സീറ്റിന് വൺ-ടച്ച് ടംബിൾ ആൻഡ് ഫോൾഡ് ഫീച്ചർ ഉണ്ട്. പിൻ സീറ്റുകൾക്ക് 50:50 സ്പ്ലിറ്റ് ലഭിക്കും. എബിഎസ്, ഇബിഡി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിവേഴ്സ് ക്യാമറയും സെൻസറുകളും കൂടാതെ ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും കോമെറ്റ് ഇവിയിലെ സുരക്ഷാ സവിശേഷതകളാണ്.


Click it and Unblock the Notifications








